[1] അതിനുശേഷം മോശ മോവാബ് സമതലത്തിൽനിന്ന് യെരീഹോവിനെതിരേയുള്ള നെബോ പർവതത്തിലെ പിസ്ഗായുടെ മുകളിൽ കയറി. യഹോവ അവിടെവെച്ച് ഗിലെയാദുമുതൽ ദാൻവരെയും
[2] നഫ്താലിദേശം മുഴുവനും മനശ്ശെയുടെയും എഫ്രയീമിന്റെയും അതിർത്തിയും പടിഞ്ഞാറ് മെഡിറ്ററേനിയൻ കടൽവരെയുള്ള യെഹൂദാദേശം മുഴുവനും
[3] തെക്കേദേശവും ഈന്തപ്പനകളുടെ നഗരമായ യെരീഹോമുതൽ സോവാർവരെയുള്ള താഴ്വരകളിലെ എല്ലാ മേഖലകളും കാണിച്ചു.
[4] അതിനുശേഷം യഹോവ അദ്ദേഹത്തോടു കൽപ്പിച്ചു: “ ‘ഞാൻ നിന്റെ സന്തതികൾക്ക് ഇതു നൽകും’ എന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ശപഥത്താൽ വാഗ്ദാനംചെയ്ത ദേശം ഇതാകുന്നു. ഇതു നിന്റെ കണ്ണാലെ കാണാൻ ഞാൻ നിന്നെ അനുവദിച്ചു, എന്നാൽ നീ അവിടെ പ്രവേശിക്കുകയില്ല.”
[5] യഹോവ പറഞ്ഞതുപോലെ യഹോവയുടെ ദാസനായ മോശ അവിടെ മോവാബിൽവെച്ചു മരിച്ചു.
[6] യഹോവ അവനെ മോവാബിൽ ബേത്-പെയോരിന്ന് എതിർവശത്തുള്ള താഴ്വരയിൽ സംസ്കരിച്ചു, എന്നാൽ ഇന്നുവരെ അദ്ദേഹത്തെ സംസ്കരിച്ച സ്ഥലം ആരും അറിയുന്നില്ല.
[7] മോശ മരിക്കുമ്പോൾ നൂറ്റിയിരുപതു വയസ്സുണ്ടായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ കണ്ണു മങ്ങുകയോ ബലം ക്ഷയിക്കുകയോ ചെയ്തിരുന്നില്ല.
[8] ഇസ്രായേല്യർ മോശയെ ഓർത്ത് മോവാബ് സമതലത്തിൽ മുപ്പതുദിവസം വിലപിച്ചു. അങ്ങനെ വിലാപകാലം അവസാനിച്ചു.
[9] നൂന്റെ മകനായ യോശുവയെ മോശ കൈവെച്ച് അനുഗ്രഹിച്ചിരുന്നതുകൊണ്ട് അദ്ദേഹം ജ്ഞാനപൂർണനായിത്തീർന്നു. ഇസ്രായേൽജനം അദ്ദേഹത്തെ ശ്രദ്ധിക്കുകയും യഹോവ മോശയോടു കൽപ്പിച്ചത് അനുസരിക്കുകയും ചെയ്തു.
[10] യഹോവ മുഖാമുഖമായി സംസാരിച്ച ഒരു പ്രവാചകനും മോശയ്ക്കുശേഷം ഇസ്രായേലിൽ ഉണ്ടായിട്ടില്ല.
[11] യഹോവ അദ്ദേഹത്തെ ഈജിപ്റ്റിൽ ഫറവോന്റെയും അയാളുടെ സകല ഉദ്യോഗസ്ഥന്മാരുടെയും ദേശത്തെ സകലനിവാസികളുടെയും മുന്നിൽ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനായി നിയോഗിച്ചയച്ചു.
[12] എല്ലാ ഇസ്രായേല്യരും കാൺകെ മോശ പ്രദർശിപ്പിച്ച അത്യന്തശക്തിയും അദ്ദേഹം പ്രവർത്തിച്ച വിസ്മയാവഹമായ കാര്യങ്ങളുംപോലെ വേറൊന്നും മറ്റാരും ചെയ്തിട്ടില്ല.