Skip to content
Opens in a new window
Listen to this chapter • 10:08

[1] അപ്പോൾ മഹാപുരോഹിതൻ, “ഈ ആരോപണങ്ങൾ സത്യമോ” എന്നു സ്തെഫാനൊസിനോടു ചോദിച്ചു.

[2] അതിന് അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: “സഹോദരന്മാരേ, പിതാക്കന്മാരേ, ദയവായി എന്റെ വാക്കുകൾ കേട്ടാലും! നമ്മുടെ പിതാവായ അബ്രഹാം ഹാരാനിൽ വന്നു താമസിക്കുന്നതിനുമുമ്പ് മെസപ്പൊത്താമ്യയിൽ ആയിരുന്നപ്പോൾ, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി

[3] അദ്ദേഹത്തോട്, ‘നിന്റെ ദേശത്തെയും ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിക്കാനിരിക്കുന്ന ദേശത്തേക്കു പോകുക’ എന്ന് അരുളിച്ചെയ്തു.

[4] “അങ്ങനെ അദ്ദേഹം കൽദായരുടെ നാടുവിട്ട് ഹാരാനിൽ വന്നു താമസിച്ചു. തന്റെ പിതാവിന്റെ മരണശേഷം ദൈവം അദ്ദേഹത്തെ, നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ ദേശത്തേക്ക് അയച്ചു.

[5] അവിടന്ന് അദ്ദേഹത്തിന് ഇവിടെ ഒരുചുവടു ഭൂമിപോലും ഒരവകാശമായി നൽകിയില്ല. ആസമയത്ത് അബ്രഹാമിനു മക്കൾ ജനിച്ചിട്ടില്ലായിരുന്നു. എങ്കിലും അബ്രഹാമും, ശേഷം അദ്ദേഹത്തിന്റെ പിൻഗാമികളും ഈ ദേശം കൈവശമാക്കുമെന്നു ദൈവം അദ്ദേഹത്തിനു വാഗ്ദാനം നൽകി.

[6] ദൈവം അബ്രഹാമിനോട് ഇങ്ങനെ അരുളിച്ചെയ്തു: ‘നിന്റെ പിൻഗാമികൾ സ്വന്തമല്ലാത്ത ഒരു ദേശത്ത് പ്രവാസികളായി താമസിക്കും. നാനൂറുവർഷം അവർ അവിടെ അടിമകളായി പീഡനം സഹിക്കും.

[7] എന്നാൽ അവർ അടിമകളായി സേവിക്കുന്ന രാജ്യത്തെ ഞാൻ ശിക്ഷിക്കും. അതിനുശേഷം അവർ ആ ദേശംവിട്ടു പോരുകയും ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കുകയും ചെയ്യും.’

[8] പിന്നീട് ദൈവം അബ്രഹാമിന് പരിച്ഛേദനമെന്ന ഉടമ്പടി നൽകി. അബ്രഹാമിന് ഇസഹാക്ക് ജനിച്ചു. എട്ടാംദിവസം അദ്ദേഹം ശിശുവിനു പരിച്ഛേദനകർമം നടത്തി. ഇസഹാക്കിൽനിന്നു യാക്കോബും യാക്കോബിൽനിന്നു പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ജനിച്ചു.

[9] “ഗോത്രപിതാക്കന്മാർ അസൂയനിമിത്തം യോസഫിനെ ഒരടിമയായി ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞു.

[10] എന്നാൽ, ദൈവം അദ്ദേഹത്തോടുകൂടെയിരുന്ന് എല്ലാ ദുരിതങ്ങളിൽനിന്നും അദ്ദേഹത്തെ വിടുവിച്ചു. അവിടന്ന് യോസഫിനു ജ്ഞാനം നൽകുകയും ഈജിപ്റ്റിലെ രാജാവായിരുന്ന ഫറവോന്റെ പ്രീതിപാത്രമാകാൻ ഇടയാക്കുകയുംചെയ്തു. അതുകൊണ്ട് ഫറവോൻ അദ്ദേഹത്തെ ഈജിപ്റ്റിന്റെ മാത്രമല്ല തന്റെ രാജധാനിയുടെയുംകൂടെ ഭരണാധിപനായി നിയമിച്ചു.

