Skip to content
Opens in a new window
Listen to this chapter • 9:18

[1] അന്ത്യോക്യയിലെ സഭയിൽ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ആയ ബർന്നബാസ്, നിഗർ എന്നു വിളിക്കപ്പെട്ട ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഭരണാധികാരി യായ ഹെരോദാവിനോടൊപ്പം വളർത്തപ്പെട്ട മനായേൻ, ശൗൽ എന്നിവർ ഉണ്ടായിരുന്നു.

[2] അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ, പരിശുദ്ധാത്മാവ് അവരോട്, “ഞാൻ അവരെ വിളിച്ചിരിക്കുന്ന വേലയ്ക്കായി ബർന്നബാസിനെയും ശൗലിനെയും വേർതിരിക്കുക” എന്ന് പറഞ്ഞു.

[3] അങ്ങനെ അവർ തുടർന്നും ഉപവസിച്ചു പ്രാർഥിച്ചശേഷം ബർന്നബാസിന്റെയും ശൗലിന്റെയുംമേൽ കൈകൾവെച്ച് അവരെ യാത്രയയച്ചു.

[4] പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ അയയ്ക്കപ്പെട്ട ബർന്നബാസും ശൗലും സെലൂക്യയിലെത്തി സൈപ്രസിലേക്കു കപ്പൽകയറി,

[5] അവിടെ സലമീസ് എന്ന പട്ടണത്തിൽ എത്തി. അവർ യെഹൂദപ്പള്ളികളിൽ ദൈവവചനം പ്രസംഗിച്ചു. യോഹന്നാൻ അവർക്കു സഹായിയായി ഉണ്ടായിരുന്നു.

[6] അവർ ദ്വീപിൽ എല്ലായിടത്തും സഞ്ചരിച്ച് ഒടുവിൽ പാഫോസ് നഗരത്തിലെത്തി. അവിടെ ബർയേശു എന്നു പേരുള്ള വ്യാജപ്രവാചകനായ ഒരു യെഹൂദമന്ത്രവാദിയെ കണ്ടുമുട്ടി.

[7] അയാൾ സെർഗിയോസ് പൗലോസ് എന്ന ഭരണാധികാരിയുടെ സുഹൃത്തായിരുന്നു. ബുദ്ധിമാനായിരുന്ന ഭരണാധികാരി ദൈവവചനം കേൾക്കാൻ ആഗ്രഹിച്ച് ബർന്നബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി.

[8] എന്നാൽ “എലീമാസ്,” എന്ന ആ മന്ത്രവാദി (ഗ്രീക്കുകാർക്കിടയിൽ അയാൾ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) അവരെ എതിർക്കുകയും ഭരണാധികാരിയെ വിശ്വാസത്തിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിക്കുകയുംചെയ്തു.

[9] അപ്പോൾ പൗലോസ് എന്നുകൂടെ പേരുള്ള ശൗൽ പരിശുദ്ധാത്മാവു നിറഞ്ഞവനായി എലീമാസിനെ ഉറ്റുനോക്കി ഇങ്ങനെ പറഞ്ഞു,

[10] “പിശാചിന്റെ മകനേ, എല്ലാ നന്മയുടെയും ശത്രുവേ, സകലവിധ വഞ്ചനയും കൗശലവും നിന്നിൽ നിറഞ്ഞിരിക്കുന്നു. കർത്താവിന്റെ നേർപാതകൾ വികലമാക്കുന്നതു നീ നിർത്തുകയില്ലേ?

[11] ഇപ്പോഴിതാ, കർത്താവിന്റെ കരം നിനക്കു വിരോധമായിരിക്കുന്നു. കുറെക്കാലത്തേക്കു നീ അന്ധനായി, സൂര്യന്റെ പ്രകാശംപോലും കാണാൻ കഴിയാത്തവനായിരിക്കും.” ഉടൻതന്നെ ഇരുട്ടും ഒരു മൂടലും അയാളുടെ കണ്ണുകളെ ആവരണംചെയ്തു. ആരെങ്കിലും തന്നെ കൈപിടിച്ചു നടത്താൻ അപേക്ഷിച്ചുകൊണ്ട് അയാൾ തപ്പിത്തടഞ്ഞു.

[12] ഈ സംഭവിച്ചതുകണ്ട് വിസ്മയഭരിതനായി ഭരണാധികാരി കർത്താവിന്റെ ഉപദേശത്തിൽ വിശ്വസിച്ചു.

[13] പൗലോസും കൂടെയുള്ളവരും പാഫോസിൽനിന്ന് കപ്പൽകയറി പംഫുല്യയിലെ പെർഗയിൽ എത്തി. യോഹന്നാൻ അവരെ വിട്ട് അവിടെനിന്ന് ജെറുശലേമിലേക്കു മടങ്ങി.

