Skip to content
Opens in a new window
Listen to this chapter • 3:58

[1] അതുകൊണ്ടു സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമ്മുടെ ചുറ്റിലുമുള്ളതിനാൽ നമ്മുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന സർവതും, വിശേഷാൽ നമ്മെ ക്ഷണനേരംകൊണ്ട് കുടുക്കിലാക്കുന്ന പാപങ്ങൾ, അതിജീവിച്ച് സ്ഥിരോത്സാഹത്തോടെ നമ്മുടെ മുമ്പിലുള്ള ഓട്ടം ഓടാം.

[2] വിശ്വാസത്തിന്റെ ആരംഭകനും അതിന് പരിപൂർണത വരുത്തുന്നയാളുമായ യേശുവിൽ ദൃഷ്ടി ഉറപ്പിച്ചുകൊണ്ടാണ് നാം ഇത് ചെയ്യേണ്ടത്. തന്റെ മുമ്പിലെ ആനന്ദമോർത്ത്, അവിടന്ന് അപമാനം അവഗണിച്ച് ക്രൂശിനെ സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുകയുംചെയ്തു.

[3] നിങ്ങൾ ജീവിതത്തിൽ പരിക്ഷീണിതരും മനസ്സു തളർന്നവരും ആകാതിരിക്കാൻ അവിടന്ന് പാപികളിൽനിന്ന് സഹിച്ച ഇതുപോലെയുള്ള എല്ലാ വ്യഥകളും ചിന്തിക്കുക.

[4] പാപത്തോടുള്ള പോരാട്ടത്തിൽ രക്തം ചൊരിയുന്നതുവരെ നിങ്ങൾ ചെറുത്തുനിന്നിട്ടില്ല.

[5] “എന്റെ മകനേ, കർത്താവിന്റെ ശിക്ഷണം നിസ്സാരമായി കരുതരുത്, അവിടന്ന് നിന്നെ ശാസിക്കുമ്പോൾ ധൈര്യം വെടിയരുത്.

[6] കർത്താവ് താൻ സ്നേഹിക്കുന്നവർക്ക് ശിക്ഷണം നൽകുന്നു, താൻ പുത്രനായി സ്വീകരിച്ച സകലരെയും ശിക്ഷിച്ചു നന്നാക്കുന്നു” എന്നിങ്ങനെ, ഒരു പിതാവ് മക്കളോട് എന്നപോലെ നിങ്ങളോടു സംവദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞോ?

[7] ദൈവം തന്റെ മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; ആകയാൽ നിങ്ങൾ ഈ ശിക്ഷ സഹിക്കുക. സ്വപിതാവ് ശിക്ഷിക്കാത്ത മകൻ ആരുണ്ട്?

[8] എല്ലാവർക്കും ലഭിക്കുന്ന ശിക്ഷ നിങ്ങൾക്കും ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വന്തം മക്കളല്ല; ജാരസന്തതികളാണ്.

[9] നമ്മുടെ ലൗകികപിതാക്കന്മാർ നമുക്ക് ബാല്യത്തിൽ ശിക്ഷ നൽകിയിരുന്നപ്പോൾ അവരെ നാം ബഹുമാനിച്ചിരുന്നു. അങ്ങനെയെങ്കിൽ നമ്മുടെ ആത്മാക്കളുടെ പിതാവിനു നാം എത്രയധികം കീഴടങ്ങി ജീവിക്കേണ്ടതാണ്!

[10] അവർ തങ്ങൾക്ക് ഉത്തമമെന്ന് തോന്നിയ വിധത്തിൽ ആയിരുന്നു നമ്മെ അൽപ്പകാലത്തേക്ക് ശിക്ഷയ്ക്ക് വിധേയരാക്കിയത്; ദൈവമോ, നമ്മുടെ പ്രയോജനത്തിനായി—നാം അവിടത്തെ വിശുദ്ധിയിൽ പങ്കാളികൾ ആകേണ്ടതിന്—നമുക്ക് ബാലശിക്ഷ നൽകുന്നു.

[11] ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീട് ലഭിക്കും.

[12] അതുകൊണ്ട് തളർന്ന കൈകളും ദുർബലമായ കാൽമുട്ടുകളും ശക്തിപ്പെടുത്തുക.

[13] അങ്ങനെ, മുടന്തുള്ള കാലിന് ഉളുക്കുകൂടി വരാതെ സൗഖ്യമാകേണ്ടതിനു “നിങ്ങളുടെ പാദങ്ങൾക്കു പാത നിരപ്പാക്കുക.”

[14] സകലമനുഷ്യരോടും സമാധാനം ആചരിച്ച് വിശുദ്ധരായിരിക്കാൻ പരിശ്രമിക്കുക; വിശുദ്ധിയില്ലാതെ ആരും കർത്താവിനെ കാണുകയില്ല.

[15] ആരും ദൈവകൃപയിൽ കുറവുള്ളവരാകാതിരിക്കാനും കയ്പുള്ള വല്ല വേരും മുളച്ച് വളർന്ന് കലക്കമുണ്ടായി അനേകർ മലിനരാകാതിരിക്കാനും സൂക്ഷിക്കുക.