[11] “അതിനുശേഷം ഈജിപ്റ്റിലെല്ലായിടത്തും കനാനിലും ക്ഷാമവും വലിയ ദുരിതങ്ങളും ഉണ്ടായി. നമ്മുടെ പിതാക്കന്മാർക്ക് ആഹാരം ലഭ്യമല്ലാതായി.

[12] ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്നു കേട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അവിടേക്കയച്ചു.

[13] രണ്ടാമതു ചെന്നപ്പോൾ യോസഫ്, താൻ ആരാണെന്ന് സഹോദരന്മാർക്ക് വ്യക്തമാക്കി. അങ്ങനെ യോസഫിന്റെ കുടുംബത്തെക്കുറിച്ച് ഫറവോൻ അറിഞ്ഞു.

[14] പിന്നീട് യോസഫ് തന്റെ പിതാവായ യാക്കോബിനെയും അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവനും കൂട്ടിക്കൊണ്ടുവരാൻ ആളയച്ചു. അവർ ആകെ എഴുപത്തിയഞ്ചു പേരുണ്ടായിരുന്നു.

[15] അങ്ങനെ യാക്കോബ് ഈജിപ്റ്റിലേക്കു യാത്രയായി. അവിടെ അദ്ദേഹവും നമ്മുടെ പിതാക്കന്മാരും മൃതിയടഞ്ഞു.

[16] അവരുടെ മൃതദേഹങ്ങൾ തിരികെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ ഹാമോരിന്റെ പുത്രന്മാരോട് അബ്രഹാം വില കൊടുത്തു വാങ്ങിയിരുന്ന കല്ലറയിൽ അടക്കംചെയ്തു.

[17] “അബ്രഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം നിറവേറുവാനുള്ള കാലം അടുത്തപ്പോഴേക്കും, ഈജിപ്റ്റിലുണ്ടായിരുന്ന നമ്മുടെ ജനം വളരെ വർധിച്ചിരുന്നു.

[18] പിന്നീട് ‘യോസഫിനെ അറിയാത്ത മറ്റൊരു രാജാവ് ഈജിപ്റ്റിന്റെ ഭരണാധിപനായിത്തീർന്നു.’

[19] അയാൾ നമ്മുടെ ജനത്തോടു കൗശലപൂർവം പ്രവർത്തിക്കുകയും ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും അവരുടെ ശിശുക്കൾ മരിക്കേണ്ടതിന് അവരെ ഉപേക്ഷിച്ചുകളയാൻ നിർബന്ധിക്കുകയുംചെയ്തു.

[20] “ഈ കാലഘട്ടത്തിലാണ് മോശ ജനിച്ചത്. അസാധാരണ സൗന്ദര്യമുള്ള ഒരു ശിശുവായിരുന്നു മോശ. ശിശുവിനെ മൂന്നുമാസം പിതൃഭവനത്തിൽ വളർത്തി.

[21] അതിനുശേഷം കുഞ്ഞിനെ പുറത്ത് ഉപേക്ഷിച്ചുകളഞ്ഞപ്പോൾ ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളർത്തി.

[22] മോശ ഈജിപ്റ്റുകാരുടെ എല്ലാ വിദ്യകളും അഭ്യസിച്ചു; അദ്ദേഹം പ്രഭാഷണകലയിലും ഇതരമേഖലകളിലും പ്രാവീണ്യംനേടുകയും ചെയ്തു.

[23] “മോശ നാൽപ്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചു.

