Skip to content
Opens in a new window

[1] സകലതും ക്രമീകരിക്കപ്പെട്ടതിനുശേഷം, യഹോവ നോഹയോട് അരുളിച്ചെയ്തത്: “ഞാൻ നിന്നെ ഈ തലമുറയിൽ നീതിമാനായി കണ്ടിരിക്കുന്നു; അതുകൊണ്ടു നീയും നിന്റെ കുടുംബം മുഴുവനും പെട്ടകത്തിനുള്ളിലേക്കു പ്രവേശിക്കുക.

[2] ശുദ്ധിയുള്ള മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഏഴുജോടിയെയും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഓരോ ജോടിയെയും

[3] പക്ഷികളുടെ ഓരോ ജാതിയിൽനിന്നും പൂവനും പിടയുമായി ഏഴുജോടിയെയും, പ്രളയശേഷം ഭൂമിയിൽ ഈവക ജീവനോടെ ശേഷിക്കേണ്ടതിനു നീ ചേർത്തുകൊള്ളണം;

[4] ഏഴുദിവസം കഴിഞ്ഞ്, ഞാൻ ഭൂമിയിൽ നാൽപ്പതുപകലും നാൽപ്പതുരാവും മഴപെയ്യിക്കുകയും ഞാൻ നിർമിച്ച സകലജീവികളെയും ഭൂമുഖത്തുനിന്നു തുടച്ചുനീക്കുകയും ചെയ്യും.”

[5] യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെയെല്ലാം നോഹ ചെയ്തു.

[6] ഭൂമിയിൽ പ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് 600 വയസ്സായിരുന്നു.

[7] നോഹയും തന്റെ ഭാര്യയും നോഹയുടെ പുത്രന്മാരും അവരുടെ ഭാര്യമാരും പ്രളയത്തിൽനിന്നു രക്ഷപ്പെടുന്നതിനായി പെട്ടകത്തിൽ പ്രവേശിച്ചു.

[8] ശുദ്ധിയുള്ളവയും അല്ലാത്തവയുമായ മൃഗങ്ങളിൽനിന്ന്, പക്ഷികളും എല്ലാ ഇഴജന്തുക്കളും,

[9] ആണും പെണ്ണുമായി ദൈവം കൽപ്പിച്ചതുപോലെ നോഹയുടെ അടുക്കൽവന്ന് പെട്ടകത്തിനുള്ളിൽ കടന്നു.

[10] ഏഴുദിവസം കഴിഞ്ഞപ്പോൾ ഭൂമിയിൽ പ്രളയം ആരംഭിച്ചു.

[11] നോഹയുടെ ആയുസ്സിന്റെ അറുനൂറാംവർഷം, രണ്ടാംമാസം, പതിനേഴാംതീയതിതന്നെ ആഴിയുടെ ഉറവുകൾ തുറക്കപ്പെട്ടു, ആകാശത്തിന്റെ കിളിവാതിലുകളും തുറക്കപ്പെട്ടു.

[12] നാൽപ്പതുപകലും നാൽപ്പതുരാവും ഭൂമിയിൽ മഴ പെയ്തുകൊണ്ടേയിരുന്നു.

[13] ഭൂമിയിൽ മഴ പെയ്യാൻ തുടങ്ങിയ ആ ദിവസംതന്നെ നോഹ തന്റെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരോടും ഭാര്യയോടും പുത്രന്മാരുടെ ഭാര്യമാരോടുംകൂടെ പെട്ടകത്തിൽ പ്രവേശിച്ചു.

[14] അവരോടൊപ്പം എല്ലാത്തരം വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പക്ഷികളും ചിറകുള്ള സകലതും ഉണ്ടായിരുന്നു.

[15] ജീവശ്വാസമുള്ള സമസ്തജന്തുക്കളുടെയും ഇണകൾ നോഹയുടെ അടുക്കൽവന്നു പെട്ടകത്തിൽ കയറി.

[16] ദൈവം നോഹയോടു കൽപ്പിച്ചതനുസരിച്ച്, ആണും പെണ്ണുമായിട്ടാണ് സകലജീവികളും പെട്ടകത്തിൽവന്നു കയറിയത്. അതിനുശേഷം യഹോവ അവരെ ഉള്ളിലാക്കി വാതിൽ അടച്ചു.

[17] നാൽപ്പതു ദിവസത്തേക്കു ഭൂമിയിൽ പ്രളയം തുടർന്നു; വെള്ളം പെരുകിയപ്പോൾ പെട്ടകം ഭൂമിയിൽനിന്ന് ഉയർന്നു.

[18] വെള്ളം ഭൂമിയിൽ അത്യധികം പെരുകി, പെട്ടകം വെള്ളത്തിനുമീതേ ഒഴുകിനീങ്ങി.

[19] ആകാശത്തിനു കീഴിലുള്ള ഉയർന്ന പർവതങ്ങളെയൊക്കെയും മൂടുംവിധം ഭൂമിയിൽ വെള്ളം പൊങ്ങി.

[20] പർവതങ്ങൾക്കുമേൽ പതിനഞ്ചുമുഴത്തിലധികം ജലനിരപ്പുയർന്നു.

[21] പക്ഷികൾ, കന്നുകാലികൾ, വന്യജീവികൾ, ഇഴജന്തുക്കൾ, മനുഷ്യവർഗം മുഴുവനും, ഇങ്ങനെ സകലഭൂചരജീവികളും നശിച്ചു.

[22] മൂക്കിൽ ജീവശ്വാസമുള്ളവയായി, കരയിൽ അവശേഷിച്ചിരുന്നവയെല്ലാം ചത്തൊടുങ്ങി.

[23] ഭൂമുഖത്തു ജീവനോടെ ഉണ്ടായിരുന്നവയെല്ലാം നിർമാർജനം ചെയ്യപ്പെട്ടു; മനുഷ്യരെയും മൃഗങ്ങളെയും നിലത്തിഴയുന്ന ജീവികളെയും ആകാശത്തിലെ പക്ഷികളെയും—ഇങ്ങനെ സകലതിനെയും പ്രളയം തുടച്ചുനീക്കി. നോഹയും അദ്ദേഹത്തോടുകൂടെ പെട്ടകത്തിലുണ്ടായിരുന്നവരുംമാത്രം അവശേഷിച്ചു.

[24] പ്രളയം ഭൂമിയിൽ നൂറ്റി അൻപതു ദിവസത്തേക്കു തുടർന്നു.

ഉൽപ്പത്തിപ്പുസ്തകം — Chapters