[1] യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.
[2] ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവന്നു വിശന്നു.
[3] അപ്പോൾ പിശാചു അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലിനോടു അപ്പമായിത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
[4] യേശു അവനോടു: മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
[5] പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവന്നു കാണിച്ചു:
[6] ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു.
[7] നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു.
[8] യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
[9] പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക.
[10] “നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും
[11] നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
[12] യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നു അരുളിച്ചെയ്തിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
[13] അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി.
[14] യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.
[15] അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.
[16] അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.
[17] യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടർത്തി:
[18] “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും
[19] കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.
[20] പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കൽ പതിഞ്ഞിരുന്നു.
[21] അവൻ അവരോടു: ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.
[22] എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.
[23] അവൻ അവരോടു: “വൈദ്യാ, നിന്നെത്തന്നേ സൗഖ്യമാക്കുക” എന്നുള്ള പഴഞ്ചൊല്ലും “കഫർന്നഹൂമിൽ ഉണ്ടായി കേട്ടതു എല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്ക” എന്നും നിങ്ങൾ എന്നോടു പറയും നിശ്ചയം.
[24] ഒരു പ്രവാചകനും തന്റെ പിതൃനഗരത്തിൽ സമ്മതനല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
[25] ഏലീയാവിന്റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്തു എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർത്ഥമായി നിങ്ങളോടു പറയുന്നു.
[26] എന്നാൽ സീദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല.
[27] അവ്വണ്ണം എലീശാപ്രവാചകന്റെ കാലത്തു യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാൻ അല്ലാതെ അവരാരും ശുദ്ധമായില്ല എന്നും അവൻ പറഞ്ഞു.
[28] പള്ളിയിലുള്ളവർ ഇതു കേട്ടിട്ടു എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു
[29] അവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു.
[30] അവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി.
[31] അനന്തരം അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്നു ശബ്ബത്തിൽ അവരെ ഉപദേശിച്ചുപോന്നു.
[32] അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
[33] അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
[34] അവൻ നസറായനായ യേശുവേ, വിടു; ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നിരിക്കുന്നുവോ! നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു ഉറക്കെ നിലവിളിച്ചു.
[35] മിണ്ടരുതു; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോൾ ഭൂതം അവനെ നടുവിൽ തള്ളിയിട്ടു കേടു ഒന്നും വരുത്താതെ അവനെ വിട്ടുപോയി.
[36] എല്ലാവർക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്തു? അധികാരത്തോടും ശക്തിയോടുംകൂടെ അവൻ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.
[37] അവന്റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു.
[38] അവൻ പള്ളിയിൽനിന്നു ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാൽ അവർ അവൾക്കുവേണ്ടി അവനോടു അപേക്ഷിച്ചു.
[39] അവൻ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു.
[40] സൂര്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവർ ഒക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഓരോരുത്തന്റെയും മേൽ കൈവെച്ചു അവരെ സൗഖ്യമാക്കി.
[41] പലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയി; താൻ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.
[42] നേരം വെളുത്തപ്പോൾ അവൻ പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തേക്കു പോയി. പുരുഷാരം അവനെ തിരഞ്ഞു അവന്റെ അരികത്തു വന്നു തങ്ങളെ വിട്ടു പോകാതിരിപ്പാൻ അവനെ തടുത്തു.
[43] അവൻ അവരോടു: ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു എന്നു പറഞ്ഞു.
[44] അങ്ങനെ അവൻ ഗലീലയിലെ പള്ളികളിൽ പ്രസംഗിച്ചുപോന്നു.