Skip to content
Opens in a new window
Listen to this chapter • 4:14

[1] സഹോദരീ സഹോദരന്മാരേ, മുന്‍കാലങ്ങളില്‍ എനിക്കു നിങ്ങളോടു ആത്മീയ മനുഷ്യരോടെന്നപോലെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. ക്രിസ്തുവില്‍ ശിശുക്കളായ നിങ്ങളോട് ലൌകീകരോടെന്നപോലെ എനിക്കു സംസാരിക്കാനായുള്ളൂ.

[2] ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ ഉപദേശങ്ങള്‍ പാലുപോലെയായിരുന്നു. ഖരാഹാരം പോലെയായിരുന്നില്ല. നിങ്ങള്‍ ഖരാഹാരത്തിനു പാകമല്ലാതിരുന്നതിനാലാണു ഞാനങ്ങനെ ചെയ്തത്. ഇപ്പോള്‍ പോലും നിങ്ങള്‍ ഖരാഹാരത്തിനു പാകമല്ല.

[3] നിങ്ങളിപ്പോഴും ആത്മീയ മനുഷ്യരല്ല. നിങ്ങള്‍ അസൂയാലുക്കളും പരസ്പരം തര്‍ക്കിക്കുന്നവരുമാണ്. നിങ്ങള്‍ ആത്മീയ മനുഷ്യരല്ലെന്ന് അതു കാണിക്കുന്നു. ലൌകികരെപ്പോലെ തന്നെയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

[4] നിങ്ങളിലൊരുവന്‍ പറയുന്നു, “ഞാന്‍ പൌലൊസിന്‍റെ അനുയായിയാണ്.” മറ്റൊരാള്‍ പറയുന്നു, “ഞാന്‍ അപ്പൊല്ലോസിന്‍റെ അനുയായിയാണ്.” നിങ്ങള്‍ അങ്ങനെയൊക്കെ പറയുമ്പോള്‍ നിങ്ങള്‍ ലൌകികരെപ്പോലെ പെരുമാറുകയാണ്.

[5] അപ്പൊല്ലോസ് അത്ര പ്രധാനിയാണോ? അല്ല! പൌലൊസോ അല്ല! നിങ്ങളെ വിശ്വാസികളാക്കാന്‍ സഹായിച്ച ദൈവത്തിന്‍റെ ദാസന്മാര്‍ മാത്രമാണു ഞങ്ങള്‍. ദൈവം നിയോഗിച്ച കാര്യങ്ങളാണ് ഞങ്ങളില്‍ ഓരോരുത്തരും ചെയ്തത്.

[6] ഞാന്‍ വിത്തു നടുകയും അപ്പൊല്ലോസ് അതിനു വെള്ളമൊഴിയ്ക്കുകയും ചെയ്തു. പക്ഷേ വിത്തു വളര്‍ത്തിയതു ദൈവമാണ്.

[7] അതിനാല്‍ വിത്തു നട്ടവനോ അതിനു വെള്ളമൊഴിച്ചവനോ അല്ല പ്രധാനി. ദൈവമാണു പ്രധാനം, കാരണം അവനാണല്ലൊ വളര്‍ത്തുന്നത്.

[8] നടുന്നവനും വെള്ളമൊഴിയ്ക്കുന്നവനും ഒരേ കര്‍മ്മമാണ് ഉള്ളത്. ഓരോരുത്തരും അവരവരുടെ പ്രവൃത്തിയ്ക്ക് സമ്മാനിതരാകുകയും ചെയ്യും.

[9] ഞങ്ങള്‍ ദൈവത്തിനായി ഒത്തുകൂടിയ പണിക്കാരാണ്. നിങ്ങളാകട്ടെ ദൈവത്തിന്‍റെ കൃഷിയിടവുമാകുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ ഒരു ഗൃഹവുമാകുന്നു.

[10] സമര്‍ത്ഥനായ ഒരു പണിക്കാരനെപ്പോലെ ഞാന്‍ ആ ഗൃഹത്തിന്‍റെ അടിത്തറ പണിതു. അങ്ങനെ ചെയ്യാന്‍ ദൈവം എനിക്കു തന്ന വരം ഞാനുപയോഗിച്ചു. മറ്റുള്ളവര്‍ ആ അടിത്തറമേലാണ് പണിയുന്നത്. പക്ഷേ ഓരോരുത്തരും താനെങ്ങനെയാണു പണിയുന്നതെന്നതില്‍ ശ്രദ്ധാലുവായിരിക്കണം.

