Skip to content
Opens in a new window
Listen to this chapter • 8:41

[1] അനന്തരം ആ സംഘം ഒന്നാകെ എഴുന്നേറ്റ് യേശുവിനെ റോമൻ ഭരണാധികാരിയായ പീലാത്തോസിന്റെ അടുത്തേക്ക് കൊണ്ടുപോയി.

[2] “ഈ മനുഷ്യൻ ഞങ്ങളുടെ ജനങ്ങളെ വഴിതെറ്റിക്കുന്നതായി ഞങ്ങൾ കണ്ടിരിക്കുന്നു. കൈസർക്കു നികുതി കൊടുക്കുന്നത് ഇയാൾ വിലക്കുകയും താൻ ക്രിസ്തു എന്ന രാജാവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു,” എന്ന് പറഞ്ഞുകൊണ്ട് അവർ അദ്ദേഹത്തിന്റെമേൽ കുറ്റം ആരോപിക്കാൻ തുടങ്ങി.

[3] പീലാത്തോസ് യേശുവിനോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്ന് ചോദിച്ചു. അതിന് യേശു, “അതേ, താങ്കൾ പറയുന്നതുപോലെതന്നെ” എന്ന് മറുപടി പറഞ്ഞു.

[4] അപ്പോൾ പീലാത്തോസ് പുരോഹിതമുഖ്യന്മാരോടും ജനക്കൂട്ടത്തോടും, “ഞാൻ ഈ മനുഷ്യനിൽ കുറ്റമൊന്നും കാണുന്നില്ല” എന്ന് പ്രഖ്യാപിച്ചു.

[5] അതിന് അവർ, “ഇവൻ അങ്ങ് ഗലീലാപ്രവിശ്യയിൽ ആരംഭിച്ച് ഇങ്ങ് യെഹൂദ്യവരെ എല്ലായിടത്തും ജനങ്ങളെ തന്റെ ഉപദേശംകൊണ്ട് കലഹിപ്പിക്കുകയാണ്” എന്ന് തറപ്പിച്ചു പറഞ്ഞു.

[6] ഇത് കേട്ടപ്പോൾ പീലാത്തോസ് ചോദിച്ചു: “ഈ മനുഷ്യൻ ഗലീലക്കാരനോ?”

[7] യേശു ഹെരോദാവിന്റെ അധികാരപരിധിയിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞിട്ട്, അയാൾ അദ്ദേഹത്തെ ആ സമയത്തു ജെറുശലേമിൽ ഉണ്ടായിരുന്ന, ഹെരോദാവിന്റെ അടുത്തേക്കയച്ചു.

[8] യേശുവിനെ കണ്ട് ഹെരോദാവ് അത്യധികം ആനന്ദിച്ചു, കാരണം അയാൾ വളരെക്കാലമായി അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. യേശുവിനെക്കുറിച്ചു കേട്ടിരുന്നതിന്റെ അടിസ്ഥാനത്തിൽ, അദ്ദേഹം എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കുന്നത് കാണാം എന്ന് പ്രതീക്ഷിച്ചു.

[9] അയാൾ യേശുവിനോട് ഒട്ടേറെ ചോദ്യങ്ങൾ ചോദിച്ചുവെങ്കിലും യേശു അയാൾക്ക് യാതൊരുത്തരവും നൽകിയില്ല.

[10] പുരോഹിതമുഖ്യന്മാരും വേദജ്ഞരും ശക്തിയുക്തം അദ്ദേഹത്തിൽ കുറ്റം ആരോപിച്ചുകൊണ്ടിരുന്നു.

[11] ഹെരോദാവും അയാളുടെ സൈനികരും അദ്ദേഹത്തെ പുച്ഛിക്കുകയും പരിഹസിക്കുകയുംചെയ്തു. പിന്നെ, അദ്ദേഹത്തെ വിശിഷ്ടമായ പുറങ്കുപ്പായം ധരിപ്പിച്ച് പീലാത്തോസിന്റെ അടുത്തേക്ക് മടക്കി അയച്ചു.

[12] അന്ന് ഹെരോദാവും പീലാത്തോസും സ്നേഹിതന്മാരായിത്തീർന്നു; അതിനുമുമ്പ് അവർ പരസ്പരം ശത്രുക്കളായിരുന്നു.

