Skip to content
Opens in a new window
Listen to this chapter • 10:11

[1] യേശു ഒരിക്കൽ ഒരു സ്ഥലത്തു പ്രാർഥിച്ചുകൊണ്ടിരുന്നു. പ്രാർഥന കഴിഞ്ഞപ്പോൾ യേശുവിന്റെ ശിഷ്യന്മാരിൽ ഒരാൾ അദ്ദേഹത്തോട്, “കർത്താവേ, യോഹന്നാൻസ്നാപകൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർഥിക്കാൻ പഠിപ്പിക്കേണമേ” എന്ന് പറഞ്ഞു.

[2] യേശു അവരോട് പറഞ്ഞത്, “നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: “ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, തിരുനാമം ആദരിക്കപ്പെടട്ടെ, അവിടത്തെ രാജ്യം വരുമാറാകട്ടെ, തിരുഹിതം നിറവേറപ്പെടട്ടെ, സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.

[3] അനുദിനാഹാരം ഞങ്ങൾക്ക് എന്നും നൽകേണമേ.

[4] ഞങ്ങളോടു പാപംചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ, ഞങ്ങളുടെ അപരാധങ്ങളും ക്ഷമിക്കേണമേ. ഞങ്ങളെ പരീക്ഷയിലേക്കു നയിക്കരുതേ. ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കേണമേ.’ ”

[5] തുടർന്ന് യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ ഒരാൾക്ക് ഒരു സ്നേഹിതൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ അർധരാത്രിയിൽ സ്നേഹിതന്റെ അടുക്കൽചെന്ന് ‘സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരേണം,

[6] എന്റെ ഒരു സുഹൃത്ത് വഴിയാത്രയിൽ എന്റെ അടുക്കൽ വന്നിരിക്കുന്നു; അവനു വിളമ്പിക്കൊടുക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല’ എന്ന് പറഞ്ഞു.

[7] അപ്പോൾ അയാൾ കിടപ്പറയിൽനിന്നുതന്നെ, ‘എന്നെ ബുദ്ധിമുട്ടിക്കരുത്; വാതിൽ അടച്ചുപോയി, കുഞ്ഞുങ്ങളും എന്നോടൊപ്പം കിടക്കുന്നു. എഴുന്നേറ്റ് എന്തെങ്കിലും എടുത്തുതരാൻ എനിക്കിപ്പോൾ സാധ്യമല്ല’ എന്ന് പറഞ്ഞു.

[8] എന്നാൽ, ഞാൻ നിങ്ങളോട് പറയട്ടെ, അയാൾ എഴുന്നേറ്റ് സുഹൃത്തിന് ആവശ്യമുള്ളേടത്തോളം അപ്പം കൊടുക്കുന്നത് സൗഹൃദം നിമിത്തമായിരിക്കുകയില്ല, മറിച്ച് അയാൾ ലജ്ജയില്ലാതെ നിർബന്ധിച്ചതുകൊണ്ടായിരിക്കും.

[9] “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: അപേക്ഷിക്കുക, നിങ്ങൾക്ക് അത് ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും.

[10] അപേക്ഷിക്കുന്നവർക്ക് ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു.

[11] “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് അവന് കല്ല് കൊടുക്കുക? അല്ലാ, മകൻ മീൻ ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് പാമ്പിനെ നൽകുന്നത്?

[12] അല്ലാ, മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുന്നത്?

[13] മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോട് അപേക്ഷിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികമായി നൽകും!”

[14] പിന്നീടൊരിക്കൽ യേശു ഊമയായ ഒരു മനുഷ്യനിൽനിന്ന് ഭൂതത്തെ പുറത്താക്കി. ഭൂതം അവനിൽനിന്ന് പുറത്തുവന്നപ്പോൾ അയാൾക്ക് സംസാരിക്കാൻ കഴിഞ്ഞു; ജനസഞ്ചയം ആശ്ചര്യഭരിതരായി.

[15] എന്നാൽ അവരിൽ ചിലർ, “ഭൂതങ്ങളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടാണ് ഇദ്ദേഹം ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്ന് പറഞ്ഞു.

[16] മറ്റുചിലർ അദ്ദേഹത്തെ പരീക്ഷിക്കുന്നതിനായി, സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിക്കണമെന്ന് ആവശ്യപ്പെട്ടു.

