[1] അവൻ യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ
[2] ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷൻ,
[3] യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു, വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല.
[4] എന്നാറെ അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
[5] അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു എന്നു അവനോടു പറഞ്ഞു.
[6] അവൻ ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു.
[7] കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
[8] സക്കായിയോ നിന്നു കർത്താവിനോടു: കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.
[9] യേശു അവനോടു: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു.
[10] കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു എന്നു പറഞ്ഞു.
[11] അവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരൂശലേമിന്നു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്നു അവർക്കു തോന്നുകയാലും അവൻ ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാൽ:
[12] കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി.
[13] അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്കു പത്തു റാത്തൽ വെള്ളി കൊടുത്തു ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്നു അവരോടു പറഞ്ഞു.
[14] അവന്റെ പൗരന്മാരോ അവനെ പകെച്ചു അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചു: അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു.
[15] അവൻ രാജത്വം പ്രാപിച്ചു മടങ്ങി വന്നപ്പോൾ താൻ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്തു നേടി എന്നു അറിയേണ്ടതിന്നു അവരെ വിളിപ്പാൻ കല്പിച്ചു.
[16] ഒന്നാമത്തവൻ അടുത്തു വന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു.
[17] അവൻ അവനോടു: നന്നു നല്ല ദാസനേ, നീ അത്യല്പത്തിൽ വിശ്വസ്തൻ ആയതുകൊണ്ടു പത്തു പട്ടണത്തിന്നു അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു.
[18] രണ്ടാമത്തവൻ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ചു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
[19] നീയും അഞ്ചു പട്ടണത്തിന്നു മേൽവിചാരകൻ ആയിരിക്ക എന്നു അവൻ അവനോടു കല്പിച്ചു.
[20] മറ്റൊരുവൻ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അതു ഒരു ഉറുമാലിൽ കെട്ടി വെച്ചിരുന്നു.
[21] നീ വെക്കാത്തതു എടുക്കുകയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ ആകകൊണ്ടു ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.
[22] അവൻ അവനോടു: ദുഷ്ടദാസനേ, നിന്റെ വായിൽ നിന്നു തന്നേ ഞാൻ നിന്നെ ന്യായം വിധിക്കും. ഞാൻ വെക്കാത്തതു എടുക്കയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ.
[23] ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന്നു അതു നാണ്യപീഠത്തിൽ ഏല്പിക്കാഞ്ഞതു എന്തു?
[24] പിന്നെ അവൻ അരികെ നില്ക്കുന്നവരോടു: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന്നു കൊടുപ്പിൻ എന്നു പറഞ്ഞു.
[25] കർത്താവേ, അവന്നു പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവൻ പറഞ്ഞു.
[26] ഉള്ളവന്നു ഏവന്നു കൊടുക്കും ഇല്ലാത്തവനോടു ഉള്ളതുംകൂടെ എടുത്തു കളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
[27] എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവെച്ചു കൊന്നുകളവിൻ എന്നു അവൻ കല്പിച്ചു.
[28] ഇതു പറഞ്ഞിട്ടു അവൻ മുമ്പായി നടന്നുകൊണ്ടു യെരൂശലേമിലേക്കു യാത്ര ചെയ്തു.
[29] അവൻ ഒലീവ് മലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യെക്കും സമീപിച്ചപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:
[30] നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടക്കുമ്പോൾ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ.
[31] അതിനെ അഴിക്കുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ എന്നു പറഞ്ഞു.
[32] അയക്കപ്പെട്ടവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു.
[33] കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടയവർ: കഴുതക്കുട്ടിയെ അഴിക്കന്നതു എന്തു എന്നു ചോദിച്ചതിന്നു:
[34] കർത്താവിനു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു അവർ പറഞ്ഞു.
[35] അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി.
[36] അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു.
[37] അവൻ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:
[38] കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.
[39] പുരുഷാരത്തിൽ ചില പരീശന്മാരോ അവനോടു: ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു.
[40] അതിന്നു അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
[41] അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു:
[42] ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു.
[43] നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി
[44] നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.
[45] പിന്നെ അവൻ ദൈവാലയത്തിൽ ചെന്നു വില്ക്കുന്നവരെ പുറത്താക്കിത്തുടങ്ങി:
[46] എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തു എന്നു അവരോടു പറഞ്ഞു.
[47] അവൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ തക്കം നോക്കി.
[48] എങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാൽ എന്തു ചെയ്യേണ്ടു എന്നു അവർ അറിഞ്ഞില്ല.