Skip to content
Opens in a new window

[1] അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:

[2] “ ‘മാതാപിതാക്കൾ പച്ചമുന്തിരിങ്ങാ തിന്നു; മക്കളുടെ പല്ലു പുളിച്ചു,’ എന്നിങ്ങനെ ഇസ്രായേൽദേശത്തെ സംബന്ധിച്ച് നിങ്ങൾ പറയുന്ന പഴഞ്ചൊല്ലിന്റെ അർഥം എന്താണ്?

[3] “ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഇസ്രായേലിൽ ഇനിയൊരിക്കലും നിങ്ങൾ ഈ പഴഞ്ചൊല്ലു പറയാൻ ഇടവരികയില്ല, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

[4] മാതാപിതാക്കളോ മക്കളോ എല്ലാവരും എനിക്കുള്ളവർതന്നെ—ഇരുകൂട്ടരും ഒരുപോലെ എനിക്കുള്ളവരാണ്. പാപംചെയ്യുന്ന വ്യക്തിതന്നെയായിരിക്കും മരിക്കുന്നത്.

[5] “ഒരു മനുഷ്യൻ നീതിനിഷ്ഠനായിരിക്കുകയും നീതിയും ന്യായവും പ്രവർത്തിക്കുകയും ചെയ്യുമെങ്കിൽ,

[6] പർവതങ്ങളിലെ ക്ഷേത്രങ്ങളിൽവെച്ച് നൈവേദ്യം ഭക്ഷിക്കുകയോ ഇസ്രായേൽഗൃഹത്തിലെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുകയോ തന്റെ അയൽവാസിയുടെ ഭാര്യയെ വഷളാക്കുകയോ ഋതുമതിയായ സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യുകയില്ല.

[7] അയാൾ ആരെയും പീഡിപ്പിക്കുകയില്ല, എന്നാൽ, കടം മേടിച്ചവർക്ക് അവരുടെ പണയം മടക്കിക്കൊടുക്കും. അയാൾ കവർച്ച ചെയ്യുകയില്ല, എന്നാൽ, വിശപ്പുള്ളവർക്ക് അയാൾ തന്റെ ആഹാരം കൊടുക്കുകയും നഗ്നരായവർക്ക് വസ്ത്രം നൽകുകയും ചെയ്യും.

[8] അയാൾ തന്റെ പണം പലിശയ്ക്കു കൊടുക്കുകയോ കൊള്ളലാഭമുണ്ടാക്കുകയോ ചെയ്യുകയില്ല. അയാൾ തന്റെ കരം നീതികേടിൽനിന്ന് പിന്തിരിക്കുകയും മനുഷ്യർതമ്മിലുള്ള വ്യവഹാരത്തിൽ നേരോടെ ന്യായപാലനം നടത്തുകയും ചെയ്യും.

[9] അയാൾ എന്റെ ഉത്തരവുകൾ പാലിക്കുകയും വിശ്വസ്തതയോടെ എന്റെ നിയമങ്ങൾ പ്രമാണിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവർ നീതിനിഷ്ഠരാകുന്നു; അവർ നിശ്ചയമായും ജീവിക്കും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

[10] “എന്നാൽ അയാൾക്ക് രക്തം ചൊരിയുകയോ മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ഒന്നു പ്രവർത്തിക്കുകയോ ചെയ്യുന്ന ഒരു അക്രമകാരിയായ മകൻ ഉണ്ട് എന്നു കരുതുക

[11] (എന്നാൽ പിതാവ് ഇതൊന്നും പ്രവർത്തിച്ചിട്ടില്ല): “പർവതങ്ങളിലെ ക്ഷേത്രങ്ങളിൽവെച്ചു ഭക്ഷിക്കുക, തന്റെ അയൽവാസിയുടെ ഭാര്യയെ വഷളാക്കുക,

[12] ദരിദ്രരോടും ഞെരുക്കമനുഭവിക്കുന്നവരോടും അതിക്രമം പ്രവർത്തിക്കുക, പിടിച്ചുപറിക്കുക, പണയം മടക്കി കൊടുക്കാതിരിക്കുക, വിഗ്രഹങ്ങളെ വണങ്ങുക, മ്ലേച്ഛത പ്രവർത്തിക്കുക.

[13] തന്റെ ദ്രവ്യം പലിശയ്ക്കു കൊടുത്ത് കൊള്ളലാഭമുണ്ടാക്കുക, ഇപ്രകാരം പ്രവർത്തിക്കുന്ന മനുഷ്യൻ ജീവിക്കുമോ? ഒരിക്കലുമില്ല! അയാൾ ഈ മ്ലേച്ഛതകൾ എല്ലാം ചെയ്തിരിക്കുകയാൽ അയാളെ മരണത്തിന് ഏൽപ്പിക്കണം; അയാളുടെ രക്തം അയാളുടെ തലമേൽതന്നെ ഇരിക്കും.

