[1] ഞാന്‍ നിങ്ങളോടു പറഞ്ഞ സുവിശേഷത്തെപ്പറ്റി സഹോദരീ സഹോദരന്മാരേ, നിങ്ങളെ ഇപ്പോള്‍ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഈ സന്ദേശം സ്വീകരിക്കുകയും അതില്‍ മുറുകെ പിടിയ്ക്കുകയും ചെയ്യുന്നു.
[2] നിങ്ങള്‍ ഈ സന്ദേശത്താല്‍ രക്ഷിക്കപ്പെട്ടു. പക്ഷേ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ നിങ്ങള്‍ തുടര്‍ന്നും വിശ്വാസം പുലര്‍ത്തണം. അല്ലാത്ത പക്ഷം നിങ്ങളുടെ വിശുദ്ധ സുവിശേഷ സ്വീകാര്യം വെറുതെയാകും.
[3] ഞാന്‍ സ്വീകരിച്ച സന്ദേശം ഞാന്‍ നിങ്ങള്‍ക്കു നല്‍കി. ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ ഞാന്‍ നിങ്ങളോടു പറഞ്ഞു: അതായത്, ക്രിസ്തു തിരുവെഴുത്തുകളില്‍ പറയുന്നതുപോലെ നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിച്ചു.
[4] തിരുവെഴുത്തുകളില്‍ പറയുമ്പോലെ ക്രിസ്തു അടക്കപ്പെടുകയും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.
[5] ക്രിസ്തു പത്രൊസിനും പിന്നീട് പന്ത്രണ്ട് അപ്പൊസ്തലന്മാര്‍ക്കും പ്രത്യക്ഷനായി.
[6] അതിനുശേഷം ക്രിസ്തു ഒരേ സമയം അഞ്ഞൂറിലധികം സഹോദരന്മാര്‍ക്കു പ്രത്യക്ഷനായി. ആ സഹോദരന്മാരില്‍ അധികം പേരും ഇന്നും ജീവിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ മരിച്ചു.
[7] അനന്തരം ക്രിസ്തു യാക്കോബിനും പിന്നീട് എല്ലാ അപ്പൊസ്തലന്മാര്‍ക്കും വീണ്ടും പ്രത്യക്ഷനായി.
[8] ഒടുവില്‍, സമയത്തിനു മുമ്പു ജനിച്ച ശിശുവിനെപ്പോലെ വ്യത്യസ്തനായിരുന്ന എനിക്കും ക്രിസ്തു സ്വയം കാണിച്ചു തന്നു.
[9] മറ്റെല്ലാ അപ്പൊസ്തലന്മാരും എന്നെക്കാള്‍ ശ്രേഷ്ഠരാണ്. കാരണം ഞാന്‍ ദൈവത്തിന്‍റെ സഭയെ ഉപദ്രവിച്ചു. അതുകൊണ്ടാണ് അപ്പൊസ്തലന്‍ എന്നു വിളിക്കപ്പെടാന്‍ പോലും ഞാന്‍ യോഗ്യനല്ലാതായത്.
[10] പക്ഷേ ദൈവകൃപയാല്‍ ഞാന്‍ അപ്പൊസ്തലനായി. അവന്‍ എനിക്കു നല്‍കിയ കൃപ നഷ്ടപ്പെടുത്തുകയുണ്ടായില്ല. മറ്റെല്ലാ അപ്പൊസ്തലന്മാരെക്കാളും ഞാന്‍ കഠിനാദ്ധ്വാനം ചെയ്തു. എന്നാല്‍ ഞാനായിരുന്നില്ല യഥാര്‍ത്ഥത്തില്‍ അദ്ധ്വാനിച്ചിരുന്നത്. ദൈവകൃപ എന്നോടൊപ്പം ഉണ്ടായിരുന്നു.
[11] അതുകൊണ്ട് ഞാന്‍ നിങ്ങളോടു പ്രസംഗിച്ചുവോ മറ്റ് അപ്പൊസ്തലന്മാര്‍ പ്രസംഗിച്ചുവോ എന്നതു പ്രധാനമല്ല. ഞങ്ങളെല്ലാം ഒരേ സംഗതിയാണു പ്രസംഗിച്ചത്. നിങ്ങള്‍ വിശ്വസിച്ചതും ഇതു തന്നെ.