[17] യേശു അവരുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയിട്ട് അവരോട് പറഞ്ഞു, “ആഭ്യന്തരഭിന്നതയുള്ള ഏതുരാജ്യവും നശിച്ചുപോകും; അന്തച്ഛിദ്രം ബാധിച്ച ഭവനവും നിപതിച്ചുപോകും.

[18] സാത്താൻ സ്വന്തം രാജ്യത്തിനുതന്നെ വിരോധമായി പ്രവർത്തിച്ചാൽ അവന്റെ രാജ്യം നിലനിൽക്കുമോ? ഞാൻ ബേൽസെബൂലിനെക്കൊണ്ടാണ് ഭൂതോച്ചാടനം ചെയ്യുന്നത് എന്നാണല്ലോ നിങ്ങൾ പറയുന്നത്.

[19] ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ബേൽസെബൂലിനെ ഉപയോഗിച്ചാണെങ്കിൽ, നിങ്ങളുടെ അനുയായികൾ അവയെ ഉച്ചാടനം ചെയ്യുന്നത് ആരെക്കൊണ്ടാണ്? അങ്ങനെയെങ്കിൽ, നിങ്ങളുടെ അനുയായികൾതന്നെ നിങ്ങൾക്ക് വിധികർത്താക്കൾ ആയിരിക്കട്ടെ.

[20] എന്നാൽ, ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ദൈവത്തിന്റെ ശക്തിയാലാണെങ്കിൽ ദൈവരാജ്യം നിങ്ങളുടെമധ്യേ വന്നിരിക്കുന്നു, നിശ്ചയം.

[21] “ബലിഷ്ഠനായ ഒരു മനുഷ്യൻ ആയുധമേന്തി സ്വന്തം മാളിക കാവൽചെയ്യുമ്പോൾ അയാളുടെ സമ്പത്ത് സുരക്ഷിതമായിരിക്കും.

[22] എന്നാൽ, അയാളിലും ശക്തനായ ഒരാൾ വന്ന് ആ ബലിഷ്ഠനായവനെ ആക്രമിച്ച് കീഴടക്കുമ്പോൾ, ആ മനുഷ്യൻ ആശ്രയിച്ചിരുന്ന ആയുധങ്ങൾ അപഹരിക്കുകയും കൊള്ളമുതൽ വീതിച്ചെടുക്കുകയുംചെയ്യുന്നു.

[23] “എന്നെ അനുകൂലിക്കാത്തവർ എന്നെ പ്രതിരോധിക്കുന്നു; എന്നോടുകൂടെ ജനത്തെ ചേർക്കാത്തയാൾ വാസ്തവത്തിൽ അവരെ ചിതറിക്കുകയാണ്.

[24] “ദുരാത്മാവ് ഒരു മനുഷ്യനിൽനിന്നു പുറത്തു കടന്ന്, വെള്ളമില്ലാത്ത പ്രദേശങ്ങളിൽക്കൂടി ഒരു വിശ്രമസ്ഥാനത്തിനായി അലയുന്നു; കണ്ടെത്തുന്നതുമില്ല. അപ്പോൾ അത്, ‘ഞാൻ ഉപേക്ഷിച്ചുപോന്ന ഭവനത്തിലേക്കുതന്നെ തിരികെച്ചെല്ലും’ എന്നു പറയുന്നു.

[25] അങ്ങനെ ചെല്ലുമ്പോൾ ആ വീട് അടിച്ചുവാരിയും ക്രമീകരിക്കപ്പെട്ടും കാണുന്നു.

[26] അപ്പോൾ അത് പോയി തന്നെക്കാൾ ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളുമായിവന്ന് അവിടെ താമസം ആരംഭിക്കുന്നു. ആ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ അതിദാരുണമാണ്.”

[27] യേശു ഈ കാര്യങ്ങൾ പ്രസ്താവിച്ചുകൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിനിടയിൽനിന്ന് ഒരു സ്ത്രീ, “അങ്ങയെ ഗർഭത്തിൽവഹിക്കുകയും പാലൂട്ടിവളർത്തുകയുംചെയ്ത മാതാവ് അനുഗ്രഹിക്കപ്പെട്ടവൾ” എന്നു വിളിച്ചുപറഞ്ഞു.

[28] അപ്പോൾ യേശു, “ദൈവവചനം കേൾക്കുകയും അവ പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് അനുഗൃഹീതർ” എന്ന് ഉത്തരം പറഞ്ഞു.

