Skip to content
Opens in a new window

[1] ദൈവം നോഹയെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും അനുഗ്രഹിച്ച്, അവരോട് അരുളിച്ചെയ്തു: “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി എണ്ണത്തിൽ വർധിച്ച് ഭൂമിയിൽ നിറയുക.

[2] ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ സകലപക്ഷികൾക്കും സകലഭൂചരജന്തുക്കൾക്കും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും നിങ്ങളെക്കുറിച്ചുള്ള പേടിയും നടുക്കവും ഉണ്ടാകും. ഞാൻ അവയെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.

[3] ജീവനോടെ ചരിക്കുന്ന സകലതും നിങ്ങൾക്ക് ആഹാരമായിരിക്കും. ഞാൻ നിങ്ങൾക്കു പച്ചസസ്യങ്ങൾ നൽകിയതുപോലെ ഇപ്പോൾ സകലതും നിങ്ങൾക്കു തരുന്നു.

[4] “എന്നാൽ, ജീവരക്തത്തോടുകൂടി ഒന്നിന്റെയും മാംസം നിങ്ങൾ ഭക്ഷിക്കരുത്.

[5] നിങ്ങളുടെ ജീവരക്തത്തിനു ഞാൻ കണക്കുചോദിക്കും; ഓരോ മൃഗത്തോടും ഞാൻ കണക്ക് ആവശ്യപ്പെടും; ഓരോ മനുഷ്യനോടും അവന്റെ സുഹൃത്തിന്റെ ജീവരക്തത്തിനു കണക്കുചോദിക്കും.

[6] “മനുഷ്യന്റെ രക്തം ആരെങ്കിലും ചൊരിഞ്ഞാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും. ദൈവം തന്റെ സ്വരൂപത്തിലാണല്ലോ മനുഷ്യനെ നിർമിച്ചത്.

[7] നിങ്ങളോ, സന്താനസമൃദ്ധിയുള്ളവരായി എണ്ണത്തിൽ പെരുകുക; ഭൂമിയിൽ നിറഞ്ഞു വർധിച്ചുവരിക.”

[8] ഇതിനുശേഷം ദൈവം നോഹയോടും പുത്രന്മാരോടും അരുളിച്ചെയ്തത്:

[9] “ഇപ്പോൾ നിങ്ങളോടും നിങ്ങൾക്കുശേഷം നിങ്ങളുടെ സന്തതിപരമ്പരയോടും

[10] നിങ്ങളോടുകൂടെ ഉണ്ടായിരുന്ന സകലജീവജന്തുക്കളോടും—പക്ഷികൾ, കന്നുകാലികൾ, വന്യമൃഗങ്ങൾ, എന്നിങ്ങനെ നിങ്ങളോടുകൂടെ പെട്ടകത്തിൽനിന്നു പുറത്തു വന്ന ഭൂമിയിലെ സകലജീവികളോടും—ഞാൻ ഉടമ്പടിചെയ്യുന്നു.

[11] ഇനി ഒരിക്കലും പ്രളയജലത്താൽ എല്ലാ ജീവജാലങ്ങളും നശിക്കുകയില്ല, ഭൂമിയെ നശിപ്പിക്കാൻ ഇനിയൊരിക്കലും പ്രളയം ഉണ്ടാകുകയില്ല എന്നു ഞാൻ നിങ്ങളോട് ഉടമ്പടിചെയ്യുന്നു.”

[12] ദൈവം പിന്നെയും അരുളിച്ചെയ്തു: “എനിക്കും നിങ്ങൾക്കും നിങ്ങളോടുകൂടെ സകലജീവികൾക്കും മധ്യേ, വരുംതലമുറകൾക്കെല്ലാറ്റിനുംവേണ്ടി ഞാൻ ചെയ്യുന്ന ഉടമ്പടിയുടെ ചിഹ്നമാണിത്,

[13] ഞാൻ മേഘങ്ങളിൽ എന്റെ വില്ല് സ്ഥാപിക്കുന്നു, അത് എനിക്കും ഭൂമിക്കുംതമ്മിലുള്ള ഉടമ്പടിയുടെ ചിഹ്നമായിരിക്കും.

