Skip to content
Opens in a new window
Listen to this chapter • 5:02

[1] “നിങ്ങൾക്ക് വിശ്വാസത്യാഗം സംഭവിക്കാതിരിക്കാനാണ് ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിക്കുന്നത്.

[2] യെഹൂദർ അവരുടെ പള്ളികളിൽനിന്ന് നിങ്ങൾക്ക് ഭ്രഷ്ട് കൽപ്പിക്കും; നിങ്ങളെ കൊല്ലുന്നവർ, ദൈവത്തിന് ഒരു വഴിപാടു കഴിക്കുന്നു എന്ന് കരുതുന്ന കാലം വരും.

[3] അവർ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ് അങ്ങനെ പ്രവർത്തിക്കുന്നത്.

[4] ഇത് സംഭവിക്കുന്ന സമയത്ത്, ഇതെല്ലാം ഞാൻ നേരത്തെതന്നെ സൂചിപ്പിച്ചിട്ടുള്ളവയാണല്ലോ എന്ന് നിങ്ങൾ ഓർക്കേണ്ടതിനാണ് ഇത് നിങ്ങളോട് ഇപ്പോൾ ഞാൻ പറയുന്നത്. ഞാൻ നിങ്ങളോടുകൂടെത്തന്നെ ഉണ്ടായിരുന്നതുകൊണ്ടാണ് നേരത്തേ ഇത് പറയാതിരുന്നത്.

[5] “ഇപ്പോൾ ഞാൻ എന്നെ അയച്ച പിതാവിന്റെ അടുത്തേക്കു പോകുകയാണ്. എങ്കിലും ഞാൻ എവിടെ പോകുന്നു എന്ന് നിങ്ങളിൽ ആരും എന്നോടു ചോദിക്കുന്നില്ലല്ലോ?

[6] ഞാൻ ഈ കാര്യങ്ങളെല്ലാം പറഞ്ഞതുകൊണ്ടു നിങ്ങളുടെ ഹൃദയം ദുഃഖത്താൽ നിറഞ്ഞിരിക്കുന്നു.

[7] എന്നാൽ, ഞാൻ നിങ്ങളോടു സത്യം പറയട്ടെ: നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണു ഞാൻ പോകുന്നത്. ഞാൻ പോകാതിരുന്നാൽ ആശ്വാസദായകൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാലോ, അദ്ദേഹത്തെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും.

[8] അവിടന്നു വരുമ്പോൾ പാപം, നീതി, ന്യായവിധി എന്നിവയെ സംബന്ധിച്ച് മാനവരാശിക്ക് ബോധ്യം വരുത്തും.

[9] പാപത്തെക്കുറിച്ച് ബോധ്യം വരുത്തും, കാരണം, മാനവർ എന്നിൽ വിശ്വാസം അർപ്പിക്കുന്നില്ല.

[10] നിങ്ങൾക്ക് ലഭ്യമാകുന്ന ദൈവനീതിയെക്കുറിച്ച് ബോധ്യം വരുത്തും, കാരണം പിതാവിന്റെ സന്നിധിയിലേക്കു ഞാൻ പോകുന്നു. നിങ്ങൾക്ക് ഇനിയും എന്നെ കാണാൻ കഴിയുകയുമില്ല.

[11] ന്യായവിധിയെക്കുറിച്ച് ബോധ്യം വരുത്തും, കാരണം, ഈ ലോകത്തിന്റെ അധിപതി ന്യായംവിധിക്കപ്പെട്ടിരിക്കുന്നു.

[12] “ഇനി വളരെ അധികം കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട്. എങ്കിലും അവ ഉൾക്കൊള്ളാനുള്ള കഴിവ് ഇപ്പോൾ നിങ്ങൾക്കില്ല.

[13] എന്നാൽ, സത്യത്തിന്റെ ആത്മാവ് വരുമ്പോൾ, അവിടന്നു നിങ്ങളെ സകലസത്യത്തിലേക്കും നയിക്കും. അവിടന്നു സ്വയം സംസാരിക്കാതെ താൻ കേൾക്കുന്നതുമാത്രം പറയുകയും ഇനി സംഭവിക്കാനുള്ളവ നിങ്ങൾക്ക് അറിയിച്ചുതരികയുംചെയ്യും.

[14] അവിടന്ന് എനിക്കുള്ളതിൽനിന്ന് എടുത്ത് നിങ്ങൾക്ക് അറിയിച്ചുതരുന്നതിലൂടെ എന്നെ മഹത്ത്വപ്പെടുത്തും.

[15] പിതാവിനുള്ളതെല്ലാം എന്റെ വകയാണ്; അതുകൊണ്ടാണ് ആശ്വാസപ്രദായകൻ എനിക്കുള്ളതിൽനിന്ന് എടുത്ത് നിങ്ങൾക്ക് അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞത്.

[16] “അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല. എന്നാൽ, വീണ്ടും അൽപ്പസമയത്തിനുശേഷം നിങ്ങൾ എന്നെ കാണും.”

[17] ശിഷ്യന്മാരിൽ ചിലർ പരസ്പരം ചോദിച്ചു; “ ‘അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ലെന്നും, എന്നാൽ വീണ്ടും അൽപ്പസമയം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണുമെന്നും, പിതാവിന്റെ അടുക്കൽ പോകുന്നെന്നും ഒക്കെ പറയുന്നതിന്റെ അർഥം എന്താണ്?’