[13] പീലാത്തോസ് പുരോഹിതമുഖ്യന്മാരെയും ഭരണാധികാരികളെയും ജനങ്ങളെയും വിളിച്ചുകൂട്ടി അവരോട് ഇങ്ങനെ വിധിപ്രസ്താവിച്ചു:

[14] “ഈ മനുഷ്യൻ ജനങ്ങളെ കലഹത്തിനായി പ്രേരിപ്പിക്കുന്നു എന്നു പറഞ്ഞ് നിങ്ങൾ ഇയാളെ എന്റെ അടുക്കൽ കൊണ്ടുവന്നു. ഞാൻ നിങ്ങളുടെ മുമ്പാകെ ഇയാളെ വിസ്തരിച്ചിട്ടും ഇയാൾക്കെതിരെ നിങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരടിസ്ഥാനവും കാണാൻ കഴിഞ്ഞില്ല;

[15] ഹെരോദാവിനും അത് കഴിഞ്ഞില്ല; അദ്ദേഹം ഇയാളെ നമ്മുടെ അടുക്കൽ മടക്കി അയച്ചിരിക്കുന്നല്ലോ. ഇയാൾ മരണ യോഗ്യമായത് ഒന്നും ചെയ്തിട്ടില്ല.

[16] അതുകൊണ്ട് ഇയാളെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് നാം വിട്ടയയ്ക്കും.”

[17] പെസഹാഘോഷവേളയിൽ ജനക്കൂട്ടം തെരഞ്ഞെടുക്കുന്ന ഒരു തടവുകാരനെ ഭരണാധികാരി മോചിപ്പിക്കുക പതിവുണ്ടായിരുന്നു.

[18] അവർ ഒറ്റസ്വരത്തിൽ ഉറക്കെ വിളിച്ചു: “ഇവനെ നീക്കിക്കളയുക, ബറബ്ബാസിനെ മോചിപ്പിക്കുക!”

[19] (എന്നാൽ ഈ ബറബ്ബാസ് നഗരത്തിലുണ്ടായ ഒരു കലാപവും കൊലപാതകവും നിമിത്തം തടവിൽ അടയ്ക്കപ്പെട്ടവൻ ആയിരുന്നു.)

[20] യേശുവിനെ മോചിപ്പിക്കാൻ ആഗ്രഹിച്ച് പീലാത്തോസ് അവരോടു വീണ്ടും സംസാരിച്ചു.

[21] അവരോ, അത്യുച്ചത്തിൽ “അവനെ ക്രൂശിൽ തറയ്ക്കുക, അവനെ ക്രൂശിൽ തറയ്ക്കുക” എന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

[22] പീലാത്തോസ് മൂന്നാമതും അവരോടു ചോദിച്ചു: “അയാൾ എന്തുകുറ്റമാണ് ചെയ്തത്? മരണശിക്ഷയ്ക്കു യോഗ്യമായത് ഒന്നും ഞാൻ ഇയാളിൽ കണ്ടില്ല; അതുകൊണ്ട് ഞാൻ ഇവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും.”

[23] അവരോ, നിർബന്ധപൂർവം “യേശുവിനെ ക്രൂശിക്കണം,” എന്ന് ഉച്ചസ്വരത്തിൽ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവരുടെ നിലവിളി വിജയം കണ്ടു.

[24] അങ്ങനെ, അവരുടെ ആവശ്യം സാധിച്ചുകൊടുക്കാൻ പീലാത്തോസ് തീരുമാനിച്ചു.

[25] കലാപത്തിനും കൊലപാതകത്തിനും തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നവനെ അവരുടെ ആവശ്യപ്രകാരം മോചിപ്പിക്കുകയും യേശുവിനെ അവരുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കുകയുംചെയ്തു.

[26] യേശുവിനെ കൊണ്ടുപോകുമ്പോൾ, നാട്ടിൻപുറത്തുനിന്നു വരികയായിരുന്ന, കുറേന ഗ്രാമനിവാസിയായ ശിമോൻ എന്നയാളിനെ സൈനികർ പിടിച്ച് ക്രൂശ് ചുമപ്പിച്ച് യേശുവിന്റെ പിന്നാലെ നടത്തി.

