Skip to content
Opens in a new window
Listen to this chapter • 6:04

[1] ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുമ്പോലെ നിങ്ങള്‍ എന്നെയും അനുകരിക്കുക.

[2] നിങ്ങള്‍ എല്ലാക്കാര്യത്തിലും എന്നെ ഓര്‍ക്കുന്നതിനാല്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നു. ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ ഉപദേശങ്ങള്‍ നിങ്ങള്‍ പിന്തുടരുന്നുണ്ട്.

[3] എന്നാല്‍ നിങ്ങള്‍ ഇതു മനസ്സിലാക്കണമെന്നാണെന്‍റെ ആഗ്രഹം: ഓരോ പുരുഷന്‍റെയും തല ക്രിസ്തുവാകുന്നു. സ്ത്രീയുടെ തല പുരുഷനാകുന്നു. ക്രിസ്തുവിന്‍റെ തല ദൈവമാകുന്നു.

[4] മൂടുപടമിട്ടു പ്രാര്‍ത്ഥിക്കുകയും പ്രവചിക്കുകയും ചെയ്യുന്ന ഓരോ പുരുഷനും തന്‍റെ തലയെ നാണം കെടുത്തുകയാണ്.

[5] എന്നാല്‍ പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഓരോ സ്ത്രീയും തന്‍റെ തല മൂടിയിരിക്കണം. അവള്‍ തല മൂടിയില്ലെങ്കില്‍ തന്‍റെ തലയെ നാണിപ്പിക്കുകയാണ്. അപ്പോളവള്‍ മുണ്ഡനം ചെയ്യപ്പെട്ടവളെപ്പോലെയാണ്.

[6] തല മൂടാത്ത സ്ത്രീ അവളുടെ തന്നെ മുടി വെട്ടിക്കളഞ്ഞതു പോലെയാണ്. ഒരു സ്ത്രീയ്ക്ക് തന്‍റെ മുടി മുറിച്ചുകളയുകയോ മുണ്ഡനം ചെയ്യുകയോ ചെയ്യുന്നത് ലജ്ജാകരമാണ്. അതുകൊണ്ട് അവള്‍ തന്‍റെ തല മൂടണം.

[7] എന്നാല്‍ ഒരു പുരുഷന്‍ തന്‍റെ തല മൂടരുത്. എന്തെന്നോ? കാരണം അവന്‍ ദൈവത്തെപ്പോലെ സൃഷ്ടിക്കപ്പെട്ടതും ദൈവത്തിന്‍റെ മഹത്വവും ആകുന്നു. എന്നാല്‍ സ്ത്രീ പുരുഷന്‍റെ മഹത്വം ആകുന്നു.

[8] പുരുഷന്‍ സ്ത്രീയില്‍ നിന്നുണ്ടായതല്ല. സ്ത്രീ പുരുഷനില്‍ നിന്നുണ്ടായതാണ്.

[9] പുരുഷന്‍ സ്ത്രീയ്ക്കുവേണ്ടി ഉണ്ടാക്കപ്പെട്ടതല്ല, മറിച്ച് സ്ത്രീ പുരുഷനുവേണ്ടി ഉണ്ടാക്കപ്പെട്ടവളാണ്.

[10] അതിനാലാണ് സ്ത്രീ, താന്‍ അധികാരത്തിന്‍ കീഴിലാണെന്നു കാണിക്കാന്‍ തലയില്‍ തുണിയിടണമെന്നു പറയുന്നത്. ദൂതന്മാര്‍ മൂലവും അവള്‍ തലയില്‍ മൂടുപടമിടണം.

[11] എന്നാല്‍ കര്‍ത്താവില്‍ സ്ത്രീ പുരുഷനും പുരുഷന്‍ സ്ത്രീയ്ക്കും പ്രധാനമാണ്.

[12] സ്ത്രീ പുരുഷനില്‍ നിന്നും വന്നതും പുരുഷന്‍ സ്ത്രീയില്‍ നിന്നും ജനിച്ചതുമാകയാല്‍ ഇതു സത്യവുമാകുന്നു. ദൈവം ആണ് എല്ലാത്തിന്‍റെയും ഉറവിടം.

