Skip to content
Opens in a new window
Listen to this chapter • 5:28

[1] ഈ സംഭവങ്ങൾക്കുശേഷം വലിയ അധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ട്; അവന്റെ തേജസ്സിനാൽ ഭൂമി മുഴുവനും പ്രകാശിച്ചു.

[2] അവൻ ഉറക്കെ വിളിച്ചുപറഞ്ഞത്: “വീണുപോയി! മഹതിയാം ബാബിലോൺ വീണുപോയി; അവൾ ഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും വാസസ്ഥലവും അശുദ്ധിയും അറപ്പുമുണ്ടാക്കുന്ന സകലപക്ഷികളുടെയും താവളവുമായിത്തീർന്നിരിക്കുന്നു.

[3] അവളുടെമേൽ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചിരിക്കുന്നു; ഭൂമിയിലെ രാജാക്കന്മാർ അവളോട് വേശ്യാസംഗം ചെയ്തു; ഭൂമിയിലെ വ്യാപാരികൾ അവളുടെ അതിമോഹത്താൽ സമ്പന്നരായിത്തീർന്നു”.

[4] പിന്നെ വേറൊരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ട്: എന്റെ ജനങ്ങളേ, അവളുടെ പാപങ്ങളിൽ പങ്കാളികളാകാതെയും അവളുടെ ബാധകൾ ഒന്നുംതന്നെ തട്ടാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.

[5] അവളുടെ പാപം സ്വർഗ്ഗത്തോളം കൂമ്പാരമായിരിക്കുന്നു; അവളുടെ ദുഷ്കർമ്മങ്ങൾ ദൈവം ഓർത്തിട്ടുമുണ്ട്.

[6] അവൾ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങൾ അവൾക്കും പകരം ചെയ്‌വിൻ; അവളുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവൾക്ക് ഇരട്ടിയിരട്ടിയായി പകരം കൊടുക്കുവിൻ; അവൾ നിറച്ചു തന്ന പാനപാത്രത്തിൽ തന്നെ അവൾക്ക് ഇരട്ടി നിറച്ചു കൊടുക്കുവിൻ;

[7] അവൾ എത്രത്തോളം തന്നെത്താൻ പുകഴ്ത്തി മോഹപരവശയായി ജീവിച്ചുവോ, അത്രത്തോളം പീഢയും ദുഃഖവും അവൾക്ക് കൊടുക്കുവിൻ. രാജ്ഞിയായി ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ഞാൻ ഒരിക്കലും ദുഃഖം കാണുകയില്ല എന്നു അവൾ ഹൃദയംകൊണ്ട് പറയുന്നു.

[8] അതുകൊണ്ട് മരണം, വിലാപം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽ തന്നേ വരും; അവളെ തീയിൽ ഇട്ട് നിശേഷം ചുട്ടുകളയും; അവളെ ന്യായംവിധിക്കുന്ന ദൈവമായ കർത്താവ് ശക്തനല്ലോ.

[9] അവളോട് കൂടെ വേശ്യാസംഗം ചെയ്ത് മോഹപരവശരായിരുന്ന ഭൂരാജാക്കന്മാർ അവളുടെ ദഹനത്തിന്റെ പുക കണ്ട് അവളെച്ചൊല്ലി മുറയിടുകയും വിലപിക്കുകയും ചെയ്യും.

[10] അവളുടെ പീഢ കണ്ട് ഭയപ്പെട്ട് ദൂരെ നിന്നുകൊണ്ട്, മഹാനഗരമായ ബാബിലോണേ, ബലമേറിയ പട്ടണമേ, കഷ്ടം, കഷ്ടം!, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും

[11] പൊന്നു, വെള്ളി, രത്നം, മുത്ത്, നേരിയ തുണി, ധൂമ്രവസ്ത്രം, പട്ട്, കടുഞ്ചുവപ്പ്, ചന്ദനത്തരങ്ങൾ,

[12] ആനക്കൊമ്പുകൊണ്ടുള്ള സകലവിധ പാത്രങ്ങൾ, വിലയേറിയ മരം പിച്ചള ഇരുമ്പ് മർമ്മരക്കല്ല് എന്നിവകൊണ്ടുള്ള സകല സാമാനങ്ങളും,

[13] ലവംഗം, സുഗന്ധദ്രവ്യങ്ങൾ, ലേപനങ്ങൾ, ധൂപവർഗ്ഗങ്ങൾ, വീഞ്ഞ്, എണ്ണ, നേരിയ മാവു, കോതമ്പ്, കന്നുകാലി, ആട്, കുതിര, രഥങ്ങൾ, അടിമകൾ, മാനുഷപ്രാണൻ എന്നിങ്ങനെ അവളുടെ ചരക്കുകൾ ഇനി ആരും വാങ്ങായ്കയാൽ ഭൂമിയിലെ വ്യാപാരികൾ അവളെച്ചൊല്ലി കരഞ്ഞു വിലപിക്കും.

