Skip to content
Opens in a new window
Listen to this chapter • 8:55

[1] യേശു ഒലിവുമലയിലേക്ക് പോയി.

[2] അതികാലത്ത് അവൻ പിന്നെയും ദൈവാലയത്തിൽ ചെന്ന്; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചു.

[3] അപ്പോൾ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു അവരുടെ നടുവിൽ നിർത്തി അവനോട്:

[4] ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു.

[5] ഇങ്ങനെയുള്ളവരെ കല്ലെറിയണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ച് എന്ത് പറയുന്നു എന്നു ചോദിച്ചു.

[6] ഇതു അവനെ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം കിട്ടേണ്ടതിന് അവനെ പരീക്ഷിച്ച് ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു.

[7] അവർ അവനോട് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നപ്പോൾ അവൻ നിവർന്നു: ‘നിങ്ങളിൽ പാപമില്ലാത്തവൻ ആകട്ടെ ആദ്യം അവളെ ഒരു കല്ല് എറിയുന്നവൻ’ എന്നു അവരോട് പറഞ്ഞു.

[8] വീണ്ടും അവൻ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു.

[9] അവർ ഇതു കേട്ടപ്പോൾ മുതിർന്നവർ തുടങ്ങി ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും അവരുടെ നടുവിൽ നിന്നിരുന്ന സ്ത്രീയും ശേഷിച്ചു.

[10] യേശു നിവർന്നു അവളോട്: സ്ത്രീയേ, നിന്നെ കുറ്റം ചുമത്തിയവർ എവിടെ? നിനക്ക് ആരും ശിക്ഷ വിധിച്ചില്ലയോ എന്നു ചോദിച്ചതിന്:

[11] ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. ഞാനും നിനക്ക് ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി മേൽ പാപം ചെയ്യരുത് എന്നു യേശു പറഞ്ഞു.

[12] യേശു പിന്നെയും അവരോട് സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു.

[13] പരീശന്മാർ അവനോട്: നീ നിന്നെക്കുറിച്ച് തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.

[14] യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ എന്നെക്കുറിച്ച് തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെനിന്ന് വന്നു എന്നും എവിടേക്ക് പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെനിന്ന് വന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല.

[15] നിങ്ങൾ മാനുഷിക നിയമങ്ങൾക്കനുസരിച്ച് വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല.

[16] ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.

[17] രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ.

[18] ഞാൻ എന്നെക്കുറിച്ച് തന്നേ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു.

[19] അവർ അവനോട്: നിന്റെ പിതാവ് എവിടെ എന്നു ചോദിച്ചതിന് യേശു: നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞ് എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.

[20] അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തിനരികെവെച്ച് ഈ വചനം പറഞ്ഞു; അവന്റെ നാഴിക അതുവരെയും വന്നിട്ടില്ലാത്തതുകൊണ്ട് ആരും അവനെ പിടിച്ചില്ല.

[21] അവൻ പിന്നെയും അവരോട്: ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും; ഞാൻ പോകുന്ന ഇടത്തേക്ക് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു പറഞ്ഞു.

[22] ഞാൻ പോകുന്ന ഇടത്തേക്ക് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു അവൻ പറഞ്ഞത്; അവൻ തന്നെത്താൻ കൊല്ലുമെന്നാണോ? എന്നു യെഹൂദന്മാർ പറഞ്ഞു.

[23] അവൻ അവരോട്: നിങ്ങൾ താഴെനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽനിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.

[24] ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ‘ഞാൻ ആകുന്നു’ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു.

[25] അവർ അവനോട്: നീ ആർ ആകുന്നു എന്നു ചോദിച്ചതിന് യേശു: ആദിമുതൽ ഞാൻ നിങ്ങളോടു പറഞ്ഞിരുന്നത് തന്നേ.

[26] നിങ്ങളെക്കുറിച്ച് വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്ക് ഉണ്ട്; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനിൽനിന്ന് കേട്ടതായ ഈ കാര്യങ്ങൾ തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു.

