Skip to content
Opens in a new window
Listen to this chapter • 7:01

[1] ഇതുകഴിഞ്ഞ്, യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദനേതാക്കന്മാർ തന്നെ വധിക്കാൻ അന്വേഷിച്ചതുകൊണ്ട് അവിടന്ന് ബോധപൂർവം യെഹൂദ്യയിൽക്കൂടി സഞ്ചരിക്കുന്നത് ഒഴിവാക്കി.

[2] എന്നാൽ യെഹൂദരുടെ കൂടാരപ്പെരുന്നാൾ സമീപിച്ചപ്പോൾ,

[3] യേശുവിന്റെ സഹോദരന്മാർ അദ്ദേഹത്തോട്, “താങ്കൾ പ്രവർത്തിക്കുന്ന അത്ഭുതങ്ങൾ യെഹൂദ്യയിലുള്ള അങ്ങയുടെ ശിഷ്യന്മാർ കാണേണ്ടതിന് ഇവിടെനിന്ന് യെഹൂദ്യയിലേക്കു പോകുക.

[4] പൊതുജനസമ്മതി ആഗ്രഹിക്കുന്ന ആരും രഹസ്യമായി ഒന്നും പ്രവർത്തിക്കുന്നില്ലല്ലോ. ഈ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് താങ്കൾ ലോകത്തിനു സ്വയം വെളിപ്പെടുത്തിക്കൊടുക്കണം” എന്ന് പറഞ്ഞു.

[5] സ്വന്തം സഹോദരന്മാർപോലും അദ്ദേഹത്തിൽ വിശ്വസിച്ചിരുന്നില്ല.

[6] യേശു അവരോട്, “എന്റെ സമയം ഇതുവരെ വന്നിട്ടില്ല. നിങ്ങൾക്കോ, എല്ലായ്പ്പോഴും സമയംതന്നെ.

[7] ലോകത്തിനു നിങ്ങളെ വെറുക്കാൻ കഴിയുകയില്ല; എന്നാൽ, ലോകം ചെയ്യുന്നതു ദോഷമുള്ളതെന്നു ഞാൻ സാക്ഷ്യം പറയുന്നതുകൊണ്ട് ലോകം എന്നെ വെറുക്കുന്നു.

[8] നിങ്ങൾ പെരുന്നാളിനു പൊയ്ക്കൊള്ളുക, എന്റെ സമയം ആയിട്ടില്ലാത്തതിനാൽ പെരുന്നാളിനു ഞാൻ ഇപ്പോൾ പോകുന്നില്ല”

[9] ഇങ്ങനെ പറഞ്ഞിട്ട് യേശു ഗലീലയിൽത്തന്നെ താമസിച്ചു.

[10] എങ്കിലും, തന്റെ സഹോദരന്മാർ പെരുന്നാളിനു പോയിക്കഴിഞ്ഞപ്പോൾ യേശുവും പരസ്യമായല്ല, രഹസ്യമായിട്ടു പോയി.

[11] പെരുന്നാളിൽ യെഹൂദനേതാക്കന്മാർ, “ആ മനുഷ്യൻ എവിടെ?” എന്നു ചോദിച്ചുകൊണ്ട് അദ്ദേഹത്തെ അന്വേഷിച്ചു.

[12] ജനസമൂഹത്തിൽ അദ്ദേഹത്തെക്കുറിച്ചു വലിയതോതിൽ രഹസ്യചർച്ചകൾ നടന്നുകൊണ്ടിരുന്നു: “അദ്ദേഹം നല്ലവൻ” എന്ന് ചിലരും “അല്ല, അയാൾ ജനക്കൂട്ടത്തെ കബളിപ്പിക്കുകയാണ്” എന്ന് മറ്റുചിലരും പറഞ്ഞു.

[13] എന്നാൽ, യെഹൂദരെ ഭയന്നതിനാൽ ആരും അദ്ദേഹത്തെക്കുറിച്ച് പരസ്യമായി ഒന്നും പറഞ്ഞില്ല.