[12] ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നു പ്രസംഗിക്കുന്നു. പിന്നെന്താണ് മരണത്തില്‍ നിന്നാരും ഉയിര്‍ത്തെഴുന്നേല്‍ക്കില്ലെന്നു നിങ്ങളില്‍ ചിലര്‍ പറയുന്നത്?
[13] ആളുകള്‍ ഒരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയില്ലെങ്കില്‍ ക്രിസ്തു ഒരിക്കലും ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ടാവില്ല.
[14] ക്രിസ്തു ഒരിക്കലും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല എന്നാണെങ്കില്‍ ഞങ്ങളുടെ പ്രസംഗങ്ങള്‍ നിരര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും അര്‍ത്ഥരഹിതമാണ്.
[15] ദൈവത്തെപ്പറ്റി കള്ളസാക്ഷ്യം പറയുന്നതിനാല്‍ ഞങ്ങള്‍ കുറ്റക്കാരുമാകും. എന്തെന്നോ? ദൈവം ക്രിസ്തുവിനെ ഉയിര്‍ത്തെഴുന്നേല്പിച്ചു എന്ന് ഞങ്ങള്‍ ദൈവത്തെപ്പറ്റി തെറ്റായി പ്രസംഗിച്ചു. മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കില്ല എന്നാണെങ്കില്‍ ദൈവം ക്രിസ്തുവിനെ ഒരിക്കലും ഉയിര്‍ത്തെഴുന്നേല്പിച്ചിട്ടില്ല.
[16] മരിച്ചവര്‍ ഉയിര്‍ത്തപ്പെട്ടില്ലെങ്കില്‍ ക്രിസ്തുവും ഒരിക്കലും ഉയിര്‍ക്കപ്പെട്ടിട്ടില്ല.
[17] ക്രിസ്തു ഉയിര്‍ത്തപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം അര്‍ത്ഥരഹിതമാണ്. നിങ്ങള്‍ ഇപ്പോഴും നിങ്ങളുടെ പാപങ്ങളാല്‍ കുറ്റക്കാരാണ്.
[18] ക്രിസ്തുവിലായിരിക്കുന്ന മരിച്ചവര്‍ നഷ്ടപ്പെടുകയും ചെയ്തു.
[19] ക്രിസ്തുവിലുള്ള നമ്മുടെ പ്രതീക്ഷ ഈ ഭൂമിയിലെ ജീവിതത്തില്‍ മാത്രമാണെങ്കില്‍ മറ്റുള്ള ആരെയുംകാളും ഞങ്ങളോട് ജനങ്ങള്‍ക്കു സഹതാപം തോന്നും.
[20] എന്നാല്‍ ക്രിസ്തു മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്പിക്കപ്പെട്ടു-മരണത്തില്‍ ഉറങ്ങിക്കിടന്ന വിശ്വാസികളില്‍ നിന്ന് ആദ്യമായി.
[21] ഒരു മനുഷ്യന്‍റെ പ്രവൃത്തി മൂലം മനുഷ്യന് മരണം സംഭവിക്കുന്നു. എന്നാല്‍ ഒരു മനുഷ്യന്‍ മൂലം മരണത്തില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പും സംഭവിക്കുന്നു.
[22] ആദാമില്‍ നാമെല്ലാവരും മരിക്കുന്നു. അതുപോലെ, ക്രിസ്തുവില്‍ നമ്മളെല്ലാം വീണ്ടും ജീവിപ്പിക്കപ്പെടും.
[23] പക്ഷേ എല്ലാവരും ശരിയായ ക്രമത്തില്‍ ജീവിതത്തിലേക്ക് ഉയര്‍ത്തപ്പെടും. ക്രിസ്തുവായിരുന്നു ആദ്യത്തെയാള്‍. ക്രിസ്തു വീണ്ടും വരുമ്പോള്‍, ക്രിസ്തുവിന്‍റെ ജനതയും ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടും.
