[1] ഇസ്രായേലേ കേൾക്ക, ഇന്നു നീ യോർദാൻ കടന്നു നിന്നെക്കാൾ വലുപ്പവും ശക്തിയുമുള്ള ജനതകളെയും ആകാശത്തോളം ഉയർന്ന മതിലുകളുള്ള വലിയ പട്ടണങ്ങളും പിടിച്ചടക്കാൻ പോകുന്നു.
[2] നിനക്ക് അറിയാവുന്നതുപോലെ ശക്തിയും ഉയരവുമുള്ള അനാക്യരെന്ന ജനതയാണവർ. “അനാക്യരുടെമുമ്പിൽ ആര് നിൽക്കും,” എന്നിങ്ങനെയുള്ള പറച്ചിൽ നീ കേട്ടിട്ടുണ്ടല്ലോ.
[3] എന്നാൽ നിന്റെ ദൈവമായ യഹോവ നിനക്കു മുമ്പേ ദഹിപ്പിക്കുന്ന തീയായി കടന്നുപോകുന്നു എന്നു നീ ഇന്ന് അറിയണം. അവിടന്ന് അവരെ നശിപ്പിക്കുകയും നിന്റെ മുമ്പിൽ കീഴ്പ്പെടുത്തുകയും ചെയ്യും. അങ്ങനെ യഹോവ നിന്നോടു വാഗ്ദാനംചെയ്തതുപോലെ നിങ്ങൾ അവരെ ഓടിച്ചുകളയുകയും വേഗം നശിപ്പിക്കുകയും ചെയ്യും.
[4] നിന്റെ ദൈവമായ യഹോവ നിന്റെ മുമ്പിൽനിന്ന് അവരെ ഓടിച്ചുകളഞ്ഞശേഷം, “എന്റെ നീതി നിമിത്തമാണ് ഈ ദേശം അവകാശമാക്കാൻ യഹോവ എന്നെ കൊണ്ടുവന്നത്” എന്നു നീ നിന്റെ ഹൃദയത്തിൽ പറയരുത്. അല്ല, ഈ ജനതകളുടെ ദുഷ്ടതനിമിത്തമാണ് യഹോവ അവരെ നിന്റെ മുമ്പിൽനിന്നും ഓടിച്ചുകളഞ്ഞത്.
[5] നീ അവരുടെ ദേശം കൈവശമാക്കാൻ പോകുന്നത് നിന്റെ നീതിയോ ഹൃദയപരമാർഥതയോകൊണ്ടല്ല, പ്രത്യുത, ഈ ജനതകളുടെ ദുഷ്ടതനിമിത്തവും നിന്റെ പിതാക്കന്മാരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോട് യഹോവ ശപഥംചെയ്ത വചനം നിറവേറ്റേണ്ടതിനും ആകുന്നു നിങ്ങളുടെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നും ഓടിച്ചുകളയുന്നത്.
[6] അതുകൊണ്ട് ആ നല്ലദേശം യഹോവയായ ദൈവം നിനക്ക് അവകാശമായി നൽകുന്നതു നിന്റെ നീതികൊണ്ടല്ലെന്ന് നീ അറിയണം; നീ ദുശ്ശാഠ്യമുള്ള ജനതയാണല്ലോ.
[7] നിന്റെ ദൈവമായ യഹോവയെ മരുഭൂമിയിൽവെച്ച് നീ എങ്ങനെ പ്രകോപിപ്പിച്ചുവെന്നത് ഒരിക്കലും മറക്കാതെ ഓർക്കുക. ഈജിപ്റ്റിൽനിന്ന് യാത്രപുറപ്പെട്ട നാൾമുതൽ ഇവിടെ എത്തുന്നതുവരെ നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.
[8] ഹോരേബിൽവെച്ച് നിങ്ങൾ യഹോവയെ പ്രകോപിപ്പിച്ചു, അതുകൊണ്ട് നിങ്ങളെ നശിപ്പിക്കാൻ വിചാരിക്കത്തക്കവിധം യഹോവ കോപിച്ചു.
