Skip to content
Opens in a new window
Listen to this chapter • 7:01

[1] യേശു യോഹന്നാനെക്കാൾ അധികം ശിഷ്യരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നെന്ന് പരീശന്മാർ കേട്ടു;

[2] —വാസ്തവത്തിൽ യേശു അല്ല, അവിടത്തെ ശിഷ്യന്മാരാണു സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നത്—

[3] ഇതറിഞ്ഞപ്പോൾ അദ്ദേഹം യെഹൂദ്യ വിട്ടു വീണ്ടും ഗലീലയിലേക്കു യാത്രയായി.

[4] ഇപ്രാവശ്യം അദ്ദേഹത്തിനു ശമര്യയിലൂടെ കടന്നുപോകേണ്ടിവന്നു.

[5] അങ്ങനെ അവിടന്നു ശമര്യയിൽ, യാക്കോബ് തന്റെ പുത്രനായ യോസഫിനു നൽകിയ സ്ഥലത്തിനു സമീപമുള്ള സുഖാർ പട്ടണത്തിൽ എത്തി.

[6] അവിടെ യാക്കോബിന്റെ കിണർ ഉണ്ടായിരുന്നു. യേശു യാത്രാക്ഷീണത്താൽ കിണറ്റിനരികെ ഉപവിഷ്ടനായി. അപ്പോൾ ഏകദേശം മധ്യാഹ്നമായിരുന്നു.

[7] ഒരു ശമര്യസ്ത്രീ വെള്ളം കോരാൻ അവിടെ എത്തി; യേശു അവളോട്, “എനിക്കു കുടിക്കാൻ തരുമോ?” എന്ന് ചോദിച്ചു.

[8] ശിഷ്യന്മാർ ഭക്ഷണസാധനങ്ങൾ വാങ്ങാൻ പട്ടണത്തിൽ പോയിരുന്നു.

[9] ശമര്യസ്ത്രീ യേശുവിനോട്, “അങ്ങ് ഒരു യെഹൂദനും ഞാൻ ഒരു ശമര്യസ്ത്രീയുമായിരിക്കെ, അങ്ങ് എന്നോടു കുടിക്കാൻ ചോദിക്കുന്നത് എങ്ങനെ?” എന്ന് ചോദിച്ചു. കാരണം, യെഹൂദർക്കു ശമര്യരുമായി സമ്പർക്കമില്ല.

[10] “ദൈവത്തിന്റെ ദാനം എന്തെന്നും നിന്നോടു കുടിക്കാൻ ചോദിക്കുന്നത് ആരെന്നും അറിഞ്ഞിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്നു യേശു മറുപടി പറഞ്ഞു.

[11] സ്ത്രീ മറുപടിയായി, “യജമാനനേ, കോരിയെടുക്കാൻ അങ്ങയുടെ കൈവശം പാത്രം ഇല്ലല്ലോ, കിണറ് ആഴമുള്ളതുമാണ്. പിന്നെ ജീവനുള്ള വെള്ളം അങ്ങേക്ക് എവിടെനിന്നു ലഭിക്കും?

[12] അങ്ങ് ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാൾ വലിയവനാണോ? അദ്ദേഹമാണ് ഈ കിണറു ഞങ്ങൾക്കു തന്നത്. അദ്ദേഹവും പുത്രന്മാരും ആടുമാടുകളും എല്ലാം ഇതിൽനിന്നാണ് വെള്ളം കുടിച്ചിരുന്നത്” എന്ന് പറഞ്ഞു.

[13] അതിന് യേശു, “ഈ വെള്ളം കുടിക്കുന്നവർക്കെല്ലാം പിന്നെയും ദാഹിക്കും;

[14] എന്നാൽ, ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവർക്കു പിന്നീടൊരിക്കലും ദാഹിക്കുകയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവരിൽ നിത്യജീവനിലേക്കു നിറഞ്ഞുവരുന്ന നീരുറവയായിത്തീരും” എന്ന് ഉത്തരം പറഞ്ഞു.

[15] അപ്പോൾ സ്ത്രീ, “പ്രഭോ, എങ്കിൽ എനിക്ക് ഇനി ദാഹിക്കാതിരിക്കേണ്ടതിന്ന് ആ വെള്ളം തന്നാലും; വെള്ളം കോരാൻ ഞാൻ ഇവിടെ വരേണ്ട ആവശ്യവും ഇല്ലാതാകും” എന്ന് പറഞ്ഞു.

[16] യേശു അവളോട്: “പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക.”

[17] “എനിക്കു ഭർത്താവില്ല,” അവൾ മറുപടി പറഞ്ഞു. യേശു അവളോട്, “നിനക്കു ഭർത്താവില്ല എന്നു നീ പറയുന്നതു ശരി.

[18] വാസ്തവത്തിൽ, നിനക്ക് അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നു. ഇപ്പോൾ ഉള്ള പുരുഷൻ നിന്റെ ഭർത്താവല്ല; അതിനാൽ നീ പറഞ്ഞതു ശരിതന്നെ.” എന്ന് പറഞ്ഞു.

