[1] യേശുക്രിസ്തുവിന്റെ വെളിപാട്: വേഗത്തിൽ സംഭവിക്കുവാനുള്ളത് തന്റെ ദാസന്മാരെ കാണിക്കേണ്ടതിന് ദൈവം അത് അവന് കൊടുത്തു. അവൻ അത് തന്റെ ദൂതൻ മുഖാന്തരം അയച്ച് തന്റെ ദാസനായ യോഹന്നാനെ കാണിച്ചു.
[2] യോഹന്നാൻ ദൈവവചനവും യേശുക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യവുമായി താൻ കണ്ടതെല്ലാം സാക്ഷീകരിച്ചു.
[3] സമയം അടുത്തിരിക്കുന്നതുകൊണ്ട് ഈ പ്രവചനത്തിന്റെ വാക്കുകളെ വായിക്കുന്നവനും അവയെ കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നത് അനുസരിക്കുന്നവരും ഭാഗ്യവാന്മാർ.
[4] യോഹന്നാൻ ആസ്യയിലെ ഏഴ് സഭകൾക്കും എഴുതുന്നത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും, അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴ് ആത്മാക്കളുടെ അടുക്കൽനിന്നും,
[5] വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാർക്കു ഭരണകർത്താവുമായ യേശുക്രിസ്തുവിങ്കൽ നിന്നും, നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
[6] നമ്മെ സ്നേഹിച്ചവനും തന്റെ രക്തത്താൽ നമ്മുടെ പാപങ്ങളിൽ നിന്നു നമ്മെ മോചിപ്പിച്ചു തന്റെ പിതാവായ ദൈവത്തിന് നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ.
[7] ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏത് കണ്ണും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും; ഭൂമിയിലെ സകലഗോത്രങ്ങളും അവനെച്ചൊല്ലി വിലപിക്കും. അതെ, ആമേൻ.
[8] ഞാൻ അല്ഫയും ഓമേഗയും ആകുന്നു എന്ന് ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സർവ്വശക്തിയുള്ള ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
[9] നിങ്ങളുടെ സഹോദരനും യേശു ക്രിസ്തുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹനത്തിലും പങ്കാളിയുമായ യോഹന്നാൻ എന്ന ഞാൻ, ദൈവവചനവും യേശുവിനെക്കുറിച്ചുള്ള സാക്ഷ്യം അറിയിച്ചതു നിമിത്തവും പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.
[10] കർത്തൃദിവസത്തിൽ ഞാൻ പരിശുദ്ധാത്മ വിവശതയിലായി: കാഹളനാദംപോലെ വലിയൊരു ശബ്ദം എന്റെ പുറകിൽ കേട്ട്;
[11] ഞാൻ അല്ഫയും ഓമേഗയും ആകുന്നു; ആദ്യനും അന്ത്യനും തന്നെ. നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ, പെർഗ്ഗമൊസ്, തുയഥൈരാ, സർദ്ദിസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്നീപട്ടണങ്ങളിലുള്ള ഏഴ് സഭകൾക്കും അയയ്ക്കുക.
[12] എന്നോട് സംസാരിച്ച ശബ്ദം ആരുടേതെന്ന് കാണുവാൻ ഞാൻ തിരിഞ്ഞു.
[13] തിരിഞ്ഞപ്പോൾ ഏഴ് പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കിയും മാറത്ത് പൊൻകച്ചയും ധരിച്ചവനായി മനുഷ്യപുത്രനെപ്പോലെയുള്ളവനെയും കണ്ട്.
[14] അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലപോലെയും
[15] കാൽ ഉലയിൽ ശുദ്ധീകരിച്ച് തേച്ചുമിനുക്കിയ വെള്ളോടുപോലെയും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴ് നക്ഷത്രം ഉണ്ട്;
[16] അവന്റെ വായിൽനിന്നു മൂർച്ചയുള്ള ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശോഭയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു.
[17] അവനെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചിട്ട് എന്നോട്: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവിച്ചിരിക്കുന്നവനും ആകുന്നു.
[18] ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു; ആമേൻ, മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കയ്യിൽ ഉണ്ട്.
[19] അതുകൊണ്ട് നീ കണ്ടതും ഇപ്പോൾ ഉള്ളതും ഇതിനുശേഷം സംഭവിപ്പാനിരിക്കുന്നതും
[20] എന്റെ വലങ്കയ്യിൽ കണ്ട ഏഴ് നക്ഷത്രത്തിന്റെ മർമ്മവും ഏഴ് പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴ് നക്ഷത്രം ഏഴ് സഭകളുടെ ദൂതന്മാരാകുന്നു; നീ കണ്ട ഏഴ് നിലവിളക്കുകൾ ഏഴ് സഭകൾ ആകുന്നു.