[18] ‘അൽപ്പസമയം’ എന്ന് അദ്ദേഹം പറയുന്നതിന്റെ അർഥം നമുക്കു മനസ്സിലാകുന്നില്ലല്ലോ?”

[19] അവർ ഇതേപ്പറ്റി തന്നോടു ചോദിക്കാൻ ആഗ്രഹിക്കുന്നെന്ന് അറിഞ്ഞിട്ട് യേശു അവരോടു പറഞ്ഞു: “ ‘അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, എന്നാൽ പിന്നെയും അൽപ്പസമയം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും,’ എന്നു ഞാൻ പറഞ്ഞതിന്റെ അർഥം എന്താണെന്നാണോ നിങ്ങൾ അന്യോന്യം ചോദിക്കുന്നത്?

[20] സത്യം സത്യമായി ഞാൻ നിങ്ങളോട് പറയട്ടെ: ലോകജനത ആനന്ദിക്കും; നിങ്ങളോ കരയുകയും വിലപിക്കുകയുംചെയ്യും. നിങ്ങൾ ദുഃഖിക്കും, എന്നാൽ നിങ്ങളുടെ ദുഃഖം ആനന്ദമായി മാറും.

[21] ഒരു കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ, തന്റെ പ്രസവസമയം വന്നിരിക്കുന്നതുകൊണ്ട് വേദനപ്പെടുന്നു. എന്നാൽ കുഞ്ഞു പിറന്നതിനുശേഷം, ഒരു വ്യക്തി ലോകത്തിലേക്കു പിറന്നതിന്റെ ആനന്ദത്താൽ അവൾ തന്റെ വേദന പിന്നെ ഓർക്കുന്നില്ല.

[22] നിങ്ങളുടെ കാര്യവും അങ്ങനെതന്നെ. ഇപ്പോൾ നിങ്ങൾക്കു സങ്കടത്തിന്റെ സമയം. എന്നാൽ, ഞാൻ നിങ്ങളെ വീണ്ടും കാണുമ്പോൾ നിങ്ങൾ ഹൃദയത്തിൽ ആനന്ദിക്കും. നിങ്ങളുടെ ആനന്ദം ആരും എടുത്തുകളയുകയില്ല.

[23] ആ ദിവസം വരുമ്പോൾ നിങ്ങൾക്ക് എന്നോട് ഒന്നുംതന്നെ യാചിക്കേണ്ട ആവശ്യം വരികയില്ല; പകരം, എന്റെ നാമത്തിൽ പിതാവിനോടു യാചിക്കുന്നതെന്തും പിതാവ് നിങ്ങൾക്കു നൽകും എന്ന് സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു.

[24] ഇതുവരെയും നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല. അപേക്ഷിക്കുക, നിങ്ങൾക്ക് അത് ലഭിക്കും; അങ്ങനെ നിങ്ങളുടെ ആനന്ദം പരിപൂർണമായിത്തീരും.

[25] “ഞാൻ ആലങ്കാരികഭാഷയിലാണ് നിങ്ങളോടു സംസാരിച്ചുകൊണ്ടിരുന്നത്. എന്നാൽ, ആലങ്കാരികഭാഷയിൽ അല്ലാതെ ഞാൻ എന്റെ പിതാവിനെക്കുറിച്ചു സ്പഷ്ടമായി സംസാരിക്കുന്ന സമയം വരുന്നു.

[26] അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും. ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു പറയുന്നില്ല.

[27] കാരണം, പിതാവും നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്നെ സ്നേഹിക്കുകയും, ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നല്ലോ.

[28] ഞാൻ പിതാവിന്റെ അടുക്കൽനിന്ന് ഈ ലോകത്തിലേക്കു വന്നു; ഇപ്പോൾ ഈ ലോകംവിട്ടു പിതാവിന്റെ അടുക്കലേക്കു മടങ്ങുന്നു.”

[29] “ഇപ്പോൾ അങ്ങ് ആലങ്കാരികമായിട്ടല്ല; സ്പഷ്ടമായിത്തന്നെ സംസാരിക്കുന്നു,” എന്ന് ശിഷ്യന്മാർ പറഞ്ഞു.

[30] “അങ്ങ് സർവജ്ഞാനിയാണെന്നും അങ്ങയോട് ആരും ഒന്നും ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു. അങ്ങ് ദൈവത്തിന്റെ അടുക്കൽനിന്ന് വന്നു എന്ന് ഇതിനാൽ ഞങ്ങൾ വിശ്വസിക്കുന്നു.”

[31] “ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ?” എന്ന് യേശു ചോദിച്ചു.

[32] “എന്നാൽ, നിങ്ങളിൽ ഓരോരുത്തനും അവരവരുടെ സ്ഥലങ്ങളിലേക്കു ചിതറിപ്പോകുകയും എന്നെ ഏകനായി വിടുകയുംചെയ്യുന്ന സമയം വന്നിരിക്കുന്നു; അതെ, വന്നുകഴിഞ്ഞു. എന്നാൽ ഞാൻ ഏകനല്ല, കാരണം പിതാവ് എന്നോടൊപ്പം ഉണ്ടല്ലോ.

[33] “നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഞാൻ ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾക്കു വലിയ കഷ്ടത നേരിടേണ്ടിവരും. എങ്കിലും ധൈര്യപ്പെടുക; ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.”

യോഹന്നാൻ എഴുതിയ സുവിശേഷം — Chapters