[13] ഇതു നിങ്ങള്‍ തന്നെ തീരുമാനിക്കുക: തലയില്‍ മൂടുപടമിടാതെ ഒരു സ്ത്രീ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതു ശരിയോ?

[14] നീണ്ട മുടി ധരിക്കുന്നത് പുരുഷന് നാണക്കേടാണെന്നു പ്രകൃതി പോലും നിങ്ങളെ പഠിപ്പിക്കുന്നു.

[15] എന്നാല്‍ സ്ത്രീയ്ക്ക് നീണ്ട മുടിയുണ്ടാകുന്നതു അന്തസ്സു തന്നെ. സ്ത്രീയുടെ ശിരസ്സു മൂടുവാനുള്ള കവചമായിട്ടാണ് നീണ്ട മുടി അവള്‍ക്കു നല്‍കിയിരിക്കുന്നത്.

[16] ചിലര്‍ ഇതേപ്പറ്റി തര്‍ക്കിച്ചേക്കാം. പക്ഷേ അവര്‍ ചെയ്യുന്നത് ഞങ്ങളും ദൈവസഭയും അംഗീകരിക്കയില്ല.

[17] ഇനി പറയാന്‍ പോകുന്ന കാര്യത്തില്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നില്ല. നിങ്ങളുടെ കൂടിച്ചേരലുകള്‍ നിങ്ങള്‍ക്കു ഗുണത്തേക്കാളധികം ദോഷമാണു ചെയ്യുക.

[18] ഒന്നാമതു നിങ്ങള്‍ സഭയായി ചേരുമ്പോള്‍ നിങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു. അതില്‍ ചിലതു ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.

[19] (നിങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാകേണ്ടത് ആവശ്യവുമാണ്. നിങ്ങള്‍ക്കിടയില്‍ കലര്‍പ്പില്ലാത്തവനാരെന്നറിയാന്‍ ഉള്ളതാണീ വഴി.)

[20] നിങ്ങള്‍ കൂടിച്ചേരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ കര്‍ത്താവിന്‍റെ അത്താഴമല്ല ഭക്ഷിക്കുന്നത്.

[21] എന്തുകൊണ്ടെന്നോ? നിങ്ങള്‍ തിന്നുമ്പോള്‍ ഓരോരുത്തരും മറ്റുള്ളവര്‍ക്കായി കാത്തു നില്‍ക്കാറില്ല. ചിലര്‍ വിശന്നും മറ്റുള്ളവര്‍ അധികമായി ലഹരിപിടിച്ചും ഇരിക്കുന്നു.

[22] നിങ്ങള്‍ക്കു നിങ്ങളുടെ തന്നെ ഭവനത്തില്‍ തിന്നുകയും കുടിക്കുകയും ചെയ്യാമല്ലോ. ദൈവത്തിന്‍റെ സഭ പ്രധാനമല്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടെന്നാണതു സൂചിപ്പിക്കുന്നത്. നിങ്ങള്‍ പാവങ്ങളുടെമേല്‍ അപമാനം ചൊരിയുന്നു. നിങ്ങളോടു ഞാനെന്തു പറയാന്‍? ഇതൊക്കെ ചെയ്യുന്നതിനു ഞാന്‍ നിങ്ങളെ സ്തുതിക്കണോ? ഒരിക്കലുമില്ല. എന്നെക്കൊണ്ടതാവില്ല.

[23] നിങ്ങള്‍ക്കു ഞാന്‍ നല്‍കിയ ഉപദേശം കര്‍ത്താവില്‍ നിന്നു ഞാന്‍ സ്വീകരിച്ച ഉപദേശം തന്നെയാണ്: യേശുവിനെ കൊല്ലാന്‍ ഏല്പിച്ചുകൊടുത്ത രാത്രിയില്‍, അവന്‍ അപ്പമെടുക്കുകയും

[24] അതിനു നന്ദി പറയുകയും ചെയ്തു. അനന്തരം അപ്പം പകുത്ത് അവന്‍ പറഞ്ഞു, “ഇതെന്‍റെ ശരീരമാകുന്നു. ഇതു നിങ്ങള്‍ക്കുള്ളതാണ്. എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുക.”