[14] പെരുന്നാൾ പകുതി കഴിഞ്ഞപ്പോൾ യേശു ദൈവാലയത്തിൽ എത്തി; അങ്കണത്തിൽ ഉപവിഷ്ടനായി ഉപദേശിച്ചുതുടങ്ങി.

[15] യെഹൂദർ ആശ്ചര്യപ്പെട്ട്, “വിദ്യാഭ്യാസം ചെയ്യാത്ത ഈ മനുഷ്യന് ഇത്രയും അറിവു ലഭിച്ചത് എങ്ങനെ?” എന്ന് ചോദിച്ചു.

[16] യേശു അതിനു മറുപടി പറഞ്ഞു: “എന്റെ ഉപദേശം എന്റെ സ്വന്തമല്ല; എന്നെ അയച്ചവന്റേതാണ്.

[17] ഒരാൾ ദൈവത്തിന്റെ അഭീഷ്ടം ചെയ്യാൻ ഇച്ഛിക്കുന്നെങ്കിൽ, അയാൾ എന്റെ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പറയുന്നതോ എന്നു മനസ്സിലാക്കും.

[18] സ്വന്തം നിലയിൽ സംസാരിക്കുന്നവൻ ബഹുമതിനേടാൻ ആഗ്രഹിക്കുന്നു. എന്നാൽ, തന്നെ അയച്ചവന്റെ മഹത്ത്വത്തിന്നായി പ്രവർത്തിക്കുന്നവൻ സത്യസന്ധൻ; അവനിൽ കാപട്യമില്ല.

[19] മോശ നിങ്ങൾക്കു ന്യായപ്രമാണം തന്നില്ലയോ? എന്നാൽ നിങ്ങളിൽ ആരും അതനുസരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലാൻ ശ്രമിക്കുന്നത് എന്തിന്?”

[20] “നിന്നെ ഭൂതം ബാധിച്ചിരിക്കുകയാണ്,” ജനക്കൂട്ടം മറുപടി പറഞ്ഞു, “ആരാണു നിന്നെ കൊല്ലാൻ ശ്രമിക്കുന്നത്?”

[21] യേശു അവരോടു പറഞ്ഞു: “ഞാൻ ഒരു അത്ഭുതപ്രവൃത്തിചെയ്തു; നിങ്ങളെല്ലാവരും അതിൽ ആശ്ചര്യപ്പെട്ടു.

[22] മോശ നിങ്ങൾക്കു പരിച്ഛേദന ഏർപ്പെടുത്തി. എന്നാൽ, അത് മോശയിൽനിന്നല്ല, പിതാക്കന്മാരിൽനിന്നാണ് ഉണ്ടായത്.

[23] നിങ്ങൾ ശബ്ബത്തുനാളിൽ പരിച്ഛേദന നടത്തുന്നതുകൊണ്ട് മോശയുടെ ന്യായപ്രമാണം ലംഘിക്കപ്പെടുന്നില്ലെങ്കിൽ, ശബ്ബത്തുനാളിൽ ഒരു മനുഷ്യനു പരിപൂർണമായ സൗഖ്യം നൽകിയതിനു നിങ്ങൾ എന്നോടു കോപിക്കുന്നതെന്തിന്?

[24] ബാഹ്യമായി കാണുന്നതനസരിച്ച് വിധിക്കാതെ നീതിപൂർവം വിധി നിർണയിക്കുക.”

[25] അപ്പോൾ, ജെറുശലേമിൽനിന്നുള്ള ചിലർ പറഞ്ഞു: “ഈ മനുഷ്യനെ അല്ലയോ അവർ കൊല്ലാൻ ശ്രമിക്കുന്നത്?

[26] ഇതാ, ഇദ്ദേഹം പരസ്യമായി സംസാരിക്കുന്നു, അവർ ഒരു വാക്കുപോലും ഇദ്ദേഹത്തോടു പറയുന്നുമില്ല! യഥാർഥമായി ഇത് ക്രിസ്തുതന്നെയാണെന്ന് അധികാരികൾ ധരിച്ചുവോ?

[27] ഇദ്ദേഹം എവിടെനിന്നു വന്നു എന്ന് നാം അറിയുന്നു. ക്രിസ്തു വരുമ്പോഴോ, അദ്ദേഹം എവിടെനിന്നെന്ന് ആരും അറിയുകയില്ല.”

