Skip to content
Opens in a new window

[1] “സുഗന്ധധൂപം കാട്ടുന്നതിന്, ഖദിരമരംകൊണ്ട് ഒരു ധൂപപീഠം ഉണ്ടാക്കണം.

[2] അതു സമചതുരത്തിൽ, ഒരുമുഴം നീളവും ഒരുമുഴം വീതിയുമുള്ളതും, രണ്ടുമുഴം ഉയരമുള്ളതും ആയിരിക്കണം. അതിന്റെ കൊമ്പുകൾ ധൂപപീഠത്തിൽനിന്ന് ഒറ്റഖണ്ഡമായിരിക്കണം.

[3] അതിന്റെ മേൽഭാഗവും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിയണം. അതിനുചുറ്റും തങ്കംകൊണ്ട് ഒരു വക്കും ഉണ്ടാക്കണം.

[4] ധൂപപീഠം ചുമക്കേണ്ടതിനുള്ള തണ്ട് ഉറപ്പിക്കാൻ അതിന്റെ വക്കിനുതാഴേ രണ്ടുവശങ്ങളിലും ഈരണ്ടു തങ്കവളയങ്ങളും ഉറപ്പിക്കണം.

[5] ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി, അതു തങ്കംകൊണ്ടു പൊതിയണം.

[6] ഞാൻ നിന്നെ സന്ദർശിക്കുന്ന ഇടമായ—പേടകത്തിന്റെ പലകയുടെ മുകളിലുള്ള പാപനിവാരണസ്ഥാനത്തിന്റെ മുൻഭാഗത്ത്—ഉടമ്പടിയുടെ പേടകത്തെ മറയ്ക്കുന്ന തിരശ്ശീലയ്ക്കുമുമ്പിൽ ധൂപപീഠം വെക്കണം.

[7] “അഹരോൻ എല്ലാ ദിവസവും പ്രഭാതത്തിൽ വിളക്ക് ഒരുക്കുമ്പോൾ ധൂപപീഠത്തിന്മേൽ സുഗന്ധധൂപം കാട്ടണം.

[8] അഹരോൻ വൈകുന്നേരം വിളക്ക് കൊളുത്തുമ്പോഴും സുഗന്ധധൂപം കാട്ടണം, ഇതു തലമുറതലമുറയായി യഹോവയുടെമുമ്പിൽ പതിവായി അർപ്പിക്കുന്ന ധൂപം ആയിരിക്കണം.

[9] ധൂപപീഠത്തിന്മേൽ നിങ്ങൾ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കുകയുമരുത്.

[10] വർഷത്തിലൊരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; പ്രായശ്ചിത്തത്തിനുള്ള പാപശുദ്ധീകരണയാഗരക്തംകൊണ്ട് അവൻ വാർഷികപ്രായശ്ചിത്തം കഴിക്കണം. ഇതു തലമുറതലമുറയായി അനുഷ്ഠിക്കണം. ഇതു യഹോവയ്ക്ക് അതിവിശുദ്ധം.”

[11] യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു:

[12] “ഇസ്രായേൽജനത്തിന്റെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോൾ അവരിൽ ഓരോരുത്തരും താന്താങ്ങളുടെ ജീവനുവേണ്ടി യഹോവയ്ക്കു വീണ്ടെടുപ്പുവില കൊടുക്കണം; എങ്കിൽ അവരെ എണ്ണുന്നതുനിമിത്തം അവരുടെമേൽ ബാധ വരികയില്ല.

[13] എണ്ണപ്പെടുന്നവരിൽ ഉൾപ്പെടുന്ന ഓരോരുത്തരും വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് അരശേക്കേൽ കൊടുക്കണം. ഇരുപതു ഗേരയാണ് ഒരു ശേക്കേൽ. ഈ അരശേക്കേൽ യഹോവയ്ക്കു വഴിപാടാണ്.

[14] എണ്ണപ്പെടുന്നവരിൽ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ളവരും യഹോവയ്ക്കു വഴിപാടു കൊടുക്കണം.

[15] നിങ്ങളുടെ ജീവനുവേണ്ടിയുള്ള പ്രായശ്ചിത്തമായി നിങ്ങൾ യഹോവയ്ക്കു വഴിപാടു കൊടുക്കുമ്പോൾ ധനവാൻ അരശേക്കേലിൽ കൂടുതലോ ദരിദ്രൻ അതിൽ കുറച്ചോ കൊടുക്കരുത്.

[16] നീ ഇസ്രായേൽമക്കളോടു പ്രായശ്ചിത്തദ്രവ്യം വാങ്ങി സമാഗമകൂടാരത്തിന്റെ ശുശ്രൂഷയ്ക്കായി ഉപയോഗിക്കണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിക്കുമ്പോൾ അതു യഹോവയുടെമുമ്പാകെ ഇസ്രായേൽമക്കൾക്കുവേണ്ടി ഒരു സ്മാരകമായിരിക്കും.”

[17] യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു:

[18] “കഴുകേണ്ടതിന് ഒരു വെങ്കലത്തൊട്ടിയും അതിന് ഒരു വെങ്കലക്കാലും നിർമിക്കണം. സമാഗമകൂടാരത്തിനും യാഗപീഠത്തിനും മധ്യേ അതു വെച്ച്, അതിൽ വെള്ളം ഒഴിക്കണം.