[24] തന്റെ സഹോദരന്മാരിൽ ഒരാളെ ഒരു ഈജിപ്റ്റുകാരൻ ദ്രോഹിക്കുന്നതു കണ്ടിട്ട് മോശ അവന്റെ രക്ഷയ്ക്കു ചെല്ലുകയും ഈജിപ്റ്റുകാരനെ കൊന്ന്, പീഡിതനുവേണ്ടി പ്രതികാരം ചെയ്യുകയുംചെയ്തു.

[25] മോശ കരുതിയത്, സ്വജനത്തിനു വിമോചനം നൽകാൻ ദൈവം അദ്ദേഹത്തെ ഉപയോഗിക്കുന്നു എന്ന് അവർ മനസ്സിലാക്കും എന്നാണ്. എന്നാൽ അവർക്കതു മനസ്സിലായില്ല.

[26] അടുത്തദിവസം, പരസ്പരം ശണ്ഠകൂടിക്കൊണ്ടിരുന്ന രണ്ട് ഇസ്രായേല്യരുടെ സമീപത്ത് മോശ എത്തി, ‘എന്താണിത് മനുഷ്യരേ, നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ എന്തിനു പരസ്പരം ദ്രോഹിക്കുന്നു?’ എന്നു പറഞ്ഞ് അവരെ അനുരഞ്ജിപ്പിക്കാൻ ശ്രമിച്ചു.

[27] “എന്നാൽ, അവരിൽ അക്രമം പ്രവർത്തിച്ചയാൾ മോശയെ തള്ളിമാറ്റിയിട്ടു ചോദിച്ചു, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്?

[28] ഇന്നലെ ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നിന്റെ ഭാവം?’

[29] ഇതു കേട്ടപ്പോൾ മോശ മിദ്യാൻ ദേശത്തേക്ക് ഓടിപ്പോയി അവിടെ ഒരു പ്രവാസിയായി താമസിച്ചു. അവിടെവെച്ച് അദ്ദേഹത്തിനു രണ്ട് പുത്രന്മാർ ജനിച്ചു.

[30] “അവിടെ നാൽപ്പതുവർഷം കഴിഞ്ഞപ്പോൾ സീനായ് മലയുടെ മരുഭൂമിയിൽ, മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി.

[31] മോശ ആ കാഴ്ച കണ്ട് ആശ്ചര്യപ്പെട്ടു സൂക്ഷിച്ചുനോക്കാൻ അടുത്തുചെന്നപ്പോൾ കർത്താവിന്റെ ശബ്ദം കേട്ടു,

[32] ‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്—അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ.’ ഭയംകൊണ്ടു വിറച്ച മോശ പിന്നെ നോക്കാൻ ധൈര്യപ്പെട്ടില്ല.

[33] “അപ്പോൾ കർത്താവ് അദ്ദേഹത്തോട്, ‘നിന്റെ ചെരിപ്പഴിച്ചു മാറ്റുക; നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാണ്.

[34] ഈജിപ്റ്റിൽ എന്റെ ജനം അനുഭവിക്കുന്ന കഷ്ടത ഞാൻ കണ്ടിരിക്കുന്നു, നിശ്ചയം. അവരുടെ ഞരക്കം ഞാൻ കേട്ടിരിക്കുന്നു. അവരെ മോചിപ്പിക്കാൻ ഞാൻ ഇതാ വന്നിരിക്കുന്നു. വരൂ, ഞാൻ നിന്നെ ഈജിപ്റ്റിലേക്ക് തിരികെ അയയ്ക്കും’ എന്ന് പറഞ്ഞു.

[35] “ഈ മോശയെയാണ്, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനും ആക്കിയതാര്?’ എന്നു പറഞ്ഞ് അവർ തിരസ്കരിച്ചത്. മുൾപ്പടർപ്പിൽ വെളിപ്പെട്ട ദൂതൻമുഖേന ദൈവം അദ്ദേഹത്തെ അവർക്ക് അധികാരിയും വിമോചകനുമായിത്തന്നെ നിയോഗിച്ചു.

