Skip to content
Opens in a new window
Listen to this chapter • 9:19

[1] അവൻ ഒരു സ്ഥലത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു; തീർന്നശേഷം ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.

[2] അവൻ അവരോടു പറഞ്ഞതു: നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു: [സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ] പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; [നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;]

[3] ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ.

[4] ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയിൽ കടത്തരുതേ: [ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.]

[5] പിന്നെ അവൻ അവരോടു പറഞ്ഞതു: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ടു എന്നിരിക്കട്ടെ; അവൻ അർദ്ധരാത്രിക്കു അവന്റെ അടുക്കൽ ചെന്നു: സ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം;

[6] എന്റെ ഒരു സ്നേഹിതൻ വഴിയാത്രയിൽ എന്റെ അടുക്കൽ വന്നു; അവന്നു വിളമ്പിക്കൊടുപ്പാൻ എന്റെ പക്കൽ ഏതും ഇല്ല എന്നു അവനോടു പറഞ്ഞാൽ:

[7] എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാൻ എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും

[8] അവൻ സ്നേഹിതാനാകകൊണ്ടു എഴുന്നേറ്റു അവന്നു കൊടുക്കയില്ലെങ്കിലും അവൻ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റു അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

[9] യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.

[10] യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

[11] എന്നാൽ നിങ്ങളിൽ ഒരു അപ്പനോടു മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ?

[12] മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ?

[13] അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.

[14] ഒരിക്കൽ അവൻ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു.

[15] അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു.

[16] വേറെ ചിലർ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു.

[17] അവൻ അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതു: തന്നിൽതന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഓരോന്നും വീഴും.

[18] സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ.

[19] ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപതികൾ ആകും.

[20] എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം.

[21] ബലവാൻ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.

[22] അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന സർവ്വായുധവർഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു.

[23] എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.

[24] അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളിൽ തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടു: ഞാൻ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു,

[25] അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.

[26] അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അതിൽ കടന്നു പാർത്തിട്ടു ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനേക്കാൾ വല്ലാതെയായി ഭവിക്കും.

[27] ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.

[28] അതിന്നു അവൻ: അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.

[29] പുരുഷാരം തിങ്ങിക്കൂടിയപ്പോൾ അവൻ പറഞ്ഞുതുടങ്ങിയതു: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല.

[30] യോനാ നീനെവേക്കാർക്കു അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറെക്കും ആകും.

[31] തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോടു ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.

[32] നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ.

[33] വിളക്കു കൊളുത്തീട്ടു ആരും നിലവറയിലോ പറയിൻ കീഴിലോ വെക്കാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു.

[34] ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.

[35] ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക.

[36] നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ വിളക്കു തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും.

[37] അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ മുത്താഴം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു.

[38] മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശൻ ആശ്ചര്യപ്പെട്ടു.

[39] കർത്താവു അവനോടു: പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.

[40] മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയതു?

[41] അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും എന്നു പറഞ്ഞു.

[42] പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.

[43] പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്കു അയ്യോ കഷ്ടം;

[44] നിങ്ങൾ കാണ്മാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല.

[45] ന്യായശാസ്ത്രിമാരിൽ ഒരുത്തൻ അവനോടു: ഗുരോ, ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.

[46] അതിന്നു അവൻ പറഞ്ഞതു: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുപ്പാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.

[47] നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു.

[48] അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു.

[49] അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നതു: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.

[50] ഹാബേലിന്റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവിൽവെച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തം വരെ

[51] ലോക സ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാൻ ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

[52] ന്യായശാസ്ത്രിമാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു.

[53] അവൻ അവിടംവിട്ടുപോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും

[54] അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായിൽ നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.

ലൂക്കൊസ് — Chapters