[28] ഇതിനു പ്രതികരണമായി, ദൈവാലയാങ്കണത്തിൽ ഉപദേശിച്ചുകൊണ്ടിരുന്ന യേശു ഇങ്ങനെ ശബ്ദമുയർത്തി പറഞ്ഞു: “അതേ, നിങ്ങൾക്ക് എന്നെ അറിയാം. ഞാൻ എവിടെനിന്നു വരുന്നെന്നും അറിയാം. ഞാൻ സ്വന്തം അധികാരത്താൽ വന്നതല്ല; എന്നെ അയച്ചവൻ സത്യസന്ധൻ ആകുന്നു; അവിടത്തെ നിങ്ങൾ അറിയുന്നില്ല.

[29] എന്നാൽ, ഞാൻ എന്നെ അയച്ചവന്റെ അടുക്കൽനിന്ന് വരുന്നതുകൊണ്ടും അവിടന്ന് എന്നെ അയച്ചിരിക്കുന്നതുകൊണ്ടും ഞാൻ അവിടത്തെ അറിയുന്നു.”

[30] അപ്പോൾ അവർ അദ്ദേഹത്തെ ബന്ധിക്കാൻ ശ്രമിച്ചു. എന്നാൽ, തന്റെ സമയം വന്നിട്ടില്ലായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെമേൽ കൈവെക്കാൻ ആർക്കും സാധിച്ചില്ല.

[31] ജനക്കൂട്ടത്തിൽ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു. “ക്രിസ്തു വരുമ്പോൾ ഈ മനുഷ്യൻ ചെയ്യുന്നതിലും അധികം അടയാളങ്ങൾ ചെയ്യുമോ?” എന്ന് അവർ ചോദിച്ചു.

[32] യേശുവിനെപ്പറ്റി ജനക്കൂട്ടം ഇങ്ങനെ രഹസ്യമായി സംസാരിക്കുന്നു എന്നു പരീശന്മാർ കേട്ടു. അപ്പോൾ പുരോഹിതമുഖ്യന്മാരും പരീശന്മാരും അദ്ദേഹത്തെ ബന്ധിക്കാൻ ദൈവാലയത്തിലെ കാവൽഭടന്മാരെ നിയോഗിച്ചു.

[33] യേശു പറഞ്ഞു: “ഞാൻ ഇനി അൽപ്പകാലം മാത്രമേ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയുള്ളൂ, പിന്നീട് എന്നെ അയച്ചവന്റെ അടുത്തേക്കു പോകും.

[34] നിങ്ങൾ എന്നെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല, ഞാൻ ആയിരിക്കുന്നേടത്ത് നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല.”

[35] യെഹൂദർ അന്യോന്യം പറഞ്ഞു: “നമുക്കു കണ്ടെത്താൻ സാധിക്കാത്തവിധം എവിടേക്കാണ് ഇദ്ദേഹം പോകാൻ ഉദ്ദേശിക്കുന്നത്? ഗ്രീക്കുകാരുടെ ഇടയിൽ നമ്മുടെ ആളുകൾ ചിതറിപ്പാർക്കുന്നിടത്തു ചെന്ന് ഗ്രീക്കുകാരെ ഉപദേശിക്കുമെന്നോ?

[36] ‘നിങ്ങൾ എന്നെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല’ എന്നും ‘ഞാൻ ആയിരിക്കുന്നേടത്ത് നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല’ എന്നും പറയുന്നതുകൊണ്ട് അദ്ദേഹം എന്താണ് അർഥമാക്കുന്നത്?”

[37] ഉത്സവത്തിന്റെ പ്രധാനദിനമായ ഒടുവിലത്തെ ദിവസം യേശു നിന്നുകൊണ്ട് ഇപ്രകാരം വിളിച്ചുപറഞ്ഞു: “ദാഹിക്കുന്ന ഏതൊരാളും എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.

[38] എന്നിൽ വിശ്വസിക്കുന്നവരുടെ ഉള്ളിൽനിന്ന്, തിരുവെഴുത്തിൽ പറയുന്നതുപോലെ, ജീവജലത്തിന്റെ നദികൾ ഒഴുകും.”

