Skip to content
Opens in a new window

[1] ദൈവം ഈ വചനങ്ങൾ എല്ലാം അരുളിച്ചെയ്തു:

[2] “അടിമനാടായ ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറത്തുകൊണ്ടുവന്ന യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.

[3] “ഞാൻ അല്ലാതെ അന്യദേവന്മാർ നിങ്ങൾക്കുണ്ടാകരുത്.

[4] നിങ്ങൾക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മീതേ ആകാശത്തിലോ താഴേ ഭൂമിയിലോ കീഴേ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്.

[5] അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ളവനാകുന്നു. എന്നെ വെറുക്കുന്ന മാതാപിതാക്കളുടെ പാപത്തിന് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും.

[6] എന്നാൽ എന്നെ സ്നേഹിച്ച് എന്റെ കൽപ്പനകൾ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ ഞാൻ കരുണകാണിക്കും.

[7] നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്. അവിടത്തെ നാമം വ്യർഥമായി ഉപയോഗിക്കുന്നവരെ യഹോവ ശിക്ഷിക്കാതിരിക്കുകയില്ല.

[8] ശബ്ബത്തുദിവസത്തെ വിശുദ്ധിയോടെ ആചരിക്കാൻ ഓർക്കുക.

[9] ആറുദിവസം അധ്വാനിച്ച് നിങ്ങളുടെ ജോലികളെല്ലാം ചെയ്യുക;

[10] എന്നാൽ ഏഴാംദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നിങ്ങളോ നിങ്ങളുടെ പുത്രനോ പുത്രിയോ ദാസനോ ദാസിയോ മൃഗങ്ങളോ നിങ്ങളുടെ പട്ടണങ്ങളിൽ താമസിക്കുന്ന പ്രവാസിയോ ജോലിയൊന്നും ചെയ്യാൻ പാടില്ല;

[11] എന്തുകൊണ്ടെന്നാൽ, ആറുദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ചിട്ട് ഏഴാംദിവസം വിശ്രമിച്ചു. ആകയാൽ യഹോവ ശബ്ബത്ത് ദിവസത്തെ അനുഗ്രഹിച്ച് അതിനെ വിശുദ്ധീകരിച്ചു.

[12] നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തു നിങ്ങൾക്കു ദീർഘായുസ്സുണ്ടാകേണ്ടതിനു നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം.

[13] കൊലപാതകം ചെയ്യരുത്.

[14] വ്യഭിചാരം ചെയ്യരുത്.

[15] മോഷ്ടിക്കരുത്.

[16] അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്.

[17] അയൽവാസിയുടെ ഭവനത്തെ മോഹിക്കരുത്. അയൽവാസിയുടെ ഭാര്യ, പരിചാരകൻ, പരിചാരിക, കാള, കഴുത ഇങ്ങനെ നിന്റെ അയൽവാസിക്കുള്ള യാതൊന്നും മോഹിക്കരുത്.”

[18] ഇടിയും മിന്നലും കാണുകയും കാഹളം കേൾക്കുകയും പർവതം പുകയുന്നതു കാണുകയും ചെയ്തപ്പോൾ ജനമെല്ലാം ഭയന്നുവിറച്ചു; അവർ ദൂരെ മാറിനിന്നു.

[19] അവർ മോശയോട്, “അങ്ങുതന്നെ ഞങ്ങളോടു സംസാരിക്കുക, ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ” എന്നപേക്ഷിച്ചു.

[20] മോശ ജനത്തോട്, “ഭയപ്പെടരുത്: നിങ്ങളിൽ ദൈവഭയം ഉളവാകുന്നതുമൂലം പാപത്തിൽനിന്ന് അകന്നു ജീവിക്കുന്നതിനും ഇങ്ങനെ നിങ്ങളെ പരീക്ഷിക്കുന്നതിനുമാണ് ദൈവം വന്നിരിക്കുന്നത്” എന്നു പറഞ്ഞു.

[21] ജനം അകലെ നിന്നു, മോശയോ ദൈവം സന്നിഹിതനായ കനത്ത ഇരുട്ടിനെ സമീപിച്ചു.

[22] ഇതിനെത്തുടർന്ന് യഹോവ മോശയോട് അരുളിച്ചെയ്തു, “നീ ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘ഞാൻ സ്വർഗത്തിൽനിന്ന് നിങ്ങളോടു സംസാരിക്കുന്നതു നിങ്ങൾതന്നെ കണ്ടിരിക്കുന്നു!

[23] ഞാൻ ഒഴികെ മറ്റൊരുദൈവവും നിങ്ങൾക്കുണ്ടായിരിക്കരുത്. വെള്ളികൊണ്ടോ സ്വർണംകൊണ്ടോ നിങ്ങൾക്കായി ദേവതകളെ നിർമിക്കരുത്.

[24] “ ‘മണ്ണുകൊണ്ട് ഒരു യാഗപീഠം നിങ്ങൾ എനിക്കായി നിർമിക്കണം; അതിന്മേൽ നിങ്ങളുടെ ഹോമയാഗവസ്തുക്കൾ, സമാധാന വഴിപാടുകൾ, ചെമ്മരിയാടുകൾ, കോലാടുകൾ, കന്നുകാലികൾ എന്നിവ അർപ്പിക്കുക. എന്റെ നാമം ആദരിക്കപ്പെടാൻ ഞാൻ ഇടയാക്കുന്നിടത്തെല്ലാം വന്നു ഞാൻ നിങ്ങളെ അനുഗ്രഹിക്കും.

[25] നിങ്ങൾ എനിക്കായി കല്ലുകൊണ്ടു യാഗപീഠം പണിയുന്നെങ്കിൽ അതു ചെത്തിയ കല്ലുകൊണ്ട് ആകരുത്; അതിന്മേൽ പണിയായുധം പ്രയോഗിച്ചാൽ നിങ്ങൾ അതിനെ അശുദ്ധമാക്കും.

[26] എന്റെ യാഗപീഠത്തിന്മേൽ നിങ്ങളുടെ നഗ്നത അനാവരണം ചെയ്യാതിരിക്കേണ്ടതിന് ചവിട്ടുപടികളിലൂടെ അതിന്മേൽ കയറരുത്.’

പുറപ്പാടുപുസ്തകം — Chapters