[14] നിന്റെ മുഴുശക്തിയോടെ നീ ഏറ്റവും കൊതിച്ച കായ്കനികൾ നിനക്ക് നഷ്ടമായി; നിന്റെ സ്വാദിഷ്ട ഭോജ്യങ്ങളും അവയുടെ രുചിയും ഇല്ലാതെയായി; നീ ഇനി ഒരിക്കലും അവ കാണുകയില്ല.

[15] ഈ സാധനങ്ങളെകൊണ്ട് അവളാൽ സമ്പന്നരായ വ്യാപാരികൾ അവളുടെ പീഢ കണ്ട് ഭയപ്പെട്ട് കരഞ്ഞും അലമുറയിട്ടും കൊണ്ട് ദൂരത്ത് മാറിനിൽക്കും:

[16] നേരിയ തുണിയും ധൂമ്രവർണ്ണവും കടുഞ്ചുവപ്പും ധരിച്ച് പൊന്നും രത്നവും മുത്തും അണിഞ്ഞ മഹാനഗരമേ, കഷ്ടം, കഷ്ടം! ഇത്രവലിയ സമ്പത്ത് ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു അവർ പറയും.

[17] എല്ലാ കപ്പിത്താന്മാരും ഓരോ ദിക്കിലേക്കും കപ്പലേറി പോകുന്നവരും നാവികരും കടലിൽ വ്യാപാരം ചെയ്യുന്നവരൊക്കെയും

[18] ദൂരത്തുനിന്ന് അവളുടെ ദഹനത്തിന്റെ പുക കണ്ടപ്പോൾ, ഈ മഹാനഗരത്തോട് തുല്യമായി മറ്റേത് നഗരം ഉണ്ട്? എന്ന് നിലവിളിച്ചുപറഞ്ഞു.

[19] അവർ തലയിൽ പൂഴി വാരിയിട്ടുംകൊണ്ട്: കടലിൽ കപ്പലുള്ളവർക്കെല്ലാം തന്റെ ധനത്താൽ സമ്പത്ത് വർദ്ധിപ്പിച്ച മഹാനഗരമേ, കഷ്ടം, കഷ്ടം! ഒറ്റ മണിക്കൂറുകൊണ്ടു അവൾ നശിച്ചുപോയല്ലോ എന്നു പറഞ്ഞ് അവർ വിലപിച്ചും നിലവിളിച്ചും കരഞ്ഞു.

[20] സ്വർഗ്ഗമേ, വിശുദ്ധ അപ്പൊസ്തലന്മാരും പ്രവാചകന്മാരുമേ, ആനന്ദിക്ക! ദൈവം നിങ്ങൾക്കുവേണ്ടി അവളോട് പ്രതികാരം നടത്തിയല്ലോ.

[21] പിന്നെ, ശക്തനായൊരു ദൂതൻ തിരികല്ല് പോലെ വലിയ ഒരു കല്ല് എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞത്: ഇങ്ങനെ ബാബിലോൺ എന്ന മഹാനഗരത്തെ ശക്തിയോടെ എറിഞ്ഞുകളയും; ഇനി അതിനെ ഒരിക്കലും കാണുകയില്ല.

[22] വീണ വായിക്കുന്നവരുടെയും, സംഗീതക്കാരുടെയും, കുഴലൂത്തുകാരുടെയും, കാഹളക്കാരുടെയും സ്വരം നിന്നിൽ ഇനി ഒരിക്കലും കേൾക്കുകയില്ല; ഒരു തരത്തിലുമുള്ള കൗശലപ്പണിക്കാരും നിന്നിൽ ഇനി കാണുകയില്ല; തിരികല്ലിന്റെ ഒച്ച ഒരിക്കലും നിന്നിൽ കേൾക്കുകയുമില്ല.

[23] വിളക്കിന്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കുകയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കുകയില്ല; നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്റെ മന്ത്രവാദത്താൽ എല്ലാ ജാതികളും വഞ്ചിക്കപ്പെട്ടിരുന്നു.

[24] പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽവെച്ചു കൊല ചെയ്യപ്പെട്ട എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടത്.

വെളിപ്പാട് — Chapters