[14] അവർ പെർഗയിൽനിന്ന് യാത്രപുറപ്പെട്ട് പിസിദ്യയിലെ അന്ത്യോക്യയിൽ വന്നുചേർന്നു. ശബ്ബത്തുദിവസം അവർ യെഹൂദപ്പള്ളിയിൽച്ചെന്ന് അവിടെ ഇരുന്നു.

[15] ന്യായപ്രമാണത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നുമുള്ള വായനയ്ക്കുശേഷം പള്ളിമുഖ്യന്മാർ അവരോട്, “സഹോദരന്മാരേ, ജനത്തിനു നൽകാൻ വല്ല പ്രബോധനവചനം നിങ്ങൾക്കുണ്ടെങ്കിൽ സംസാരിച്ചാലും” എന്ന് അറിയിച്ചു.

[16] പൗലോസ് എഴുന്നേറ്റുനിന്ന് ആംഗ്യം കാട്ടിക്കൊണ്ട് ഇപ്രകാരം സംസാരിച്ചു: “ഇസ്രായേൽജനമേ, ദൈവഭക്തരേ, എന്റെ വാക്കുകൾ ശ്രദ്ധിച്ച് കേൾക്കുക.

[17] ഇസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പൂർവപിതാക്കന്മാരെ തെരഞ്ഞെടുത്തു; അവർ ഈജിപ്റ്റിൽ താമസിക്കുന്നകാലത്ത് വളരെ വർധിച്ചു; ദൈവം തന്റെ മഹാശക്തിയാൽ അവരെ ആ ദേശത്തുനിന്നു മോചിപ്പിച്ചു;

[18] മരുഭൂമിയിൽവെച്ചുള്ള അവരുടെ പെരുമാറ്റം നാൽപ്പതുവർഷത്തോളം ക്ഷമയോടെ സഹിച്ചു.

[19] അവിടന്ന് കനാനിലുണ്ടായിരുന്ന ഏഴു ജാതികളെ പുറത്താക്കി അവരുടെ ദേശം നമ്മുടെ പൂർവപിതാക്കന്മാർക്ക് അവകാശമായി കൊടുത്തു.

[20] അങ്ങനെ ഏകദേശം നാനൂറ്റമ്പതുവർഷം കഴിഞ്ഞു. “അതിനുശേഷം, ശമൂവേൽ പ്രവാചകന്റെ കാലംവരെ ഭരണാധിപന്മാരെ കൊടുത്തു.

[21] പിന്നെ ജനം ഒരു രാജാവിനെ ആവശ്യപ്പെട്ടു. അപ്പോൾ അവിടന്ന് അവർക്ക് ബെന്യാമിൻഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ രാജാവായി കൊടുക്കുകയും അദ്ദേഹം നാൽപ്പതുവർഷം ഭരണം നടത്തുകയുംചെയ്തു.

[22] ശൗലിനെ നീക്കംചെയ്തിട്ട് ദൈവം ദാവീദിനെ അവരുടെ രാജാവാക്കി. ദാവീദിനെക്കുറിച്ച് അവിടന്ന്, ‘ഞാൻ യിശ്ശായിയുടെ പുത്രനായ ദാവീദിനെ എന്റെ ഹൃദയത്തിനുചേർന്ന ഒരു മനുഷ്യനായി കണ്ടിരിക്കുന്നു. അവൻ എന്റെ ഹിതമെല്ലാം നിറവേറ്റും’ എന്ന് അരുളിച്ചെയ്തു.

[23] “അദ്ദേഹത്തിന്റെ പിൻതലമുറകളിൽനിന്നു ദൈവം തന്റെ വാഗ്ദാനപ്രകാരം യേശു എന്ന രക്ഷകനെ ഇസ്രായേലിനു നൽകി.

[24] യേശു വരുന്നതിനുമുമ്പേ യോഹന്നാൻ എല്ലാ ഇസ്രായേൽജനങ്ങളോടും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.

[25] തന്റെ ദൗത്യം അവസാനിക്കാറായപ്പോൾ യോഹന്നാൻ, ‘നിങ്ങൾ എന്നെ ആരെന്നു കരുതുന്നു? നിങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന ആൾ ഞാനല്ല, ഒരാൾ എന്റെ പിന്നാലെ വരുന്നുണ്ട്. അവിടത്തെ ചെരിപ്പ് അഴിക്കുന്ന അടിമയാകാൻപോലും ഞാൻ യോഗ്യനല്ല’ എന്ന് പറഞ്ഞു.

