Skip to content
Opens in a new window

[1] “ ‘നിങ്ങൾ ദേശം ഓഹരിയായി വിഭജിക്കുമ്പോൾ 25,000 മുഴം നീളവും 20,000 മുഴം വീതിയുമുള്ള ഒരു സ്ഥലം വിശുദ്ധഭൂമിയായി യഹോവയ്ക്ക് വേർതിരിക്കണം. ആ സ്ഥലം മുഴുവൻ വിശുദ്ധമായിരിക്കും.

[2] ഇതിൽ 500 മുഴം സമചതുരമുള്ള ഒരുഭാഗം വിശുദ്ധമന്ദിരത്തിനുവേണ്ടി ആയിരിക്കണം, അതിനുചുറ്റും 50 മുഴം തുറസ്സായസ്ഥലമായി കിടക്കണം.

[3] ആ വിശുദ്ധഭൂമിയിൽനിന്ന് 25,000 മുഴം നീളവും 10,000 മുഴം വീതിയുമുള്ള സ്ഥലം അളന്നു വേർതിരിക്കണം; അതിവിശുദ്ധസ്ഥലമായ വിശുദ്ധമന്ദിരം അതിൽ ആയിരിക്കണം.

[4] അതു വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷിക്കുന്നവരും യഹോവയുടെമുമ്പാകെ ശുശ്രൂഷയ്ക്കായി അടുത്തുവരുന്നവരുമായ പുരോഹിതന്മാർക്കായുള്ള വിശുദ്ധ ഓഹരി ആയിരിക്കും. അത് അവരുടെ ഭവനങ്ങൾക്കായുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിനായുള്ള വിശുദ്ധസ്ഥലവുമായിരിക്കണം,

[5] 25,000 മുഴം നീളവും 10,000 മുഴം വീതിയുമുള്ള ഒരുഭാഗം ആലയത്തിൽ ശുശ്രൂഷിക്കുന്ന ലേവ്യർക്ക് അവകാശമാക്കി വസിക്കാനുള്ള പട്ടണങ്ങൾക്കുള്ള സ്ഥലമായിരിക്കും.

[6] “ ‘വിശുദ്ധ ഓഹരിയായ ഈ സ്ഥലത്തോടു ചേർന്ന് 5,000 മുഴം വീതിയും 25,000 മുഴം നീളവുമുള്ള ഒരു സ്ഥലം നഗരസ്വത്തായി വിഭാഗിക്കണം. അത് ഇസ്രായേൽഗൃഹത്തിനു മുഴുവൻ ഉള്ളതായിരിക്കണം.

[7] “ ‘പ്രഭുവിന്റെ സ്ഥലത്തിന്ന്, വിശുദ്ധ ഓഹരിയായ സ്ഥലവും നഗരത്തിനായി വേർതിരിച്ച സ്ഥലവും ഇരുവശങ്ങളിലും അതിരുകളായിരിക്കും. പടിഞ്ഞാറുവശത്ത് പടിഞ്ഞാറോട്ടും കിഴക്കുവശത്ത് കിഴക്കോട്ടും നീണ്ടുകിടക്കുന്നതായിരിക്കും; അത് ഗോത്രങ്ങളുടെ അവകാശങ്ങളിൽ ഒന്നിനോടു ചേർന്നു പടിഞ്ഞാറേ അതിരിനും കിഴക്കേ അതിരിനും സമാന്തരമായിരിക്കും.

[8] ഈ ഭൂമി ഇസ്രായേലിൽ അവന്റെ അവകാശമായിരിക്കണം. എന്റെ പ്രഭുക്കന്മാർ ഇനിയൊരിക്കലും എന്റെ ജനത്തെ പീഡിപ്പിക്കരുത്. എന്നാൽ അവർ ഇസ്രായേൽജനത്തെ അവരവരുടെ ഗോത്രങ്ങൾക്കുള്ള ഭൂപ്രദേശം അവകാശമാക്കാൻ അനുവദിക്കണം.

[9] “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽ പ്രഭുക്കന്മാരേ, നിങ്ങൾ പരിധി ലംഘിച്ചിരിക്കുന്നു. നിങ്ങളുടെ അതിക്രമവും പീഡനവും ഉപേക്ഷിച്ച് ന്യായമായതും നീതിയുള്ളതും പ്രവർത്തിക്കുക. എന്റെ ജനത്തെ കവർച്ചചെയ്യുന്നത് മതിയാക്കുക, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

[10] നിങ്ങൾ കൃത്യതയുള്ള തുലാസ്, കൃത്യതയുള്ള ഏഫാ, കൃത്യതയുള്ള ബത്ത് എന്നിവ ഉപയോഗിക്കണം.

[11] ഏഫായും ബത്തും ഒരേ അളവിലുള്ളവ ആയിരിക്കണം. ബത്ത് ഹോമറിന്റെ പത്തിലൊന്നും ഏഫാ ഹോമറിന്റെ പത്തിലൊന്നും തന്നെയായിരിക്കണം. രണ്ട് അളവുകളുടെയും മാനദണ്ഡം ഹോമറായിരിക്കണം.

[12] ഇരുപതു ഗേരാ ആയിരിക്കണം ഒരു ശേക്കേൽ. ഇരുപതുശേക്കേൽ ഇരുപത്തിയഞ്ചു ശേക്കേൽ, പതിനഞ്ചുശേക്കേൽ എന്നിവയുടെ ആകത്തുകയായിരിക്കണം ഒരു മിന്നാ.

