Skip to content
Opens in a new window
Listen to this chapter • 2:42

[1] അതുകൊണ്ട്, നാം കേട്ടിരിക്കുന്ന കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധചെലുത്തേണ്ടതാണ്. അല്ലാത്തപക്ഷം നാം അവയിൽനിന്ന് ക്രമേണ വഴുതിപ്പോകും.

[2] ദൂതന്മാരിലൂടെ അറിയിക്കപ്പെട്ടസന്ദേശം സുസ്ഥിരമാണ്. അത് ലംഘിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യുമ്പോഴെല്ലാം ദൈവം യോഗ്യമായ ശിക്ഷ നൽകിയിട്ടുമുണ്ട്.

[3] പ്രാരംഭത്തിൽ കർത്താവുതന്നെ നമുക്ക് രക്ഷ പ്രഖ്യാപിച്ചുതന്നു. കേട്ടവർ അത് നമുക്ക് ഉറപ്പിച്ചുതന്നു. ദൈവംതന്നെ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും വിവിധ വീര്യ പ്രവൃത്തികളിലൂടെയും അത് വ്യക്തമാക്കി. മാത്രമല്ല, തിരുഹിതപ്രകാരം പരിശുദ്ധാത്മാവിനെ നൽകിയും അവിടന്ന് രക്ഷ സാക്ഷിച്ചുറപ്പിച്ചുതന്നു. ഇത്രയും മഹത്തായ ഈ രക്ഷ അവഗണിച്ചാൽ ശിക്ഷയിൽനിന്ന് നമുക്ക് എങ്ങനെ ഒഴിഞ്ഞുമാറാൻ കഴിയും?

[5] നമ്മുടെ ചർച്ചാവിഷയവും ഇനി വരാനിരിക്കുന്നതുമായ ലോകത്തെ, ദൈവം ദൂതന്മാർക്കല്ല അധീനമാക്കിയത്.

[6] ഇതേക്കുറിച്ച് ഒരിടത്ത് ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: “അങ്ങ് മനുഷ്യനെ ഓർക്കാൻമാത്രം അവൻ ആരാണ്? മനുഷ്യപുത്രനെ കരുതാൻമാത്രം അവൻ എന്താണ്?

[7] അങ്ങ് ദൂതന്മാരെക്കാൾ അവനെ അൽപ്പംമാത്രം താഴ്ത്തി; തേജസ്സിന്റെയും ബഹുമാനത്തിന്റെയും കിരീടം അവനെ അണിയിച്ചിരിക്കുന്നു.

[8] അങ്ങ് സകലവും അവന്റെ കാൽക്കീഴിലാക്കിയിരിക്കുന്നു.” സകലവും അവന് അധീനമാക്കിയപ്പോൾ ഒന്നുപോലും അധീനമാക്കാതെ വിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ സകലവും അവന് അധീനമായിരിക്കുന്നതായി കാണപ്പെടുന്നില്ല.

[9] എന്നാൽ ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം സഹിക്കേണ്ടതിനു യേശു ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തപ്പെട്ടു. അങ്ങനെ മരണം ആസ്വദിച്ചതുകൊണ്ട് അദ്ദേഹത്തെ തേജസ്സിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി നാം കാണുന്നു.

[10] സകലത്തിന്റെയും ഉത്ഭവവും സകലത്തിന്റെയും ലക്ഷ്യവുമായ ദൈവം അനേകം പുത്രന്മാരെ തേജസ്സിലേക്കു നയിക്കാൻ തീരുമാനിച്ചു. അപ്പോൾ അവരുടെ രക്ഷാമാർഗം തെളിച്ച യേശുവിനെ കഷ്ടാനുഭവങ്ങളിലൂടെ സമ്പൂർണനാക്കുന്നത് ആവശ്യമായിവന്നു.

[11] വിശുദ്ധീകരിക്കുന്ന യേശുവും വിശുദ്ധീകരിക്കപ്പെടുന്നവരും ഒരേ പിതാവിന്റെ മക്കളാണ്; ഇക്കാരണത്താൽ യേശു അവരെ സഹോദരങ്ങൾ എന്നു വിളിക്കാൻ ലജ്ജിക്കുന്നില്ല.

[12] “അവിടത്തെ നാമത്തെ ഞാൻ എന്റെ സഹോദരങ്ങളോടു കീർത്തിക്കും; സഭയുടെ മുമ്പാകെ ഞാൻ അങ്ങേക്ക് സ്തുതിപാടും” എന്നും

[13] “ഞാൻ ദൈവത്തിൽ ആശ്രയിക്കും.” “ഇതാ ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നിങ്ങനെയും അവിടന്നു പ്രസ്താവിച്ചിരിക്കുന്നു.

[14] മക്കൾ മാനുഷശരീരമുള്ളവർ ആകയാൽ അദ്ദേഹവും മാനുഷശരീരമുള്ളവനായി, മരണത്തിന്റെ അധികാരിയായ പിശാചിനെ അവിടന്ന് തന്റെ മരണത്താൽ നിർവീര്യനാക്കി,

[15] ജീവപര്യന്തം മരണഭയത്തിന് അടിമകളായിരുന്നവരെ സ്വതന്ത്രരാക്കി.

[16] തീർച്ചയായും, ദൂതന്മാരെയല്ല; മറിച്ച് അബ്രഹാമിന്റെ മക്കളെ സഹായിക്കാനാണ് അവിടന്നു വന്നത്.

[17] അങ്ങനെ എല്ലാവിധത്തിലും തന്റെ സഹോദരങ്ങളോട് സദൃശനായി ദൈവത്തിനുമുമ്പാകെ കരുണയും വിശ്വസ്തതയുമുള്ള ഒരു മഹാപുരോഹിതനായി അവിടന്ന് തീരേണ്ടത് അനിവാര്യമായിരുന്നു. ഇത് യേശു ജനത്തിന്റെ പാപങ്ങളുടെ നിവാരണയാഗമായിത്തീരേണ്ടതിനാണ്.

[18] അവിടന്ന് പരീക്ഷിതനായി കഷ്ടമനുഭവിച്ചതിനാൽ, പരീക്ഷിതരാകുന്നവരെ സഹായിക്കാൻ ശക്തനുമാണ്.

എബ്രായർക്ക് എഴുതിയ ലേഖനം — Chapters