Skip to content
Opens in a new window

[1] യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:

[2] “മനുഷ്യപുത്രാ, നിന്റെ ദേശക്കാരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ ഒരു ദേശത്തിനെതിരേ വാൾ വരുത്തുമ്പോൾ ആ ദേശവാസികൾ അവരുടെ കൂട്ടത്തിൽനിന്ന് ഒരാളെ തെരഞ്ഞെടുത്തു കാവൽക്കാരനാക്കിവെക്കുന്നപക്ഷം,

[3] ദേശത്തിനെതിരേ വാൾ വരുന്നതുകണ്ടിട്ട് ജനത്തിനു മുന്നറിയിപ്പു നൽകാൻ അവൻ കാഹളം ഊതുമ്പോൾ,

[4] അവർ കാഹളശബ്ദം കേട്ടിട്ടും മുന്നറിയിപ്പ് ഗൗനിക്കാതിരിക്കുകയുംചെയ്തിട്ടു വാൾ വന്ന് അവരുടെ ജീവൻ എടുക്കുകയും ചെയ്യുമെങ്കിൽ, അവരുടെ രക്തം അവരുടെ തലമേൽത്തന്നെ ഇരിക്കും.

[5] അവർ കാഹളശബ്ദം കേട്ടിട്ട് അതു ഗൗനിക്കാതിരിക്കുകയാൽ അവരുടെ രക്തം അവരുടെ തലമേൽത്തന്നെ ഇരിക്കും; അവർ അതു ഗൗനിച്ചിരുന്നെങ്കിൽ സ്വന്തം ജീവൻ രക്ഷിക്കുമായിരുന്നു.

[6] എന്നാൽ കാവൽക്കാരൻ വാൾ വരുന്നതുകണ്ടിട്ട് ജനത്തിനു മുന്നറിയിപ്പു നൽകുന്നതിനു കാഹളം ധ്വനിപ്പിക്കാതെയിരുന്നാൽ വാൾ വന്ന് അവരിൽ ഒരുവന്റെ ജീവൻ നഷ്ടപ്പെടുന്നപക്ഷം, ആ മനുഷ്യൻ തന്റെ പാപംനിമിത്തം മരണമടയുന്നുവെങ്കിലും ഞാൻ കാവൽക്കാരനെ അവന്റെ രക്തത്തിന് ഉത്തരവാദിയായി പരിഗണിക്കും.’

[7] “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽജനത്തിന് ഒരു കാവൽക്കാരനായി നിയമിച്ചിരിക്കുന്നു; അതിനാൽ ഞാൻ അരുളിച്ചെയ്യുന്ന വചനം കേട്ട് അവർക്ക് എന്റെ നാമത്തിൽ മുന്നറിയിപ്പു നൽകുക.

[8] ദുഷ്ടരോട്: ‘ദുഷ്ടരേ, നിങ്ങൾ നിശ്ചയമായും മരിക്കും,’ എന്നു ഞാൻ കൽപ്പിക്കുമ്പോൾ അവരുടെ ദുഷ്ടജീവിതരീതിയിൽനിന്ന് അവരെ പിന്തിരിപ്പിക്കാനായി നീ അവരെ പ്രബോധിപ്പിക്കാതെയിരുന്നാൽ, ദുഷ്ടർ തങ്ങളുടെ പാപംനിമിത്തം മരിക്കും; അവരുടെ രക്തത്തിന് ഉത്തരവാദി നീ ആയിരിക്കും.

[9] എന്നാൽ, നീ ദുഷ്ടരോട് അവരുടെ ദുഷ്ടവഴികൾ വിട്ടുതിരിയാൻ താക്കീതു നൽകുകയും അവർ അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവർ തങ്ങളുടെ പാപത്തിൽ മരിക്കും, നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കും.

[10] “മനുഷ്യപുത്രാ, ഇസ്രായേൽജനത്തോടു നീ ഇപ്രകാരം പറയണം: ‘ “ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവനിമിത്തം ഞങ്ങൾ ക്ഷയിച്ചുപോകുന്നു. ഞങ്ങൾക്ക് എങ്ങനെ ജീവിക്കാൻ കഴിയും?” എന്നു നിങ്ങൾ പറയുന്നുവല്ലോ.

[11] ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ദുഷ്ടരുടെ മരണം ഞാൻ ഇഷ്ടപ്പെടുന്നില്ല; അവർ തങ്ങളുടെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. തിരിയുക, നിങ്ങളുടെ ദുഷ്ടവഴികൾ വിട്ടുതിരിയുക. ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കുന്നു? എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു,’ എന്ന് അവരോടു പറയുക.