[14] “എന്നാൽ അയാൾക്ക് ഒരു മകൻ ജനിച്ചിട്ട് അയാൾ തന്റെ പിതാവുചെയ്ത ഈ പാപങ്ങളെല്ലാം കണ്ടിട്ട് അതുപോലെ ചെയ്യാതിരിക്കുന്നു എന്നു ചിന്തിക്കുക:

[15] “അയാൾ പർവതങ്ങളിലെ ക്ഷേത്രങ്ങളിൽവെച്ച് നൈവേദ്യം ഭക്ഷിക്കാതിരിക്കുകയോ ഇസ്രായേലിലെ വിഗ്രഹങ്ങളെ വണങ്ങാതിരിക്കുകയോ തന്റെ അയൽവാസിയുടെ ഭാര്യയെ വഷളാക്കാതിരിക്കുകയോ

[16] ആരെയെങ്കിലും പീഡിപ്പിക്കാതിരിക്കുകയോ പണയം മടക്കി കൊടുക്കാതിരിക്കയോ പിടിച്ചുപറിക്കാതിരിക്കുകയോ ചെയ്യാതെ, വിശപ്പുള്ളവർക്കു തന്റെ ആഹാരം നൽകുകയും നഗ്നരായവർക്ക് വസ്ത്രം നൽകുകയുംചെയ്യുന്നു.

[17] ദരിദ്രരെ അപായപ്പെടുത്തുന്നതിൽനിന്നും അയാൾ തന്റെ കൈ സൂക്ഷിക്കുന്നു, അവരിൽനിന്നു പലിശ വാങ്ങുകയോ കൊള്ളലാഭമുണ്ടാക്കുകയോ ചെയ്യുന്നില്ല. അയാൾ എന്റെ നിയമങ്ങൾ പാലിക്കുകയും ഉത്തരവുകൾ നിവർത്തിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള വ്യക്തി തന്റെ പിതാവിന്റെ പാപംമൂലം മരിക്കുകയില്ല; അയാൾ നിശ്ചയമായും ജീവിക്കും.

[18] എന്നാൽ അയാളുടെ പിതാവ് അക്രമം കാട്ടുകയും തന്റെ സഹോദരന്റെ മുതൽ കവർച്ചചെയ്യുകയും ജനത്തിന്റെ ഇടയിൽ അനീതി പ്രവർത്തിക്കുകയും ചെയ്യുകനിമിത്തം അയാൾ തന്റെ പാപംനിമിത്തം മരിക്കും.

[19] “എന്നിട്ടും നിങ്ങൾ ചോദിക്കുന്നു, ‘പിതാവിന്റെ അകൃത്യം പുത്രൻ വഹിക്കേണ്ടതല്ലയോ?’ ആ പുത്രൻ ന്യായവും നീതിയും പ്രവർത്തിക്കുകയും എന്റെ എല്ലാ ഉത്തരവുകളും അനുസരിക്കുകയും ചെയ്യുകയാൽ അവൻ തീർച്ചയായും ജീവിക്കും.

[20] പാപംചെയ്യുന്ന വ്യക്തിയാണ് മരണശിക്ഷ അനുഭവിക്കേണ്ടത്. മക്കൾ മാതാപിതാക്കളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയോ മാതാപിതാക്കൾ മക്കളുടെ പാപഫലം അനുഭവിക്കുകയോ ഇല്ല. നീതിനിഷ്ഠരുടെ നീതി അവരുടെമേൽതന്നെ കണക്കാക്കുകയും ദുഷ്ടരുടെ ദുഷ്ടത അവർക്കെതിരേതന്നെ നിറയ്ക്കുകയും ചെയ്യും.

[21] “എന്നാൽ ദുഷ്ടർ തങ്ങളുടെ എല്ലാ പാപങ്ങളും വിട്ടുതിരിഞ്ഞ് എന്റെ ഉത്തരവുകൾ പ്രമാണിക്കയും നീതിയും ന്യായവും അനുസരിച്ചു ജീവിക്കുകയും ചെയ്താൽ അവർ തീർച്ചയായും ജീവിക്കും; അങ്ങനെയുള്ളവർ മരിക്കുകയില്ല.