[26] “അബ്രഹാമിന്റെ മക്കളായ എന്റെ സഹോദരങ്ങളെ, നിങ്ങളുടെ മധ്യേവസിക്കുന്ന ദൈവഭക്തരേ, രക്ഷയുടെ ഈസന്ദേശം ദൈവം അയച്ചിരിക്കുന്നതു നമുക്കുവേണ്ടിയാണ്.

[27] ജെറുശലേം നിവാസികളും അവരുടെ ഭരണകർത്താക്കളും യേശുവിനെ തിരിച്ചറിഞ്ഞില്ലെന്നുമാത്രമല്ല, ശബ്ബത്തുതോറും വായിച്ചുപോരുന്ന പ്രവാചകവാക്യങ്ങളെയും തിരിച്ചറിഞ്ഞില്ല. അവർ അദ്ദേഹത്തെ വധശിക്ഷ വിധിച്ചതിലൂടെ, ആ വചനങ്ങൾ നിറവേറപ്പെട്ടു.

[28] വധശിക്ഷയ്ക്കു മതിയായ അടിസ്ഥാനം ഇല്ലാതിരുന്നിട്ടുകൂടി അദ്ദേഹത്തെ വധിക്കണമെന്ന് അവർ പീലാത്തോസിനോട് ആവശ്യപ്പെട്ടു.

[29] അദ്ദേഹത്തെപ്പറ്റി എഴുതിയിരുന്നതെല്ലാം നിറവേറ്റപ്പെട്ടതിനുശേഷം അവർ അദ്ദേഹത്തെ ക്രൂശിൽനിന്ന് ഇറക്കി ഒരു കല്ലറയിൽ വെച്ചു.

[30] എന്നാൽ ദൈവമോ, അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിച്ചു.

[31] യേശുവിനെ ഗലീലയിൽനിന്നു ജെറുശലേമിലേക്ക് അനുഗമിച്ചവർക്ക് അദ്ദേഹം പലതവണ പ്രത്യക്ഷനായി. അവർ ഇപ്പോൾ നമ്മുടെ ജനത്തിന്റെ മുമ്പിൽ അദ്ദേഹത്തിന്റെ സാക്ഷികളാണ്.

[32] “ദൈവം നമ്മുടെ പൂർവപിതാക്കന്മാർക്കു നൽകിയിരുന്ന വാഗ്ദാനം അവിടന്ന് യേശുവിനെ ഉയിർപ്പിച്ചതിലൂടെ അവരുടെ മക്കളായ നമുക്കുവേണ്ടി പൂർത്തീകരിച്ചിരിക്കുന്നു. ഈ സദ്വർത്തമാനം ഞങ്ങൾ നിങ്ങളോടറിയിക്കുന്നു. രണ്ടാംസങ്കീർത്തനത്തിൽ: “ ‘നീ എന്റെ പുത്രൻ, ഇന്നു ഞാൻ നിന്റെ പിതാവായിത്തീർന്നിരിക്കുന്നു’ എന്നെഴുതിയിരിക്കുന്നല്ലോ.

[34] യേശു ഒരിക്കലും ജീർണതയ്ക്ക് വിധേയനാകാത്തവിധം ദൈവം അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരിക്കുന്നു. വചനത്തിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ, “ ‘ദാവീദിനു വാഗ്ദാനംചെയ്ത വിശുദ്ധവും ഉറപ്പുള്ളതുമായ അനുഗ്രഹങ്ങൾ ഞാൻ നിങ്ങൾക്കു നൽകും.’

[35] മറ്റൊരിടത്ത് ഇങ്ങനെയും പ്രതിപാദിക്കുന്നു, “ ‘നിന്റെ പരിശുദ്ധനെ ജീർണത കാണാൻ അങ്ങ് അനുവദിക്കുകയില്ല.’

[36] “ദാവീദ് തന്റെ തലമുറയിൽ ദൈവോദ്ദേശ്യം നിറവേറ്റിയശേഷം നിദ്രപ്രാപിച്ചു; പിതാക്കന്മാരോടൊപ്പം അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശരീരം ജീർണിച്ചുപോകുകയുംചെയ്തു.

[37] എന്നാൽ ദൈവം, മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിച്ച ക്രിസ്തുവോ ജീർണത കണ്ടില്ല.

[38] “അതിനാൽ സഹോദരങ്ങളേ, യേശുവിലൂടെ ലഭിക്കുന്ന പാപക്ഷമയാണ് ഞങ്ങൾ നിങ്ങളോട് ഉദ്ഘോഷിച്ചിരിക്കുന്നത്. നിങ്ങൾ അത് വ്യക്തമായി ഗ്രഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

[39] മോശയുടെ ന്യായപ്രമാണം ആചരിക്കുന്നതിലൂടെ അസാധ്യമായിരുന്ന പാപനിവാരണമെന്ന നീതീകരണം യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ സാധ്യമാകുന്നു.