[36] നാൽപ്പതുവർഷം ഈജിപ്റ്റിലും ചെങ്കടലിലും മരുഭൂമിയിലും അത്ഭുതങ്ങളും ചിഹ്നങ്ങളും പ്രവർത്തിച്ചുകൊണ്ട് മോശ അവരെ നയിച്ചു.

[37] “ഈ മോശതന്നെയാണ് ഇസ്രായേൽമക്കളോട്, നിങ്ങളുടെ സ്വന്തം ജനത്തിൽനിന്ന്, ‘എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ ദൈവം നിങ്ങൾക്കുവേണ്ടി ഉയർത്തും’ എന്ന് പ്രവചിച്ചത്.

[38] അദ്ദേഹമാണ് മരുഭൂമിയിൽ ഇസ്രായേൽജനത്തോടൊപ്പവും സീനായ് മലയിൽ തന്നോടു സംസാരിച്ച ദൂതനോടുകൂടെയും നമ്മുടെ പൂർവപിതാക്കന്മാരോടുകൂടെയിരിക്കുകയും ജീവനുള്ള വചനം കൈപ്പറ്റി നമുക്ക് എത്തിച്ചുതരികയുംചെയ്തത്.

[39] “എന്നാൽ, നമ്മുടെ പിതാക്കന്മാർ മോശയെ അനുസരിക്കാൻ താൽപ്പര്യം കാണിക്കാതെ അദ്ദേഹത്തെ നിഷേധിച്ചു; അവരുടെ ഹൃദയത്തിൽ ഈജിപ്റ്റിലേക്ക് മടങ്ങിപ്പോയിക്കൊണ്ടിരുന്നു.

[40] അവർ അഹരോനോട്: ‘ഞങ്ങളെ നയിക്കാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക. ഈജിപ്റ്റിൽനിന്നു ഞങ്ങളെ കൊണ്ടുവന്ന ഈ മോശയ്ക്ക് എന്തു സംഭവിച്ചുവെന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്ന് പറഞ്ഞു.

[41] അപ്പോഴാണ് അവർ കാളക്കുട്ടിയുടെ രൂപത്തിലുള്ള ഒരു വിഗ്രഹം ഉണ്ടാക്കിയത്. അവർ അതിനു യാഗം അർപ്പിക്കുകയും സ്വന്തം കരങ്ങളുടെ സൃഷ്ടിയിൽ തിമിർത്താടുകയുംചെയ്തു.

[42] എന്നാൽ, ദൈവം അവരിൽനിന്ന് മുഖം തിരിച്ച് ആകാശശക്തികളെ ആരാധിക്കാൻ അവരെ വിട്ടുകളഞ്ഞു. ഇതിനെപ്പറ്റി പ്രവാചകപുസ്തകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: “ ‘ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതുവർഷം നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു നൽകിയോ?

[43] നിങ്ങൾ പൂജിക്കാനുണ്ടാക്കിയ വിഗ്രഹങ്ങളായ മൊലോക്കിന്റെ കൂടാരവും നിങ്ങളുടെ ദേവനായ രേഫാന്റെ നക്ഷത്രവും നിങ്ങൾ എഴുന്നള്ളിച്ചു. ആകയാൽ ഞാൻ നിങ്ങളെ ബാബിലോണിനും അപ്പുറത്തേക്കു നാടുകടത്തും.’

[44] “നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു. അത് മോശയ്ക്കു ദൈവം മാതൃക കാണിച്ച് കൽപ്പന നൽകിയതിന് അനുസൃതമായി നിർമിച്ചതായിരുന്നു.

[45] നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി; അവരുടെ മുമ്പിൽനിന്നു ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ ദേശം അവർ യോശുവയുടെ നേതൃത്വത്തിൽ കൈവശമാക്കിയപ്പോൾ ആ സാക്ഷ്യകൂടാരം അവിടേക്കു കൊണ്ടുവന്നു. ദാവീദിന്റെ കാലംവരെ അത് അവിടെ ഉണ്ടായിരുന്നു.

