Skip to content
Opens in a new window
Listen to this chapter • 5:20

[1] നികുതിപിരിവുകാരും കുപ്രസിദ്ധപാപികളും യേശുവിന്റെ വചനം കേൾക്കാൻ വന്നുകൂടി.

[2] എന്നാൽ, പരീശന്മാരും വേദജ്ഞരും പിറുപിറുത്തുകൊണ്ട്, “ഈ മനുഷ്യൻ പാപികളെ സ്വീകരിച്ച് അവരോടൊപ്പം ആഹാരം കഴിക്കുന്നു” എന്നു വിമർശിച്ചു.

[3] അപ്പോൾ യേശു അവരോട് ഈ സാദൃശ്യകഥ പറഞ്ഞു:

[4] “നിങ്ങളിൽ നൂറ് ആടുകളുള്ള ഒരാൾ, അവയിൽ ഒന്ന് കാണാതെപോയാൽ, അയാൾ തൊണ്ണൂറ്റിയൊമ്പതിനെയും വിജനപ്രദേശത്തു വിട്ടിട്ടു നഷ്ടമായതിനെ കണ്ടെത്തുന്നതുവരെ അന്വേഷിച്ചു പോകുകയില്ലേ?

[5] കണ്ടെത്തുമ്പോൾ അയാൾ അതിനെ ആനന്ദത്തോടെ തോളിലേറ്റി ഭവനത്തിലേക്കു മടങ്ങും.

[6] പിന്നെ അയാൾ, സ്നേഹിതരെയും അയൽക്കാരെയും വിളിച്ചുകൂട്ടി അവരോട്, ‘എന്നോടുകൂടെ ആനന്ദിക്കുക, എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു’ എന്നു പറയും.

[7] ഇതുപോലെതന്നെ മാനസാന്തരത്തിന്റെ ആവശ്യമില്ലാത്ത തൊണ്ണൂറ്റിയൊമ്പതു നീതിനിഷ്ഠരെക്കുറിച്ച് ഉള്ളതിനെക്കാൾ അധികം ആനന്ദം മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിലുണ്ടാകും എന്നു ഞാൻ നിങ്ങളോട് പറയുന്നു.

[8] “പത്ത് വെള്ളിനാണയങ്ങളുള്ള ഒരു സ്ത്രീ തന്റെ ഒരു നാണയം കാണാതെപോയാൽ, അത് കണ്ടുകിട്ടുന്നതുവരെ വിളക്കു കത്തിച്ചു വീട് അടിച്ചുവാരി വളരെ ശ്രദ്ധയോടെ അന്വേഷിക്കുകയില്ലേ?

[9] അത് കണ്ടുകിട്ടുമ്പോൾ അവൾ കൂട്ടുകാരികളെയും അയൽക്കാരികളെയും വിളിച്ചുകൂട്ടി, ‘എന്നോടുകൂടെ ആനന്ദിക്കുക, നഷ്ടപ്പെട്ടുപോയ എന്റെ വെള്ളിനാണയം ഇതാ കണ്ടുകിട്ടിയിരിക്കുന്നു’ എന്നു പറയും.

[10] അതുപോലെതന്നെ, മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ സന്നിധിയിൽ ആനന്ദോത്സവമുണ്ടാകും.”

[11] യേശു തുടർന്നു പറഞ്ഞത്: “രണ്ട് പുത്രന്മാരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു.

[12] അവരിൽ ഇളയമകൻ പിതാവിനോട്, ‘അപ്പാ, സ്വത്തിൽ എനിക്ക് അവകാശപ്പെട്ട വീതം തരണം’ എന്ന് പറഞ്ഞു. അയാൾ തന്റെ വസ്തുവകകൾ മക്കൾക്കു വീതംവെച്ചു കൊടുത്തു.

[13] “ദിവസങ്ങളേറെ കഴിയുംമുമ്പേ, ഇളയമകൻ തനിക്കുള്ളതെല്ലാം പണമാക്കിമാറ്റി ദൂരദേശത്തേക്കു യാത്രയായി; അവിടെ കുത്തഴിഞ്ഞ ജീവിതം നയിച്ചു തനിക്കുള്ളതെല്ലാം ധൂർത്തടിച്ചു.

[14] അവന്റെ കയ്യിലുള്ളതെല്ലാം ചെലവായിപ്പോയശേഷം, ആ ദേശത്തെല്ലായിടത്തും കഠിനക്ഷാമം ഉണ്ടായി. അവന്റെ കൈവശം ഒന്നുമില്ലാതെയായി.

[15] ആ ദേശനിവാസിയായ ഒരു മനുഷ്യന്റെ അടുക്കൽചെന്ന് യാചിച്ചപ്പോൾ അയാൾ തന്റെ പന്നികളെ മേയിക്കാൻ അവനെ വയലിലേക്ക് അയച്ചു.

[16] പന്നികൾക്കുള്ള തീറ്റകൊണ്ടെങ്കിലും വയറുനിറയ്ക്കാൻ അയാൾ കൊതിച്ചുപോയി. എന്നാൽ അവന് ആരും ഒന്നും ഭക്ഷിക്കാൻ കൊടുത്തില്ല.

[17] “അപ്പോൾ അവനു ബോധം തെളിഞ്ഞു: ‘എന്റെ പിതാവിന്റെ എത്രയോ വേലക്കാർ മൃഷ്ടാന്നഭോജനം കഴിഞ്ഞ് ബാക്കിവെക്കുന്നു; ഞാനോ ഇവിടെ പട്ടിണികിടന്ന് മരിക്കാൻ തുടങ്ങുന്നു.’