[12] “അതുകൊണ്ട് മനുഷ്യപുത്രാ, നിന്റെ സ്വന്തം ദേശക്കാരോട് ഇപ്രകാരം പറയുക: ‘നീതിനിഷ്ഠർ അനുസരിക്കാതെ തെറ്റുചെയ്യുമ്പോൾ അവരുടെ മുൻകാല നീതിപ്രവൃത്തികൾ അവരെ രക്ഷിക്കുകയില്ല. ദുഷ്ടർ തങ്ങളുടെ ദുഷ്ടവഴികൾ വിട്ടുതിരിയുമ്പോൾ അവരുടെ മുൻകാല ദുഷ്ടതകൾ അവരെ വീഴ്ത്തിക്കളയുകയില്ല. നീതിനിഷ്ഠർ പാപംചെയ്യുന്നെങ്കിൽ അവരുടെ മുമ്പിലത്തെ നീതിനിമിത്തം അവർ ജീവിക്കാൻ ഇടയാകുകയില്ല.’

[13] നീതിനിഷ്ഠരോട് നീ തീർച്ചയായും ജീവിക്കും എന്നു ഞാൻ പറയുമ്പോൾ അവർ തങ്ങളുടെ നീതിയിൽ ആശ്രയംവെച്ച് ദുഷ്ടത പ്രവർത്തിക്കുന്നെങ്കിൽ അവർ മുമ്പുചെയ്തിട്ടുള്ള നീതിപ്രവൃത്തികളൊന്നും സ്മരിക്കപ്പെടുകയില്ല; തങ്ങൾചെയ്ത തിന്മനിമിത്തം അവർ മരിക്കും.

[14] ഞാൻ ദുഷ്ടരോട്, ‘നിങ്ങൾ തീർച്ചയായും മരിക്കും’ എന്നു പറയുമ്പോൾ, അവർ തങ്ങളുടെ പാപം വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുമെങ്കിൽ—

[15] തങ്ങൾ പണയമായി വാങ്ങിയതു തിരിച്ചുകൊടുക്കുകയും മോഷ്ടിച്ച വസ്തു തിരിച്ചേൽപ്പിക്കുകയും ജീവൻ നൽകുന്ന നിയമങ്ങൾ അനുസരിക്കുകയും ദോഷം പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം, അവർ തീർച്ചയായും ജീവിക്കും; അങ്ങനെയുള്ളവർ മരിക്കുകയില്ല.

[16] അവർ ചെയ്തുപോയ പാപങ്ങളൊന്നും അവർക്കെതിരേ ഓർക്കപ്പെടുകയില്ല. അവർ നീതിയും ന്യായവുമായുള്ളതു ചെയ്തിരിക്കുന്നു; അവൻ തീർച്ചയായും ജീവിക്കും.

[17] “എന്നിട്ടും നിന്റെ സ്വദേശികൾ: ‘കർത്താവിന്റെ വഴി നീതിയുക്തമല്ല’ എന്നു പറയുന്നു. എന്നാൽ അവരുടെ വഴിയാണ് നീതിയുക്തമല്ലാത്തതായി ഇരിക്കുന്നത്.

[18] നീതിനിഷ്ഠർ തങ്ങളുടെ നീതിനിഷ്ഠ വിട്ടുമാറി ദുഷ്ടത പ്രവർത്തിക്കുന്നെങ്കിൽ അവർ അതുനിമിത്തം മരിക്കും.

[19] എന്നാൽ ഒരു ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിഞ്ഞ് ന്യായവും നീതിയും പ്രവർത്തിക്കുന്നെങ്കിൽ, അതു ചെയ്യുകമൂലം അവൻ ജീവിക്കും.

[20] എന്നിട്ടും ഇസ്രായേൽജനമേ, ‘കർത്താവിന്റെ വഴി നീതിയുക്തമല്ല,’ എന്നു നിങ്ങൾ പറയുന്നു. എങ്കിലും ഞാൻ നിങ്ങളിൽ ഓരോരുത്തരെയും അവരുടെ സ്വന്തവഴികൾ അനുസരിച്ച് ന്യായംവിധിക്കും.”

[21] ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാംവർഷം പത്താംമാസം അഞ്ചാംതീയതി ജെറുശലേമിൽനിന്ന് രക്ഷപ്പെട്ടുപോന്ന ഒരു മനുഷ്യൻ എന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “നഗരം വീണുപോയിരിക്കുന്നു!”

[22] ആ മനുഷ്യൻ വന്നതിന്റെ തലേന്നാൾ വൈകിട്ട് യഹോവയുടെ കൈ എന്റെമേൽ ഉണ്ടായിരുന്നു; ആ മനുഷ്യൻ പ്രഭാതത്തിൽ എന്റെ അടുക്കൽ വരുന്നതിനുമുമ്പ് അവിടന്ന് എന്റെ വായ് തുറന്നു. അങ്ങനെ എന്റെ വായ് തുറക്കപ്പെട്ടതിനാൽ ഞാൻ പിന്നെ മൗനമായിരുന്നില്ല.

