[1] യഹോവ മോശയോട് അരുളിച്ചെയ്തു:
[2] “ഇസ്രായേല്യർ എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധയാഗങ്ങളെ, ബഹുമാനത്തോടെ കൈകാര്യം ചെയ്യണമെന്നും, അങ്ങനെ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അഹരോനോടും അവന്റെ പുത്രന്മാരോടും പറയുക. ഞാൻ യഹോവ ആകുന്നു.
[3] “അവരോടു പറയുക: ‘നിങ്ങളുടെ വരുംതലമുറകളിൽ, നിങ്ങളുടെ സന്തതിപരമ്പരയിൽ ആരെങ്കിലും ആചാരപരമായി അശുദ്ധരായിരിക്കുമ്പോൾ, ഇസ്രായേല്യർ യഹോവയ്ക്കു വിശുദ്ധീകരിച്ച വഴിപാടുകളുടെ അടുക്കൽ വരികയാണെങ്കിൽ, അയാളെ എന്റെ സന്നിധിയിൽനിന്ന് ഛേദിച്ചുകളയണം. ഞാൻ യഹോവ ആകുന്നു.
[4] “ ‘അഹരോന്റെ സന്തതിയിൽ ആർക്കെങ്കിലും കുഷ്ഠമോ ശുക്ലസ്രവമോ ഉണ്ടെങ്കിൽ, ആ മനുഷ്യൻ ശുദ്ധമാകുന്നതുവരെ വിശുദ്ധവസ്തുക്കൾ ഭക്ഷിക്കരുത്. ശവത്തെയോ ബീജസ്ഖലനമുള്ളവനെയോ സ്പർശിക്കുന്നവൻ അശുദ്ധനാകും.
[5] അശുദ്ധമായ ഏതെങ്കിലും ഇഴജന്തുവിനെ സ്പർശിക്കുന്നവർ, ആചാരപരമായി അശുദ്ധനായ ഒരു മനുഷ്യനെ സ്പർശിക്കുന്നവർ, ഏതെങ്കിലും മാലിന്യത്തെ സ്പർശിക്കുന്നവർ; അശുദ്ധി എന്തുതന്നെയായാലും, ഇങ്ങനെയുള്ളവർ അശുദ്ധരായിരിക്കും.
[6] ഇവ ഏതെങ്കിലും സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും. അവർ വെള്ളത്തിൽ കുളിച്ചിട്ടല്ലാതെ വിശുദ്ധവസ്തുക്കൾ ഒന്നും ഭക്ഷിക്കരുത്.
[7] സൂര്യൻ അസ്തമിക്കുമ്പോൾ അവർ ശുദ്ധരാകും. അതിനുശേഷം അവർക്ക് വിശുദ്ധവസ്തുക്കൾ ഭക്ഷിക്കാം. അത് അവരുടെ ആഹാരമല്ലോ.
[8] ചത്തതോ വന്യമൃഗങ്ങൾ കടിച്ചുകീറിയതോ ആയ ഒന്നും ഭക്ഷിച്ച് അവർ അശുദ്ധരാകരുത്. ഞാൻ യഹോവ ആകുന്നു.
[9] “ ‘പുരോഹിതന്മാർ അവ അശ്രദ്ധയോടെ കൈകാര്യം ചെയ്തു കുറ്റക്കാരായി മരിക്കാതിരിക്കാൻ എന്റെ ശുശ്രൂഷ ഗൗരവത്തോടെ ചെയ്യണം. ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
[10] “ ‘പുരോഹിതകുടുംബത്തിന് അന്യരായ ഒരാളും വിശുദ്ധവസ്തുക്കളിൽനിന്ന് ഭക്ഷിക്കരുത്, പുരോഹിതന്റെ അതിഥിയോ കൂലിക്കാരനോ അതു തിന്നരുത്.
