Skip to content
Opens in a new window

[1] മോശ, ഇസ്രായേൽജനത്തിന്റെ സംഘത്തെ മുഴുവനും കൂട്ടിവരുത്തി. അവരോട് ഇപ്രകാരം സംസാരിച്ചു: “നിങ്ങൾ ചെയ്യണമെന്നു യഹോവ കൽപ്പിച്ചിരിക്കുന്ന വചനങ്ങൾ ഇവയാണ്:

[2] ആറുദിവസം അധ്വാനിക്കണം; എന്നാൽ, ഏഴാംദിവസം നിങ്ങൾക്ക് വിശുദ്ധമായി യഹോവയ്ക്ക് സ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കണം. അന്നു വേലചെയ്യുന്നവൻ മരണശിക്ഷ അനുഭവിക്കണം.

[3] ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുത്.”

[4] മോശ ഇസ്രായേൽജനത്തിന്റെ സംഘത്തോടു പറഞ്ഞത്, “യഹോവ ഇപ്രകാരം കൽപ്പിച്ചു:

[5] നിങ്ങൾക്കുള്ളവയിൽനിന്ന് യഹോവയ്ക്കു കാഴ്ചദ്രവ്യം എടുക്കണം. സന്മനസ്സുള്ളവരെല്ലാം യഹോവയ്ക്കു വഴിപാടു കൊണ്ടുവരട്ടെ. “പൊന്ന്, വെള്ളി, വെങ്കലം,

[6] നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, നേർമയേറിയ ചണവസ്ത്രം, കോലാട്ടുരോമം,

[7] ആട്ടുകൊറ്റന്റെ ചെമപ്പിച്ച തുകൽ, തഹശുതുകൽ, ഖദിരമരം,

[8] വിളക്കിനുള്ള ഒലിവെണ്ണ, അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനും വേണ്ടുന്ന സുഗന്ധദ്രവ്യങ്ങൾ,

[9] ഏഫോദിലും നിർണയപ്പതക്കത്തിലും പതിക്കാനുള്ള ഗോമേദകക്കല്ല്, മറ്റു രത്നങ്ങൾ എന്നിവതന്നെ.

[10] “നിങ്ങളിൽ വിദഗ്ദ്ധർ എല്ലാവരും വന്നു യഹോവ കൽപ്പിച്ചിരിക്കുന്നതെല്ലാം ഉണ്ടാക്കണം.

[11] “സമാഗമകൂടാരം; അതിന്റെ കൂടാരവും, മൂടുവിരി, കൊളുത്തുകൾ, പലകകൾ, സാക്ഷകൾ, തൂണുകൾ, ചുവടുകൾ,

[12] പേടകം, അതിന്റെ തണ്ടുകൾ, പാപനിവാരണസ്ഥാനം, പേടകം മറയ്ക്കുന്ന തിരശ്ശീല,

[13] മേശയും അതിന്റെ തണ്ടുകളും എല്ലാ ഉപകരണങ്ങളും കാഴ്ചയപ്പവും

[14] വെളിച്ചത്തിനു വിളക്കുതണ്ടും അതിന്റെ ഉപകരണങ്ങളും, അതിന്റെ വിളക്കുകൾ, വിളക്കിനുള്ള എണ്ണ,

[15] ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗം, സമാഗമകൂടാരത്തിലേക്കുള്ള പ്രവേശനവാതിലിന്റെ മറശ്ശീല,

[16] ഹോമയാഗപീഠം, അതിന്റെ വെങ്കലജാലം, തണ്ടുകൾ, അതിന്റെ എല്ലാ ഉപകരണങ്ങളും, വെങ്കലത്തൊട്ടി അതിന്റെ കാൽ,

[17] സമാഗമകൂടാരാങ്കണത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, അങ്കണകവാടത്തിന്റെ മറശ്ശീല,

[18] സമാഗമകൂടാരത്തിന്റെ കുറ്റികൾ, അങ്കണത്തിന്റെ കുറ്റികൾ, അവയുടെ കയറുകൾ,

[19] വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു നെയ്തെടുത്ത വിശേഷവസ്ത്രങ്ങൾ—പൗരോഹിത്യശുശ്രൂഷയ്ക്കായി ഉപയോഗിക്കുന്ന പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവതന്നെ.”

[20] അപ്പോൾ ഇസ്രായേൽമക്കളുടെ സർവസംഘവും മോശയുടെമുമ്പിൽനിന്ന് പുറപ്പെട്ടു.