[9] യഹോവ നിങ്ങളോടു ചെയ്ത ഉടമ്പടിയുടെ ഫലകങ്ങളായ ശിലാഫലകങ്ങൾ സ്വീകരിക്കാൻ ഞാൻ പർവതത്തിൽ കയറിപ്പോയി. നാൽപ്പതുരാവും നാൽപ്പതുപകലും ഞാൻ പർവതത്തിൽ താമസിച്ചു. ഞാൻ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.
[10] ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ രണ്ടു ശിലാഫലകങ്ങൾ യഹോവ എനിക്കു തന്നു. മഹാസമ്മേളനദിവസം പർവതത്തിൽ അഗ്നിയുടെ നടുവിൽനിന്ന് യഹോവ നിങ്ങളോടു വിളംബരംചെയ്ത കൽപ്പനകളെല്ലാം അവയിൽ ആലേഖനംചെയ്തിരുന്നു.
[11] നാൽപ്പതുരാവും നാൽപ്പതുപകലും കഴിഞ്ഞശേഷമാണ് ഉടമ്പടിയുടെ ഫലകങ്ങളായ ആ രണ്ടു ശിലാഫലകങ്ങൾ യഹോവ എനിക്കു നൽകിയത്.
[12] അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “എഴുന്നേൽക്കുക, വേഗം ഇവിടെനിന്ന് ഇറങ്ങിച്ചെല്ലുക. നീ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ മലിനപ്പെടുത്തിയിരിക്കുന്നു. ഞാൻ അവരോടു കൽപ്പിച്ച വഴിയിൽനിന്ന് അതിവേഗം വ്യതിചലിച്ച് അവർക്കുവേണ്ടി ഒരു വിഗ്രഹം വാർത്തുണ്ടാക്കിയിരിക്കുന്നു.”
[13] യഹോവ വീണ്ടും എന്നോട് അരുളിച്ചെയ്തു: “ഞാൻ ഈ ജനത്തെ ദുശ്ശാഠ്യക്കാരായി കണ്ടിരിക്കുന്നു!
[14] എന്നെ വിടുക. അവരെ നശിപ്പിച്ച് ആകാശത്തിനുകീഴേനിന്ന് അവരുടെ നാമം ഞാൻ മായിച്ചുകളയും. അതിനുശേഷം നിന്നെ ഞാൻ അവരെക്കാൾ ശക്തിയും അസംഖ്യവുമായ ഒരു ജനതയാക്കും.”
[15] അങ്ങനെ ഞാൻ തിരിഞ്ഞ് പർവതത്തിൽനിന്ന് ഇറങ്ങിവന്നു. അപ്പോൾ പർവതത്തിൽ തീ കത്തിക്കൊണ്ടിരുന്നു. ഉടമ്പടിയുടെ പലക രണ്ടും എന്റെ കൈകളിൽ ഉണ്ടായിരുന്നു.
[16] ഞാൻ നോക്കിയപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി പാപംചെയ്ത്; നിങ്ങൾക്കുവേണ്ടി ഒരു കാളക്കിടാവിന്റെ രൂപം വാർത്തുണ്ടാക്കി. യഹോവ കൽപ്പിച്ച വഴിയിൽനിന്ന് എത്രവേഗത്തിലാണ് നിങ്ങൾ വ്യതിചലിച്ചുപോയിരിക്കുന്നത്.
[17] അപ്പോൾ ഞാൻ നിങ്ങളുടെ കണ്മുമ്പിൽവെച്ച് ആ രണ്ടു ഫലകങ്ങളും എടുത്ത് എറിഞ്ഞു പൊട്ടിച്ചുകളഞ്ഞു.
[18] പിന്നെ ഞാൻ ആദ്യം ചെയ്തതുപോലെ നാൽപ്പതുരാവും നാൽപ്പതുപകലും യഹോവയുടെ സന്നിധിയിൽ സാഷ്ടാംഗം വീണുകിടന്നു. യഹോവയെ പ്രകോപിപ്പിക്കാൻ തക്കവിധം നിങ്ങൾ അവിടത്തെ ദൃഷ്ടിയിൽ തിന്മയായി ചെയ്ത സകലപാപങ്ങളും ഹേതുവായി ഞാൻ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.