[24] അപ്പോള്‍ അവസാനവും വരും. എല്ലാ ഭരണാധിപന്മാരെയും അധികാരികളെയും ശക്തികളെയും ക്രിസ്തു നശിപ്പിക്കും. അനന്തരം ക്രിസ്തു പിതാവായ ദൈവത്തിനു രാജ്യം സമര്‍പ്പിക്കും.
[25] എല്ലാ ശത്രുക്കളെയും ദൈവം തന്‍റെ നിയന്ത്രണത്തിലാക്കുവോളം ക്രിസ്തു ഭരിക്കണം.
[26] നശിപ്പിക്കപ്പെടേണ്ട അവസാന ശത്രു മരണമാകുന്നു.
[27] തിരുവെഴുത്തു പറയുന്നു, “ദൈവം എല്ലാറ്റിനെയും അവന്‍റെ നിയന്ത്രണത്തിന്‍ കീഴിലാക്കി. “എല്ലാറ്റിനേയും” എന്നു പറയുമ്പോള്‍ അതില്‍ ദൈവം വരില്ലെന്നു വ്യക്തമാണ്. ദൈവമാണ് എല്ലാറ്റിനേയും ക്രിസ്തുവിന്‍റെ നിയന്ത്രണത്തിലാക്കുന്നവന്‍.
[28] എല്ലാം ക്രിസ്തുവിന്‍റെ കീഴിലായിക്കഴിയുമ്പോള്‍ പുത്രന്‍ സ്വയം ദൈവത്തിന്‍ കീഴിലാകും. ദൈവമാണ് എല്ലാറ്റിനേയും ക്രിസ്തുവിന്‍റെ കീഴിലാക്കിയത്. ദൈവം പൂര്‍ണ്ണമായും എല്ലാറ്റിനേയും ഭരിക്കുന്നതാകയാല്‍ ക്രിസ്തുവും ദൈവത്തിന്‍ കീഴിലാക്കപ്പെടും.
[29] മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടുന്നില്ലെങ്കില്‍ പിന്നെ മരിച്ചവര്‍ക്കു വേണ്ടി സ്നാനപ്പെട്ടവര്‍ എന്തു ചെയ്യും? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുകയില്ലെങ്കില്‍ പിന്നെ എന്തിന് അവര്‍ക്കു വേണ്ടി സ്നാനപ്പെടുന്നു?
[30] നാം തന്നെ എന്തിന് എല്ലായ്പ്പോഴും അപകടത്തില്‍പെട്ടു കിടക്കണം?
[31] ഞാന്‍ എന്നും മരിക്കുന്നു. അതു സത്യമാണ്, സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ ഞാന്‍ നിങ്ങളെച്ചൊല്ലി അഭിമാനിക്കുന്നപോലെ സത്യമാണ്.
[32] എഫെസൊസില്‍ വച്ച് മാനുഷികമായ കരങ്ങളാല്‍ ഞാന്‍ വന്യജീവികളുമായി എന്‍റെ അഭിമാനത്തിനു വേണ്ടി മാത്രം ഏറ്റുമുട്ടി ഞാന്‍ ഒന്നും തന്നെ നേടിയില്ല. മനുഷ്യര്‍ മരണത്തില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ “നാളെ നമ്മള്‍ മരിക്കുമെന്നതിനാല്‍ നമുക്കു തിന്നുകയും കുടിക്കുകയും ചെയ്യാം.
[33] വിഡ്ഢികളാക്കപ്പെടരുത്: “ ചീത്തക്കൂട്ടുകാര്‍ നല്ല ശീലങ്ങളെ നശിപ്പിക്കുന്നു.”
[34] നിങ്ങളുടെ ശരിയായ ചിന്തയിലേക്കു മടങ്ങിവരികയും പാപം ചെയ്യുന്നത് അവസാനിപ്പിക്കുകയും ചെയ്യുക. നിങ്ങളില്‍ ചിലര്‍ ദൈവത്തെ അറിയുന്നില്ല. അതു നാണക്കേടു തന്നെ എന്നു ഞാന്‍ പറയുന്നു.
[35] പക്ഷേ ചിലര്‍ ചോദിച്ചേക്കാം, “എങ്ങനെയാണ് മരിച്ചവര്‍ ഉയിര്‍ക്കപ്പെട്ടത്? ഏതുതരം ശരീരമാണവര്‍ക്കുണ്ടാകുക?”