[18] ഞാൻ പുറപ്പെട്ട് എന്റെ പിതാവിന്റെ അടുക്കൽ മടങ്ങിച്ചെന്ന് പിതാവിനോട്, ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പയോടും പാപംചെയ്തിരിക്കുന്നു;

[19] ഇനി അപ്പയുടെ മകൻ എന്ന പേരിന് ഞാൻ അർഹനല്ല; ഇവിടത്തെ കൂലിവേലക്കാരിൽ ഒരുത്തനെപ്പോലെ എന്നെ സ്വീകരിക്കേണമേ’ എന്നു പറയും.

[20] അങ്ങനെ, അയാൾ എഴുന്നേറ്റ് തന്റെ പിതാവിന്റെ അടുത്തേക്ക് യാത്രയായി. “വളരെ ദൂരെവെച്ചുതന്നെ പിതാവ് അവനെ കണ്ടു, അവനോടു സഹതാപം തോന്നി; അദ്ദേഹം ഓടിച്ചെന്ന് അവനെ ആലിംഗനംചെയ്തു ചുംബിച്ചു.

[21] “ആ മകൻ അദ്ദേഹത്തോട്, ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പയോടും പാപംചെയ്തിരിക്കുന്നു; ഇനി അപ്പയുടെ മകൻ എന്ന പേരിന് ഞാൻ അർഹനല്ല’ എന്ന് പറഞ്ഞു.

[22] “എന്നാൽ ആ പിതാവ് തന്റെ ഭൃത്യന്മാരോട്, ‘വേഗം ഏറ്റവും നല്ല വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. ഇവന്റെ വിരലിൽ മോതിരം അണിയിക്കുക കാലിൽ ചെരിപ്പ് ഇടുവിക്കുക.

[23] വിശേഷദിവസങ്ങൾക്കായി വളർത്തിക്കൊണ്ടുവന്ന കാളക്കുട്ടിയെ കൊണ്ടുവന്ന് അറക്കുക; നമുക്ക് വിരുന്നു കഴിച്ച് ആഘോഷിക്കാം.

[24] എന്റെ ഈ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചിരിക്കുന്നു. ഇവൻ നഷ്ടപ്പെട്ടവനായിരുന്നു; എനിക്കിവനെ തിരികെ കിട്ടിയിരിക്കുന്നു’ അങ്ങനെ അവരുടെ ആഘോഷം തുടങ്ങി.

[25] “എന്നാൽ, ഇതെല്ലാം സംഭവിച്ചപ്പോൾ മൂത്തമകൻ വയലിൽ ആയിരുന്നു. അയാൾ വീടിനോട് അടുത്തുവന്നപ്പോൾ നൃത്തത്തിന്റെയും സംഗീതത്തിന്റെയും ഘോഷം കേട്ടു.

[26] അയാൾ വേലക്കാരിൽ ഒരാളെ വിളിച്ച് എന്താണ് അവിടെ നടക്കുന്നതെന്ന് അന്വേഷിച്ചു.

[27] ‘താങ്കളുടെ സഹോദരൻ വന്നിരിക്കുന്നു, അയാൾ സസുഖം മടങ്ങിയെത്തിയതുകൊണ്ട് അങ്ങയുടെ പിതാവ് കൊഴുത്ത കാളക്കുട്ടിയെ അറത്തിരിക്കുന്നു,’ എന്ന് ആ വേലക്കാരൻ ഉത്തരം പറഞ്ഞു.

[28] “അപ്പോൾ മൂത്തമകൻ കോപം പൂണ്ട്, വീട്ടിനുള്ളിലേക്ക് കടക്കാൻപോലും വിസമ്മതിച്ചു. പിതാവു പുറത്തു ചെന്ന് അവനോടു കേണപേക്ഷിച്ചെങ്കിലും

[29] അയാൾ പിതാവിനോട് ഇങ്ങനെ പറഞ്ഞു: ‘നോക്കൂ ഇത്രയും വർഷങ്ങളായി ഞാൻ അപ്പയ്ക്ക് അടിമപ്പണി ചെയ്യുകയായിരുന്നു. ഒരിക്കൽപ്പോലും അപ്പയുടെ ആജ്ഞകൾ അനുസരിക്കാതിരുന്നിട്ടില്ല. എങ്കിലും എന്റെ കൂട്ടുകാരോടൊത്ത് ആഘോഷിക്കാൻ ഒരിക്കലെങ്കിലും അപ്പ എനിക്കൊരു കുട്ടിയാടിനെ തന്നിട്ടില്ലല്ലോ.

[30] എന്നാൽ, വേശ്യമാരോടുകൂടെ അപ്പയുടെ സമ്പാദ്യമെല്ലാം തുലച്ചുകളഞ്ഞ അങ്ങയുടെ ഈ മകൻ വീട്ടിൽ വന്നപ്പോൾ, കൊഴുത്ത കാളക്കുട്ടിയെ അവനുവേണ്ടി അറത്തിരിക്കുന്നല്ലോ!’

[31] “അപ്പോൾ പിതാവ്, ‘മോനേ, നീ എപ്പോഴും എന്റെകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റേതല്ലേ.

[32] നാം ആനന്ദിക്കുകയും ആഘോഷിക്കുകയുമല്ലേ വേണ്ടത്, കാരണം നിന്റെ ഈ സഹോദരൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചിരിക്കുന്നു. ഇവൻ നഷ്ടപ്പെട്ടവനായിരുന്നു; ഇപ്പോൾ തിരികെ കിട്ടിയിരിക്കുന്നു’ ” എന്ന് പറഞ്ഞു.

ലൂക്കോസ് എഴുതിയ സുവിശേഷം — Chapters