[13] “ ‘നിങ്ങൾ വഴിപാടുകൾ അർപ്പിക്കേണ്ടത് ഈ വിധത്തിലാണ്: ഓരോ ഹോമർ ഗോതമ്പിൽനിന്നും ഒരു ഏഫായുടെ ആറിലൊന്ന്; ഓരോ ഹോമർ യവത്തിൽനിന്നും ഒരു ഏഫായുടെ ആറിലൊന്ന്.

[14] ഓരോ കോറിൽനിന്നും ഒരു ബത്തിന്റെ പത്തിലൊന്നു ഭാഗം ഒലിവെണ്ണയ്ക്കുള്ള പ്രമാണമാണ്. (ഒരു കോർ എന്നത്, പത്തുബത്ത് അഥവാ ഒരു ഹോമറിനു തുല്യമാണ്.

[15] ഇസ്രായേലിന്റെ പുഷ്ടിയുള്ള മേച്ചിൽപ്പുറങ്ങളിലെ ഇരുനൂറ് ആടുള്ള ഒരു കൂട്ടത്തിൽനിന്ന് ഒരാടിനെ കൊടുക്കണം. ഇവ ജനങ്ങൾക്കുവേണ്ടി പാപപരിഹാരം വരുത്താൻ ഭോജനയാഗവും ഹനനയാഗവും സമാധാനയാഗവുമായി ഉപയോഗിക്കപ്പെടണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

[16] ദേശത്തുള്ള സകലജനവും ഇസ്രായേലിന്റെ പ്രഭുവിനുവേണ്ടിയുള്ള ഈ വഴിപാടിനായി കൊടുക്കണം.

[17] ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും—ഇസ്രായേൽഗൃഹത്തിന്റെ എല്ലാ പെരുന്നാളുകളിലും, ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കുക എന്നത് പ്രഭുവിന്റെ കർത്തവ്യമാണ്. ഇസ്രായേൽജനത്തിന് പാപപരിഹാരം വരുത്തുന്നതിന് അദ്ദേഹം പാപശുദ്ധീകരണയാഗവും ഭോജനയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിക്കണം.

[18] “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒന്നാംമാസം ഒന്നാംതീയതി വിശുദ്ധമന്ദിരത്തെ ശുദ്ധീകരിക്കാൻ നീ ഊനമില്ലാത്ത ഒരു കാളക്കിടാവിനെ എടുക്കണം.

[19] പുരോഹിതൻ പാപശുദ്ധീകരണയാഗത്തിന്റെ കുറെ രക്തമെടുത്ത് ആലയത്തിന്റെ കട്ടിളക്കാലുകളിലും യാഗപീഠത്തിന്റെ മുകൾത്തട്ടിന്റെ നാലു കോണുകളിലും അകത്തെ അങ്കണത്തിന്റെ ഗോപുരത്തിന്റെ കവാടത്തൂണുകളിലും പുരട്ടണം.

[20] മനഃപൂർവമല്ലാതെയോ അജ്ഞതയാലോ പാപംചെയ്യുന്ന ഏതൊരാൾക്കുവേണ്ടിയും ഇത് മാസത്തിന്റെ ഏഴാംദിവസംതന്നെ നിങ്ങൾ ചെയ്യണം. അങ്ങനെ നിങ്ങൾ ദൈവാലയത്തിന് പ്രായശ്ചിത്തം വരുത്തണം.

[21] “ ‘ഒന്നാംമാസം പതിന്നാലാംതീയതി നിങ്ങൾ പെസഹാ ആചരിക്കണം, ഏഴുദിവസത്തേക്കു പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.

[22] ആ ദിവസത്തിൽ പ്രഭു തനിക്കുവേണ്ടിയും ദേശത്തെ എല്ലാ ജനങ്ങൾക്കുവേണ്ടിയും പാപശുദ്ധീകരണയാഗമായി ഒരു കാളയെ അർപ്പിക്കണം.

[23] ആ ഏഴുദിവസങ്ങളിൽ ഓരോ ദിവസവും അവർ ഊനമില്ലാത്ത ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും യഹോവയ്ക്ക് ഹോമയാഗമായി അർപ്പിക്കണം; പാപശുദ്ധീകരണയാഗമായി ദിനംപ്രതി ഓരോ കോലാട്ടിൻകുട്ടിയെയും അർപ്പിക്കണം.

[24] അവൻ കാളയൊന്നിന് ഒരു ഏഫായും ആട്ടുകൊറ്റനൊന്നിന് ഒരു ഏഫായും ഏഫായൊന്നിന് ഒരു ഹീൻ ഒലിവെണ്ണയും ഭോജനയാഗമായി അർപ്പിക്കണം.

[25] “ ‘ഏഴാംമാസം പതിനഞ്ചാംതീയതി ആരംഭിക്കുന്ന ഉത്സവത്തിൽ ഈ ഏഴുദിവസവും അദ്ദേഹം പാപശുദ്ധീകരണയാഗത്തിനും ഹോമയാഗത്തിനും ഭോജനയാഗത്തിനും ഒലിവെണ്ണയ്ക്കും ഇതേരീതിയിലാണ് ക്രമീകരണം ചെയ്യേണ്ടത്.

യെഹെസ്കേലിന്റെ പ്രവചനം — Chapters