[19] “പ്രഭോ, അങ്ങ് ഒരു പ്രവാചകൻ എന്ന് ഞാൻ മനസ്സിലാക്കുന്നു,” സ്ത്രീ പറഞ്ഞു.

[20] “ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിലാണ് ആരാധിച്ചുവന്നത്. എന്നാൽ, ആരാധനയ്ക്കുള്ള സ്ഥലം ജെറുശലേം ആണെന്ന് നിങ്ങൾ യെഹൂദർ അവകാശപ്പെടുന്നല്ലോ?”

[21] അതിന് മറുപടിയായി യേശു ആ സ്ത്രീയോടു പറഞ്ഞത്, “സ്ത്രീയേ, എന്നെ വിശ്വസിക്കുക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ ജെറുശലേമിലോ അല്ല എന്നുള്ള സമയം വരുന്നു.

[22] ശമര്യരായ നിങ്ങൾ നിങ്ങൾക്ക് അജ്ഞാതമായതിനെ ആരാധിക്കുന്നു. ഞങ്ങളോ, അറിയുന്നതിനെ ആരാധിക്കുന്നു. രക്ഷ യെഹൂദരിൽനിന്നല്ലോ വരുന്നത്.

[23] എന്നാൽ, സത്യാരാധകർ ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന സമയം വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നത്.

[24] ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.”

[25] അപ്പോൾ ആ സ്ത്രീ, “മശിഹ അഥവാ ക്രിസ്തു വരുന്നു എന്ന് ഞാൻ അറിയുന്നു. അവിടന്നു വരുമ്പോൾ ഞങ്ങൾക്കു സകലവും വിശദീകരിച്ചുതരും” എന്നു പറഞ്ഞു.

[26] ഇതേത്തുടർന്ന് യേശു, “നിന്നോടു സംസാരിക്കുന്ന ഞാൻതന്നെ മശിഹ” എന്ന് പറഞ്ഞു.

[27] ഈസമയത്ത് ശിഷ്യന്മാർ മടങ്ങിയെത്തി. അദ്ദേഹം ഒരു സ്ത്രീയോടു സംസാരിച്ചു കൊണ്ടിരിക്കുന്നതുകണ്ട് അവർ ആശ്ചര്യപ്പെട്ടു. എങ്കിലും “അങ്ങ് എന്തു ചോദിക്കുന്നു, എന്നോ, അവളോട് എന്തിനു സംസാരിക്കുന്നു?” എന്നോ ആരും ചോദിച്ചില്ല.

[28] ആ സ്ത്രീ വെള്ളപ്പാത്രം അവിടെ വെച്ചിട്ടു പട്ടണത്തിൽ മടങ്ങിച്ചെന്ന് അവിടെയുള്ള ജനങ്ങളോട്,

[29] “ഞാൻ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങളും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാണുക. ഒരുപക്ഷേ അദ്ദേഹം ക്രിസ്തു ആയിരിക്കുമോ?” എന്നു പറഞ്ഞു.

[30] അവർ പട്ടണത്തിൽനിന്ന് യേശുവിന്റെ അടുക്കൽ വന്നു.

[31] ഇതിനിടയിൽ ശിഷ്യന്മാർ, “റബ്ബീ, ആഹാരം കഴിച്ചാലും” എന്ന് അദ്ദേഹത്തെ നിർബന്ധിച്ചു.

[32] എന്നാൽ അദ്ദേഹം, “നിങ്ങൾ അറിയാത്ത ആഹാരം എനിക്കു ഭക്ഷിക്കാനുണ്ട്!” എന്ന് മറുപടി പറഞ്ഞു.

[33] “ആരെങ്കിലും അദ്ദേഹത്തിന് ആഹാരം കൊണ്ടുവന്നു കൊടുത്തിരിക്കുമോ,” എന്നു ശിഷ്യന്മാർ പരസ്പരം പറഞ്ഞു.

[34] അപ്പോൾ യേശു പറഞ്ഞത്: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവിടത്തെ പ്രവൃത്തി നിറവേറ്റുന്നതാണ് എന്റെ ആഹാരം.

[35] ‘ഇനി നാലുമാസം കഴിഞ്ഞാൽ കൊയ്ത്തിന് സമയമാകും,’ എന്നു നിങ്ങൾ പറയുന്നില്ലേ? എന്നാൽ, നിങ്ങൾ കണ്ണുതുറന്നു വയലുകളിലേക്കു നോക്കുക. അവ വിളഞ്ഞു പാകമായിരിക്കുന്നു.

[36] ഇപ്പോൾത്തന്നെ കൊയ്ത്തുകാരൻ കൂലി വാങ്ങുകയും നിത്യജീവനിലേക്കു വിളവു ശേഖരിക്കുകയുംചെയ്യുന്നു. അങ്ങനെ വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുപോലെ ആനന്ദിക്കും.

