[1] താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു പെസഹാ പെരുന്നാളിന് മുമ്പെ യേശു അറിഞ്ഞിട്ട്, ലോകത്തിൽ തനിക്കു സ്വന്തമായവരെ സ്നേഹിച്ചു; അവസാനത്തോളം അവരെ സ്നേഹിച്ചു.
[2] അത്താഴം ആയപ്പോൾ പിശാച്, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്താവിന്റെ ഹൃദയത്തിൽ യേശുവിനെ ഒറ്റികൊടുക്കുവാൻ തോന്നിച്ചിരുന്നു;
[3] പിതാവ് സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരുന്നു.
[4] അവൻ അത്താഴത്തിൽ നിന്നു എഴുന്നേറ്റ് മേൽവസ്ത്രം ഊരിവച്ച് ഒരു തുവർത്ത് എടുത്തു അരയിൽ ചുറ്റി
[5] ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ട് തുവർത്തുവാനും തുടങ്ങി.
[6] അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോട്: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ എന്നു പറഞ്ഞു.
[7] യേശു അവനോട്: ഞാൻ ചെയ്യുന്നതെന്തെന്ന് നീ ഇപ്പോൾ അറിയുന്നില്ല; എന്നാൽ പിന്നീട് അറിയും എന്നു ഉത്തരം പറഞ്ഞു.
[8] നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന് യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്ക് എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻ പത്രൊസ്:
[9] കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു.
[10] യേശു അവനോട്: കുളിച്ചിരിക്കുന്നവന് കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.
[11] തന്നെ കാണിച്ചുകൊടുക്കുന്നവൻ ആരാണെന്ന് യേശു അറിഞ്ഞിരുന്നതുകൊണ്ടാണ് നിങ്ങൾ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്.
[12] അവൻ അവരുടെ കാൽ കഴുകിയിട്ട് വസ്ത്രം ധരിച്ചു വീണ്ടും ഇരുന്ന് അവരോട് പറഞ്ഞത്: ഞാൻ നിങ്ങൾക്ക് ചെയ്തതു എന്താണെന്ന് നിങ്ങൾ അറിയുന്നുവോ?
[13] നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ട് നിങ്ങൾ പറയുന്നത് ശരി.
[14] കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽതമ്മിൽ കാൽ കഴുകേണ്ടതാകുന്നു.
[15] ഞാൻ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ഒരു മാതൃക തന്നിരിക്കുന്നു.
[16] ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനേക്കാൾ വലിയവൻ അല്ല; അയയ്ക്കപ്പെട്ടവൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല.
[17] ഇതു നിങ്ങൾ അറിയുന്നു എങ്കിൽ അവയെ ചെയ്താൽ ഭാഗ്യവാന്മാർ.
[18] ഞാൻ നിങ്ങളെ എല്ലാവരെയും കുറിച്ച് പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന് നിവൃത്തി വരേണ്ടതിനാകുന്നു ഞാൻ ഇതു പറയുന്നത്.
[19] അത് സംഭവിക്കുമ്പോൾ “ഞാൻ ആകുന്നു” എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന് ഞാൻ ഇപ്പോൾ അത് സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു.
[20] ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
[21] ഇതു പറഞ്ഞിട്ട് യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റികൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.
[22] ഇതു ആരെക്കുറിച്ച് പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽതമ്മിൽ നോക്കി.
[23] ശിഷ്യന്മാരിൽ വെച്ച് യേശു സ്നേഹിച്ച ഒരുവൻ യേശുവിന്റെ മാർവ്വിടത്തു ചാരിക്കൊണ്ടിരുന്നു.
[24] ശിമോൻ പത്രൊസ് അവനോട് ആംഗ്യം കാട്ടി, അവൻ പറഞ്ഞത് ആരെക്കുറിച്ച് എന്നു ചോദിപ്പാൻ പറഞ്ഞു.
[25] അവൻ യേശുവിന്റെ നെഞ്ചോട് ചാഞ്ഞു: കർത്താവേ, അത് ആർ എന്നു ചോദിച്ചു.
[26] ഞാൻ അപ്പക്കഷണം മുക്കി കൊടുക്കുന്നവൻതന്നെ എന്നു യേശു ഉത്തരം പറഞ്ഞു; അപ്പക്കഷണം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദയ്ക്ക് കൊടുത്തു.
[27] അപ്പം വാങ്ങിയതിനുശേഷം സാത്താൻ അവനിൽ കടന്നു; യേശു അവനോട്: നീ ചെയ്യാനിരിക്കുന്നത് വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു.
[28] എന്നാൽ ഇതു അവനോട് എന്തിന് പറഞ്ഞുവെന്ന് പന്തിയിൽ ഇരുന്നവരിൽ ആരും അറിഞ്ഞില്ല.
[29] പണസഞ്ചി യൂദയുടെ പക്കൽ ആകയാൽ പെരുന്നാളിന് നമുക്ക് ആവശ്യമുള്ളതു വാങ്ങുവാനോ ദരിദ്രർക്ക് വല്ലതും കൊടുക്കുവാനോ യേശു അവനോട് കല്പിക്കുന്നു എന്നു ചിലർക്കു തോന്നി.
[30] അപ്പം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി, അപ്പോൾ രാത്രി ആയിരുന്നു.
[31] അവൻ പോയശേഷം യേശു പറഞ്ഞത്: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു;
[32] ദൈവം അവനിൽ മഹത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽതന്നേ മഹത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്വപ്പെടുത്തും.
[33] കുഞ്ഞുങ്ങളെ, ഞാൻ ഇനി കുറച്ചുസമയംകൂടി മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്ത് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു ഞാൻ യെഹൂദന്മാരോട് പറഞ്ഞതുപോലെ ഇന്ന് നിങ്ങളോടും പറയുന്നു.
[34] നിങ്ങൾ തമ്മിൽതമ്മിൽ സ്നേഹിക്കേണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്ക് തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽതമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.
[35] നിങ്ങൾക്ക് തമ്മിൽതമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.
[36] ശിമോൻ പത്രൊസ് അവനോട്: കർത്താവേ, നീ എവിടെ പോകുന്നു എന്നു ചോദിച്ചതിന്: ഞാൻ പോകുന്ന ഇടത്തേക്ക് നിനക്ക് ഇപ്പോൾ എന്നെ അനുഗമിക്കുവാൻ കഴിയുകയില്ല; പിന്നത്തേതിൽ നീ എന്നെ അനുഗമിക്കും എന്നു യേശു അവനോട് ഉത്തരം പറഞ്ഞു.
[37] പത്രൊസ് അവനോട്: കർത്താവേ, ഇപ്പോൾ എനിക്ക് നിന്നെ അനുഗമിക്കുവാൻ കഴിയാത്തത് എന്ത്? ഞാൻ എന്റെ ജീവനെ നിനക്ക് വേണ്ടി വെച്ചുകളയും എന്നു പറഞ്ഞു.
[38] അതിന് യേശു: നിന്റെ ജീവനെ എനിക്കുവേണ്ടി വെച്ചുകളയുമോ? ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: നീ മൂന്നുപ്രാവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല എന്നു ഉത്തരം പറഞ്ഞു.