[36] അതൊക്കെ മണ്ടന്‍ ചോദ്യങ്ങളാണ്. നിങ്ങള്‍ വിത്തു നടുമ്പോള്‍ അതു മുളച്ചുവരും മുമ്പ് മണ്ണില്‍ മരിക്കണം.
[37] നിങ്ങള്‍ നടുന്ന വിത്തിന് പിന്നീട് അതേ ശരീരമായിരിക്കില്ല ഉണ്ടാവുക. നിങ്ങള്‍ നടുന്നത് ഒരു വിത്തു മാത്രം. അതു ഗോതമ്പോ മറ്റെന്തു വേണമെങ്കിലും ആകാം.
[38] പക്ഷേ ദൈവം ആലോചിച്ചുറച്ച ഒരു രൂപം അതിനു നല്‍കും. ദൈവം ഓരോ വിത്തിനും ഓരോ ശരീരവും നല്‍കുന്നു.
[39] എല്ലാ ശരീരവും ഒരുപോലെയല്ല. മുനുഷ്യന് ഒരുതരം “ശരീരം,” മൃഗങ്ങള്‍ക്കു മറ്റൊരു ശരീരം, പക്ഷികള്‍ക്കു വേറൊന്ന്, മത്സ്യങ്ങള്‍ക്കും വ്യത്യസ്തമായ ശരീരം.
[40] സ്വര്‍ഗ്ഗീയ ശരീരങ്ങളും ഭൌമീക ശരീരങ്ങളുമുണ്ട്. പക്ഷേ സ്വര്‍ഗ്ഗീയ ശരീരങ്ങളുടെ തേജസ്സു ഒരു തരം. ഭൌമിക ശരീരങ്ങളുടെ തേജസ്സ് മറ്റൊരുതരം.
[41] സൂര്യന് ഒരുതരം തേജസ്സ്, ചന്ദ്രന് മറ്റൊരു തരം, നക്ഷത്രങ്ങള്‍ക്ക് വേറൊരു തരം, ഓരോ നക്ഷത്രവും തേജസ്സില്‍ വ്യത്യസ്തങ്ങളാണ്.
[42] മരണത്തില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടവരുടെ കാര്യവും അങ്ങനെ തന്നെ. “നടപ്പെട്ട” ശരീരം നശിച്ച് അഴുകും. ആ ശരീരം അനശ്വരതയിലേക്ക് ഉയര്‍ത്തപ്പെടും.
[43] ഒരു ശരീരം “നടുമ്പോള്‍” അപമാനത്തിലാണു നടുക. പക്ഷേ അതുയിര്‍ക്കുമ്പോള്‍ മഹത്വത്തോടെയും. ശരീരം “നടുമ്പോള്‍” അതു ദുര്‍ബ്ബലം. എന്നാല്‍ ഉയിര്‍ക്കുമ്പോള്‍ അതിനു ശക്തിയുണ്ടാകും.
[44] “നട്ട” ശരീരം ഭൌതിക ശരീരമാണ്. ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അതു ആത്മീയ ശരീരമാകും. ഭൌതിക ശരീരമുള്ളതിനാല്‍ ആത്മീയ ശരീരവുമുണ്ട്.
[45] തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. “ആദ്യത്തെ മനുഷ്യന്‍ ആദാം ഒരു ദേഹിയായി” പക്ഷേ അവസാനത്തെ ആദാം (ക്രിസ്തു) ജീവന്‍ നല്‍കുന്ന ആത്മാവായി.
[46] ആത്മീയ മനുഷ്യന്‍ ആദ്യം വന്നില്ല. ആദ്യം വന്നത് ഭൌതിക മനുഷ്യനാണ്; പിന്നീട് ആത്മീയ മനുഷ്യനും.
[47] ആദ്യമനുഷ്യന്‍ ഭൂമിയിലെ പൊടിയില്‍നിന്നും വന്നു. രണ്ടാമന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും വന്നു.