[27] ഒരു വലിയ ജനാവലി അദ്ദേഹത്തെ പിൻതുടർന്നുകൊണ്ടിരുന്നു. അക്കൂട്ടത്തിൽ യേശുവിനുവേണ്ടി വിലപിക്കുകയും മുറവിളികൂട്ടുകയുംചെയ്യുന്ന സ്ത്രീകളും ഉണ്ടായിരുന്നു.

[28] യേശു തിരിഞ്ഞ് അവരോട്, “ജെറുശലേംപുത്രിമാരേ, എനിക്കുവേണ്ടി കരയേണ്ടാ; നിങ്ങൾക്കായും നിങ്ങളുടെ മക്കൾക്കായും കരയുക;

[29] എന്തുകൊണ്ടെന്നാൽ, ‘വന്ധ്യകളും പ്രസവിച്ചിട്ടില്ലാത്തവരും മുലകുടിപ്പിച്ചിട്ടില്ലാത്തവരും സൗഭാഗ്യവതികൾ!’ എന്നു നിങ്ങൾ പറയുന്ന കാലം വരുന്നു.

[30] “ ‘അന്ന്, ജനം മലകളോട്, “ഞങ്ങളുടെമേൽ വീഴുക” എന്നും കുന്നുകളോട് “ഞങ്ങളെ മൂടുക” എന്നും’ പറയും.

[31] പച്ചമരത്തോട് മനുഷ്യർ ഇങ്ങനെ ചെയ്യുന്നെങ്കിൽ ഉണങ്ങിയതിന് എന്തായിരിക്കും സംഭവിക്കുന്നത്?”

[32] കുറ്റവാളികളായ രണ്ടുപേരെക്കൂടെ അദ്ദേഹത്തോടൊപ്പം വധിക്കാൻ കൊണ്ടുപോയി.

[33] തലയോട്ടിയുടെ സ്ഥലം എന്നർഥമുള്ള സ്ഥലത്ത് എത്തിയപ്പോൾ അവിടെ അവർ യേശുവിനെ മധ്യത്തിലും കുറ്റവാളികളിൽ ഒരാളെ അദ്ദേഹത്തിന്റെ വലത്തും മറ്റേയാളെ ഇടത്തുമായി ക്രൂശിച്ചു.

[34] അപ്പോൾ യേശു, “പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയായ്കയാൽ ഇവരോടു ക്ഷമിക്കേണമേ” എന്ന് പ്രാർഥിച്ചു. അതിനുശേഷം സൈനികർ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ നറുക്കിട്ട് വീതിച്ചെടുത്തു.

[35] ജനങ്ങൾ ഇതെല്ലാം വീക്ഷിച്ചുകൊണ്ടുനിന്നു. അധികാരികൾ ആകട്ടെ, അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട്, “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു; ഇയാൾ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ക്രിസ്തുവെങ്കിൽ സ്വയം രക്ഷിക്കട്ടെ” എന്ന് പറഞ്ഞു.

[36] സൈനികരും അടുത്തുവന്ന് അദ്ദേഹത്തെ നിന്ദിച്ചു. അവർ അദ്ദേഹത്തിനു പുളിച്ച വീഞ്ഞ് കൊടുത്തുകൊണ്ട്,

[37] “നീ യെഹൂദന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക” എന്ന് പറഞ്ഞു.

[38] “ഇദ്ദേഹം യെഹൂദരുടെ രാജാവ്” എന്ന ഒരു കുറ്റപത്രം ക്രൂശിൽ യേശുവിന്റെ ശിരസ്സിനുമീതേ വെച്ചിരുന്നു.

[39] ക്രൂശിക്കപ്പെട്ട കുറ്റവാളികളിൽ ഒരാൾ, “നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക” എന്നു പറഞ്ഞ് അദ്ദേഹത്തെ അപമാനിച്ചു.

[40] മറ്റേ കുറ്റവാളി അയാളെ ശാസിച്ചുകൊണ്ട്, “തുല്യശിക്ഷാവിധിയിൽ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?

[41] നമ്മൾ ശിക്ഷ അനുഭവിക്കുന്നതു ന്യായമായിട്ടുതന്നെ; നമ്മുടെ പ്രവൃത്തികൾക്ക് അനുയോജ്യമായതല്ലോ നമുക്കു കിട്ടിയത്! ഈ മനുഷ്യനോ ഒരുതെറ്റും ചെയ്തിട്ടില്ല” എന്ന് പറഞ്ഞു.