[19] അഹരോനും അവന്റെ പുത്രന്മാരും അതിൽ കൈകാലുകൾ കഴുകണം.

[20] അവർ സമാഗമകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യഹോവയ്ക്കു ദഹനയാഗം കഴിക്കേണ്ടതിന് അവർ യാഗപീഠത്തിൽ ശുശ്രൂഷിക്കാൻ സമീപിക്കുമ്പോഴും തങ്ങൾ മരിക്കാതിരിക്കേണ്ടതിന് അവർ വെള്ളംകൊണ്ടു കഴുകണം.

[21] അവർ മരിക്കാതിരിക്കേണ്ടതിന്, തങ്ങളുടെ കൈകാലുകൾ കഴുകണം. ഇത് അഹരോനും അവന്റെ സന്തതിക്കും തലമുറതലമുറയായി എന്നേക്കുമുള്ള ഒരു അനുഷ്ഠാനമായിരിക്കണം.”

[22] യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു:

[23] “വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചു താഴെപ്പറയുന്ന ഏറ്റവും മെച്ചമായ സുഗന്ധവർഗങ്ങൾ എടുക്കണം: അഞ്ഞൂറുശേക്കേൽ അയഞ്ഞമീറ, അതിൽ പകുതി ഇരുനൂറ്റൻപതു ശേക്കേൽ സുഗന്ധലവംഗവും ഇരുനൂറ്റൻപതു ശേക്കേൽ സൗരഭ്യമുള്ള വയമ്പും

[24] അഞ്ഞൂറുശേക്കേൽ വഴനപ്പട്ടയും ഒരു ഹീൻ ഒലിവെണ്ണയും എടുക്കണം.

[25] ഇവ, സുഗന്ധതൈലക്കാരന്റെ യോഗവിധിപ്രകാരം ചേർത്ത് വിശുദ്ധമായ അഭിഷേകതൈലം ഉണ്ടാക്കണം; അതു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കണം.

[26] ഈ തൈലംകൊണ്ടു നീ സമാഗമകൂടാരവും, ഉടമ്പടിയുടെ പേടകവും

[27] മേശയും അതിന്റെ എല്ലാ ഉപകരണങ്ങളും നിലവിളക്കും അതിന്റെ എല്ലാ ഉപകരണങ്ങളും ധൂപപീഠവും

[28] ഹോമയാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും തൊട്ടിയും അതിന്റെ കാലും അഭിഷേകംചെയ്യണം.

[29] അവ അതിവിശുദ്ധമായിരിക്കേണ്ടതിനു നീ അവയെ ശുദ്ധീകരിക്കണം; അവയെ തൊടുന്നവരെല്ലാം വിശുദ്ധരായിരിക്കണം.

[30] “എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നീ അഹരോനെയും അവന്റെ പുത്രന്മാരെയും അഭിഷേകംചെയ്തു ശുദ്ധീകരിക്കണം.

[31] ‘ഇതു തലമുറതലമുറയായി എന്റെ വിശുദ്ധഅഭിഷേകതൈലം ആയിരിക്കണം’ എന്നു നീ ഇസ്രായേൽമക്കളോടു പറയണം.

[32] ‘മറ്റാരുടെയും ശരീരത്തിൽ അത് ഒഴിക്കരുത്; അതേ യോഗവിധിപ്രകാരം അതുപോലെയൊന്ന് നിങ്ങൾ നിർമിക്കുകയുമരുത്. അതു വിശുദ്ധമാണ്; നിങ്ങൾ അതിനെ വിശുദ്ധമായി കരുതണം.

[33] അതുപോലെയൊന്നു നിർമിക്കുകയോ മറ്റാരുടെയെങ്കിലുംമേൽ ഒഴിക്കുകയോ ചെയ്യുന്നവനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം.’ ”

[34] യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: “നീ തുല്യതൂക്കം നറുമ്പശ, ഗുൽഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗങ്ങളും ശുദ്ധകുന്തിരിക്കവും എടുക്കണം.

[35] സുഗന്ധതൈലക്കാരന്റെ യോഗവിധിപ്രകാരം ഉപ്പും ചേർത്തു വിശുദ്ധവും നിർമലവുമായ സുഗന്ധവർഗം ഉണ്ടാക്കണം.

[36] നീ ഇതിൽ കുറെ ഇടിച്ചു പൊടിയാക്കി, ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന സമാഗമകൂടാരത്തിലെ ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ വെക്കണം. അതു നിങ്ങൾക്ക് അതിവിശുദ്ധമായിരിക്കണം.

[37] ഇതേ യോഗവിധിപ്രകാരം നിങ്ങൾക്കുവേണ്ടി സുഗന്ധവർഗം ഉണ്ടാക്കരുത്; ഇതു യഹോവയ്ക്കു വിശുദ്ധമായിരിക്കണം.

[38] സൗരഭ്യം ആസ്വദിക്കേണ്ടതിന് അതുപോലെയുള്ള സുഗന്ധവർഗം ഉണ്ടാക്കുന്നവനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം.”

പുറപ്പാടുപുസ്തകം — Chapters