[11] അടിത്തറയിട്ടുകഴിഞ്ഞു. മറ്റാര്‍ക്കും ഇനി മറ്റൊരു അടിത്തറ പണിയാനാവില്ല. പണിതു കഴിഞ്ഞ അടിത്തറ യേശുക്രിസ്തുവാകുന്നു.

[12] ആ അടിത്തറമേല്‍ ആര്‍ക്കുവേണമെങ്കിലും സ്വര്‍ണ്ണം, വെള്ളി, രത്നം, തടി, പുല്ല്, വൈക്കോല്‍ എന്നിവയില്‍ ഏതുകൊണ്ടു വേണമെങ്കിലും പണിയാം.

[13] പക്ഷേ ഓരോരുത്തര്‍ ചെയ്യുന്ന പണിയും വ്യക്തമായി കാണപ്പെടും. കാരണം, ആ ദിവസം അവയെല്ലാം തുറന്നു കാട്ടപ്പെടും. തീയോടുകൂടി ആ ദിവസം വരും. അത് ഓരോരുത്തരുടെ പ്രവൃത്തിയും പരിശോധിക്കും.

[14] അഗ്നിപരീക്ഷയ്ക്കു ശേഷവും ഒരുവന്‍ പണിത ഗൃഹം നിലനിന്നാല്‍ അയാള്‍ക്ക് അതിന്‍റെ പ്രതിഫലം കിട്ടും.

[15] എന്നാല്‍ അയാളുടെ കെട്ടിടം തീയിലെരിഞ്ഞാല്‍ അയാള്‍ക്കു നഷ്ടം സംഭവിയ്ക്കും. പക്ഷേ തീയില്‍നിന്നും രക്ഷപെട്ടതുപോലെ മാത്രം അവന്‍ രക്ഷിക്കപ്പെടും.

[16] നിങ്ങള്‍ തന്നെ ദൈവത്തിന്‍റെ ആലയമാണെന്നു നിങ്ങളറിയണം. ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നു.

[17] ആരെങ്കിലും ദൈവാലയം നിശിപ്പിച്ചാല്‍ ദൈവം അവരെ നശിപ്പിക്കും. എന്തുകൊണ്ടെന്നാല്‍, ദൈവത്തിന്‍റെ ആലയം വിശുദ്ധമാണ്. നിങ്ങള്‍ തന്നെ ദൈവത്തിന്‍റെ ആലയമാകുന്നു.

[18] സ്വയം കബളിപ്പിക്കാതിരിക്കുക. സ്വയം ജ്ഞാനിയെന്ന് അഭിമാനിക്കുന്നവന്‍ വിഡ്ഢിയായിത്തീരട്ടെ. അപ്പോള്‍ അവന്‍ യഥാര്‍ത്ഥത്തില്‍ ജ്ഞാനിയാകും.

[19] എന്തുകൊണ്ടെന്നാല്‍ ആ ലോകത്തിന്‍റെ ജ്ഞാനം ദൈവത്തിനു ഭോഷത്വമാണ്. തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു, “കൌശലം പ്രയോഗിക്കുമ്പോള്‍ ജ്ഞാനികളെ ദൈവം പിടിക്കുന്നു,

[20] “തിരുവെഴുത്തുകളില്‍ ഇങ്ങനെ കൂടി എഴുതിയിട്ടുണ്ട്, “ജ്ഞാനികളുടെ ചിന്തകള്‍ ദൈവം അറിയുന്നു. അവരുടെ ചിന്തകള്‍ വൃഥാവാണെന്നു അവന്‍ അറിയുന്നു”.

[21] അതിനാല്‍ നിങ്ങള്‍ മനുഷ്യരെച്ചൊല്ലി പ്രശംസിക്കരുത്. എല്ലാം നിങ്ങളുടേതാണ്.

[22] പൌലൊസ്, അപ്പൊല്ലോസ്, കേഫാവ് (പത്രൊസ്), ഈ ലോകം, ജീവിതം, മരണം, ഇപ്പോഴുളളത്, വരുവാനുള്ളത് എല്ലാം നിങ്ങളുടേതാകുന്നു.

[23] നിങ്ങള്‍ ക്രിസ്തുവിന്‍റേതും ക്രിസ്തു ദൈവത്തിന്‍റേതുമാകുന്നു.

1 കൊരിന്ത്യര്‍ — Chapters