[11] എന്നാൽ ഒരു പുരോഹിതൻ ഒരു അടിമയെ പണം കൊടുത്തു വാങ്ങുകയോ തന്റെ വീട്ടിൽ ഒരു അടിമ ജനിക്കുകയോ ചെയ്താൽ ആ അടിമയ്ക്ക് അവന്റെ ആഹാരം ഭക്ഷിക്കാം.
[12] ഒരു പുരോഹിതന്റെ മകൾ പുരോഹിതനല്ലാത്ത ഒരാളെ വിവാഹംകഴിച്ചാൽ അവൾ വിശുദ്ധമായ ഓഹരിയിൽനിന്ന് ഭക്ഷിക്കരുത്.
[13] എന്നാൽ ഒരു പുരോഹിതന്റെ മകൾ കുഞ്ഞുങ്ങളില്ലാതെ വിധവയാകുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തിട്ട്, അവളുടെ യൗവനകാലത്തിലെന്നപോലെ അവളുടെ പിതാവിന്റെ വീട്ടിലേക്കു മടങ്ങിവന്നാൽ, അവൾക്ക് അവളുടെ പിതാവിന്റെ ആഹാരം ഭക്ഷിക്കാം. എങ്കിലും ഒരു പുരോഹിതകുടുംബത്തിനു പുറത്തുനിന്നുള്ള ആരും അതിൽനിന്നും ഭക്ഷിക്കരുത്.
[14] “ ‘ഒരാൾ അബദ്ധത്തിൽ വിശുദ്ധയാഗം ഭക്ഷിച്ചുപോയാൽ അയാൾ ഭക്ഷിച്ച യാഗവസ്തുവും അതിന്റെ വിലയുടെ അഞ്ചിലൊന്നുംകൂട്ടി പുരോഹിതനു നഷ്ടപരിഹാരം ചെയ്യണം.
[15] ഇസ്രായേല്യർ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധവസ്തുക്കൾ—അനുവദനീയമല്ലാത്ത വ്യക്തികൾക്ക് ഭക്ഷിക്കാൻ നൽകുന്നതുമൂലം—പുരോഹിതന്മാർ അശുദ്ധമാക്കരുത്.
[16] ഈ അകൃത്യത്തിന്റെ കുറ്റം അവരുടെമേൽ വരികയും നഷ്ടപരിഹാരം നൽകേണ്ടിവരികയും ചെയ്യും. ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.’ ”
[17] യഹോവ മോശയോട് അരുളിച്ചെയ്തു:
[18] “അഹരോനോടും അവന്റെ പുത്രന്മാരോടും സകല ഇസ്രായേല്യരോടും സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘നിങ്ങളിലൊരാൾ—ഇസ്രായേല്യരോ ഇസ്രായേലിൽ പാർക്കുന്ന പ്രവാസിയോ—നേർച്ചയായോ സ്വമേധാദാനമായോ യഹോവയ്ക്ക് ഒരു ഹോമയാഗം കൊണ്ടുവരുന്നെങ്കിൽ,
[19] അതു നിങ്ങളുടെ പേർക്കു സ്വീകാര്യമായിരിക്കാൻ, മാടുകളിൽനിന്നോ ചെമ്മരിയാടുകളിൽനിന്നോ കോലാടുകളിൽനിന്നോ ഊനമില്ലാത്ത ഒരു ആണിനെ കൊണ്ടുവരണം.
[20] ഊനമുള്ള ഒന്നിനെയും കൊണ്ടുവരരുത്. അതിനാൽ നിങ്ങൾക്കു പ്രസാദം ലഭിക്കുകയില്ല.
[21] ഒരു പ്രത്യേക നേർച്ച നിറവേറ്റാനോ സ്വമേധാദാനം അർപ്പിക്കാനോ കാലിക്കൂട്ടത്തിൽനിന്നാകട്ടെ ആട്ടിൻപറ്റത്തിൽനിന്നാകട്ടെ, ഒരാൾ ഒരു സമാധാനയാഗം യഹോവയ്ക്ക് അർപ്പിക്കുമ്പോൾ, അതു സ്വീകാര്യമായിരിക്കാൻ ഊനമോ കളങ്കമോ ഇല്ലാത്തതായിരിക്കണം.
