[1] ആഴ്ചയുടെ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ, ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറയ്ക്കൽ ചെന്ന് കല്ലറവായ്ക്കൽ നിന്ന് കല്ല് നീങ്ങിയിരിക്കുന്നത് കണ്ട്.
[2] അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശു സ്നേഹിച്ച മറ്റെ ശിഷ്യന്റെയും അടുക്കൽ വന്നു: അവർ കർത്താവിനെ കല്ലറയിൽനിന്ന് എടുത്തുകൊണ്ടുപോയി; അവനെ എവിടെ വെച്ച് എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോട് പറഞ്ഞു.
[3] അപ്പോൾ പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറയ്ക്കൽ ചെന്ന്.
[4] ഇരുവരും ഒന്നിച്ച് ഓടി; മറ്റെ ശിഷ്യൻ പത്രൊസിനേക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലറയ്ക്കൽ എത്തി;
[5] കുനിഞ്ഞുനോക്കി ശീലകൾ അവിടെ കിടക്കുന്നത് കണ്ട്; എന്നാൽ അകത്ത് കടന്നില്ലതാനും.
[6] പിന്നീട് അവന്റെ പിന്നാലെ വന്ന ശിമോൻ പത്രൊസ് കല്ലറയിൽ കടന്നു
[7] ശീലകൾ അവിടെ കിടക്കുന്നതും, അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്ത് ചുരുട്ടിവെച്ചിരിക്കുന്നതും കണ്ട്.
[8] ആദ്യം കല്ലറയ്ക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്ത് ചെന്ന് കണ്ട് വിശ്വസിച്ചു.
[9] അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്ത് അവർ അതുവരെ അറിഞ്ഞില്ല.
[10] അങ്ങനെ ശിഷ്യന്മാർ വീണ്ടും തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോയി.
[11] എന്നാൽ മറിയ കല്ലറയ്ക്ക് പുറത്തു കരഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു; കരയുന്നതിനിടയിൽ അവൾ കല്ലറയ്ക്കുള്ളിലേക്ക് കുനിഞ്ഞുനോക്കി.
[12] യേശുവിന്റെ ശരീരം കിടന്നിരുന്നിടത്ത് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുവൻ തലയ്ക്കലും ഒരുവൻ കാൽക്കലും ഇരിക്കുന്നത് കണ്ട്.
[13] അവർ അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത് എന്നു ചോദിച്ചു. അവർ എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി; അവനെ എവിടെ വെച്ച് എന്നു ഞാൻ അറിയുന്നില്ല എന്നു അവൾ അവരോട് പറഞ്ഞു.
[14] ഇതു പറഞ്ഞിട്ട് അവൾ പുറകോട്ട് തിരിഞ്ഞപ്പോൾ യേശു അവിടെ നില്ക്കുന്നതു കണ്ട്; എന്നാൽ അത് യേശു എന്നു അറിഞ്ഞില്ലതാനും.
[15] യേശു അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത്? നീ ആരെ അന്വേഷിക്കുന്നു എന്നു ചോദിച്ചു. അത് തോട്ടക്കാരനാകുന്നു എന്നു നിരൂപിച്ചിട്ട് അവൾ: യജമാനനേ, നീ അവനെ എടുത്തുകൊണ്ട് പോയി എങ്കിൽ അവനെ എവിടെ വെച്ച് എന്നു പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോട് പറഞ്ഞു.
[16] യേശു അവളോട്: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായ ഭാഷയിൽ: ‘റബ്ബൂനി’ എന്നു പറഞ്ഞു; അതിന് ഗുരു എന്നർത്ഥം.
[17] യേശു അവളോട്: എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോട് പറകഎന്നു പറഞ്ഞു.
[18] മഗ്ദലക്കാരത്തി മറിയ വന്നു: “ഞാൻ കർത്താവിനെ കണ്ട്” എന്നും അവൻ ഈ കാര്യങ്ങൾ തന്നോട് പറഞ്ഞു എന്നും ശിഷ്യന്മാരോട് അറിയിച്ചു.
[19] ആഴ്ചയുടെ ഒന്നാംനാളായ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്ത് യെഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു അവരോട് പറഞ്ഞു.
[20] ഇതു പറഞ്ഞിട്ട് അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; അപ്പോൾ കർത്താവിനെ കണ്ടിട്ട് ശിഷ്യന്മാർ സന്തോഷിച്ചു.
[21] യേശു പിന്നെയും അവരോട്: “നിങ്ങൾക്ക് സമാധാനം;” പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്നു പറഞ്ഞു.
[22] ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെ മേൽ ഊതി അവരോട്: പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ.
[23] ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്ക് മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്ക് നിർത്തിയിരിക്കുന്നുഎന്നു പറഞ്ഞു.
[24] എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.
[25] പിന്നീട് മറ്റുള്ള ശിഷ്യന്മാർ അവനോട്: “ഞങ്ങൾ കർത്താവിനെ കണ്ട്” എന്നു പറഞ്ഞപ്പോൾ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുത് കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്ത് കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോട് പറഞ്ഞു.
[26] എട്ട് ദിവസം കഴിഞ്ഞിട്ട് ശിഷ്യന്മാർ പിന്നെയും അകത്ത് കൂടിയിരിക്കുമ്പോൾ തോമസും ഉണ്ടായിരുന്നു. വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു പറഞ്ഞു.
[27] പിന്നെ തോമസിനോട്: നിന്റെ വിരൽ ഇങ്ങോട്ട് നീട്ടി എന്റെ കൈകളെ കാണുക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്കഎന്നു പറഞ്ഞു.
[28] തോമസ് അവനോട്: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
[29] യേശു അവനോട്: നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർഎന്നു പറഞ്ഞു.
[30] ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തിൽ ചെയ്തു.
[31] എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്റെ നാമത്തിൽ നിങ്ങൾക്ക് ജീവൻ ഉണ്ടാകേണ്ടതിനും ഇതു എഴുതിയിരിക്കുന്നു.