[46] ദൈവകൃപ ലഭിച്ച ദാവീദ് യാക്കോബിന്റെ ദൈവത്തിന് ഒരു നിവാസസ്ഥാനം നിർമിക്കാൻ ദൈവത്തോട് അനുമതി ചോദിച്ചു.

[47] എന്നാൽ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം പണിതത്.

[48] “എങ്കിലും പരമോന്നതൻ മനുഷ്യനിർമിതമായ മന്ദിരങ്ങളിൽ നിവസിക്കുന്നില്ല. പ്രവാചകൻ ഇങ്ങനെയാണല്ലോ പറയുന്നത്:

[49] “ ‘സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവുമാകുന്നു. നിങ്ങൾ എനിക്കായി പണിയുന്ന മന്ദിരം എങ്ങനെയുള്ളത്? എവിടെയാണ് എന്റെ വിശ്രമസ്ഥലം?

[50] ഈ കാണുന്ന സകലതും എന്റെ കരങ്ങളുടെ നിർമിതിയാണല്ലോ?’ എന്നു കർത്താവ് അരുളിച്ചെയ്യുന്നു.

[51] “ശഠഹൃദയരേ, ഹൃദയത്തിനും കാതുകൾക്കും പരിച്ഛേദനം കഴിഞ്ഞിട്ടില്ലാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെയാണു നിങ്ങളും. എന്നും നിങ്ങൾ പരിശുദ്ധാത്മാവിനെ എതിർക്കുന്നവരാണ്.

[52] നിങ്ങളുടെ പിതാക്കന്മാർ പീഡിപ്പിച്ചിട്ടില്ലാത്ത ഒരൊറ്റ പ്രവാചകനെങ്കിലും ഉണ്ടോ? നീതിമാന്റെ വരവിനെക്കുറിച്ചു പ്രവചിച്ചവരെ നിങ്ങളുടെ പിതാക്കന്മാർ കൊന്നുകളഞ്ഞു.

[53] ദൂതന്മാർ മുഖാന്തരം ന്യായപ്രമാണം ലഭിച്ചവരെങ്കിലും അത് അനുസരിക്കാത്തവരായ നിങ്ങൾ ഇപ്പോൾ ആ നീതിമാനെ തിരസ്കരിച്ച് വധിച്ചിരിക്കുന്നു.”

[54] ഇത്രയും കേട്ടപ്പോൾ അവർ ക്രോധം നിറഞ്ഞവരായി സ്തെഫാനൊസിനുനേരേ പല്ലുകടിച്ചു.

[55] എന്നാൽ, സ്തെഫാനൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗത്തിലേക്കു ശ്രദ്ധിച്ചുനോക്കി, ദൈവതേജസ്സും ദൈവത്തിന്റെ വലതുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു.

[56] “ഇതാ, സ്വർഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ വലതുഭാഗത്തു മനുഷ്യപുത്രൻ നിൽക്കുന്നതും ഞാൻ കാണുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.

[57] അപ്പോൾ, അവർ ചെവി പൊത്തിക്കൊണ്ട് അത്യുച്ചത്തിൽ കൂകിവിളിച്ച് അദ്ദേഹത്തിനുനേരേ ഒരുമിച്ചു പാഞ്ഞുചെന്നു.

[58] അവർ അദ്ദേഹത്തെ നഗരത്തിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കല്ല് എറിയാൻ തുടങ്ങി. സാക്ഷികൾ അവരുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു യുവാവിന്റെ കാൽക്കൽ വെച്ചു.

[59] അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കുമ്പോൾ, “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ” എന്നു സ്തെഫാനൊസ് പ്രാർഥിച്ചു.

[60] പിന്നെ അദ്ദേഹം മുട്ടുകുത്തി “കർത്താവേ, ഈ പാപം അവരുടെമേൽ നിർത്തരുതേ,” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇത് പറഞ്ഞശേഷം അദ്ദേഹം മരണമടഞ്ഞു.

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ — Chapters