[29] യേശുവിനുചുറ്റും ജനക്കൂട്ടം തിങ്ങിക്കൂടിക്കൊണ്ടിരുന്നപ്പോൾ, അവിടന്ന് ഇപ്രകാരം അവരോട് പറയാൻ തുടങ്ങി: “ഈ ദുഷ്ടതയുള്ള തലമുറ ചിഹ്നം അന്വേഷിക്കുന്നു. എന്നാൽ യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്ക് ലഭിക്കുകയില്ല.

[30] യോനാ നിനെവേനിവാസികൾക്ക് ഒരു ചിഹ്നമായിരുന്നതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആയിരിക്കും,

[31] ന്യായവിധിദിവസത്തിൽ ശേബാ രാജ്ഞിയും ഈ തലമുറയ്ക്കെതിരായി നിലകൊണ്ട് അവരെ ശിക്ഷവിധിക്കും. അവൾ ശലോമോന്റെ ജ്ഞാനം ശ്രവിക്കാനായി വിദൂരത്തുനിന്ന് വന്നല്ലോ; ഇവിടെ ഇതാ ശലോമോനിലും അതിശ്രേഷ്ഠൻ.

[32] ന്യായവിധിദിവസം നിനെവേനിവാസികൾ ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവർക്ക് ശിക്ഷവിധിക്കും; നിനവേക്കാർ യോനായുടെ പ്രസംഗം കേട്ട് അനുതപിച്ചുവല്ലോ; യോനായിലും അതിശ്രേഷ്ഠൻ ഇതാ ഇവിടെ.

[33] “ആരും വിളക്കു കൊളുത്തി നിലവറയിലോ പറയുടെ കീഴിലോ വെക്കുന്നില്ല; പിന്നെയോ, വീട്ടിനുള്ളിൽ പ്രവേശിക്കുന്നർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക.

[34] കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നൈർമല്യമുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശപൂരിതമായിരിക്കും. നിന്റെ കണ്ണ് അശുദ്ധമെങ്കിലോ ശരീരം അന്ധകാരമയവുമായിരിക്കും.

[35] അതുകൊണ്ട് നിന്നിലുള്ള പ്രകാശം അന്ധകാരമയമായിത്തീരാതിക്കാൻ സൂക്ഷിക്കുക.

[36] ഇരുളടഞ്ഞ കോണുകളൊന്നും നിന്നിലില്ലാതെ, ശരീരം മുഴുവൻ പ്രകാശപൂരിതമാണെങ്കിൽ, കത്തിജ്വലിക്കുന്ന ദീപം നിനക്കെതിരെ പിടിച്ചാലെന്നപോലെ നീയും പ്രഭാപൂർണനായിരിക്കും.”

[37] യേശുവിന്റെ പ്രഭാഷണം പൂർത്തിയായപ്പോൾ, തന്നോടുകൂടെ ഭക്ഷണം കഴിക്കാൻ ഒരു പരീശൻ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം വീട്ടിനുള്ളിൽ ചെന്നു ഭക്ഷണത്തിനായി ഇരുന്നു.

[38] ഭക്ഷണത്തിനുമുമ്പ് യെഹൂദപാരമ്പര്യമനുസരിച്ചുള്ള ശുദ്ധിവരുത്താതെ യേശു ഭക്ഷണത്തിനിരുന്നതു കണ്ടു പരീശൻ ആശ്ചര്യപ്പെട്ടു.

[39] അപ്പോൾ കർത്താവ് ഇങ്ങനെ പ്രതികരിച്ചു: “പരീശന്മാരായ നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു; എന്നാൽ നിങ്ങളുടെ അകമോ അത്യാർത്തിയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.

[40] ഭോഷന്മാരേ, പുറം മെനഞ്ഞ ദൈവമല്ലേ അകവും സൃഷ്ടിച്ചത്?

[41] അതുകൊണ്ട് അത്യാർത്തിയിലൂടെ സമ്പാദിച്ചതൊക്കെയും ദരിദ്രർക്കു വിതരണംചെയ്താൽ എല്ലാം വിശുദ്ധമായിത്തീരും.

[42] “പരീശന്മാരായ നിങ്ങൾക്കു ഹാ കഷ്ടം; പുതിന, ബ്രഹ്മി, തുടങ്ങി എല്ലാവിധ ഉദ്യാനസസ്യങ്ങളിൽനിന്നും ലഭിക്കുന്ന നിസ്സാരവരുമാനത്തിൽനിന്നുപോലും നിങ്ങൾ ദശാംശം നൽകുന്നു; എന്നാൽ നീതിയും ദൈവസ്നേഹവും നിങ്ങൾ അവഗണിച്ചിരിക്കുന്നു. പ്രാധാന്യമേറിയവ പാലിക്കുകയും പ്രാധാന്യം കുറഞ്ഞവ അവഗണിക്കാതിരിക്കുകയുമാണ് വേണ്ടിയിരുന്നത്.