[37] ‘ഒരുവൻ വിതയ്ക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു,’ എന്നുള്ള പഴഞ്ചൊല്ല് ഇക്കാര്യത്തിൽ യാഥാർഥ്യമാകുന്നു:

[38] നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്യാൻ ഞാൻ നിങ്ങളെ അയച്ചു. മറ്റുള്ളവർ കഠിനാദ്ധ്വാനംചെയ്തു, അവരുടെ അധ്വാനത്തിന്റെ ഫലം നിങ്ങൾ അനുഭവിച്ചിരിക്കുന്നു.”

[39] “ഞാൻ ചെയ്തതൊക്കെയും അദ്ദേഹം എന്നോടു പറഞ്ഞു,” എന്ന് ആ സ്ത്രീ പറഞ്ഞ സാക്ഷ്യംനിമിത്തം ആ പട്ടണത്തിലുള്ള ശമര്യരിൽ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു.

[40] തങ്ങളോടുകൂടെ വന്നു താമസിക്കണമെന്ന് ആ ശമര്യർ അദ്ദേഹത്തോട് അപേക്ഷിച്ചു. രണ്ട് ദിവസം യേശു അവരോടുകൂടെ താമസിച്ചു.

[41] അദ്ദേഹത്തിന്റെ വചനം കേട്ട് പിന്നെയും ധാരാളംപേർ വിശ്വാസികളായിത്തീർന്നു.

[42] അവർ അപ്പോൾ ആ സ്ത്രീയോട്, “നീ പറഞ്ഞതുകൊണ്ടുമാത്രമല്ല ഇനി ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾതന്നെ കേൾക്കുകയും കാണുകയുംചെയ്തിരിക്കുന്നു; ഇദ്ദേഹമാണ് സാക്ഷാൽ ലോകരക്ഷിതാവ്.”

[43] രണ്ട് ദിവസം കഴിഞ്ഞു യേശു ഗലീലയ്ക്കു യാത്രയായി.

[44] —ഒരു പ്രവാചകനും സ്വദേശത്തു മാനിക്കപ്പെടുന്നില്ല എന്നു യേശുതന്നെ പറഞ്ഞിരുന്നു—

[45] ഗലീലയിൽ എത്തിയപ്പോൾ ആ ദേശനിവാസികൾ അദ്ദേഹത്തെ സ്വാഗതംചെയ്തു. പെസഹാപ്പെരുന്നാളിന് അവരും പോയിരുന്നതുകൊണ്ടു യേശു ജെറുശലേമിൽ ചെയ്തതെല്ലാം അവർ കണ്ടിരുന്നു.

[46] താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ അദ്ദേഹം വീണ്ടും വന്നു. കഫാർനഹൂമിലെ ഒരു രാജഭൃത്യന്റെ മകൻ രോഗബാധിതനായി കിടപ്പിലായിരുന്നു.

[47] യേശു യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നിട്ടുണ്ടെന്നു കേട്ട് ആ മനുഷ്യൻ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്നിട്ട്, യേശു വന്ന് മരിക്കാറായിക്കിടക്കുന്ന മകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിച്ചു.

[48] യേശു അപ്പോൾ, “അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ നിങ്ങൾ ഒരിക്കലും വിശ്വസിക്കയില്ല.” എന്നു പറഞ്ഞു.

[49] രാജസേവകൻ അദ്ദേഹത്തോട്, “പ്രഭോ, എന്റെ കുഞ്ഞു മരിക്കുന്നതിനുമുമ്പു വരേണമേ” എന്ന് പറഞ്ഞു.

[50] യേശു അയാളോട്, “പൊയ്ക്കൊള്ളുക, നിന്റെ മകൻ ജീവിക്കും” എന്ന് ഉത്തരം പറഞ്ഞു. ആ മനുഷ്യൻ യേശുവിന്റെ വാക്കു വിശ്വസിച്ച് അവിടെനിന്ന് പോയി.

[51] അയാൾ പൊയ്ക്കൊണ്ടിരിക്കുമ്പോൾ, മകൻ ജീവിച്ചിരിക്കുന്നു എന്ന വാർത്തയുമായി ദാസന്മാർ അയാളെ എതിരേറ്റു.

[52] മകനു സൗഖ്യം ലഭിച്ചത് എപ്പോഴെന്നു ചോദിച്ചതിന്, “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനി അവനെ വിട്ടുമാറി” എന്ന് അവർ പറഞ്ഞു.

[53] “നിന്റെ മകൻ ജീവിക്കും,” എന്നു യേശു പറഞ്ഞ സമയം അതുതന്നെ ആയിരുന്നെന്ന് ആ പിതാവ് ഓർമിച്ചു. അങ്ങനെ അയാളും ഭവനത്തിലുള്ളവർ എല്ലാവരും വിശ്വസിച്ചു.

[54] യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നതിനുശേഷം യേശു ചെയ്ത രണ്ടാമത്തെ അത്ഭുതചിഹ്നം ആയിരുന്നു ഇത്.

യോഹന്നാൻ എഴുതിയ സുവിശേഷം — Chapters