[1] ആ കാലത്ത് യെഹൂദാ തന്റെ സഹോദരന്മാരെവിട്ട് അദുല്ലാമിലുള്ള ഹീരാ എന്നു പേരായ ഒരു മനുഷ്യന്റെ അടുക്കലേക്ക് പോയി അവിടെ താമസമാക്കി.
[2] അവിടെവെച്ച് അദ്ദേഹം ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു. യെഹൂദാ അവളെ വിവാഹംചെയ്ത് അവളെ അറിഞ്ഞു.
[3] അവൾ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു, ആ മകന് ഏർ എന്നു പേരിട്ടു.
[4] അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കുകയും അവന് ഓനാൻ എന്നു പേരിടുകയും ചെയ്തു.
[5] അവൾ വീണ്ടും ഒരു മകനെ പ്രസവിച്ചു; അവന് ശേലഹ് എന്നു പേരിട്ടു. അവൾ അവനെ പ്രസവിച്ചത് കെസീബിൽവെച്ചായിരുന്നു.
[6] യെഹൂദാ തന്റെ ആദ്യജാതനായ ഏരിനു ഭാര്യയായി ഒരുവളെ എടുത്തു; അവളുടെ പേര് താമാർ എന്നായിരുന്നു.
[7] എന്നാൽ യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവയുടെ ദൃഷ്ടിയിൽ ഒരു ദുഷ്ടനായിരുന്നു. അതുകൊണ്ട് യഹോവ അവനെ കൊന്നുകളഞ്ഞു.
[8] അപ്പോൾ യെഹൂദാ ഓനാനോട്, “നീ നിന്റെ സഹോദരന്റെ ഭാര്യയുടെ അടുക്കൽ ചെന്ന്, സഹോദരനുവേണ്ടി സന്തതിയെ ഉളവാക്കാൻ ഭർത്തൃസഹോദരൻ എന്നനിലയ്ക്കുള്ള ധർമം നിറവേറ്റുക” എന്നു പറഞ്ഞു.
[9] എന്നാൽ അങ്ങനെ ജനിക്കുന്ന സന്തതി തന്റേതാകുകയില്ല എന്ന് അറിഞ്ഞിട്ട്, സഹോദരനു സന്തതി ഉണ്ടാകാതിരിക്കാൻ, സഹോദരഭാര്യയോടുകൂടെ കിടക്കപങ്കിട്ടപ്പോഴെല്ലാം ഓനാൻ ബീജം നിലത്തു വീഴ്ത്തിക്കളഞ്ഞു.
[10] അവന്റെ പ്രവൃത്തി യഹോവയുടെ ദൃഷ്ടിയിൽ ദോഷമുള്ളതായിരുന്നു; അതുകൊണ്ട് അവിടന്ന് അവനെയും കൊന്നുകളഞ്ഞു.
[11] യെഹൂദാ പിന്നെ തന്റെ മരുമകളായ താമാറിനോട്, “എന്റെ മകൻ ശേലഹ് പ്രായപൂർത്തിയാകുന്നതുവരെ നീ നിന്റെ അപ്പന്റെ വീട്ടിൽപ്പോയി വിധവയായി ജീവിക്കുക” എന്നു പറഞ്ഞു. “അവനും ജ്യേഷ്ഠന്മാരെപ്പോലെ മരിച്ചുപോകും” എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അങ്ങനെ താമാർ തന്റെ പിതൃഭവനത്തിൽപോയി താമസിച്ചു.
[12] ഏറെ കാലത്തിനുശേഷം യെഹൂദയുടെ ഭാര്യ—ശൂവായുടെ മകൾ—മരിച്ചു. യെഹൂദാ ദുഃഖത്തിൽനിന്ന് മോചിതനായശേഷം തിമ്നയിൽ തന്റെ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുത്തേക്കുപോയി; അദുല്ലാമ്യനും തന്റെ സ്നേഹിതനുമായ ഹീരാ അദ്ദേഹത്തോടൊപ്പം പോയി.
