Skip to content
Opens in a new window
Listen to this chapter • 6:49

[1] ശെയല്ത്തീയേലിന്റെ മകൻ സെരുബ്ബാബേലിനോടും യേശുവയോടും കൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ഇവരാണ്:

[2] സെരായാവ്, യിരെമ്യാവ്, എസ്രാ, അമര്യാവ്,

[3] മല്ലൂക്, ഹത്തൂശ്, ശെഖന്യാവ്, രെഹൂം,

[4] മെരേമോത്ത്, ഇദ്ദോ, ഗിന്നെഥോയി,

[5] അബ്ബീയാവ്, മീയാമീൻ; മയദ്യാവ്, ബില്ഗാ,

[6] ശെമയ്യാവ്, യോയാരീബ്, യെദായാവ്,

[7] സല്ലൂ, ആമോക്, ഹില്ക്കീയാവ്, യെദായാവ്. ഇവർ യേശുവയുടെ കാലത്ത് പുരോഹിതന്മാരുടെയും തങ്ങളുടെ സഹോദരന്മാരുടെയും തലവന്മാർ ആയിരുന്നു.

[8] ലേവ്യരോ യേശുവ, ബിന്നൂവി, കദ്മീയേൽ, ശേരെബ്യാവ്, യെഹൂദാ എന്നിവരും സ്തോത്രഗാനനായകനായ മത്ഥന്യാവും സഹോദരന്മാരും.

[9] അവരുടെ സഹോദരന്മാരായ ബക്ക്ബൂക്ക്യാവും ഉന്നോവും അവർക്ക് സഹകാരികളായി ശുശ്രൂഷിച്ച് നിന്നു.

[10] യേശുവ യോയാക്കീമിനെ ജനിപ്പിച്ചു; യോയാക്കീം എല്യാശീബിനെ ജനിപ്പിച്ചു; എല്യാശീബ് യോയാദയെ ജനിപ്പിച്ചു;

[11] യോയാദാ യോനാഥാനെ ജനിപ്പിച്ചു; യോനാഥാൻ യദ്ദൂവയെ ജനിപ്പിച്ചു.

[12] യോയാക്കീമിന്റെ കാലത്ത് പിതൃഭവനത്തലവന്മാരായിരുന്ന പുരോഹിതന്മാർ സെരായാകുലത്തിന് മെരായ്യാവ്; യിരെമ്യാകുലത്തിന് ഹനന്യാവ്;

[13] എസ്രാകുലത്തിന് മെശുല്ലാം;

[14] അമര്യാകുലത്തിന് യെഹോഹാനാൻ; മല്ലൂക്ക്കുലത്തിന് യോനാഥാൻ; ശെബന്യാകുലത്തിന് യോസേഫ്;

[15] ഹാരീംകുലത്തിന് അദ്നാ; മെരായോത്ത് കുലത്തിന് ഹെല്ക്കായി;

[16] ഇദ്ദോകുലത്തിന് സെഖര്യാവ്; ഗിന്നെഥോൻകുലത്തിന് മെശുല്ലാം;

[17] അബീയാകുലത്തിന് സിക്രി; മിന്യാമീൻകുലത്തിനും മോവദ്യാകുലത്തിനും പിൽതായി;

[18] ബില്ഗാകുലത്തിന് ശമ്മൂവ; ശെമയ്യാകുലത്തിന് യെഹോനാഥാൻ;

[19] യോയാരീബ്കുലത്തിന് മഥെനായി; യെദായാകുലത്തിന് ഉസ്സി;

[20] സല്ലായികുലത്തിന് കല്ലായി; ആമോക് കുലത്തിന് ഏബെർ;

[21] ഹില്ക്കീയാകുലത്തിന് ഹശബ്യാവ്; യെദായാകുലത്തിന് നെഥനയേൽ.

[22] എല്യാശീബ്, യോയാദാ, യോഹാനാൻ, യദ്ദൂവ എന്നിവരുടെ കാലത്ത് ലേവ്യരെയും പാർസിരാജാവായ ദാര്യാവേശിന്റെ കാലത്ത് പുരോഹിതന്മാരെയും പിതൃഭവനത്തലവന്മാരായി എഴുതിവച്ചു.

[23] ലേവ്യരായ പിതൃഭവനത്തലവന്മാർ ഇന്നവരെന്ന് എല്യാശീബിന്റെ മകൻ യോഹാനാന്റെ കാലം വരെ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിയിരുന്നു.

