[1] ന്യായപ്രമാണമല്ല യാഥാർഥ്യം, അത് വരാനിരുന്ന നന്മകളുടെ പ്രതിരൂപംമാത്രമാണ്. അതുകൊണ്ട് വർഷംതോറും ആവർത്തിക്കപ്പെടുന്ന യാഗങ്ങൾക്ക്, തിരുസന്നിധാനത്തോട് അടുത്തുവരുന്നവരെ പരിപൂർണരാക്കാൻ കഴിയുന്നതേയില്ല.
[2] അവയ്ക്കു കഴിയുമായിരുന്നെങ്കിൽ, ഒരിക്കൽ ശുദ്ധീകരിക്കപ്പെട്ട ആരാധകർക്കു പാപബോധമില്ലാതെ ആകുന്നതിനാൽ, യാഗങ്ങൾതന്നെ അവസാനിപ്പിക്കേണ്ടിവരുമായിരുന്നില്ലേ?
[3] എന്നാൽ, അവ പാപങ്ങളുടെ വർഷംതോറുമുള്ള അനുസ്മരണംമാത്രമാണ്.
[4] കാരണം, കാളകളുടെയും മുട്ടാടുകളുടെയും രക്തത്തിനു പാപനിവാരണം വരുത്താൻ സാധ്യമല്ല.
[5] അതിനാലാണ്, ക്രിസ്തു ലോകത്തിലേക്കു വന്നപ്പോൾ, “യാഗവും തിരുമുൽക്കാഴ്ചയും അങ്ങ് ആഗ്രഹിച്ചില്ല. എന്നാൽ അങ്ങ് ഒരു ശരീരം യാഗാർപ്പണത്തിനായി എനിക്കൊരുക്കി;
[6] അവിടന്ന് സർവാംഗദഹനയാഗങ്ങളിലും പാപനിവാരണയാഗങ്ങളിലും സംപ്രീതനായില്ല. എന്ന് ദൈവത്തോട് പറഞ്ഞു.
[7] അപ്പോൾ ഞാൻ, ‘ഇതാ ഞാൻ വരുന്നു; തിരുവെഴുത്തിൽ എന്നെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു— ദൈവമേ, അങ്ങയുടെ അഭീഷ്ടം ചെയ്യാൻ ഞാൻ വരുന്നു’ ” എന്ന് പറഞ്ഞു.
[8] ഇത് പ്രസ്താവിച്ചശേഷം, ന്യായപ്രമാണാനുസൃതമായി അനുഷ്ഠിക്കുന്ന “യാഗങ്ങളും തിരുമുൽക്കാഴ്ചകളും സർവാംഗദഹനയാഗങ്ങളും പാപയാഗങ്ങളും അവിടന്ന് ആഗ്രഹിച്ചില്ല, അവയിൽ സംപ്രീതനായതുമില്ല.
[9] ഇതാ, അങ്ങയുടെ അഭീഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു” എന്ന് ക്രിസ്തു പറയുന്നു. രണ്ടാമത്തെ ഉടമ്പടി സ്ഥാപിക്കുന്നതിനായി ഒന്നാമത്തേതിനെ അവിടന്ന് നിഷ്കാസനംചെയ്തു.
[10] യേശുക്രിസ്തു ഒരിക്കൽമാത്രം അർപ്പിച്ച ശരീരയാഗത്തിലൂടെ, നമ്മെ വിശുദ്ധരാക്കിയിരിക്കുന്നത് അവിടത്തെ അഭീഷ്ടം നിമിത്തമാണ്.
[11] ഓരോ പുരോഹിതനും നിന്നുകൊണ്ട്, ഒരിക്കലും പാപനിവാരണം വരുത്താൻ കഴിവില്ലാത്ത ഒരേതരം യാഗങ്ങൾ വീണ്ടും വീണ്ടും അർപ്പിച്ച് ദിനംപ്രതി തന്റെ ശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുന്നു.