[27] പിതാവിനെക്കുറിച്ച് ആകുന്നു അവൻ തങ്ങളോട് പറഞ്ഞത് എന്നു അവർ ഗ്രഹിച്ചില്ല.

[28] ആകയാൽ യേശു: നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ‘ഞാൻ ആകുന്നു’ അവൻ എന്നും ഞാൻ സ്വയമായിട്ട് ഒന്നും ചെയ്യാതെ പിതാവ് എനിക്ക് ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു എന്നും നിങ്ങൾ അറിയും.

[29] എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; ഞാൻ എല്ലായ്പോഴും അവന് പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു.

[30] അവൻ ഈ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അനേകർ അവനിൽ വിശ്വസിച്ചു.

[31] തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ യഥാർത്ഥമായി എന്റെ ശിഷ്യന്മാരായി

[32] സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നു പറഞ്ഞു.

[33] അവർ അവനോട്: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നത് എങ്ങനെ എന്നു ഉത്തരം പറഞ്ഞു.

[34] അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു.

[35] അടിമ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു.

[36] അതുകൊണ്ട് പുത്രൻ നിങ്ങൾക്ക് സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.

[37] നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിന് നിങ്ങളിൽ ഇടം ഇല്ലാത്തതുകൊണ്ട് നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു.

[38] പിതാവിന്റെ അടുക്കൽ കണ്ടിട്ടുള്ളത് ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോട് കേട്ടിട്ടുള്ളത് നിങ്ങൾ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.

[39] അവർ അവനോട്: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവ് എന്നു ഉത്തരം പറഞ്ഞതിന് യേശു അവരോട്: നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു.

[40] എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.

[41] നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോട്: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.

[42] യേശു അവരോട് പറഞ്ഞത്: ദൈവം നിങ്ങളുടെ പിതാവ് എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.

[43] എന്റെ വാക്കുകൾ നിങ്ങൾ ഗ്രഹിക്കാത്തത് എന്ത്? എന്റെ വചനം കേൾക്കുവാൻ നിങ്ങൾക്ക് മനസ്സില്ലാത്തതുകൊണ്ടത്രേ.

[44] നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്ത സ്വഭാവത്തിൽനിന്ന് എടുത്തു പറയുന്നു; എന്തുകൊണ്ടെന്നാൽ അവൻ ഭോഷ്ക് പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.

[45] ഞാനോ സത്യം സംസാരിക്കുന്നു എന്നിട്ടും നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല.

[46] നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ച് ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്?

[47] ദൈവത്തിൽനിന്നുള്ളവർ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരല്ലായ്കകൊണ്ട് അവ കേൾക്കുന്നില്ല.

[48] യെഹൂദന്മാർ അവനോട്: നീ ഒരു ശമര്യൻ; നിനക്ക് ഭൂതം ഉണ്ട് എന്നു ഞങ്ങൾ പറയുന്നത് ശരിയല്ലയോ എന്നു പറഞ്ഞു.

[49] അതിന് യേശു: എനിക്ക് ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിയ്ക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.

[50] ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അങ്ങനെ അന്വേഷിക്കുകയും വിധിക്കുകയും ചെയ്യുന്ന ഒരുവൻ ഉണ്ട്.

[51] ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്നു ഉത്തരം പറഞ്ഞു.

[52] യെഹൂദന്മാർ അവനോട്: നിനക്ക് ഭൂതം ഉണ്ട് എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു.

[53] ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു എന്നു ചോദിച്ചതിന്

[54] യേശു: ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നത് എന്റെ പിതാവ് ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.

[55] നിങ്ങൾ അവനെ അറിയുന്നില്ല എങ്കിലും ഞാൻ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.

[56] നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ട് സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

[57] യെഹൂദന്മാർ അവനോട്: നിനക്ക് അമ്പത് വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.

[58] യേശു അവരോട്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന് മുമ്പ് ഞാൻ ഉണ്ട് എന്നു പറഞ്ഞു.

[59] അപ്പോൾ അവർ അവനെ എറിയുവാൻ കല്ല് എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടുപോയി.

യോഹന്നാന്‍ — Chapters