[24] ലേവ്യരുടെ തലവന്മാർ: ഹശബ്യാവ്, ശേരെബ്യാവ്, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരം തരംതരമായി നിന്ന് സ്തുതിയും സ്തോത്രവും ചെയ്തുവന്നു.

[25] മത്ഥന്യാവും ബക്ക്ബൂക്ക്യാവ്, ഓബദ്യാവ്, മെശുല്ലാം, തല്മോൻ, അക്കൂബ്, എന്നിവർ വാതിലുകൾക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങൾ കാക്കുന്ന വാതിൽകാവല്ക്കാർ ആയിരുന്നു.

[26] ഇവർ യോസാദാക്കിന്റെ മകനായ യേശുവയുടെ മകൻ യോയാക്കീമിന്റെ കാലത്തും ദേശാധിപതിയായ നെഹെമ്യാവിന്റെയും ശാസ്ത്രിയായ എസ്രാപുരോഹിതന്റെയും കാലത്തും ഉണ്ടായിരുന്നു.

[27] യെരൂശലേമിന്റെ മതിൽ പ്രതിഷ്ഠിച്ച സമയം അവർ സ്തോത്രങ്ങളോടും സംഗീതത്തോടുംകൂടെ കൈത്താളങ്ങളും വീണകളും കിന്നരങ്ങളുംകൊണ്ട് സന്തോഷപൂർവ്വം പ്രതിഷ്ഠ ആചരിപ്പാൻ ലേവ്യരെ അവരുടെ സർവ്വവാസസ്ഥലങ്ങളിൽ നിന്നും യെരൂശലേമിലേക്ക് അന്വേഷിച്ചു വരുത്തി.

[28] അങ്ങനെ സംഗീതക്കാരുടെ വർഗ്ഗം യെരൂശലേമിന്റെ ചുറ്റുമുള്ള പ്രദേശത്ത് നിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളിൽനിന്നും

[29] ബേത്ത്-ഗിൽഗാലിൽനിന്നും ഗിബയുടെയും അസ്മാവെത്തിന്റെയും നാട്ടിൻപുറങ്ങളിൽനിന്നും വന്നുകൂടി; സംഗീതക്കാർ യെരൂശലേമിന്റെ ചുറ്റും തങ്ങൾക്ക് ഗ്രാമങ്ങൾ പണിതിരുന്നു.

[30] പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചതിനുശേഷം ജനത്തെയും വാതിലുകളെയും മതിലിനെയും ശുദ്ധീകരിച്ചു.

[31] പിന്നെ ഞാൻ യെഹൂദാപ്രഭുക്കന്മാരെ മതിലിന്മേൽ കൊണ്ടുപോയി; സ്തോത്രഗാനം ചെയ്തുകൊണ്ട് പ്രദക്ഷിണം ചെയ്യേണ്ടതിന് രണ്ട് വലിയ സംഘങ്ങളെ നിയമിച്ചു; അവയിൽ ഒന്ന് മതിലിന്മേൽ വലത്തുഭാഗത്തുകൂടി കുപ്പവാതില്‍ക്കലേക്ക് പുറപ്പെട്ടു.

[32] അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദാപ്രഭുക്കന്മാരിൽ പകുതിപേരും നടന്നു.

[33] അസര്യാവും എസ്രയും മെശുല്ലാമും

[34] യെഹൂദയും ബെന്യാമീനും ശെമയ്യാവും

[35] യിരെമ്യാവും കാഹളങ്ങളോടുകൂടെ പുരോഹിതപുത്രന്മാരിൽ ചിലരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകൻ സെഖര്യാവും

[36] ദൈവപുരുഷനായ ദാവീദിന്റെ വാദ്യങ്ങളോടുകൂടെ അവന്റെ സഹോദരന്മാരായ ശെമയ്യാവ് അസരയേലും മീലലായിയും ഗീലലായിയും മായായിയും നെഥനയേലും യെഹൂദയും ഹനാനിയും നടന്നു; എസ്രാ ശാസ്ത്രി അവരുടെ മുമ്പിൽ നടന്നു.

[37] അവർ ഉറവുവാതിൽ കടന്ന് നേരെ ദാവീദിന്റെ നഗരത്തിന്റെ പടിക്കെട്ടിൽകൂടി ദാവീദിന്റെ അരമനക്കപ്പുറം മതിലിന്റെ കയറ്റത്തിൽ കിഴക്ക് നീർവ്വാതിൽവരെ ചെന്നു.