[14] ഞാൻ ഭൂമിക്കുമീതേ മേഘങ്ങളെ വരുത്തുകയും മേഘങ്ങളിൽ മഴവില്ലു പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോൾ

[15] നിങ്ങളോടും സകലവിധ ജീവികളോടുമുള്ള എന്റെ ഉടമ്പടി ഞാൻ ഓർക്കും. സമസ്തജീവജാലങ്ങളെയും നശിപ്പിക്കുന്ന പ്രളയം ഇനിയൊരിക്കലും ഉണ്ടാകുകയില്ല.

[16] മേഘങ്ങളിൽ വില്ല് പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഞാൻ അതു കാണുകയും ദൈവവും ഭൂമിയിലെ സകലജീവികളുമായുള്ള ശാശ്വതമായ ഉടമ്പടി ഓർക്കുകയും ചെയ്യും.

[17] “എനിക്കും ഭൂമിയിലെ സകലജീവജാലങ്ങൾക്കും മധ്യേ ഞാൻ ചെയ്യുന്ന ഉടമ്പടിയുടെ ചിഹ്നം ഇതായിരിക്കും,” എന്നും ദൈവം നോഹയോട് അരുളിച്ചെയ്തു.

[18] പെട്ടകത്തിൽനിന്നു പുറത്തു വന്നവരായ നോഹയുടെ പുത്രന്മാർ ശേം, ഹാം, യാഫെത്ത് എന്നിവരായിരുന്നു; ഹാം കനാന്റെ പിതാവായിരുന്നു.

[19] നോഹയ്ക്ക് ഈ മൂന്ന് പുത്രന്മാരാണ് ഉണ്ടായിരുന്നത്; ഇവരിൽനിന്നാണ് ഭൂമി ജനങ്ങളെക്കൊണ്ടു നിറഞ്ഞത്.

[20] കർഷകനായ നോഹ ഒരു മുന്തിരിത്തോപ്പു നട്ടുപിടിപ്പിക്കാൻ തുടങ്ങി.

[21] നോഹ അതിൽനിന്നുള്ള വീഞ്ഞുകുടിച്ച് ലഹരിക്കടിമപ്പെട്ടു തന്റെ കൂടാരത്തിനുള്ളിൽ, വിവസ്ത്രനായിക്കിടന്നു.

[22] കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടിട്ട് പുറത്തുചെന്ന് രണ്ടു സഹോദരന്മാരെയും അറിയിച്ചു.

[23] ശേമും യാഫെത്തും ഒരു വസ്ത്രം എടുത്ത് തങ്ങളുടെ തോളിൽ ഇട്ടുകൊണ്ട് പിറകോട്ടു നടന്നുചെന്ന് പിതാവിന്റെ നഗ്നത മറച്ചു. അവർ മുഖം തിരിച്ചു പിടിച്ചിരുന്നതിനാൽ പിതാവിന്റെ നഗ്നത കണ്ടില്ല.

[24] നോഹ ലഹരി വിട്ട് ഉണർന്നപ്പോൾ തന്റെ ഇളയമകനായ ഹാം തന്നോടു ചെയ്തത് അറിഞ്ഞ്,

[25] അദ്ദേഹം, “കനാൻ ശപിക്കപ്പെട്ടവൻ, അവൻ തന്റെ സഹോദരന്മാർക്ക് അധമദാസനായിത്തീരും” എന്നു പറഞ്ഞു.

[26] “ശേമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. കനാൻ അവന്റെ അടിമയായിത്തീരട്ടെ,

[27] ദൈവം യാഫെത്തിന്റെ ദേശം വിശാലമാക്കട്ടെ, യാഫെത്ത് ശേമിന്റെ കൂടാരങ്ങളിൽ പാർക്കട്ടെ, കനാൻ അവന്റെ അടിമയായിത്തീരട്ടെ,” എന്നും പറഞ്ഞു.

[28] പ്രളയത്തിനുശേഷം നോഹ 350 വർഷം ജീവിച്ചിരുന്നു.

[29] നോഹയുടെ ആയുസ്സ് ആകെ 950 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.

ഉൽപ്പത്തിപ്പുസ്തകം — Chapters