[1] യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ആദ്യത്തേതുപോലെ രണ്ടു കൽപ്പലകകൾ ചെത്തി ഉണ്ടാക്കുക: നീ പൊട്ടിച്ചുകളഞ്ഞ ആദ്യത്തെ കൽപ്പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ അതിൽ എഴുതും.
[2] നീ രാവിലെ ഒരുങ്ങി, സീനായിപർവതത്തിൽ കയറിവരിക; പർവതാഗ്രത്തിൽ എന്റെമുമ്പിൽ നീ നിൽക്കണം.
[3] നിന്നോടുകൂടെ ആരും വരരുത്; പർവതത്തിൽ ആരെയും കാണരുത്; പർവതത്തിനുസമീപം ആടുമാടുകൾ മേയുകയുമരുത്.”
[4] അങ്ങനെ മോശ, ആദ്യത്തേതുപോലെയുള്ള രണ്ടു കൽപ്പലകകൾ ചെത്തിയുണ്ടാക്കി, അതിരാവിലെ എഴുന്നേറ്റ് യഹോവ കൽപ്പിച്ചിരുന്നതുപോലെ സീനായിപർവതത്തിൽ കയറിച്ചെന്നു; രണ്ടു കൽപ്പലകകളും അവൻ കൈയിൽ എടുത്തിരുന്നു.
[5] അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവന്റെ അടുക്കൽവന്നു; യഹോവ തന്റെ നാമം ഘോഷിച്ചു.
[6] യഹോവ മോശയുടെമുമ്പിലൂടെ കടന്ന് ഇങ്ങനെ ഘോഷിച്ചു: “യഹോവ, യഹോവയായ ദൈവം, കരുണാമയനും ആർദ്രഹൃദയനുമാകുന്നു; ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുമുള്ളവനും ആകുന്നു.
[7] ആയിരങ്ങളോടു കരുണ കാണിക്കുന്നവനും അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവനും കുറ്റംചെയ്തവരെ വെറുതേവിടാതെ, പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും, മൂന്നും നാലും തലമുറവരെ അനുഭവിപ്പിക്കുന്നവനും ആകുന്നു.”
[8] അപ്പോൾത്തന്നെ മോശ നിലത്തുവീണു നമസ്കരിച്ചു.
[9] “കർത്താവേ, അങ്ങേക്ക് എന്നോടു കൃപയുണ്ടെങ്കിൽ, കർത്താവു ഞങ്ങളോടുകൂടെ പോരണമേ. ഇതു ദുശ്ശാഠ്യമുള്ള ജനമാകുന്നു, എങ്കിലും ഞങ്ങളുടെ അതിക്രമവും പാപവും ക്ഷമിച്ചു, ഞങ്ങളെ അവിടത്തെ അവകാശം ആക്കണമേ,” എന്നപേക്ഷിച്ചു.
[10] അപ്പോൾ യഹോവ: “ഞാൻ നിങ്ങളുമായി ഒരു ഉടമ്പടിചെയ്യുന്നു. ലോകത്തിലെങ്ങും ഒരു ജനതയുടെയും മധ്യത്തിൽ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത അത്ഭുതങ്ങൾ ഞാൻ നിന്റെ സകലജനത്തിന്റെയും മുമ്പാകെ ചെയ്യും. യഹോവയായ ഞാൻ നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻപോകുന്ന കാര്യങ്ങൾ എത്ര ഭയങ്കരമാണെന്നു നിങ്ങൾക്കുചുറ്റും വസിക്കുന്ന ജനം കാണും.
[11] ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നത് അനുസരിക്കുക. അമോര്യർ, കനാന്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ ഞാൻ നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയും.
[12] നീ ചെല്ലുന്ന ദേശത്തു പാർക്കുന്ന ജനങ്ങളുമായി യാതൊരുവിധ കരാറിലും ഏർപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊള്ളണം. അല്ലെങ്കിൽ, അതു നിനക്ക് ഒരു കെണിയായിത്തീരും.
[13] നിങ്ങൾ അവരുടെ ബലിപീഠങ്ങൾ തകർക്കണം; അവരുടെ ആചാരസ്തൂപങ്ങൾ ഉടച്ചുകളയണം; അവരുടെ അശേരാപ്രതിഷ്ഠകൾ വെട്ടിക്കളയണം.
[14] അന്യദേവതകളെ നമസ്കരിക്കരുത്; തീക്ഷ്ണൻ എന്നു പേരുള്ള യഹോവ, തീക്ഷ്ണതയുള്ളവൻതന്നെ.
[15] “ദേശത്തു പാർക്കുന്ന ജനങ്ങളുമായി യാതൊരുവിധ കരാറിലും ഏർപ്പെടരുത്; അവർ തങ്ങളുടെ ദേവതകളോടു പരസംഗം ചെയ്യുകയും അവർക്കു ബലികഴിക്കുകയും ചെയ്യുമ്പോൾ അവർ നിങ്ങളെ ക്ഷണിക്കാനും നിങ്ങൾ അവരുടെ ബലികൾ ഭക്ഷിക്കാനും ഇടയാകരുത്.
[16] അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു ഭാര്യമാരായി എടുക്കാനും അവരുടെ പുത്രിമാർ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യാനും അവർ നിങ്ങളുടെ പുത്രന്മാരെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കാനും ഇടവരരുത്.
[17] “നിങ്ങൾക്കായി ദേവന്മാരെ വാർത്തുണ്ടാക്കരുത്.