[48] ജനങ്ങള്‍ ഭൂമിയുടേതാണ്. അവര്‍ ഭൂമിയുടെ ആദ്യ മനുഷ്യനെപ്പോലെയാണ്. എന്നാല്‍ സ്വര്‍ഗ്ഗത്തിന്‍റെ ആളുകള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നവനെപ്പോലെയാകുന്നു.
[49] നമ്മള്‍ ആ ഭൌമ മനുഷ്യനെപ്പോലെ ഉണ്ടാക്കപ്പെട്ടവരാണ്. അതുകൊണ്ട് നമ്മളും ആ സ്വര്‍ഗ്ഗീയ മനുഷ്യനെപ്പോലെ ആക്കപ്പെടും.
[50] ഞാന്‍ നിങ്ങളോടിതു പറയുന്നു, സഹോദരീ സഹോദരന്മാരേ, മാംസത്തിനും രക്തത്തിനും ദൈവരാജ്യത്തില്‍ പങ്കു കിട്ടുകയില്ല. അനശ്വരമായതില്‍ നശ്വരമായവയ്ക്ക് പൈതൃകാവകാശമൊന്നും കിട്ടുകയില്ല.
[51] പക്ഷേ ശ്രദ്ധിക്കൂ, ഞാന്‍ നിങ്ങളോട് ഈ രഹസ്യം പറയുന്നു: നമ്മള്‍ എല്ലാവരും മരിക്കയില്ല, പക്ഷേ നമ്മള്‍ക്കെല്ലാവര്‍ക്കും മാറ്റമുണ്ടാകും.
[52] അതിന് ഒരു നിമിഷം മാത്രമേ വേണ്ടൂ. ഒന്നു കണ്ണു ചിമ്മുന്നത്ര വേഗത്തില്‍ നമ്മള്‍ മാറ്റപ്പെടും. അവസാനത്തെ കാഹളം മുഴങ്ങുമ്പോള്‍, അതു സംഭവിക്കും. മരിച്ച വിശ്വാസികള്‍ ജീവിതത്തിന്‍റെ അനശ്വരതയിലേക്കയുര്‍ത്തപ്പെടും. നമ്മളെല്ലാവരും മാറ്റപ്പെടും.
[53] നശ്വരമായ ഈ ശരീരം അനശ്വരതയാല്‍ ആവരണം ചെയ്യപ്പെടണം. മരിക്കുന്ന ഈ ശരീരം അനശ്വരമായ എന്തെങ്കിലും ധരിക്കണം.
[54] അതുകൊണ്ട് നശിക്കുന്ന ഈ ശരീരം സ്വയം അനശ്വരമായതു ധരിക്കും. മരിക്കുന്ന ഈ ശരീരം മരിക്കാത്തതും ധരിക്കും. അതു സംഭവിക്കുമ്പോള്‍ തിരുവെഴുത്തിലെ ഈ വചനങ്ങള്‍ യാഥാര്‍ത്ഥ്യമാകും: “ മരണത്തെ വിജയം വിഴുങ്ങി.”
[55] “മരണമേ, എവിടെയാണു നിന്‍റെ വിജയം? പാതാളമേ മുറിവേല്പിക്കാനുള്ള നിന്‍റെ ശക്തിയെവിടെ?
[56] മുറിവേല്പിക്കാനുള്ള മരണത്തിന്‍റെ ശക്തി പാപമാണ്. ന്യായപ്രമാണമാണ് പാപത്തിന്‍റെ ശക്തി.
[57] പക്ഷേ ദൈവത്തിനു നാം നന്ദി പറയുക! നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിലൂടെ അവന്‍ നമുക്കു വിജയം നല്‍കുന്നു.
[58] അതുകൊണ്ട്, എന്‍റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, ശക്തരായിരിക്കുക. നിങ്ങളെ മാറ്റാന്‍ ഒന്നിനെയും അനുവദിക്കാതിരിക്കുക. എപ്പോഴും കര്‍ത്താവിന്‍റെ ജോലിയില്‍ നിങ്ങളെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുക. കര്‍ത്താവിലുള്ള നിങ്ങളുടെ ജോലി ഒരിക്കലും വ്യര്‍ത്ഥമല്ലെന്നു നിങ്ങള്‍ക്കറിയാം.