[39] തന്നിൽ വിശ്വസിക്കുന്നവർക്കു പിന്നീടു ലഭിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ് യേശു ഇവിടെ സംസാരിച്ചത്. യേശു തേജസ്കരിക്കപ്പെട്ടിട്ടില്ലായിരുന്നതുകൊണ്ട് അതുവരെയും ആത്മാവ് വന്നിരുന്നില്ല.

[40] അദ്ദേഹത്തിന്റെ ഈ വാക്കുകൾ കേട്ടിട്ട് ജനങ്ങളിൽ ചിലർ, “തീർച്ചയായും ഈ മനുഷ്യൻ ആ പ്രവാചകൻതന്നെ” എന്ന് പറഞ്ഞു.

[41] “ഇദ്ദേഹം ക്രിസ്തു ആകുന്നു,” എന്നു മറ്റുചിലർ പറഞ്ഞു. എന്നാൽ വേറെ ചിലരാകട്ടെ, “ക്രിസ്തു ഗലീലയിൽനിന്നോ വരുന്നത്?

[42] ദാവീദിന്റെ വംശത്തിൽനിന്നും, ദാവീദിന്റെ പട്ടണമായ ബേതലഹേമിൽനിന്നും ക്രിസ്തു വരുമെന്നല്ലേ തിരുവെഴുത്തു പറയുന്നത്?” എന്ന് ചോദിച്ചു.

[43] അങ്ങനെ യേശുവിനെച്ചൊല്ലി ജനങ്ങൾക്കിടയിൽ അഭിപ്രായഭിന്നതയുണ്ടായി.

[44] ചിലർ അദ്ദേഹത്തെ ബന്ധിക്കാൻ ആഗ്രഹിച്ചു. എന്നാൽ ആരും അദ്ദേഹത്തിന്റെമേൽ കൈവെച്ചില്ല.

[45] ഒടുവിൽ കാവൽഭടന്മാർ പുരോഹിതമുഖ്യന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിച്ചെന്നപ്പോൾ “നിങ്ങൾ അയാളെ പിടിച്ചുകൊണ്ടുവരാതിരുന്നതെന്ത്?” എന്ന് അവർ അവരോടു ചോദിച്ചു.

[46] “ആ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല,” എന്നു ഭടന്മാർ ബോധിപ്പിച്ചു.

[47] “അയാൾ നിങ്ങളെയും കബളിപ്പിച്ചിരിക്കുന്നോ?” പരീശന്മാർ തിരിച്ചു ചോദിച്ചു.

[48] “ഭരണാധികാരികളിലോ പരീശന്മാരിലോ ആരെങ്കിലും അയാളിൽ വിശ്വസിച്ചിട്ടുണ്ടോ?

[49] ഇല്ല! എന്നാൽ ന്യായപ്രമാണം അറിയാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടവരാണ്.”

[50] നേരത്തേ യേശുവിന്റെ അടുക്കൽ ചെന്നിരുന്നയാളും അവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടയാളുമായ നിക്കോദേമൊസ്,

[51] “ഒരു മനുഷ്യന്റെ മൊഴികേട്ട് അയാൾ ചെയ്യുന്നതെന്തെന്നു മനസ്സിലാക്കുന്നതിനുമുമ്പേ, അവനു ശിക്ഷ വിധിക്കാൻ നമ്മുടെ ന്യായപ്രമാണം അനുവദിക്കുന്നുണ്ടോ?” എന്ന് ചോദിച്ചു.

[52] അവർ അതിനു മറുപടിയായി, “താങ്കളും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയിൽനിന്ന് ഒരു പ്രവാചകൻ എഴുന്നേൽക്കുന്നില്ലെന്ന് അപ്പോൾ വ്യക്തമാകും.” എന്നു പറഞ്ഞു.

[53] പിന്നീട് ഓരോരുത്തരും അവരവരുടെ വീടുകളിലേക്കു മടങ്ങിപ്പോയി.

യോഹന്നാൻ എഴുതിയ സുവിശേഷം — Chapters