[21] സന്മനസ്സുള്ളവരും ഹൃദയത്തിൽ താത്പര്യം തോന്നിയവരും സമാഗമകൂടാരത്തിന്റെ വേലകൾക്കും, അതിന്റെ എല്ലാ ശുശ്രൂഷകൾക്കും വിശുദ്ധവസ്ത്രങ്ങൾക്കുംവേണ്ടി യഹോവയ്ക്കു വഴിപാടുകൊണ്ടുവന്നു.

[22] ഔദാര്യമനസ്സുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വർണം വഴിപാടായി കൊണ്ടുവന്നു: വള, കുണുക്ക്, മോതിരം, മാല മുതലായ സ്വർണാഭരണങ്ങൾ ഉയർത്തി ഒരു വിശിഷ്ടയാഗമായി കൊണ്ടുവന്നു.

[23] നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ, കോലാട്ടുരോമം, ആട്ടുകൊറ്റന്റെ ചെമപ്പിച്ച തുകൽ, തഹശുതുകൽ എന്നിവ കൈവശമുള്ളവർ അവ കൊണ്ടുവന്നു.

[24] വെള്ളിയും വെങ്കലവും യഹോവയ്ക്കു വഴിപാടായി നൽകാൻ മനസ്സുള്ളവർ അതു കൊണ്ടുവന്നു, ഏതെങ്കിലും പണിക്കുതകത്തക്കവണ്ണം ഖദിരമരം കൈവശമുള്ളവർ അതും കൊണ്ടുവന്നു.

[25] വിദഗ്ദ്ധകളായ സ്ത്രീകൾ സ്വന്തം കൈകൊണ്ടു നെയ്തെടുത്ത നീലനൂലും ഊതനൂലും ചെമപ്പുനൂലും മൃദുലചണനൂലും കൊണ്ടുവന്നു.

[26] വിദഗ്ദ്ധകളും ഉത്സാഹികളുമായ സ്ത്രീകൾ കോലാട്ടുരോമം നെയ്തെടുത്തു.

[27] ഏഫോദിനും നിർണയപ്പതക്കത്തിനും പതിക്കേണ്ടുന്ന മറ്റുരത്നങ്ങളും ഗോമേദകക്കല്ലുകളും പ്രമാണികൾ കൊണ്ടുവന്നു.

[28] കൂടാതെ, വെളിച്ചത്തിനുള്ള ഒലിവെണ്ണയും അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനുമുള്ള പരിമളവർഗവും അവർ കൊണ്ടുവന്നു. യഹോവ മോശമുഖാന്തരം കൽപ്പിച്ച സകലപ്രവൃത്തികൾക്കും

[29] ഇസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വമേധാദാനങ്ങൾ കൊണ്ടുവന്നു.

[30] മോശ ഇസ്രായേൽജനത്തോട് ഇപ്രകാരം പറഞ്ഞു: “നോക്കുക, യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ യഹോവ പേരുചൊല്ലി വിളിച്ചിരിക്കുന്നു.

[31] യഹോവ അവനെ ദൈവാത്മാവിനാൽ നിറച്ച്, എല്ലാവിധ കരകൗശലപ്പണികളിലും വൈദഗ്ദ്ധ്യവും പ്രാപ്തിയും ജ്ഞാനവും നൽകിയിരിക്കുന്നു.

[32] സ്വർണം, വെള്ളി, വെങ്കലം എന്നിവയിൽ കലാചാതുരിയോടെ പണികൾ ചെയ്യാനും,

[33] രത്നങ്ങൾ വെട്ടിപ്പതിക്കാനും മരത്തിൽ കൊത്തുപണികൾ ചെയ്യാനും അങ്ങനെ സകലവിധമായ കരകൗശലപ്പണികൾ ചെയ്യാനും ഞാൻ അവനെ വിളിച്ചിരിക്കുന്നു.

[34] യഹോവ ബെസലേലിനും ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിനും മറ്റുള്ളവരെ അഭ്യസിപ്പിക്കാനുള്ള പ്രാപ്തിയും നൽകിയിരിക്കുന്നു.

[35] കൊത്തുപണിക്കാരന്റെയും കരകൗശലപ്പണിക്കാരന്റെയും നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവകൊണ്ടു പണിചെയ്യുന്ന തയ്യൽക്കാരന്റെയും നെയ്ത്തുകാരന്റെയും സകലവിധ പണികളും കലാചാതുരിയോടെ ചെയ്യുന്നതിനു യഹോവ അവർക്കു വൈദഗ്ദ്ധ്യം നൽകിയിരിക്കുന്നു.

പുറപ്പാടുപുസ്തകം — Chapters