[23] യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:

[24] “മനുഷ്യപുത്രാ, ഇസ്രായേൽദേശത്തിന്റെ ശൂന്യാവശിഷ്ടങ്ങളിൽ താമസിക്കുന്നവർ പറയുന്നത്: ‘അബ്രാഹാം ഒരേയൊരു മനുഷ്യനായിരുന്നു; എന്നിട്ടും അദ്ദേഹത്തിനു ദേശംമുഴുവനും അവകാശമായി ലഭിച്ചു. ഞങ്ങളോ, അനേകരാണെങ്കിലും ദേശം അവകാശമായി നൽകപ്പെട്ടിരിക്കുന്നു.’

[25] അതുകൊണ്ട് അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ രക്തത്തോടുകൂടെ മാംസം ഭക്ഷിക്കുകയും നിങ്ങളുടെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുകയും രക്തം ചൊരിയുകയും ചെയ്യുന്നു. അങ്ങനെയുള്ള നിങ്ങൾക്ക് ദേശം അവകാശമായി നൽകണമോ?

[26] നിങ്ങൾ സ്വന്തം വാളിൽ ആശ്രയിക്കുന്നു; നിങ്ങൾ മ്ലേച്ഛമായ കാര്യങ്ങൾ പ്രവർത്തിക്കുന്നു. നിങ്ങളിൽ ഓരോരുത്തൻ തന്റെ അയൽക്കാരന്റെ ഭാര്യയെ വഷളാക്കുന്നു. അങ്ങനെയുള്ള നിങ്ങൾക്ക് ദേശം അവകാശമായി നൽകണമോ?’

[27] “നീ അവരോട് പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ശൂന്യശിഷ്ടങ്ങളിൽ താമസിക്കുന്നവർ വാളാൽ വീഴും; വെളിമ്പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഞാൻ കാട്ടുമൃഗങ്ങൾക്ക് ഇരയാക്കിത്തീർക്കും; കോട്ടകളിലും ഗുഹകളിലും പാർക്കുന്നവർ പകർച്ചവ്യാധിയാൽ നശിക്കും.

[28] ഞാൻ ദേശത്തെ ഒരു ശൂന്യസ്ഥലമാക്കിത്തീർക്കും; അവളുടെ ശക്തിയും പ്രതാപവും അവസാനിക്കും; ഇസ്രായേലിലെ ഗിരിപ്രദേശങ്ങൾ, ആരും വഴിനടക്കാതവണ്ണം ശൂന്യമായിത്തീരും.

[29] അവർ ചെയ്ത എല്ലാ മ്ലേച്ഛകർമങ്ങളുംനിമിത്തം ഞാൻ ദേശത്തെ പാഴും ശൂന്യവുമാക്കുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’

[30] “മനുഷ്യപുത്രാ, നിന്റെ സ്വദേശികൾ നിന്നെക്കുറിച്ച് മതിലുകൾക്കരികെയും വീടിന്റെ വാതിൽക്കലുംവെച്ചു പറയുന്നത്: ‘നിങ്ങൾ യഹോവയിൽനിന്നുള്ള സന്ദേശം വന്നു കേൾക്കുക.’

[31] എന്റെ ജനം പതിവായി ചെയ്യാറുള്ളതുപോലെ നിന്റെ അടുക്കൽവന്ന് നിന്റെ മുമ്പിൽ ഇരുന്ന് നീ പറയുന്ന വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുന്നു; എന്നാൽ അതൊന്നും അവർ പ്രായോഗികമാക്കുന്നില്ല. തങ്ങളുടെ വാകൊണ്ട് അവർ വളരെ സ്നേഹം കാണിക്കുന്നു; അവരുടെ ഹൃദയമോ അന്യായലാഭം കൊതിക്കുന്നു.

[32] വാസ്തവത്തിൽ നീ അവർക്കു വാദ്യം മീട്ടി പ്രേമഗാനങ്ങൾ മധുരസ്വരത്തിൽ പാടുന്ന ഒരുവനെക്കാൾ വലിയ വിശേഷതയൊന്നുമില്ല. അവർ നിന്റെ വാക്കു കേൾക്കുന്നെങ്കിലും അവ അനുസരിക്കുന്നില്ല.

[33] “എന്നാൽ ഇവയെല്ലാം സംഭവിക്കുമ്പോൾ—ഇതാ അതു നിശ്ചയമായും വരുമ്പോൾ—തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്ന് അവർ അറിയും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.”

യെഹെസ്കേലിന്റെ പ്രവചനം — Chapters