[22] കുരുടുള്ളതോ മുറിവേറ്റതോ അംഗഭംഗം വന്നതോ അരിമ്പാറയുള്ളതോ പഴുത്തു സ്രവം ഒലിക്കുന്ന ചുണങ്ങുള്ളതോ ആയ ഒന്നും യഹോവയ്ക്ക് അർപ്പിക്കരുത്. ഇവയിലൊന്നും യഹോവയ്ക്കു ദഹനയാഗമായി യാഗപീഠത്തിൽ അർപ്പിക്കരുത്.
[23] എങ്കിലും വിരൂപമായതോ കുറുകിയതോ ആയ ഒരു കാളയെയോ ആണാടിനെയോ സ്വമേധാദാനമായി അർപ്പിക്കാം; എന്നാൽ അത് ഒരു നേർച്ചയുടെ നിർവഹണമായി സ്വീകാര്യമല്ല.
[24] വൃഷണങ്ങൾ തകർന്നതോ ചതച്ചതോ കീറിയതോ മുറിച്ചതോ ആയ മൃഗത്തെ നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കരുത്. നിങ്ങളുടെ സ്വന്തം ദേശത്ത് ഇതു ചെയ്യരുത്.
[25] ഇങ്ങനെയുള്ള മൃഗങ്ങളെ ഒരു പ്രവാസിയുടെ കൈയിൽനിന്ന് സ്വീകരിച്ചു നിങ്ങളുടെ ദൈവത്തിനു ഭോജനമായി അർപ്പിക്കരുത്. അവ വിരൂപവും അംഗഹീനമുള്ളതും ആയതുകൊണ്ട് അവയാൽ നിങ്ങൾക്കു പ്രസാദം ലഭിക്കുകയില്ല.’ ”
[26] യഹോവ മോശയോട് അരുളിച്ചെയ്തു:
[27] “ഒരു കന്നുകുട്ടിയോ ആട്ടിൻകുട്ടിയോ കോലാടോ പിറന്നാൽ അത് ഏഴുദിവസം തള്ളയോടുകൂടെ ആയിരിക്കണം. എട്ടാംദിവസംമുതൽ യഹോവയ്ക്ക് ഒരു ദഹനയാഗമായി സ്വീകാര്യമായിരിക്കും.
[28] ഒരു പശുവിനെയോ ഒരു ആടിനെയോ കൊല്ലുന്നദിവസംതന്നെ അതിന്റെ കുട്ടിയെയും കൊല്ലരുത്.
[29] “നിങ്ങൾ യഹോവയ്ക്ക് ഒരു സ്തോത്രയാഗം അർപ്പിക്കുമ്പോൾ നിങ്ങളുടെ പേർക്കു സ്വീകാര്യമാകുന്നവിധം അർപ്പിക്കുക.
[30] അന്നുതന്നെ അതു ഭക്ഷിക്കണം. പ്രഭാതംവരെ അതിൽ അൽപ്പംപോലും ശേഷിപ്പിക്കരുത്. ഞാൻ യഹോവ ആകുന്നു.
[31] “എന്റെ കൽപ്പനകൾ പ്രമാണിച്ച് അവയെ അനുസരിക്കുക. ഞാൻ യഹോവ ആകുന്നു.
[32] എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കരുത്. ഇസ്രായേൽമക്കളുടെ മധ്യേ ഞാൻ വിശുദ്ധീകരിക്കപ്പെടണം. ഞാൻ നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
[33] നിങ്ങളുടെ ദൈവമായിരിക്കാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ഞാൻ യഹോവ ആകുന്നു.”