[16] ആരും വിഷയാസക്തരോ, ഒരൂണിനു സ്വന്തം ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആകാതെ സൂക്ഷിക്കുക.

[17] പിന്നീട് സ്വപിതാവിന്റെ അനുഗ്രഹം അവകാശമാക്കാൻ ആഗ്രഹിച്ചിട്ടും അയാൾ പുറന്തള്ളപ്പെട്ടു. കണ്ണുനീരോടുകൂടെ അപേക്ഷിച്ചെങ്കിലും തനിക്ക് കൈവിട്ടുപോയത് തിരികെ നേടാൻ അവസരം ലഭിച്ചില്ല എന്നും നിങ്ങൾക്ക് അറിയാമല്ലോ.

[18] സ്പർശിക്കാവുന്നതും ആളിക്കത്തുന്ന തീയുള്ളതുമായ പർവതത്തെയോ ഘോരതമസ്സിനെയോ ഇരുട്ടിനെയോ ചുഴലിക്കാറ്റിനെയോ

[19] കാഹളധ്വനിയെയോ “ഇനി ഒരു വാക്കും ഞങ്ങളോടു കൽപ്പിക്കരുതേ,” എന്ന് കേട്ടവർ കെഞ്ചിയ ശബ്ദഘോഷണത്തെയോ അല്ല നിങ്ങൾ സമീപിക്കുന്നത്.

[20] “ഒരു മൃഗമാണെങ്കിൽപ്പോലും പർവതത്തെ സ്പർശിച്ചാൽ അതിനെ കല്ലെറിഞ്ഞുകൊല്ലണം” എന്ന കൽപ്പന അവർക്ക് അസഹനീയമായിരുന്നു.

[21] ആ കാഴ്ച അത്യന്തം ഭയാനകം ആയിരുന്നതിനാൽ മോശയും “ഞാൻ ഭീതിയാൽ നടുങ്ങുന്നു” എന്ന് പറഞ്ഞു.

[22] എന്നാൽ, നിങ്ങൾ വന്നിരിക്കുന്നത് സീയോൻ പർവതത്തിൽ; ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗീയജെറുശലേമിൽ ആണ്. അവിടെ സംഖ്യാതീതമായ, ബഹുസഹസ്രം ദൂതന്മാരുടെ സന്തുഷ്ട സമ്മേളനത്തിലേക്കും

[23] സ്വർഗത്തിൽ പേര് രേഖപ്പെടുത്തിയിട്ടുള്ള ആദ്യജാതരുടെ സഭയിലേക്കും എല്ലാവരുടെയും ന്യായാധിപതിയായ ദൈവത്തിനും സിദ്ധന്മാരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കൾക്കും

[24] പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിനും ഹാബേലിന്റെ രക്തത്തെക്കാൾ ശ്രേഷ്ഠമായി സംസാരിക്കുന്ന, തളിക്കപ്പെട്ട രക്തത്തിനും സമീപത്തേക്കാണ് നിങ്ങൾ വന്നിരിക്കുന്നത്.

[25] അരുളിച്ചെയ്യുന്ന ദൈവത്തെ തിരസ്കരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഭൂമിയിൽവെച്ചു മുന്നറിയിപ്പു നൽകിയവനെ നിരാകരിച്ചവർ രക്ഷപ്പെട്ടില്ലെങ്കിൽ, സ്വർഗത്തിൽനിന്ന് മുന്നറിയിപ്പ് അരുളിയ ദൈവത്തെ അവഗണിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത തീരെ തുച്ഛമല്ലേ?

[26] അന്ന് അവിടത്തെ ശബ്ദം ഭൂമിയെ നടുക്കി. ഇപ്പോഴോ, “ഞാൻ ഇനി ഒരിക്കൽക്കൂടി, ഭൂമിയെമാത്രമല്ല, ആകാശത്തെയും ഇളക്കും” എന്ന് അവിടന്ന് വാഗ്ദാനംചെയ്തിരിക്കുന്നു.

[27] അവിടത്തെ സൃഷ്ടിയിൽ ചഞ്ചലമായതിനെ നിഷ്കാസനംചെയ്ത് അചഞ്ചലമായതിനെ നിലനിർത്തും എന്നാണ് “ഇനി ഒരിക്കൽക്കൂടി” എന്ന വാക്കുകൾകൊണ്ട് വിവക്ഷിക്കുന്നത്.

[28] ആകയാൽ നമുക്ക് അചഞ്ചലമായ ഒരു രാജ്യം ലഭിക്കുന്നതുകൊണ്ട്, നാം കൃതജ്ഞതയുള്ളവരായി ദൈവത്തിനു സ്വീകാര്യമാകുമാറ് ഭയഭക്തിയോടുകൂടി അവിടത്തെ ആരാധിക്കാം;

[29] കാരണം “നമ്മുടെ ദൈവം ഭസ്മീകരിക്കുന്ന അഗ്നിയാണ്.”

എബ്രായർക്ക് എഴുതിയ ലേഖനം — Chapters