Skip to content
Opens in a new window

[1] യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു;

[2] “ഇസ്രായേൽമക്കളോടു സംസാരിച്ച് അവരോടു പറയണം: ‘ഒരു പുരുഷനു ശുക്ലസ്രവമുണ്ടായാൽ, ആ സ്രവം ആചാരപരമായി അശുദ്ധമാണ്.

[3] അത് അവന്റെ ശരീരത്തിൽനിന്ന് നിരന്തരമായി ഒഴുകിക്കൊണ്ടിരുന്നാലും അടഞ്ഞിരുന്നാലും അത് അവനെ അശുദ്ധനാക്കും. സ്രവത്താൽ അശുദ്ധിയുണ്ടാകുന്നത് ഇപ്രകാരമാണ്:

[4] “ ‘സ്രവമുള്ളവൻ കിടക്കുന്ന കിടക്ക അശുദ്ധം, അവൻ ഇരിക്കുന്നതെന്തും അശുദ്ധം.

[5] അവന്റെ കിടക്ക തൊടുന്ന ഏതൊരാളും വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.

[6] സ്രവമുള്ളവൻ ഇരുന്ന എന്തിലെങ്കിലും ഇരിക്കുന്നവർ വസ്ത്രം കഴുകി, വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.

[7] “ ‘സ്രവമുള്ളയാളെ തൊടുന്നവരും വസ്ത്രം കഴുകി, വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.

[8] “ ‘ശുദ്ധരായ ആരുടെയെങ്കിലുംമേൽ സ്രവമുള്ളവൻ തുപ്പിയാൽ, അയാൾ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.

[9] “ ‘സ്രവമുള്ളവൻ യാത്രചെയ്യുന്ന വാഹനവും അശുദ്ധമായിരിക്കും.

[10] അവന്റെകീഴേയിരുന്ന എന്തിലെങ്കിലും തൊടുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും. അവ എടുക്കുന്നവർ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.

[11] “ ‘സ്രവമുള്ളവൻ വെള്ളത്തിൽ കൈകഴുകാതെ ആരെയെങ്കിലും തൊട്ടാൽ അവർ വസ്ത്രം കഴുകി, വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.

[12] “ ‘ആ മനുഷ്യൻ തൊടുന്ന മൺപാത്രം ഉടയ്ക്കണം. മരസാധനങ്ങൾ വെള്ളത്തിൽ കഴുകണം.

[13] “ ‘ഒരു പുരുഷൻ തന്റെ സ്രവത്തിൽനിന്ന് ശുദ്ധനായാൽ, അവന്റെ ആചാരപരമായ ശുദ്ധീകരണത്തിന് അവൻ ഏഴുദിവസം എണ്ണണം. അവൻ വസ്ത്രം കഴുകി, ശുദ്ധജലത്തിൽ കുളിക്കണം. അങ്ങനെ അവൻ ശുദ്ധനാകും.

[14] എട്ടാംദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്തുകൊണ്ട് യഹോവയുടെമുമ്പാകെ സമാഗമകൂടാരത്തിന്റെ കവാടത്തിൽ വന്നു പുരോഹിതന്റെ പക്കൽ അവയെ കൊടുക്കണം.

[15] പുരോഹിതൻ അവയെ, ഒന്നു പാപശുദ്ധീകരണയാഗമായും മറ്റേതു ഹോമയാഗമായും അർപ്പിക്കണം. ഇപ്രകാരം പുരോഹിതൻ അവനുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം കഴിക്കണം.

[16] “ ‘ഒരു പുരുഷനു ശുക്ലസ്രവമുണ്ടാകുമ്പോൾ, അയാൾ ദേഹം ആസകലം വെള്ളത്തിൽ കഴുകണം, അയാൾ സന്ധ്യവരെ അശുദ്ധനായിരിക്കും.

[17] ഏതെങ്കിലും വസ്ത്രത്തിലോ തുകലിലോ ശുക്ലം ഉണ്ടെങ്കിൽ അതു വെള്ളത്തിൽ കഴുകണം. സന്ധ്യവരെ അത് അശുദ്ധമായിരിക്കും.

[18] ഒരു പുരുഷൻ ഒരു സ്ത്രീയോടുകൂടെ കിടക്കപങ്കിടുകയും ശുക്ലസ്രവം ഉണ്ടാകുകയും ചെയ്താൽ, രണ്ടുപേരും വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.

