Skip to content
Opens in a new window

[1] യഹോവ മോശയോട് അരുളിച്ചെയ്തു:

[2] “അഹരോനോടും അദ്ദേഹത്തിന്റെ പുത്രന്മാരോടും സകല ഇസ്രായേല്യരോടും സംസാരിക്കണം. അവരോടു പറയേണ്ട ‘യഹോവയുടെ കൽപ്പന ഇതാണ്—

[3] യഹോവയുടെ കൂടാരത്തിനുമുമ്പിൽ യഹോവയ്ക്കു വഴിപാടായി അർപ്പിക്കേണ്ടതിനു സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൊണ്ടുവരാതെ, കാളയെയോ ആട്ടിൻകുട്ടിയെയോ കോലാടിനെയോ പാളയത്തിനകത്തോ പുറത്തോ യാഗം കഴിക്കുന്ന ഏതൊരു ഇസ്രായേല്യനെയും രക്തപാതകം ചെയ്ത വ്യക്തിയായി കരുതണം; ആ മനുഷ്യൻ രക്തം ചൊരിഞ്ഞതിനാൽ, അയാളെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.

[5] ഇപ്പോൾ ഇസ്രായേല്യർ തുറസ്സായ സ്ഥലത്ത് അർപ്പിക്കുന്ന യാഗങ്ങൾ യഹോവയ്ക്കു സമാധാനയാഗങ്ങളായി യഹോവയുടെ സന്നിധിയിൽ പുരോഹിതന്മാരുടെ അടുക്കൽ സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൊണ്ടുവരേണ്ടത് ആവശ്യമാണ്.

[6] പുരോഹിതൻ സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള യഹോവയുടെ യാഗപീഠത്തിനുനേരേ രക്തം തളിക്കുകയും മേദസ്സ് യഹോവയ്ക്കു പ്രസാദകരമായ സൗരഭ്യമായി ദഹിപ്പിക്കുകയും വേണം.

[7] അവർ പരസംഗമായി പിൻതുടരുന്ന കോലാടു വിഗ്രഹങ്ങൾക്ക് ഇനിയൊരിക്കലും യാഗം അർപ്പിക്കരുത്. ഇത് അവർക്കും വരാനുള്ള തലമുറകൾക്കും എന്നേക്കുമുള്ള ചട്ടമായിരിക്കണം.’

[8] “അവരോടു പറയുക: ‘ഒരു ഹോമയാഗമോ വഴിപാടോ അർപ്പിക്കുന്ന ഇസ്രായേല്യരോ അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസിയോ

[9] യഹോവയ്ക്കു യാഗം അർപ്പിക്കാൻ അതു സമാഗമകൂടാരവാതിലിൽ കൊണ്ടുവരുന്നില്ലെങ്കിൽ ആ മനുഷ്യനെ ഇസ്രായേൽജനത്തിൽനിന്ന് ഛേദിച്ചുകളയണം.

[10] “ ‘ഇസ്രായേല്യരോ അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസിയോ രക്തം കുടിച്ചാൽ ആ മനുഷ്യനു വിരോധമായി ഞാൻ എന്റെ മുഖംതിരിക്കുകയും അവരെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളകയും ചെയ്യും.

[11] കാരണം, ശരീരത്തിന്റെ ജീവൻ രക്തത്തിലാണ്. യാഗപീഠത്തിൽ നിങ്ങൾക്കുവേണ്ടി പാപപരിഹാരം വരുത്താൻ ഞാൻ അതു നിങ്ങൾക്കു നൽകിയിരിക്കുന്നു; രക്തമാണ് ഒരാളുടെ ജീവനുവേണ്ടി പാപപരിഹാരം വരുത്തുന്നത്.

[12] അതുകൊണ്ട് ഞാൻ ഇസ്രായേല്യരോടു പറയുന്നു, “നിങ്ങളിലാരും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിയും രക്തം കുടിക്കരുത്.”

[13] “ ‘ഇസ്രായേല്യരോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിയോ ഭക്ഷിക്കാവുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടിപ്പിടിച്ചാൽ രക്തം ഊറ്റിക്കളഞ്ഞ് മണ്ണിട്ടു മൂടണം.

[14] കാരണം, സർവജീവജാലങ്ങളുടെയും ജീവൻ അതിന്റെ ജീവാധാരമായ രക്തംതന്നെ. അതുകൊണ്ടാണ് ഞാൻ ഇസ്രായേൽമക്കളോട്: “നിങ്ങൾ യാതൊരു ജീവിയുടെയും രക്തം കുടിക്കരുത്, എന്തെന്നാൽ സർവജീവികളുടെയും ജീവൻ അതിന്റെ രക്തത്തിലാണ്, അത് ഭക്ഷിക്കുന്നവനെ ഛേദിച്ചുകളയണം” എന്നു കൽപ്പിച്ചത്.

[15] “ ‘ചത്തതിനെയോ വന്യമൃഗങ്ങൾ കടിച്ചുകീറിയതിനെയോ ഭക്ഷിക്കുന്ന സ്വദേശിയോ പ്രവാസിയോ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ ആചാരപരമായി അശുദ്ധരായിരിക്കും; പിന്നെ അയാൾ ശുദ്ധിയുള്ളവനാകും.

[16] വസ്ത്രം കഴുകാതെയും കുളിക്കാതെയുമിരുന്നാൽ, അയാൾ ആ കുറ്റം വഹിക്കണം.’ ”

ലേവ്യാപുസ്തകം — Chapters