Skip to content
Opens in a new window

[1] നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ മക്കൾ ആകുന്നു. മരിച്ചവർക്കുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവേൽപ്പിക്കുകയോ തലയുടെ മുൻവശം ക്ഷൗരംചെയ്യുകയോ അരുത്.

[2] കാരണം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ വിശുദ്ധജനം ആകുന്നു. ഭൂമുഖത്തുള്ള എല്ലാ ജനതകളിൽനിന്നും നിങ്ങളെ യഹോവ തന്റെ വിശിഷ്ടനിക്ഷേപമായി തെരഞ്ഞെടുത്തിരിക്കുന്നു.

[3] അറപ്പായതൊന്നും നിങ്ങൾ ഭക്ഷിക്കരുത്.

[4] നിങ്ങൾക്കു ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവയാണ്: കാള, ചെമ്മരിയാട്, കോലാട്,

[5] കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാട്, ചെറുമാൻ, മലയാട്, കവരിമാൻ.

[6] കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായ ഏതൊരു മൃഗത്തെയും നിങ്ങൾക്കു ഭക്ഷിക്കാം.

[7] എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നവയിലും ഒട്ടകം, മുയൽ, കുഴിമുയൽ എന്നിവയെ നിങ്ങൾ ഭക്ഷിക്കരുത്. അയവിറക്കുന്നു എങ്കിലും അവയുടെ കുളമ്പ് രണ്ടായി പിരിഞ്ഞിരിക്കുന്നവയല്ല. അവ നിങ്ങൾക്ക് ആചാരപരമായി അശുദ്ധമാകുന്നു.

[8] പന്നിയും അശുദ്ധമാകുന്നു; അതിന്റെ കുളമ്പു പിളർന്നതെങ്കിലും അത് അയവിറക്കുന്നില്ല. നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്.

[9] വെള്ളത്തിൽ ജീവിക്കുന്ന എല്ലാ ജീവികളിലും ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.

[10] എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്ത ഒന്നിനെയും നിങ്ങൾ ഭക്ഷിക്കരുത്. അവ നിങ്ങൾക്ക് അശുദ്ധമാകുന്നു.

[11] ശുദ്ധിയുള്ള ഏതു പക്ഷിയെയും നിങ്ങൾക്കു ഭക്ഷിക്കാം.

[12] എന്നാൽ നിങ്ങൾക്കു ഭക്ഷിക്കാൻ പാടില്ലാത്തവ ഇവയാകുന്നു: കഴുകൻ, ചെമ്പരുന്ത്, കരിമ്പരുന്ത്,

[13] ഗൃദ്ധ്രം, പരുന്ത്, എല്ലാ ഇനത്തിലുംപെട്ട ഇരപിടിയൻപക്ഷി,

[14] എല്ലാ ഇനത്തിലുംപെട്ട കാക്ക,

[15] ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, എല്ലാ ഇനത്തിലുംപെട്ട കഴുകൻ,

[16] നത്ത്, നീർക്കാക്ക, കൂമൻ,

[17] മൂങ്ങ, വേഴാമ്പൽ, വെള്ളക്കഴുകൻ,

[18] പെരിഞ്ഞാറ, ഏതിനത്തിലുംപെട്ട കൊക്ക്, കുളക്കോഴി, വവ്വാൽ.

[19] ചിറകുള്ള പ്രാണികളെല്ലാം നിങ്ങൾക്ക് അശുദ്ധമാണ്. അവ ഭക്ഷിക്കരുത്.

[20] ചിറകുള്ള ജീവികളിൽ ആചാരപരമായി ശുദ്ധിയുള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.

[21] ചത്ത ഒന്നിനെയും ഭക്ഷിക്കരുത്. നിന്റെ നഗരങ്ങളിലുള്ള പ്രവാസിക്ക് അതു ഭക്ഷിക്കാൻ നൽകാം. അല്ലെങ്കിൽ മറ്റൊരു പ്രവാസിക്ക് വിൽക്കാം. കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിശുദ്ധജനം ആകുന്നു. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകംചെയ്യരുത്.

[22] എല്ലാവർഷവും നിന്റെ വയലിൽനിന്നു ലഭിക്കുന്നതിന്റെ ദശാംശം വേർതിരിച്ചുവെക്കണം.

[23] നിന്റെ ദൈവമായ യഹോവയെ ബഹുമാനിക്കാൻ പഠിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളുടെ ദശാംശവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് ഭക്ഷിക്കണം.

[24] നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കുമ്പോൾ, നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലം, നിന്റെ ദശാംശം കൊണ്ടുപോകാൻ കഴിയാത്തവിധം വിദൂരത്താകുന്നെങ്കിൽ

[25] നീ ആ ദശാംശം വിറ്റ് വെള്ളിക്കാശാക്കണം. ആ വെള്ളിക്കാശുമായി നീ നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് പോകണം.

[26] ആ വെള്ളിക്കാശു കൊടുത്ത് ആട്, മാട്, വീഞ്ഞ്, മദ്യം ഇങ്ങനെ നിനക്കിഷ്ടമുള്ളതു വാങ്ങുക. നീയും നിന്റെ കുടുംബവും അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു ഭക്ഷിച്ച് ആനന്ദിക്കണം.

[27] നിങ്ങളുടെ നഗരങ്ങളിലുള്ള ലേവ്യനെ അവഗണിക്കരുത്. അവർക്കു നിങ്ങളോടൊപ്പം അവരുടേതായ ഓഹരിയും അവകാശവും ലഭിച്ചിട്ടില്ലല്ലോ.

[28] ഓരോ മൂന്നാംവർഷത്തിന്റെയും അവസാനം ആ വർഷത്തെ വിളവിന്റെ ദശാംശമെല്ലാം നിന്റെ നഗരങ്ങളിൽ ശേഖരിക്കണം.

[29] നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ പ്രവൃത്തികളെയെല്ലാം അനുഗ്രഹിക്കേണ്ടതിന് നിന്റെ നഗരങ്ങളിലുള്ള ലേവ്യരും—അവർക്ക് അവരുടേതായ ഓഹരിയും അവകാശവും ഇല്ലല്ലോ—പ്രവാസികളും അനാഥനും വിധവയും വന്നു ഭക്ഷിച്ചു തൃപ്തരാകണം.

ആവർത്തനപ്പുസ്തകം — Chapters