[19] “ ‘ഒരു സ്ത്രീക്കു മുറപ്രകാരം രക്തസ്രാവമുണ്ടാകുമ്പോൾ, അവളുടെ മാസമുറയുടെ അശുദ്ധി ഏഴുദിവസം നീളും, അവളെ തൊടുന്നവർ ആരായാലും സന്ധ്യവരെ അശുദ്ധരായിരിക്കും.

[20] “ ‘അവളുടെ ആർത്തവകാലത്ത് അവൾ ഏതിന്മേലെങ്കിലും കിടന്നാൽ അത് അശുദ്ധമായിരിക്കും, ഏതിന്മേലെങ്കിലും അവൾ ഇരുന്നാൽ അത് അശുദ്ധമായിരിക്കും.

[21] അവളുടെ കിടക്ക തൊടുന്നവർ തന്റെ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.

[22] അവൾ ഇരുന്ന എന്തിലെങ്കിലും തൊടുന്നവർ തങ്ങളുടെ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.

[23] അവളുടെ കിടക്കയോ, അവൾ ഇരുന്ന എന്തെങ്കിലുമോ ആരെങ്കിലും തൊട്ടാൽ അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.

[24] “ ‘ഒരു പുരുഷൻ അവളോടുകൂടെ കിടക്കപങ്കിടുകയും അവളുടെ ആർത്തവസ്രവം അവന്റെമേൽ ആകുകയും ചെയ്താൽ, അവൻ ഏഴുദിവസം അശുദ്ധനായിരിക്കും, അവൻ കിടക്കുന്ന കിടക്കയും അശുദ്ധമായിരിക്കും.

[25] “ ‘ഒരു സ്ത്രീക്ക് ആർത്തവകാലത്തല്ലാതെ വളരെദിവസം രക്തസ്രാവമുണ്ടാകുകയോ ആർത്തവകാലം കഴിഞ്ഞും സ്രവം തുടരുകയോ ചെയ്താൽ, സ്രവമുള്ളിടത്തോളം, ആർത്തവകാലംപോലെ അവൾ അശുദ്ധയായിരിക്കും.

[26] സ്രവം തുടരുന്നകാലത്ത് അവൾ കിടക്കുന്ന കിടക്ക, അവളുടെ ആർത്തവകാലത്തെ കിടക്കപോലെ, അശുദ്ധമായിരിക്കും. അവൾ ഇരിക്കുന്നതെല്ലാം, ആർത്തവകാലത്തേതുപോലെ അശുദ്ധമായിരിക്കും,

[27] അവയെ തൊടുന്നവർ അശുദ്ധരായിരിക്കും; അവർ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. സന്ധ്യവരെ അവർ അശുദ്ധരായിരിക്കും.

[28] “ ‘അവളുടെ സ്രവത്തിൽനിന്ന് അവൾ ശുദ്ധയായാൽ, അവൾ ഏഴുദിവസം എണ്ണണം. അതിനുശേഷം അവൾ ശുദ്ധിയുള്ളവളാകും.

[29] എട്ടാംദിവസം അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്തു സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.

[30] പുരോഹിതൻ ഒന്നിനെ പാപശുദ്ധീകരണയാഗമായും മറ്റേതിനെ ഹോമയാഗമായും അർപ്പിക്കണം. ഇപ്രകാരം പുരോഹിതൻ അവളുടെ സ്രവത്തിന്റെ അശുദ്ധിനിമിത്തം അവൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം കഴിക്കണം.

[31] “ ‘ഇസ്രായേൽമക്കളുടെ ഇടയിലുള്ള എന്റെ നിവാസസ്ഥാനം അശുദ്ധമാക്കി, ആ അശുദ്ധിയിൽ അവർ മരിക്കാതിരിക്കേണ്ടതിന്, നീ അവരെ അശുദ്ധിയിൽനിന്നകറ്റണം.’ ”

[32] സ്രവമുള്ള ആൾക്കും ശുക്ലസ്രവത്താൽ അശുദ്ധമായ ഏതൊരാൾക്കും

[33] ആർത്തവകാലത്തുള്ള സ്ത്രീക്കും സ്രവമുള്ള പുരുഷനും സ്ത്രീക്കും ആചാരപരമായി അശുദ്ധയായ ഒരു സ്ത്രീയോടുകൂടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവനും ഉള്ള പ്രമാണങ്ങൾ ഇവയാണ്.

ലേവ്യാപുസ്തകം — Chapters