[42] പിന്നെ അയാൾ, “യേശുവേ, അങ്ങു രാജാവായി മടങ്ങിവരുമ്പോൾ എന്നെ ഓർക്കണേ” എന്ന് അപേക്ഷിച്ചു.

[43] യേശു അയാളോട്, “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും, നിശ്ചയം എന്ന് ഞാൻ നിന്നോടു പറയുന്നു” എന്ന് പറഞ്ഞു.

[44] അപ്പോൾ ഏകദേശം മധ്യാഹ്നം ആയിരുന്നു; സൂര്യൻ ഇരുണ്ടുപോയതുകൊണ്ട്

[45] മൂന്നുമണിവരെ ദേശത്തെല്ലായിടത്തും ഇരുട്ട് വ്യാപിച്ചു. ദൈവാലയത്തിലെ തിരശ്ശീല രണ്ടായി ചീന്തിപ്പോയി.

[46] യേശു അത്യുച്ചത്തിൽ, “പിതാവേ, അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേൽപ്പിക്കുന്നു” എന്ന് അത്യുച്ചത്തിൽ പറഞ്ഞു. ഇത് പറഞ്ഞിട്ട് അദ്ദേഹം പ്രാണത്യാഗംചെയ്തു.

[47] സംഭവിച്ചതെല്ലാം കണ്ടിട്ട് ശതാധിപൻ ദൈവത്തെ പുകഴ്ത്തിക്കൊണ്ട്, “ഈ മനുഷ്യൻ നീതിനിഷ്ഠനായിരുന്നു, നിശ്ചയം” എന്ന് പറഞ്ഞു.

[48] കാണാൻ വന്നുകൂടിയവർ എല്ലാവരും സംഭവിച്ചതുകണ്ട് നെഞ്ചത്തടിച്ചുകൊണ്ട് തിരികെപ്പോയി.

[49] എന്നാൽ, ഗലീലയിൽനിന്ന് അദ്ദേഹത്തെ അനുഗമിച്ച സ്ത്രീകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ പരിചയക്കാർ എല്ലാവരും ഇവയെല്ലാം നോക്കിക്കൊണ്ട് ദൂരത്തുനിന്നിരുന്നു.

[50] ന്യായാധിപസമിതിയിലെ ഒരംഗവും നല്ലവനും നീതിനിഷ്ഠനുമായ യോസഫ് എന്നു പേരുള്ള ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.

[51] അയാൾ അവരുടെ തീരുമാനത്തിനും അത് നടപ്പിലാക്കിയതിനും അനുകൂലമായിരുന്നില്ല. അയാൾ അരിമഥ്യ എന്ന യെഹൂദപട്ടണത്തിൽനിന്നുള്ളയാളും ദൈവരാജ്യത്തിന്റെ വരവിനായി കാത്തിരുന്നയാളും ആയിരുന്നു.

[52] അയാൾ പീലാത്തോസിന്റെ അടുക്കൽചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് അപേക്ഷിച്ചു.

[53] പിന്നെ അയാൾ യേശുവിന്റെ ശരീരം താഴെയിറക്കി മൃദുലവസ്ത്രത്തിൽ പൊതിഞ്ഞ്, പാറയിൽ വെട്ടിയുണ്ടാക്കിയിരുന്നതും ആരെയും അതുവരെ അടക്കിയിട്ടില്ലാത്തതുമായ ഒരു കല്ലറയിൽ സംസ്കരിച്ചു.

[54] അന്ന് ഒരുക്കനാളായിരുന്നു; ശബ്ബത്ത് ആരംഭിക്കാനുള്ള സമയവും അടുത്തിരുന്നു.

[55] ഗലീലയിൽനിന്ന് യേശുവിനോടുകൂടെ വന്ന സ്ത്രീകൾ യോസഫിന്റെ പിന്നാലെ ചെന്ന്, കല്ലറയും അതിൽ മൃതദേഹം സംസ്കരിച്ച വിധവും കണ്ടു.

[56] തുടർന്ന് അവർ ഭവനത്തിലേക്കു പോയി സുഗന്ധദ്രവ്യങ്ങളും പരിമളതൈലവും ഒരുക്കിവെച്ചു. കൽപ്പന അനുസരിച്ച് ശബ്ബത്തുനാളിൽ അവർ വിശ്രമിച്ചു.

ലൂക്കോസ് എഴുതിയ സുവിശേഷം — Chapters