[1] പെന്തക്കൊസ്തുനാൾ വന്നെത്തിയപ്പോൾ അവരെല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ച് ഇരിക്കുകയായിരുന്നു.
[2] പെട്ടെന്ന്, കൊടുങ്കാറ്റ് വീശിയടിക്കുന്നതുപോലെ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായി, അത് അവർ ഇരുന്ന വീടാകെ നിറഞ്ഞു.
[3] തീജ്വാലപോലെ പിളർക്കപ്പെട്ട നാവുകൾ അവർക്കു ദൃശ്യമായി; അവ അവരിൽ ഓരോരുത്തരുടെമേൽ ആവസിക്കുകയുംചെയ്തു.
[4] എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി, ആത്മാവ് കഴിവു നൽകിയതുപോലെ അവർക്ക് അന്യമായിരുന്ന ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.
[5] എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഭക്തരായ യെഹൂദർ അപ്പോൾ ജെറുശലേമിൽ വന്നു താമസിക്കുന്നുണ്ടായിരുന്നു.
[6] ഈ ശബ്ദം കേട്ട് ജനങ്ങൾ വന്നുകൂടി; വന്നുകൂടിയ ഓരോരുത്തരുടെയും മാതൃഭാഷയിലുള്ള സംസാരം കേട്ട് അവർ സംഭ്രാന്തരായി.
[7] അത്ഭുതപരതന്ത്രരായ അവർ ആശ്ചര്യത്തോടെ ഇങ്ങനെ പരസ്പരം പറഞ്ഞു: “നോക്കൂ, ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലേ?
[8] പിന്നെ നാം ഓരോരുത്തരും ജനിച്ച നമ്മുടെ സ്വന്തംഭാഷയിൽ ഇവർ സംസാരിച്ചുകേൾക്കുന്നതെങ്ങനെ?
[9] പാർഥ്യരും മേദ്യരും ഏലാമ്യരും; മെസപ്പൊത്താമ്യ, യെഹൂദ്യാ, കപ്പദോക്യ,
[10] പൊന്തൊസ്, ഏഷ്യാപ്രവിശ്യ, ഫ്രുഗ്യ, പംഫുല്യ, ഈജിപ്റ്റ്, കുറേനയ്ക്കു സമീപമുള്ള ലിബ്യാപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജീവിക്കുന്നവരും; റോമിൽനിന്നു വന്ന സന്ദർശകരായ യെഹൂദരും യെഹൂദമതം സ്വീകരിച്ചവരും ക്രേത്തരും അറബികളും ആയ നാം
[11] നമ്മുടെ ഭാഷകളിൽ ദൈവത്തിന്റെ അത്ഭുതകാര്യങ്ങൾ, ഇവർ പ്രസ്താവിക്കുന്നതു കേൾക്കുന്നു!”
[12] എല്ലാവരും അത്ഭുതവും പരിഭ്രാന്തിയും നിറഞ്ഞവരായി “ഇത് എന്തായിരിക്കുമോ?” എന്ന് പരസ്പരം ചോദിച്ചു.
[13] എന്നാൽ മറ്റുചിലർ, “പുതുവീഞ്ഞിനാൽ ഇവർ ഉന്മത്തരായിരിക്കുന്നു” എന്ന് പറഞ്ഞ് പരിഹസിച്ചു.
[14] അപ്പോൾ പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി ജനത്തെ അഭിസംബോധനചെയ്ത് ഇങ്ങനെ വിശദീകരിച്ചു: “യെഹൂദജനതേ, ജെറുശലേം നിവാസികൾ എല്ലാവരുമേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക, ഞാൻ വിശദീകരിക്കാം.
[15] നിങ്ങൾ ചിന്തിക്കുന്നതുപോലെ ഇവർ ലഹരിപിടിച്ചവരല്ല; കാരണം, ഇപ്പോൾ രാവിലെ ഒമ്പതു മണിമാത്രമല്ലേ ആയിട്ടുള്ളൂ?
[16] യോവേൽ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തിട്ടുള്ളതാണ് ഇത്:
[17] “ ‘അന്തിമനാളുകളിൽ ഞാൻ, എല്ലാ വ്യക്തികളുടെമേലും എന്റെ ആത്മാവിനെ സമൃദ്ധിയായി നൽകും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും, നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
[18] എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ സമൃദ്ധിയായി നൽകും, അവരും പ്രവചിക്കും.