[12] എന്നാൽ, ഈ മഹാപുരോഹിതനാകട്ടെ, പാപനിവാരണം വരുത്തുന്ന അദ്വിതീയയാഗം എന്നേക്കുമായി അർപ്പിച്ചശേഷം ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി;
[13] അവിടത്തെ ശത്രുക്കൾ തന്റെ പാദപീഠമാകുന്നതിനായി കാത്തിരിക്കുന്നു.
[14] അവിടന്ന് ഒരേയൊരു യാഗത്താൽ വിശുദ്ധരാക്കപ്പെടുന്നവരെ എന്നേക്കുമായി സമ്പൂർണരാക്കിയിരിക്കുന്നു.
[15] പരിശുദ്ധാത്മാവും നമ്മോട് ഇതേപ്പറ്റി സാക്ഷിക്കുന്നു:
[16] “ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോട് ചെയ്യാനിരിക്കുന്ന ഉടമ്പടി ഇതാണ്: ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സിന്റെയുള്ളിൽ വെക്കും അവരുടെ ഹൃദയങ്ങളിൽത്തന്നെ അവ ആലേഖനംചെയ്യും, എന്നു കർത്താവിന്റെ അരുളപ്പാട്” എന്നിങ്ങനെ അവിടന്ന് ആദ്യം പ്രഖ്യാപിക്കുന്നു.
[17] തുടർന്ന്, “ഞാൻ അവരുടെ പാപങ്ങളും ദുഷ് പ്രവൃത്തികളും; ഇനിമേൽ സ്മരണയിൽ വെക്കുകയുമില്ല.” എന്നും പറയുന്നു.
[18] ഇവയുടെയെല്ലാം നിവാരണം വന്നയിടത്ത് ഇനി ഒരു പാപനിവാരണയാഗത്തിനും സാംഗത്യമില്ല.
[19] അതുകൊണ്ടു സഹോദരങ്ങളേ, നമുക്ക് യേശുവിന്റെ ശരീരമാകുന്ന തിരശ്ശീലയിലൂടെ, കർത്താവുതന്നെ തുറന്നുതന്ന ജീവനുള്ള നവീനമാർഗത്തിലൂടെ,
[20] യേശുവിന്റെ രക്തത്താൽ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കാനുള്ള ധൈര്യവും
[21] ദൈവഭവനത്തിനുമേൽ പരമാധികാരിയായ ഒരു മഹാപുരോഹിതനും ഉണ്ട്.
[22] അതിനാൽ, നാം ദുഷിച്ചമനസ്സാക്ഷി നീങ്ങുവാനായി ഹൃദയങ്ങൾ നിർമലീകരിക്കപ്പെട്ടവരും ശരീരം ശുദ്ധജലത്താൽ കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണനിശ്ചയത്തോടും സത്യസന്ധതയുള്ള ഹൃദയത്തോടുംകൂടി ദൈവത്തോട് അടുത്തുചെല്ലുക.
[23] നമുക്ക് അചഞ്ചലരായി നിന്നുകൊണ്ട് നമ്മുടെ പ്രത്യാശ ഏറ്റുപറയാം. വാഗ്ദാനംചെയ്ത ദൈവം വിശ്വാസയോഗ്യനല്ലോ!
[24] സ്നേഹിക്കാനും സൽപ്രവൃത്തികൾ ചെയ്യാനും പരസ്പരം പ്രേരിപ്പിക്കുന്നതിന് നമുക്ക് ശ്രദ്ധിക്കാം.
[25] സഭായോഗങ്ങളെ ഉപേക്ഷിക്കുന്നത് ചിലർ ശീലമാക്കിയിട്ടുണ്ട്. നാം അങ്ങനെ ചെയ്യാതെ, കർത്താവിന്റെ പുനരാഗമനദിവസം അടുത്തുവരുന്നെന്ന് കാണുന്തോറും നമുക്ക് അധികമധികമായി, പരസ്പരം പ്രോത്സാഹിപ്പിക്കാം.