[38] സ്തോത്രഗാനക്കാരുടെ രണ്ടാം സംഘം അവർക്ക് എതിരെ ചെന്നു; അവരുടെ പിന്നാലെ ഞാനും ജനത്തിൽ പകുതിയും മതിലിന്മേൽ ചൂളഗോപുരത്തിന് അപ്പുറം വിശാലമതിൽവരെയും എഫ്രയീംവാതിലിനപ്പുറം

[39] പഴയവാതിലും മീൻവാതിലും ഹനനേലിന്റെ ഗോപുരവും ഹമ്മേയാഗോപുരവും കടന്ന് ആട്ടുവാതിൽവരെയും ചെന്നു; അവർ കാരാഗൃഹവാതില്ക്കൽ നിന്നു.

[40] അങ്ങനെ സ്തോത്രഗാനക്കാരുടെ സംഘം രണ്ടും ഞാനും എന്നോടുകൂടെയുള്ള പ്രമാണികളിൽ പകുതിപേരും നിന്നു.

[41] കാഹളങ്ങളോടുകൂടെ എല്യാക്കീം, മയസേയാവ്, മിന്യാമീൻ, മീഖായാവ്, എല്യോവേനായി, സെഖര്യാവ്, ഹനന്യാവ് എന്ന പുരോഹിതന്മാരും മയസേയാവ്,

[42] ശെമയ്യാവ്, എലെയാസാർ, ഉസ്സി, യെഹോഹാനാൻ മല്ക്കീയാവ്, ഏലാം, ഏസെർ എന്നിവരും ദൈവാലയത്തിനരികെ വന്നുനിന്നു; സംഗീതക്കാർ ഉച്ചത്തിൽ പാട്ടുപാടി; യിസ്രഹ്യാവ് അവരുടെ പ്രമാണിയായിരുന്നു.

[43] അവർ അന്ന് മഹായാഗങ്ങൾ അർപ്പിച്ച് സന്തോഷിച്ചു; ദൈവം അവർക്ക് മഹാസന്തോഷം നല്കിയിരുന്നു; സ്ത്രീകളും കുട്ടികളുംകൂടെ സന്തോഷിച്ചു; അതുകൊണ്ട് യെരൂശലേമിലെ സന്തോഷഘോഷം ബഹുദൂരത്തോളം കേട്ടു.

[44] അന്ന് ശുശ്രൂഷിച്ചു നില്ക്കുന്ന പുരോഹിതന്മാരെയും ലേവ്യരെയും കുറിച്ച് യെഹൂദാജനം സന്തോഷിച്ചതുകൊണ്ട് അവർ പുരോഹിതന്മാർക്കും ലേവ്യർക്കും ന്യായപ്രമാണത്താൽ നിയമിക്കപ്പെട്ട ഓഹരികളെ, പട്ടണങ്ങളോട് ചേർന്ന നിലങ്ങളിൽനിന്ന് ശേഖരിച്ച് ഭണ്ഡാരത്തിനും ഉദർച്ചാർപ്പണങ്ങൾക്കും ഉള്ള അറകളിൽ സൂക്ഷിക്കേണ്ടതിന് ചില പുരുഷന്മാരെ മേൽവിചാരകന്മാരായി നിയമിച്ചു.

[45] അവർ തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നടത്തി; സംഗീതക്കാരും വാതിൽകാവല്ക്കാരും ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും കല്പനപ്രകാരം ചെയ്തു.

[46] പണ്ട് ദാവീദിന്റെയും ആസാഫിന്റെയും കാലത്ത് സംഗീതക്കാർക്ക് ഒരു തലവനും, ദൈവത്തിന് സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ഗീതങ്ങളും ഉണ്ടായിരുന്നു.

[47] എല്ലാ യിസ്രായേലും സെരുബ്ബാബേലിന്റെയും നെഹെമ്യാവിന്റെയും കാലങ്ങളിൽ സംഗീതക്കാർക്കും വാതിൽകാവല്ക്കാർക്കും ദിവസേന വിഹിതം നൽകിവന്നു. അവർ ലേവ്യർക്ക് നിവേദിതങ്ങളെ കൊടുത്തു; ലേവ്യർ അഹരോന്യർക്കും നിവേദിതങ്ങളെ കൊടുത്തു.

നെഹെമ്യാവ് — Chapters