[18] “പുളിപ്പില്ലാത്ത അപ്പത്തിന്റ ഉത്സവം ആചരിക്കണം. ഞാൻ നിങ്ങളോടു കൽപ്പിച്ചതുപോലെ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. നീ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്ന ആബീബ് മാസത്തിൽ നിശ്ചിതസമയത്ത് അത് ആചരിക്കണം.
[19] “നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കടിഞ്ഞൂലുകൾ ഉൾപ്പെടെ ആദ്യം ജനിക്കുന്നതെല്ലാം എനിക്കുള്ളതാകുന്നു.
[20] എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളണം. നീ അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയണം. നിന്റെ പുത്രന്മാരിൽ ആദ്യജാതന്മാരെ ഒക്കെയും വീണ്ടുകൊള്ളണം. “വെറുംകൈയോടെ ആരും എന്റെമുമ്പിൽ വരരുത്.
[21] “ആറുദിവസം നീ അധ്വാനിക്കണം; ഏഴാംദിവസം സ്വസ്ഥമായിരിക്കണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും നീ വിശ്രമിക്കണം.
[22] “ഗോതമ്പുകൊയ്ത്തിന്റെ ആദ്യഫലോത്സവത്തോടൊപ്പം ആഴ്ചകളുടെ പെരുന്നാളും വർഷാന്ത്യത്തിൽ കായ്-കനിപ്പെരുന്നാളും നീ ആചരിക്കണം.
[23] നിങ്ങളുടെ സകലപുരുഷന്മാരും, വർഷത്തിൽ മൂന്നുപ്രാവശ്യം ഇസ്രായേലിന്റെ ദൈവമായ, കർത്താവായ യഹോവയുടെ സന്നിധിയിൽ വരണം.
[24] ഞാൻ ജനതകളെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളഞ്ഞു, നിന്റെ ദേശത്തെ വിശാലമാക്കും. നിങ്ങൾ വർഷത്തിൽ മൂന്നുപ്രാവശ്യം നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിൽക്കാൻപോകുമ്പോൾ ആരും നിങ്ങളുടെ ദേശം മോഹിക്കുകയില്ല.
[25] “പുളിപ്പുള്ള യാതൊന്നിനോടുംകൂടെ എനിക്കു യാഗരക്തം അർപ്പിക്കരുത്. പെസഹാപ്പെരുന്നാളിലെ യാഗം പ്രഭാതംവരെ ശേഷിപ്പിക്കരുത്.
[26] “നിന്റെ നിലത്തിലെ ആദ്യഫലങ്ങളിൽ ഏറ്റം മെച്ചമായവ നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരണം. “ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകംചെയ്യരുത്.”
[27] യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തത്, “ഈ വചനങ്ങൾ എഴുതുക; ഈ വചനങ്ങളനുസരിച്ചു ഞാൻ നിന്നോടും ഇസ്രായേലിനോടും ഒരു ഉടമ്പടി ചെയ്തിരിക്കുന്നു.”
[28] മോശ, ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാൽപ്പതുരാവും നാൽപ്പതുപകലും യഹോവയുടെകൂടെ ആയിരുന്നു. അവിടന്ന് ആ നിയമത്തിന്റെ വചനങ്ങളെ, പത്തുകൽപ്പനകളെത്തന്നെ, കൽപ്പലകകളിൽ എഴുതിക്കൊടുത്തു.
[29] മോശ കൈകളിൽ കല്ലിൽ കൊത്തിയ രണ്ട് ഉടമ്പടിയുടെ പലകകളുമായി സീനായിപർവതത്തിൽനിന്ന് ഇറങ്ങിവന്നപ്പോൾ, താൻ യഹോവയോടു സംസാരിച്ചതുകൊണ്ടു തന്റെ മുഖം പ്രകാശിച്ചിരുന്നു എന്ന് അദ്ദേഹം അറിഞ്ഞില്ല.
[30] മോശയുടെ മുഖം പ്രകാശിക്കുന്നതു കണ്ടിട്ട് അഹരോനും എല്ലാ ഇസ്രായേൽമക്കളും അദ്ദേഹത്തെ സമീപിക്കാൻ ഭയപ്പെട്ടു.
[31] എന്നാൽ മോശ അവരെ വിളിച്ചു; അഹരോനും സഭയിലെ എല്ലാ നേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു; അദ്ദേഹം അവരോടു സംസാരിച്ചു.
[32] അതിനുശേഷം സകല ഇസ്രായേൽജനവും മോശയുടെ അടുക്കൽവന്നു; സീനായിപർവതത്തിൽ യഹോവ നൽകിയ എല്ലാ കൽപ്പനകളും മോശ അവരെ അറിയിച്ചു.
[33] മോശ അവരോടു സംസാരിച്ചുതീർന്നശേഷം തന്റെ മുഖത്ത് ഒരു മൂടുപടം ഇട്ടു.
[34] എന്നാൽ, യഹോവയോടു സംസാരിക്കാൻ തിരുസന്നിധിയിലേക്കു പോയി, പുറത്തു വരുന്നതുവരെ അദ്ദേഹം മൂടുപടം മാറ്റിയിരുന്നു. തന്നോടു കൽപ്പിച്ചത് മോശ പുറത്തുവന്ന് ഇസ്രായേൽമക്കളോട് അറിയിച്ചിരുന്നു.
[35] മോശയുടെ മുഖം പ്രകാശിക്കുന്നതായി അവർ കണ്ടു. ഇതിനുശേഷം മോശ യഹോവയോടു സംസാരിക്കാൻ അകത്തു പോകുന്നതുവരെ അദ്ദേഹം മൂടുപടം ഇട്ടിരുന്നു.