[43] “പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങൾ ആഗ്രഹിക്കുന്നു. ചന്തസ്ഥലങ്ങളിൽ മനുഷ്യർ നിങ്ങളെ അഭിവാദനംചെയ്യുന്നതും ഇഷ്ടപ്പെടുന്നു.

[44] “നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ മറഞ്ഞുകിടക്കുന്ന ശവക്കല്ലറകൾപോലെയാണ്; എന്നാൽ, അവയ്ക്കുള്ളിലെ ജീർണത ഗ്രഹിക്കാതെ മനുഷ്യർ അവയുടെമീതേ നടക്കുന്നു.”

[45] ഒരു നിയമജ്ഞൻ യേശുവിനോട്, “ഗുരുവേ, അങ്ങ് ഈ കാര്യങ്ങൾ പറയുമ്പോൾ, ഞങ്ങളെയും ആക്ഷേപിക്കുകയാണ്” എന്ന് പറഞ്ഞു.

[46] അതിന് യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “നിയമജ്ഞരായ നിങ്ങൾക്കും ഹാ കഷ്ടം! നിങ്ങൾ വളരെ ഭാരമുള്ള ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; എന്നാൽ ഒരു വിരൽകൊണ്ടുപോലും സ്പർശിച്ച് ആ ഭാരം ലഘൂകരിക്കാനുള്ള സന്മനസ്സ് നിങ്ങൾക്കില്ല.

[47] “നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങളുടെ പിതാക്കന്മാർ വധിച്ച പ്രവാചകന്മാർക്കുവേണ്ടി നിങ്ങൾ ശവകുടീരങ്ങൾ പണിയുന്നു.

[48] അങ്ങനെ നിങ്ങളുടെ പൂർവികരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷ്യംവഹിക്കുന്നു; അവയെ അംഗീകരിക്കുകയുംചെയ്യുന്നു. കാരണം, നിങ്ങളുടെ പൂർവികർ പ്രവാചകന്മാരെ വധിക്കുന്നു; നിങ്ങൾ പ്രവാചകന്മാരുടെ ശവകുടീരങ്ങൾ പണിയുന്നു.

[49] ഇതുനിമിത്തം ദൈവം തന്റെ ജ്ഞാനത്തിൽ അരുളിച്ചെയ്തു: ‘ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുത്തേക്ക് അയയ്ക്കും; ചിലരെ അവർ വധിക്കും, ചിലരെ അവർ പീഡിപ്പിക്കും.’

[50] ആകയാൽ ഹാബേലിന്റെ രക്തംമുതൽ യാഗപീഠത്തിനും ആലയത്തിനും മധ്യേവെച്ച് കൊല്ലപ്പെട്ട സെഖര്യാവിന്റെ രക്തംവരെ,

[51] ലോകാരംഭംമുതൽ ചിന്തപ്പെട്ടിട്ടുള്ള സകലപ്രവാചകരക്തത്തിനും ഈ തലമുറ ഉത്തരം പറയേണ്ടിവരും. ഈ തലമുറ അതിനെല്ലാം ഉത്തരവാദി ആയിരിക്കും, നിശ്ചയം.

[52] “നിയമജ്ഞരേ, നിങ്ങൾക്കു ഹാ കഷ്ടം! ജ്ഞാനത്തിന്റെ താക്കോൽ നിങ്ങൾ മനുഷ്യരിൽനിന്നും മറച്ചുവെച്ചിരിക്കുന്നു! നിങ്ങൾ പ്രവേശിക്കുന്നില്ലെന്നുമാത്രമല്ല; പ്രവേശിക്കുന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തിരിക്കുന്നു.”

[53] യേശു ആ വീടുവിട്ട് ഇറങ്ങിയപ്പോൾ പരീശന്മാരും വേദജ്ഞരും അദ്ദേഹത്തെ ഘോരഘോരം എതിർക്കാനും വാക്കിൽ കുടുക്കാനായി പലതിനെയുംകുറിച്ചു ചോദ്യങ്ങൾ ചോദിക്കാനും തുടങ്ങി.

ലൂക്കോസ് എഴുതിയ സുവിശേഷം — Chapters