[1] ഓരോ ഏഴാംവർഷത്തിന്റെയും അവസാനം നീ കടങ്ങൾക്ക് ഇളവുനൽകണം.
[2] അതു നടപ്പിലാക്കേണ്ടത് ഇപ്രകാരമാണ്: വായ്പ നൽകിയ ഓരോ വ്യക്തിയും തന്റെ സഹയിസ്രായേല്യന് നൽകിയ വായ്പ ഇളവുചെയ്യണം. യഹോവയുടെ വിമോചനം പ്രഖ്യാപിച്ചതുകൊണ്ട് സ്വന്തം ജനത്തിലുള്ളവർക്ക് വായ്പ നൽകിയവർ അത് അവരോട് ആവശ്യപ്പെടരുത്.
[3] പ്രവാസിയോട് നിനക്കത് ആവശ്യപ്പെടാം. എന്നാൽ നിന്റെ സഹയിസ്രായേല്യർ തരാനുള്ളത് ഇളവുചെയ്യണം.
[4] നിന്റെ ദൈവമായ യഹോവയുടെ വചനം നീ ശ്രദ്ധിച്ചു കേൾക്കുകയും ഇന്നു ഞാൻ നിങ്ങൾക്കു നൽകുന്ന കൽപ്പനകളെല്ലാം അനുസരിച്ചു ജീവിക്കുകയും ചെയ്താൽ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്ത് നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും, അങ്ങനെ നിങ്ങളുടെ ഇടയിൽ ദരിദ്രർ ഉണ്ടാകുകയില്ല.
[6] നിന്റെ ദൈവമായ യഹോവ വാഗ്ദാനംചെയ്തതുപോലെ അവിടന്നു നിന്നെ അനുഗ്രഹിക്കും. നീ അനേകം ജനതകൾക്കു വായ്പ കൊടുക്കും. പക്ഷേ, നീ ആരിൽനിന്നും വായ്പ വാങ്ങുകയില്ല. നീ അനേകം ജനതകളെ ഭരിക്കും. പക്ഷേ, അവരാരും നിന്നെ ഭരിക്കുകയില്ല.
[7] നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്ത് ഏതെങ്കിലും നഗരത്തിൽ നിങ്ങളുടെ ഇടയിൽ ഒരു ദരിദ്രൻ ഉണ്ടെങ്കിൽ ആ ദരിദ്രസഹോദരനുനേരേ നിന്റെ ഹൃദയം കഠിനമാക്കുകയോ നീ ലുബ്ധനായിരിക്കുകയോ ചെയ്യരുത്.
[8] പിന്നെയോ, അവന്റെ ആവശ്യം എന്തായാലും നീ കൈതുറന്ന് അവർക്കു വായ്പ നൽകണം.
[9] “കടങ്ങൾക്ക് ഇളവുനൽകുന്ന വർഷമായ ഏഴാംവർഷം അടുത്തിരിക്കുന്നു,” എന്ന കപടവിചാരം നിന്റെ ഹൃദയത്തിലുണ്ടായിട്ട് ആവശ്യത്തിലിരിക്കുന്ന സഹോദരങ്ങളോടു ദയ കാണിക്കാതെയും അവർക്ക് ഒന്നും നൽകാതെയുമിരിക്കരുത്. അവർ നിനക്കു വിരോധമായി യഹോവയോട് അപേക്ഷിക്കും; അതിൽ നീ കുറ്റക്കാരനായിത്തീരും.
[10] നീ അവർക്ക് ഔദാര്യമായി നൽകണം, ഹൃദയത്തിൽ വെറുപ്പോടെ കൊടുക്കരുത്. ഇതുനിമിത്തം നിന്റെ എല്ലാ പ്രവൃത്തികളിലും പ്രയത്നങ്ങളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും.
[11] ദരിദ്രർ ദേശത്ത് എപ്പോഴും ഉണ്ടായിരിക്കും. അതുകൊണ്ട് നിന്റെ ദേശത്ത് ദരിദ്രരും ആവശ്യത്തിലിരിക്കുന്നവരുമായ സഹയിസ്രായേല്യരെ കൈതുറന്നു സഹായിക്കണമെന്ന് ഞാൻ നിന്നോടു കൽപ്പിക്കുന്നു.