[19] ഞാൻ ഉയരെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ ചിഹ്നങ്ങളും നൽകും— രക്തവും തീയും പുകയുന്ന നീരാവിയുംതന്നെ.
[20] കർത്താവിന്റെ ശ്രേഷ്ഠവും തേജോമയവുമായ ദിവസം വരുന്നതിനു മുമ്പേ സൂര്യൻ ഇരുളായി മാറുകയും ചന്ദ്രൻ രക്തമായിത്തീരുകയുംചെയ്യും.
[21] കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും എന്ന് ദൈവം അരുളിച്ചെയ്യുന്നു.’
[22] “ഇസ്രായേൽജനതേ, ഈ വാക്കുകൾ കേട്ടാലും: നസറെത്തുകാരനായ യേശു, ദൈവം അദ്ദേഹത്തിലൂടെ നിങ്ങളുടെ മധ്യത്തിൽ ചെയ്ത വീര്യപ്രവൃത്തികളും അത്ഭുതങ്ങളും ചിഹ്നങ്ങളുംമുഖേന ദൈവംതന്നെ സാക്ഷ്യപ്പെടുത്തിയ വ്യക്തി ആയിരുന്നു എന്നു നിങ്ങൾക്ക് അറിവുള്ളതാണല്ലോ.
[23] ദൈവം തന്റെ നിശ്ചിതപദ്ധതിയാലും പൂർവജ്ഞാനത്താലും അദ്ദേഹത്തെ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നു. എന്നാൽ പ്രമാണരഹിതരായവരുടെ സഹായത്തോടെ നിങ്ങൾ അദ്ദേഹത്തെ ക്രൂശിന്മേൽ തറച്ചുകൊന്നു.
[24] എന്നാൽ, മരണത്തിന്റെ അതിതീവ്രവേദനയിൽ അടക്കിവെക്കാതെ അതിന്റെ ബന്ധനങ്ങളഴിച്ച് ദൈവം അദ്ദേഹത്തെ ഉയിർപ്പിച്ചു; മരണത്തിന് അദ്ദേഹത്തെ ബന്ധിതനാക്കിവെക്കുന്നത് അസാധ്യമായിരുന്നു.
[25] ക്രിസ്തുവിനെക്കുറിച്ച് ദാവീദ് പറയുന്നത് ഇപ്രകാരമാണ്: “ ‘ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ ദർശിക്കുന്നു; അവിടന്ന് എന്റെ വലതുഭാഗത്ത് ഉള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.
[26] അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു; എന്റെ ശരീരവും പ്രത്യാശയിൽ നിവസിക്കും.
[27] എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല; അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അനുവദിക്കയുമില്ല.
[28] ജീവന്റെ വഴികൾ അവിടന്ന് എന്നെ അറിയിച്ചു; തിരുസന്നിധിയിൽ എന്നെ ആനന്ദപരിപൂർണനാക്കും.’
[29] “സഹോദരങ്ങളേ, പൂർവപിതാവായ ദാവീദിനെക്കുറിച്ച്, അദ്ദേഹം മരിച്ചു എന്നും അടക്കപ്പെട്ടു എന്നും എനിക്ക് നിങ്ങളോട് ഉറപ്പായി പറയാൻ കഴിയും; അദ്ദേഹത്തിന്റെ കല്ലറ ഇന്നുവരെ നമ്മുടെ മധ്യേ ഇവിടെ ഉണ്ടല്ലോ.
[30] ദാവീദ് ഒരു പ്രവാചകൻ ആയിരുന്നു: തന്റെ സിംഹാസനത്തിൽ അദ്ദേഹത്തിന്റെ പിൻഗാമികളിൽ ഒരാളെ ദൈവം ഇരുത്തും എന്ന് അദ്ദേഹത്തോട് ആണയിട്ട് ശപഥംചെയ്ത കാര്യം ദാവീദിന് അറിയാമായിരുന്നു.
[31] ‘അദ്ദേഹത്തെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അദ്ദേഹത്തിന്റെ ശരീരം ജീർണത കണ്ടതുമില്ല’ എന്നു ദാവീദ് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട് പ്രവചിച്ചു.
[32] ഈ യേശുവിനെ ദൈവം ഉയിർപ്പിച്ചു; അതിനു ഞങ്ങളെല്ലാവരും സാക്ഷികളാകുന്നു.