[22] അവർ ചെയ്തുപോയ അകൃത്യങ്ങളൊന്നും അവർക്കെതിരേ ഓർക്കപ്പെടുകയില്ല. തങ്ങൾചെയ്ത നീതിപ്രവൃത്തികൾ നിമിത്തം അവർ ജീവിക്കും.

[23] ദുഷ്ടരുടെ മരണം എന്നെ സന്തുഷ്ടനാക്കുന്നുണ്ടോ? അവർ തന്റെ വഴികൾ വിട്ടുതിരിഞ്ഞു ജീവിക്കണമെന്നല്ലേ ഞാൻ ആഗ്രഹിക്കുന്നത്? എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

[24] “എന്നാൽ നീതിനിഷ്ഠർ അവരുടെ നീതി വിട്ടുമാറി അധർമം പ്രവർത്തിക്കുകയും ദുഷ്ടർ ചെയ്യുന്ന സകലമ്ലേച്ഛതകളും പ്രവർത്തിക്കുകയും ചെയ്താൽ അവർ ജീവിക്കുമോ? അവർ ചെയ്ത വഞ്ചനയും അധർമവും നിമിത്തം അവർ മുമ്പുചെയ്തിട്ടുള്ള നീതിപ്രവൃത്തികളൊന്നും സ്മരിക്കപ്പെടുകയില്ല. അവരുടെ പാപംനിമിത്തം അവർ മരിക്കും.

[25] “എങ്കിലും നിങ്ങൾ പറയുന്നു: ‘കർത്താവിന്റെ വഴി നീതിയുക്തമല്ല.’ ഇസ്രായേൽജനമേ, കേട്ടുകൊൾവിൻ. എന്റെ വഴി നീതിയുക്തമല്ലാത്തതോ? നിങ്ങളുടെ വഴികളല്ലേ നീതിയുക്തമല്ലാത്തത്?

[26] നീതിനിഷ്ഠർ തങ്ങളുടെ നീതിനിഷ്ഠ വിട്ടുമാറി പാപംചെയ്യുന്നെങ്കിൽ അവൻ അതുനിമിത്തം മരിക്കും; തങ്ങൾചെയ്ത പാപംനിമിത്തംതന്നെ അവർ മരിക്കും.

[27] ദുഷ്ടർ തങ്ങൾചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞ് ന്യായവും നീതിയും പ്രവർത്തിക്കുന്നെങ്കിൽ, അവർ തങ്ങളുടെ ജീവൻ രക്ഷിക്കുകയാണ് ചെയ്യുന്നത്.

[28] തങ്ങൾചെയ്ത എല്ലാ അകൃത്യങ്ങളെയുംകുറിച്ച് പരിതപിച്ച് അവ ഉപേക്ഷിച്ചിരിക്കുകയാൽ അവർ ജീവിക്കും, നിശ്ചയം; അവർ മരിക്കുകയില്ല.

[29] എന്നിട്ടും ഇസ്രായേൽജനം ‘കർത്താവിന്റെ വഴി നീതിയുക്തമല്ല,’ എന്നു പറയുന്നു. ഇസ്രായേൽജനമേ, എന്റെ വഴികൾ നീതിയുക്തമല്ലാത്തതോ? നിങ്ങളുടെ വഴികളല്ലേ നീതിയുക്തമല്ലാത്തത്?

[30] “അതിനാൽ ഇസ്രായേൽജനമേ, നിങ്ങളിൽ ഓരോരുത്തരെയും താന്താങ്ങളുടെ നടപ്പനുസരിച്ച് ഞാൻ ന്യായം വിധിക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. അനുതപിക്കുക! പാപം നിങ്ങളുടെ തകർച്ചയ്ക്ക് കാരണമായിത്തീരാതിരിക്കേണ്ടതിന് നിങ്ങളുടെ എല്ലാ അകൃത്യങ്ങളിൽനിന്നും പിന്തിരിയുക.

[31] നിങ്ങൾ ചെയ്ത എല്ലാ അതിക്രമങ്ങളും ഉപേക്ഷിച്ചുകളയുക. നിങ്ങൾക്ക് ഒരു പുതിയ ഹൃദയവും പുതിയ ആത്മാവും നേടിക്കൊൾക. ഇസ്രായേൽജനമേ, നിങ്ങൾ എന്തിനു മരിക്കുന്നു?

[32] കാരണം ആരുടെയും മരണത്തിൽ ഞാൻ സന്തുഷ്ടനല്ല, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; അതിനാൽ മാനസാന്തരപ്പെട്ട് ജീവിച്ചുകൊൾക.

യെഹെസ്കേലിന്റെ പ്രവചനം — Chapters