[12] നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ സ്ത്രീയോ തന്നെത്താൻ നിനക്കു വിൽക്കുകയും ആറുവർഷം നിന്നെ സേവിക്കുകയും ചെയ്താൽ ഏഴാംവർഷം അവരെ നീ സ്വതന്ത്രരായി വിട്ടയയ്ക്കണം.
[13] അവരെ സ്വതന്ത്രരാക്കുമ്പോൾ വെറുംകൈയോടെ അയയ്ക്കരുത്.
[14] നീ നിന്റെ ആട്ടിൻപറ്റത്തിൽനിന്നും മെതിനിലത്തുനിന്നും മുന്തിരിച്ചക്കിൽനിന്നും ഉദാരമായി അവർക്കു ദാനംചെയ്യണം. നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിന് ഒത്തവിധം നീ അവർക്കു നൽകണം.
[15] ഈജിപ്റ്റിൽ നിങ്ങൾ അടിമകളായിരുന്നു എന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വീണ്ടെടുത്തു എന്നും ഓർക്കുക. അതുകൊണ്ടാണ് ഇന്നു ഞാൻ ഈ വിധം നിങ്ങൾക്കു കൽപ്പന നൽകുന്നത്.
[16] എന്നാൽ ആ ദാസൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കുന്നതുകൊണ്ടും നിന്റെകൂടെ സന്തുഷ്ടനായതുകൊണ്ടും “ഞാൻ നിന്നെ വിട്ടുപോകുന്നില്ല,” എന്നു പറഞ്ഞാൽ
[17] നീ ഒരു സൂചി എടുത്ത്, അവന്റെ കാതു വാതിലിനോടു ചേർത്തു കുത്തിത്തുളയ്ക്കണം. പിന്നീട് ജീവകാലമെല്ലാം അവൻ നിനക്കു ദാസനായിരിക്കും. നിന്റെ ദാസിയോടും ഇപ്രകാരംതന്നെ ചെയ്യണം.
[18] ഒരു കൂലിക്കാരനെക്കാൾ ഇരട്ടിക്കു തക്ക സേവനം അവൻ ആറുവർഷം നിനക്കു നൽകിയതുകൊണ്ട് അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ നീ പ്രയാസപ്പെടരുത്. നീ പ്രവർത്തിക്കുന്ന സകലത്തിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും.
[19] നിന്റെ ആടുകളിലും മാടുകളിലും കടിഞ്ഞൂലായ ആണിനെ എല്ലാം നിന്റെ ദൈവമായ യഹോവയ്ക്കുവേണ്ടി വേർതിരിക്കണം. നിന്റെ കാളകളുടെ കടിഞ്ഞൂലുകളെക്കൊണ്ട് ഒരു ജോലിയും ചെയ്യിക്കരുത്. നിന്റെ ആടുകളുടെ കടിഞ്ഞൂലുകളുടെ രോമം കത്രിക്കയും അരുത്.
[20] യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നീയും നിന്റെ കുടുംബവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് ഓരോവർഷവും അവ ഭക്ഷിക്കണം.
[21] എന്നാൽ അതിന് മുടന്തോ അന്ധതയോ ഗൗരവതരമായ മറ്റെന്തെങ്കിലും വൈകല്യമോ ഉണ്ടെങ്കിൽ നിന്റെ ദൈവമായ യഹോവയ്ക്ക് അതിനെ യാഗം അർപ്പിക്കരുത്.
[22] നിന്റെ നഗരങ്ങളിൽവെച്ച് അവ ഭക്ഷിക്കാം. പുള്ളിമാനിന്റെയും കലമാനിന്റെയും മാംസം എന്നപോലെ അശുദ്ധനും വിശുദ്ധനും അവ ഭക്ഷിക്കാം.
[23] എന്നാൽ രക്തം കുടിക്കരുത്; അതു വെള്ളംപോലെ നിലത്ത് ഒഴിക്കണം.