[33] അദ്ദേഹം ദൈവത്തിന്റെ വലതുഭാഗത്തേക്ക് ഉയർത്തപ്പെട്ടിട്ട്, പരിശുദ്ധാത്മാവ് എന്ന വാഗ്ദാനം പിതാവിൽനിന്നു സ്വീകരിച്ച്, സമൃദ്ധിയായി നൽകിയതാണ് നിങ്ങൾ ഈ കാണുകയും കേൾക്കുകയുംചെയ്യുന്നത്.
[34] ദാവീദ് സ്വർഗാരോഹണം ചെയ്തില്ലല്ലോ! എങ്കിലും അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “ ‘കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ,
[35] നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.” ’
[36] “അതുകൊണ്ട്, നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെത്തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചിരിക്കുന്നു എന്ന് ഇസ്രായേൽജനം എല്ലാം നിസ്സന്ദേഹം അറിഞ്ഞുകൊള്ളട്ടെ.”
[37] ഇത് കേട്ട ജനം ഹൃദയത്തിൽ മുറിവേറ്റവരായി പത്രോസിനോടും മറ്റ് അപ്പൊസ്തലന്മാരോടും, “സഹോദരന്മാരേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” എന്ന് ചോദിച്ചു.
[38] പത്രോസ് അവരോടു പറഞ്ഞു: “നിങ്ങൾ ഓരോരുത്തരും പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്കു മടങ്ങുകയും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുകയുംചെയ്യുക; അപ്പോൾ നിങ്ങളുടെ പാപങ്ങൾ മോചിക്കപ്പെടും, പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങൾക്കു ലഭിക്കും.
[39] നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുത്തേക്കു വിളിക്കുന്ന എല്ലാവർക്കുംവേണ്ടി ഉള്ളതാണ് ഈ വാഗ്ദാനം—നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും മാത്രമല്ല, വിദൂരസ്ഥരായ എല്ലാവർക്കുംകൂടിയാണ്.”
[40] ഇത് മാത്രമല്ല, മറ്റനേകം വാക്കുകളിലൂടെ പത്രോസ് അവർക്കു സാക്ഷ്യം നൽകുകയും “വക്രതയുള്ള ഈ തലമുറയിൽനിന്നു രക്ഷിക്കപ്പെടുക,” എന്ന് പ്രബോധിപ്പിക്കുകയുംചെയ്തു.
[41] അദ്ദേഹത്തിന്റെസന്ദേശം അംഗീകരിച്ചവർ സ്നാനം സ്വീകരിച്ചു. അന്നു മൂവായിരത്തോളംപേർ അവരോടു ചേർന്നു.
[42] അവർ അപ്പൊസ്തലന്മാരുടെ ഉപദേശത്തിലും സഹവർത്തിത്വത്തിലും കർത്തൃമേശാചരണത്തിലും പ്രാർഥനയിലും അർപ്പണബോധത്തോടെ തുടർന്നുവന്നു.
[43] അപ്പൊസ്തലന്മാർമുഖേന സംഭവിച്ചുകൊണ്ടിരുന്ന അനവധി അത്ഭുതങ്ങളും ചിഹ്നങ്ങളുംനിമിത്തം എല്ലാവരുടെയും മനസ്സിൽ ഭക്ത്യാദരങ്ങൾ നിറഞ്ഞു.
[44] വിശ്വാസികൾ എല്ലാവരും ഏകഹൃദയത്തോടെ ഒരിടത്തു കൂടിവരികയും വസ്തുവകകൾ എല്ലാം എല്ലാവരുടേതും എന്നപോലെ കരുതുകയുംചെയ്തു.
[45] തങ്ങളുടെ വസ്തുവകകളും മറ്റു സമ്പാദ്യങ്ങളും വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം അവർ എല്ലാവർക്കുമായി പങ്കിട്ടു.
[46] അവർ നാൾതോറും നിരന്തരമായി ദൈവാലയാങ്കണത്തിൽ ഏകഹൃദയത്തോടെ കൂടിവരികയും വീടുകൾതോറും അപ്പംനുറുക്കുകയും ആനന്ദത്തോടെയും ആത്മാർഥതയോടെയും ഭക്ഷണം കഴിക്കുകയും
[47] ദൈവത്തെ സ്തുതിക്കുകയുംചെയ്തു. അവർ സകലരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു. ഓരോദിവസവും രക്ഷിക്കപ്പെടുന്നവരെ കർത്താവ് ആ കൂട്ടത്തോട് ചേർത്തുകൊണ്ടിരുന്നു.