[40] “പരിഹാസികളേ, നോക്കുക; ആശ്ചര്യപ്പെട്ടു നശിച്ചുപോകുക. നിങ്ങളുടെകാലത്ത് ഞാൻ കാര്യംചെയ്യും; ആരു പറഞ്ഞാലും നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത ഒരുകാര്യംതന്നെ.” എന്നിങ്ങനെ പ്രവാചകന്മാർ പ്രസ്താവിച്ചിട്ടുള്ളതു നിങ്ങൾക്കു ഭവിക്കാതിരിക്കാൻ സൂക്ഷിക്കുക.

[42] പൗലോസും ബർന്നബാസും പള്ളിവിട്ടു പോകുമ്പോൾ, അടുത്ത ശബ്ബത്തിലും ഈ കാര്യങ്ങളെപ്പറ്റി കൂടുതലായി സംസാരിക്കണമെന്നു ജനങ്ങൾ അവരോട് അപേക്ഷിച്ചു.

[43] യോഗം പിരിഞ്ഞശേഷം അനേക യെഹൂദരും യെഹൂദമതം സ്വീകരിച്ച ഭക്തരായ അനേകരും പൗലോസിനെയും ബർന്നബാസിനെയും അനുഗമിച്ചു; അവർ ആ കൂട്ടത്തോടു സംസാരിക്കുകയും ദൈവകൃപയിൽ നിലനിൽക്കാൻ പ്രോത്സാഹിപ്പിക്കുകയുംചെയ്തു.

[44] അടുത്ത ശബ്ബത്തുദിവസം പട്ടണവാസികൾ ഏതാണ്ട് എല്ലാവരുംതന്നെ കർത്താവിന്റെ വചനം കേൾക്കാൻ വന്നുകൂടി.

[45] ജനക്കൂട്ടത്തെക്കണ്ട്, അസൂയാലുക്കളായ യെഹൂദർ പൗലോസ് പറഞ്ഞതിനെ എതിർക്കുകയും അദ്ദേഹത്തെ ദുഷിച്ചു സംസാരിക്കുകയുംചെയ്തു.

[46] അപ്പോൾ പൗലോസും ബർന്നബാസും ധൈര്യപൂർവം ഇങ്ങനെ പറഞ്ഞു: “ദൈവവചനം ആദ്യം നിങ്ങളോടു പറയേണ്ടത് ആവശ്യമായിരുന്നു. എന്നാൽ നിങ്ങൾ അത് തിരസ്കരിച്ച് നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യരെന്നു തെളിയിച്ചിരിക്കുകയാൽ ഞങ്ങളിപ്പോൾ യെഹൂദരല്ലാത്ത ജനങ്ങളിലേക്കു തിരിയുന്നു.

[47] “നീ ഭൂമിയുടെ അതിരുകൾവരെ രക്ഷ എത്തിക്കേണ്ടതിനു ഞാൻ നിന്നെ യെഹൂദേതരർക്ക് ഒരു പ്രകാശമാക്കിയിരിക്കുന്നു,” എന്നു കർത്താവ് ഞങ്ങളോടു കൽപ്പിച്ചിട്ടുണ്ട്.

[48] ഇതു കേട്ടപ്പോൾ യെഹൂദേതരർ ആനന്ദിച്ച് കർത്താവിന്റെ വചനത്തെ പ്രകീർത്തിച്ചു. നിത്യജീവനുവേണ്ടി നിയോഗിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.

[49] കർത്താവിന്റെ വചനം ആ പ്രദേശത്തെല്ലാം പ്രചരിച്ചു.

[50] എന്നാൽ, യെഹൂദനേതാക്കന്മാർ ദൈവഭക്തരായ പ്രമുഖവനിതകളെയും പട്ടണത്തിലെ പ്രധാനികളെയും എരികേറ്റി. അവർ പൗലോസിനും ബർന്നബാസിനുംനേരേ പീഡനം അഴിച്ചുവിട്ടു; അവരെ ആ പ്രദേശത്തുനിന്നു പുറത്താക്കി.

[51] അവരോ തങ്ങളുടെ പാദങ്ങളിലെ പൊടി അവർക്കെതിരെ കുടഞ്ഞുകളഞ്ഞശേഷം ഇക്കോന്യയിലേക്കു പോയി.

[52] ശിഷ്യന്മാരാകട്ടെ, ആനന്ദവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ — Chapters