[25] അതുപോലെ അവര്‍ തിന്നുകഴിഞ്ഞപ്പോള്‍ യേശു വീഞ്ഞു പാത്രം എടുത്തു. യേശു പറഞ്ഞു, “ഈ വീഞ്ഞ് ദൈവം അവന്‍റെ ജനതയുമായുണ്ടാക്കിയ പുതിയ നിയമം ആകുന്നു. ഈ പുതിയ നിയമം എന്‍റെ രക്തം കൊണ്ടാരംഭിക്കുന്നു. നിങ്ങള്‍ ഇതു കുടിയ്ക്കുമ്പോള്‍ എന്നെ ഓര്‍ക്കാനായി ഇതു ചെയ്യുക.”

[26] എപ്പോഴെല്ലാം നിങ്ങള്‍ ഈ അപ്പം തിന്നുകയും വീഞ്ഞു കുടിയ്ക്കുകയും ചെയ്യുന്നുവോ, അപ്പോഴൊക്കെ കര്‍ത്താവ് വരുംവരെ അവന്‍റെ മരണത്തെ ഓര്‍മ്മിപ്പിക്കുന്നു.

[27] അതുകൊണ്ട് ഒരാള്‍ അയോഗ്യമാം വിധത്തില്‍ അപ്പം തിന്നുകയോ കര്‍ത്താവിന്‍റെ പാനപാത്രത്തില്‍നിന്നു കുടിയ്ക്കുകയോ ചെയ്താല്‍ അയാള്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനുമെതിരെ പാപം ചെയ്യുകയാണ്.

[28] ഓരോരുത്തരും അപ്പം തിന്നുകയും പാനപാത്രം കുടിയ്ക്കുയും ചെയ്യുന്നതിനു മുമ്പ് അവനവന്‍റെ ഹൃദയത്തിലേക്കൊന്നു നോക്കണം.

[29] ശരീരത്തെ തിരിച്ചറിയാതെ ഒരാള്‍ അപ്പം തിന്നുകയും പാനപാത്രത്തില്‍നിന്നു കുടിയ്ക്കുകയും ചെയ്താല്‍ അയാള്‍ തിന്നുകയും കുടിയ്ക്കുകയും ചെയ്യുക വഴി കുറ്റക്കാരനെന്നു വിധിക്കപ്പെടുന്നു.

[30] അതിനാലാണ് നിങ്ങളുടെ ഇടയില്‍ അധികം പേരും രോഗികളും ദുര്‍ബ്ബലരുമായത്. പലരും മരിയ്ക്കുകയും ചെയ്തു.

[31] എന്നാല്‍ നാം തന്നെ നമ്മെ ശരിയായി വിവേചിച്ചാല്‍ ദൈവം നമ്മെ വിധിക്കയില്ല.

[32] പക്ഷേ കര്‍ത്താവ് നമ്മെ നല്ല വഴി കാണിച്ചുതരാന്‍ വിധിക്കുന്നു. നാം ലോകത്തിലെ മറ്റുള്ളവരോടു കൂടി ശിക്ഷാവിധിയില്‍ അകപ്പെടാത്തവിധമാണ് അവന്‍ ഇതു ചെയ്യുന്നത്.

[33] അതുകൊണ്ട് എന്‍റെ സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ ഭക്ഷിക്കാന്‍ ഒത്തുകൂടുമ്പോള്‍ മറ്റുള്ളവര്‍ക്കായി പരസ്പരം കാത്തിരിക്കുക.

[34] ഒരാള്‍ക്കു നന്നേ വിശക്കുന്നുവെങ്കില്‍, അവന്‍ വീട്ടില്‍വച്ചു ഭക്ഷിക്കട്ടെ. നിങ്ങളുടെ ഒത്തുചേരലിനാല്‍ ദൈവത്തിന്‍റെ ന്യായവിധി നിങ്ങളുടെ മേല്‍ പതിക്കാന്‍ ഇടയാകാതിരിക്കട്ടെ. നിങ്ങള്‍ ചെയ്യേണ്ട ബാക്കി കാര്യങ്ങള്‍ ഞാന്‍ വരുമ്പോള്‍ പറയാം.

1 കൊരിന്ത്യര്‍ — Chapters