[1] അവൻ ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയിൽ
[2] രണ്ടു പടകു കരെക്കു അടുത്തു നില്ക്കുന്നതു അവൻ കണ്ടു; അവയിൽ നിന്നു മീൻപിടിക്കാർ ഇറങ്ങി വല കഴുകുകയായിരുന്നു.
[3] ആ പടകുകളിൽ ശിമോന്നുള്ളതായ ഒന്നിൽ അവൻ കയറി കരയിൽ നിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.
[4] സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോടു: ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിന്നു വല ഇറക്കുവിൻ എന്നു പറഞ്ഞു.
[5] അതിന്നു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു.
[6] അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്തു മീൻകൂട്ടം അകപ്പെട്ടു വല കീറാറായി.
[7] അവർ മറ്റെ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിപ്പാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളും നിറെച്ചു.
[8] ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാല്ക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.
[9] അവർക്കു ഉണ്ടായ മീൻപിടിത്തത്തിൽ അവന്നും അവനോടു കൂടെയുള്ളവർക്കു എല്ലാവർക്കും സംഭ്രമം പിടിച്ചിരുന്നു.
[10] ശിമോന്റെ കൂട്ടാളികളായ യാക്കോബ് യോഹന്നാൻ എന്ന സെബെദിമക്കൾക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടു: ഭയപ്പെടേണ്ടാ, ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു.
[11] പിന്നെ അവർ പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.
[12] അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണു വീണു: കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോടു അപേക്ഷിച്ചു.
[13] യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ടു; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടു മാറി.
[14] അവൻ അവനോടു: ഇതു ആരോടും പറയരുതു; എന്നാൽ പോയി നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, അവർക്കു സാക്ഷ്യത്തിന്നായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിന്നുള്ള വഴിപാടു അർപ്പിക്ക എന്നു അവനോടു കല്പിച്ചു.
[15] എന്നാൽ അവനെക്കുറിച്ചുള്ള വർത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിന്നും തങ്ങളുടെ വ്യാധികൾക്കു സൗഖ്യം കിട്ടേണ്ടതിന്നും കൂടി വന്നു.
[16] അവനോ നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
[17] അവൻ ഒരു ദിവസം ഉപദേശിക്കുമ്പോൾ ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും യെരൂശലേമിൽനിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൗഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.
[18] അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പിൽ വെപ്പാൻ ശ്രമിച്ചു.
[19] പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ ഇറക്കിവെച്ചു.
[20] അവരുടെ വിശ്വാസം കണ്ടിട്ടു. അവൻ: മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
[21] ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.
[22] യേശു അവരുടെ ചിന്തകളെ അറിഞ്ഞു അവരോടു: നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നതു എന്തു?
[23] നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
[24] എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു - അവൻ പക്ഷവാതക്കാരനോടു: എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
[25] ഉടനെ അവർ കാൺകെ അവൻ എഴുന്നേറ്റു, താൻ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു വീട്ടിലേക്കു പോയി.
[26] എല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്നു നാം അപൂർവ്വ കാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു.
[27] അതിന്റെ ശേഷം അവൻ പുറപ്പെട്ടു, ലേവി എന്നു പേരുള്ളോരു ചുങ്കക്കാരൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു; എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.
[28] അവൻ സകലവും വിട്ടു എഴുന്നേറ്റു അവനെ അനുഗമിച്ചു.
[29] ലേവി തന്റെ വീട്ടിൽ അവന്നു ഒരു വലിയ വിരുന്നു ഒരുക്കി; ചുങ്കക്കാരും മറ്റും വലിയോരു പുരുഷാരം അവരോടുകൂടെ പന്തിയിൽ ഇരുന്നു.
[30] പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്റെ ശിഷ്യന്മാരോടു: നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു പറഞ്ഞു പിറുപിറുത്തു.
[31] യേശു അവരോടു: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല;
[32] ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു എന്നു ഉത്തരം പറഞ്ഞു.
[33] അവർ അവനോടു: യോഹന്നാന്റെ ശിഷ്യന്മാർ കൂടക്കൂടെ ഉപവസിച്ചു പ്രാർത്ഥനകഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നേ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു.
[34] യേശു അവരോടു: മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ?
[35] മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു, അവർ ഉപവസിക്കും എന്നു പറഞ്ഞു.
[36] ഒരു ഉപമയും അവരോടു പറഞ്ഞു: ആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേർത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും.
[37] ആരും പുതുവീഞ്ഞു പഴയതുരുത്തിയിൽ പകരുമാറില്ല, പകർന്നാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും;
[38] പുതുവീഞ്ഞു പുതിയതുരുത്തിയിൽ അത്രേ പകർന്നുവെക്കേണ്ടതു.
[39] പിന്നെ പഴയതു കുടിച്ചിട്ടു ആരും പുതിയതു ഉടനെ ആഗ്രഹിക്കുന്നില്ല; പഴയതു ഏറെ നല്ലതു എന്നു പറയും.