[26] സത്യം വ്യക്തമായി ഗ്രഹിച്ചതിനുശേഷം, നാം മനഃപൂർവം പാപംചെയ്താൽ ന്യായവിധിയുടെ ഭയാനകമായ സാധ്യതകളും ശത്രുക്കളെ ദഹിപ്പിക്കാനുള്ള ക്രോധാഗ്നിയുമല്ലാതെ, പാപനിവാരണത്തിനുവേണ്ടി ഇനി ഒരു യാഗവും അവശേഷിക്കുന്നില്ല.
[28] മോശയുടെ ന്യായപ്രമാണം നിരാകരിക്കുന്നയാൾ യാതൊരു കരുണയും ലഭിക്കാതെ രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയാൽ മരണശിക്ഷ ഏൽക്കുന്നു.
[29] അങ്ങനെയെങ്കിൽ ദൈവപുത്രനെ ചവിട്ടിക്കളയുകയും പാപിയായ തന്നെ വിശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തത്തെ അശുദ്ധമെന്നു കരുതുകയും കൃപയുടെ ആത്മാവിനെ നിന്ദിക്കുകയുംചെയ്തയാൾ എത്ര കഠിനതരമായ ശിക്ഷയ്ക്കു പാത്രമാകും എന്നുള്ളത് ഒന്ന് ചിന്തിച്ചുനോക്കുക.
[30] “പ്രതികാരം എനിക്കുള്ളത്, ഞാൻ പകരം വീട്ടും” എന്നും “കർത്താവ് തന്റെ ജനത്തെ ന്യായംവിധിക്കും” എന്നും അരുളിച്ചെയ്ത ദൈവത്തെ നാം അറിയുന്നല്ലോ.
[31] ജീവനുള്ള ദൈവത്തിന്റെ കൈകളിൽ വീഴുന്നത് ഭയാനകം!
[32] സത്യം വ്യക്തമായി ഗ്രഹിച്ചതിനെത്തുടർന്ന് കഷ്ടതകൾ നിറഞ്ഞ വലിയ പോരാട്ടം, നിങ്ങൾ സഹിച്ചുനിന്ന ആദിമനാളുകൾ, ഓർക്കുക.
[33] ചിലപ്പോൾ നിങ്ങൾ പരസ്യമായി നിന്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയുംചെയ്തു. മറ്റുചിലപ്പോൾ, ഇങ്ങനെ അധിക്ഷേപവും പീഡനവും ഏറ്റവർക്ക് സഹകാരികളായി.
[34] തടവിലാക്കപ്പെട്ടവരോട് നിങ്ങൾ സഹതാപം കാണിച്ചു. ശ്രേഷ്ഠതരവും ശാശ്വതവുമായ സമ്പത്ത് നിങ്ങൾക്ക് ഉണ്ടെന്നറിഞ്ഞുകൊണ്ട് നിങ്ങളുടെ സ്വത്തുക്കൾ നിങ്ങളിൽനിന്ന് അപഹരിക്കപ്പെട്ടത് നിങ്ങൾ ആനന്ദത്തോടെ സഹിച്ചു.
[35] മഹത്തായ പ്രതിഫലം നിങ്ങൾക്ക് ലഭിക്കും എന്നതുകൊണ്ട് നിങ്ങളിലുള്ള അചഞ്ചലവിശ്വാസം പരിത്യജിക്കരുത്.
[36] ദൈവേഷ്ടം നിറവേറ്റി വാഗ്ദാനം പ്രാപിക്കാൻ നിങ്ങൾക്ക് സഹിഷ്ണുതയാണ് ആവശ്യം.
[37] “ഇനി അൽപ്പകാലം കഴിഞ്ഞ് വരാനുള്ളവൻ വരും, താമസിക്കില്ല.”
[38] “വിശ്വാസത്താലാണ് എന്റെ നീതിമാൻ ജീവിക്കുന്നത്, പിന്മാറുന്നയാളിൽ എന്റെ മനസ്സിന് പ്രസാദമില്ല.”
[39] എങ്കിലും നാം പിന്മാറി നാശത്തിലേക്കു പോകുന്നവരല്ല, മറിച്ച് വിശ്വാസത്താൽ പ്രാണരക്ഷപ്രാപിക്കുന്നവരാണ്.