[13] “തന്റെ അമ്മായിയപ്പൻ ആടുകളുടെ രോമം കത്രിക്കലിനുവേണ്ടി തിമ്നയിലേക്കു പോകുന്നു,” എന്ന് താമാരിന് അറിവുകിട്ടി.
[14] അവൾ തന്റെ വൈധവ്യവസ്ത്രങ്ങൾ മാറ്റി, ആളറിയാതിരിക്കാൻ മൂടുപടംകൊണ്ട് സ്വയം മറച്ചു. അതിനുശേഷം തിമ്നയിലേക്കുള്ള വഴിയിൽ എനയീമിന്റെ പ്രവേശനകവാടത്തിൽ ചെന്നിരുന്നു; ഇതിനുകാരണം ശേലഹ് പ്രായമായിട്ടും, തന്നെ അവനു ഭാര്യയായി കൊടുത്തില്ല എന്നതായിരുന്നു.
[15] അവൾ മുഖം മറച്ചിരുന്നതുകൊണ്ട് യെഹൂദാ അവളെ കണ്ടപ്പോൾ അവൾ ഒരു ഗണിക ആയിരിക്കുമെന്നു കരുതി.
[16] അവൾ തന്റെ മരുമകളാണെന്നുള്ളതു തിരിച്ചറിയാതെ അയാൾ വഴിവക്കിൽ അവളുടെ അടുത്തുചെന്ന്, “വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു ചോദിച്ചു. “എന്റെ അടുക്കൽ വരുന്നതിന് നീ എനിക്ക് എന്തുതരും?” അവൾ ചോദിച്ചു.
[17] “എന്റെ ആട്ടിൻപറ്റത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ ഞാൻ നിനക്കു കൊടുത്തയയ്ക്കാം,” അയാൾ മറുപടി പറഞ്ഞു. “അതു കൊടുത്തയയ്ക്കുന്നതുവരെ എനിക്ക് എന്തെങ്കിലും പണയമായിത്തരാമോ,” എന്ന് അവൾ ചോദിച്ചു.
[18] അതിന് അയാൾ, “എന്തു പണയമാണു നിനക്കുവേണ്ടത്?” എന്നു ചോദിച്ചു. “താങ്കളുടെ മുദ്രമോതിരവും അതിന്റെ ചരടും താങ്കളുടെ കൈയിൽ ഇരിക്കുന്ന വടിയും,” അവൾ ഉത്തരം പറഞ്ഞു. അയാൾ അതെല്ലാം അവൾക്കുകൊടുത്തു; എന്നിട്ട് അവളോടുകൂടെ കിടക്കപങ്കിട്ടു. അയാൾനിമിത്തം അവൾ ഗർഭംധരിച്ചു.
[19] അതിനുശേഷം അവൾ തന്റെ ഭവനത്തിലേക്ക് പോയി മൂടുപടം നീക്കി വീണ്ടും തന്റെ വൈധവ്യവസ്ത്രം ധരിച്ചു.
[20] യെഹൂദാ ആ സ്ത്രീയുടെ പക്കൽനിന്ന് തന്റെ പണയം തിരികെ വാങ്ങുന്നതിന് സ്നേഹിതനായ അദുല്ലാമ്യൻവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; എന്നാൽ അയാൾക്ക് അവളെ കണ്ടെത്താൻ കഴിഞ്ഞില്ല.
[21] അവൻ അവിടെ താമസിച്ചിരുന്ന ആളുകളോട്, “എനയീമിലേക്കുള്ള വഴിയുടെ അരികിൽ ഇരുന്നിരുന്ന ആ ക്ഷേത്രഗണിക എവിടെയാണ്?” എന്നു ചോദിച്ചു. “ഇവിടെ അങ്ങനെ ഒരു ക്ഷേത്രഗണിക ഉണ്ടായിരുന്നില്ലല്ലോ,” അവർ മറുപടി പറഞ്ഞു.
