[1] പിന്നെ അഞ്ചാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്ന് ഭൂമിയിൽ വീഴുന്നത് ഞാൻ കണ്ട്; അഗാധഗർത്തത്തിന്റെ താക്കോൽ അവന് കൊടുത്തു.
[2] അവൻ അഗാധഗർത്തം തുറന്നു; ഒരു വലിയ ചൂളയിൽ നിന്നുള്ള പുകപോലെ ഗർത്തത്തിൽനിന്ന് പുകപൊങ്ങി; ഗർത്തത്തിൽ നിന്നും ഉയർന്ന പുകയാൽ സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി.
[3] പുകയിൽനിന്ന് വെട്ടുക്കിളികൾ ഭൂമിമേൽ വന്നു, അവയ്ക്ക് ഭൂമിയിലെ തേളുകൾക്കുള്ളതുപോലെയുള്ള ശക്തി കൊടുക്കപ്പെടുകയും ചെയ്തു.
[4] നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കല്ലാതെ ഭൂമിയിലുള്ള പുല്ലിനും, യാതൊരു പച്ചയായ സസ്യത്തിനും, വൃക്ഷത്തിനും കേടുവരുത്തരുത് എന്നു അതിന് കല്പന ലഭിച്ചു.
[5] അവരെ കൊല്ലുവാനല്ല, എന്നാൽ അഞ്ചുമാസക്കാലം അവരെ ഉപദ്രവിക്കുവാനത്രേ അവയ്ക്ക് അനുവാദം നൽകിയത്; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉണ്ടാകുന്ന വേദനപോലെ തന്നെ.
[6] ആ കാലത്ത് മനുഷ്യർ മരണം അന്വേഷിക്കും; പക്ഷേ അത് കണ്ടെത്തുകയില്ല; അവർ മരിക്കുവാൻ ആശിക്കും; എന്നാൽ മരണം അവരിൽ നിന്നു പറന്നുപോകും.
[7] വെട്ടുക്കിളികളുടെ രൂപം യുദ്ധത്തിന് ഒരുക്കിയ കുതിരകളെപ്പോലെ; അവയുടെ തലകളിൽ സ്വർണ്ണകിരീടങ്ങൾ പോലെ എന്തോ ഉണ്ടായിരുന്നു; അവയുടെ മുഖങ്ങൾ മനുഷ്യരുടെ മുഖങ്ങൾ പോലെയും ആയിരുന്നു.
[8] സ്ത്രീകളുടെ മുടിപോലെ അവയ്ക്ക് മുടി ഉണ്ടായിരുന്നു; അവയുടെ പല്ലുകൾ സിംഹത്തിന്റെ പല്ലുകൾ പോലെ ആയിരുന്നു.
[9] ഇരുമ്പുകവചംപോലെ അവയ്ക്ക് കവചങ്ങൾ ഉണ്ട്; അവയുടെ ചിറകുകളുടെ ശബ്ദം യുദ്ധത്തിനു ഓടുന്ന അനേകം രഥങ്ങളും കുതിരകളും ഉണ്ടാക്കുന്ന ശബ്ദംപോലെയും ആയിരുന്നു.
[10] അവയ്ക്ക് തേളുകളെപ്പോലെ വാലുകൾ ഉണ്ട്; അവയിൽ വിഷമുള്ളുകളും ഉണ്ടായിരുന്നു; മനുഷ്യരെ അഞ്ചുമാസക്കാലം ഉപദ്രവിക്കുവാനുള്ള ശക്തി അവയ്ക്ക് ഉണ്ടായിരുന്നു.
[11] അഗാധഗർത്തത്തിന്റെ ദൂതൻ അവയുടെമേൽ രാജാവായി ഉണ്ടായിരുന്നു; അവന്റെ പേര് എബ്രായ ഭാഷയിൽ അബദ്ദോൻ എന്നാകുന്നു, എന്നാൽ ഗ്രീക്ക് ഭാഷയിൽ അത് അപ്പൊല്ലുവോൻ എന്നും ആകുന്നു.
[12] ആദ്യത്തെ കഷ്ടം കഴിഞ്ഞുപോയി. ജാഗ്രതയായിരിക്ക! ഇനിയും രണ്ട് കഷ്ടങ്ങൾ കൂടെ വരുവാനുണ്ട്.
[13] ആറാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ ദൈവസന്നിധിയിലുള്ള സ്വർണ്ണയാഗപീഠത്തിലെ നാല് കൊമ്പുകളിൽനിന്ന് ഒരു ശബ്ദം വരുന്നത് ഞാൻ കേട്ട്.
[14] ആ ശബ്ദം കാഹളം കയ്യിലുള്ള ആറാം ദൂതനോട് പറഞ്ഞത്, “യൂഫ്രട്ടീസ് എന്ന മഹാനദിക്കരികെ ബന്ധിച്ചിരിക്കുന്ന നാല് ദൂതന്മാരെ അഴിച്ചുവിടുക”.
[15] മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാനായി, ഒരു മണിക്കൂറിനും ഒരു ദിവസത്തിനും ഒരു മാസത്തിനും ഒരു വർഷത്തിനും ഒരുക്കിയിരുന്ന നാല് ദൂതന്മാരെ അഴിച്ചുവിട്ടു.
[16] കുതിരപ്പടയുടെ സംഖ്യ ആയിരം മടങ്ങ് രണ്ടുലക്ഷം എന്നു ഞാൻ കേട്ട്.
[17] ഞാൻ കുതിരകളെയും കുതിരപ്പുറത്ത് ഇരിക്കുന്നവരെയും എന്റെ ദർശനത്തിൽ കണ്ടത് എങ്ങനെ എന്നാൽ: അവരുടെ മാർകവചങ്ങൾ തീകൊണ്ടുള്ളതും, ചുവന്ന സ്ഫടികവും ഗന്ധകവും പോലെ ഉള്ളതും ആയിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; അവയുടെ വായിൽനിന്നും തീയും പുകയും ഗന്ധകവും വമിച്ചു.
[18] അവയുടെ വായിൽനിന്നു പുറപ്പെട്ട തീ, പുക, ഗന്ധകം എന്നിവയാൽ മനുഷ്യരിൽ മൂന്നിലൊന്നു കൊല്ലപ്പെട്ടു.
[19] അവയുടെ ശക്തി വായിലും വാലിലും ആയിരുന്നു; അവയുടെ വാലുകൾ സർപ്പങ്ങളെപ്പോലെ ആയിരുന്നു; മനുഷ്യനെ ദണ്ഡിപ്പിക്കുന്നതിന് അവയ്ക്ക് തലകളും ഉണ്ടായിരുന്നു.
[20] ഈ ബാധകളാൽ കൊല്ലപ്പെടാത്ത ബാക്കി മനുഷ്യരോ അവർ ചെയ്തിരുന്ന പ്രവൃത്തി വിട്ടു മാനസാന്തരപ്പെട്ടില്ല, ദുർഭൂതങ്ങളെയും, കാണുവാനും കേൾക്കുവാനും നടക്കുവാനും കഴിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ല്, മരം എന്നിവകൊണ്ടുള്ള ബിംബങ്ങളെയും ആരാധിക്കുന്നതും അവർ നിർത്തിയില്ല.
[21] അവരുടെ കൊലപാതകം, മന്ത്രവാദം, ദുർന്നടപ്പ്, മോഷണം എന്നീ പ്രവർത്തികൾ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.