[19] യഹോവ നിങ്ങളെ നശിപ്പിക്കുംവിധം നിങ്ങളുടെനേരേ യഹോവയ്ക്കുണ്ടായ കോപവും ക്രോധവും എന്നെ ഭയപ്പെടുത്തി. എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു.
[20] അഹരോനെ നശിപ്പിക്കുംവിധം യഹോവ അവനോടും വളരെയധികം കോപിച്ചു. അപ്പോൾ ഞാൻ അവനുവേണ്ടിയും അപേക്ഷിച്ചു.
[21] നിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കിടാവിനെ ഞാൻ എടുത്ത് തീയിൽ ഇട്ടു ചുട്ടുകളഞ്ഞു. അത് അരച്ചു നേരിയ പൊടിയാക്കി. തുടർന്ന് ആ പൊടി പർവതത്തിൽനിന്നും ഒഴുകിവരുന്ന അരുവിയിൽ എറിഞ്ഞു.
[22] തബേരയിലും മസ്സായിലും കിബ്രോത്ത്-ഹത്താവയിലുംവെച്ച് നിങ്ങൾ യഹോവയെ പ്രകോപിപ്പിച്ചു.
[23] “ഞാൻ നിങ്ങൾക്കു നൽകിയ ദേശം പോയി കൈവശമാക്കുക,” എന്നു കൽപ്പിച്ച്, യഹോവ നിങ്ങളെ കാദേശ്-ബർന്നേയയിൽനിന്ന് അയച്ചപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനയോടു മത്സരിച്ചു. അവിടത്തെ വിശ്വസിക്കുകയോ അവിടത്തെ വചനം പ്രമാണിക്കുകയോ ചെയ്തില്ല.
[24] ഞാൻ നിങ്ങളെ അറിഞ്ഞ ദിവസംമുതൽ നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.
[25] യഹോവ നിങ്ങളെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തതുകൊണ്ടാണ് ഞാൻ യഹോവയുടെ സന്നിധിയിൽ നാൽപ്പതുരാവും നാൽപ്പതുപകലും സാഷ്ടാംഗം വീണുകിടന്നത്.
[26] ഞാൻ യഹോവയോട് ഇപ്രകാരം അപേക്ഷിച്ചു: “സർവശക്തനായ യഹോവേ, അവിടത്തെ മഹാശക്തിയാൽ അങ്ങ് വീണ്ടെടുക്കുകയും ശക്തിയുള്ള ഭുജത്താൽ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവരികയും ചെയ്ത അങ്ങയുടെ ജനത്തെ, അവിടത്തെ സ്വന്തം അവകാശത്തെ, നശിപ്പിക്കരുതേ.
[27] അങ്ങയുടെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യാക്കോബിനെയും ഓർക്കണമേ. ഈ ജനതയുടെ മത്സരവും ലംഘനവും പാപവും ഓർക്കരുതേ.
[28] അല്ലെങ്കിൽ, അങ്ങു ഞങ്ങളെ ഏതു ദേശത്തുനിന്നാണോ വിടുവിച്ചുകൊണ്ടുവന്നത് ആ ദേശത്തെ ജനങ്ങൾ, ‘താൻ വാഗ്ദാനംചെയ്ത ദേശത്ത് അവരെ എത്തിക്കാൻ യഹോവയ്ക്ക് സാധിക്കാത്തതുകൊണ്ടും അവിടന്ന് അവരെ വെറുത്തതുകൊണ്ടും അവരെ മരുഭൂമിയിൽ കൊണ്ടുപോയി കൊന്നുകളഞ്ഞു’ എന്നു പറയും.
[29] ഇവർ അങ്ങയുടെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും അങ്ങ് വിടുവിച്ചുകൊണ്ടുവന്ന അങ്ങയുടെ ജനവും അങ്ങയുടെ അവകാശവും ആണല്ലോ.”