[22] അവൻ തിരികെച്ചെന്ന് യെഹൂദയോട്, “ഞാൻ അവളെ കണ്ടില്ല. തന്നെയുമല്ല, ‘ഇവിടെ ഒരു ക്ഷേത്രഗണിക ഉണ്ടായിരുന്നില്ല’ എന്ന് അവിടെ താമസിക്കുന്നവർ പറയുകയും ചെയ്തു” എന്നറിയിച്ചു.
[23] അപ്പോൾ യെഹൂദാ, “അവൾ അത് എടുക്കട്ടെ; അല്ലെങ്കിൽ നമ്മൾ പരിഹാസപാത്രമായിത്തീരും. ഏതായാലും, ഞാൻ ഈ ആട്ടിൻകുട്ടിയെ അവൾക്കു കൊടുത്തയച്ചു, നീ അവളെ കണ്ടെത്തിയതുമില്ല” എന്നു പറഞ്ഞു.
[24] ഏകദേശം മൂന്നുമാസം കഴിഞ്ഞ്, “നിന്റെ മരുമകളായ താമാർ വേശ്യാവൃത്തി നിമിത്തം കുറ്റക്കാരി ആയിരിക്കുന്നു. അതിന്റെ ഫലമായി അവൾ ഇപ്പോൾ ഗർഭിണിയുമാണ്” എന്ന് യെഹൂദയ്ക്ക് അറിവുകിട്ടി. “അവളെ ഇവിടെ കൊണ്ടുവന്നു ജീവനോടെ ദഹിപ്പിക്കുക,” യെഹൂദാ പറഞ്ഞു.
[25] അങ്ങനെ അവളെ കൊണ്ടുവരുമ്പോൾ അവൾ തന്റെ അമ്മായിയപ്പന്, “ഈ മുദ്രയും ചരടും വടിയും ആരുടേത് എന്നു തിരിച്ചറിയുന്നോ? ഇവയുടെ ഉടമസ്ഥൻ നിമിത്തമത്രേ ഞാൻ ഗർഭിണിയായിരിക്കുന്നത്” എന്ന് ഒരു സന്ദേശം അയച്ചു.
[26] യെഹൂദാ അവയെ തിരിച്ചറിഞ്ഞിട്ട്, “അവൾ എന്നെക്കാൾ നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലഹിനു കൊടുത്തില്ലല്ലോ” എന്നു പറഞ്ഞു. അയാൾ പിന്നീട് അവളോടുകൂടെ കിടക്കപങ്കിട്ടില്ല.
[27] അവളുടെ പ്രസവസമയം അടുത്തു; ഇരട്ടകളായ ആൺകുട്ടികളാണ് അവളുടെ ഉദരത്തിൽ ഉണ്ടായിരുന്നത്.
[28] അവൾ പ്രസവിക്കുമ്പോൾ അവരിൽ ഒരുവൻ തന്റെ കൈ പുറത്തേക്കിട്ടു; അപ്പോൾ സൂതികർമിണി ഒരു ചെമന്നചരട് എടുത്ത് അവന്റെ കൈത്തണ്ടയിൽ കെട്ടി, “ഇവൻ ഒന്നാമതു പുറത്തുവന്നു” എന്നു പറഞ്ഞു,
[29] എന്നാൽ അവൻ കൈ അകത്തേക്കു വലിച്ചപ്പോൾ അവന്റെ സഹോദരൻ പുറത്തുവന്നു; “നീ നിനക്കായിത്തന്നെ ഇങ്ങനെയോ വഴിയുണ്ടാക്കിയത്!” അവൾ പറഞ്ഞു. അവന് ഫേരെസ്സ് എന്നു പേരിട്ടു.
[30] അതിനുശേഷം, കൈത്തണ്ടയിൽ ചെമന്നനൂലുണ്ടായിരുന്ന അവന്റെ സഹോദരൻ പുറത്തുവന്നു; അവന് സേരഹ് എന്ന പേരുനൽകി.