Skip to content
Opens in a new window
Listen to this chapter • 4:57

[1] ദാവീദിന്റെ കാലത്ത് മൂന്നു വർഷം തുടർച്ചയായി ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാട് ചോദിച്ചപ്പോൾ “ശൌല്‍ ഗിബെയോന്യരെ കൊന്നതുകൊണ്ട് അത് അവൻ നിമിത്തവും രക്തപാതകമുള്ള അവന്റെ കുടുംബം നിമിത്തവും ആകുന്നു”. എന്ന് യഹോവ അരുളിച്ചെയ്തു.

[2] അങ്ങനെ രാജാവ് ഗിബെയോന്യരെ വിളിച്ച് അവരോട് സംസാരിച്ചു: ഗിബെയോന്യർ യിസ്രായേല്യരല്ല; അമോര്യരിൽ ശേഷിച്ചവരത്രേ. അവരെ സംരക്ഷിക്കാമെന്ന് യിസ്രായേൽ മക്കൾ സത്യം ചെയ്തിരുന്നു. എങ്കിലും ശൌല്‍ യിസ്രായേല്യർക്കും യെഹൂദ്യർക്കും വേണ്ടി തനിക്കുണ്ടായിരുന്ന അതിതാല്പര്യത്താൽ അവരെ കൊന്നുകളയുവാൻ ശ്രമിച്ചു -

[3] ദാവീദ് ഗിബെയോന്യരോട്: “ഞാൻ നിങ്ങൾക്ക് എന്ത് ചെയ്തു തരണം? നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന് ഞാൻ എന്ത് പരിഹാരം ചെയ്യണം?” എന്നു ചോദിച്ചു.

[4] ഗിബെയോന്യർ അവനോട്: “ശൌലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ട് തീരുന്നതല്ല; യിസ്രായേലിൽ ഞങ്ങൾക്കുവേണ്ടി ഒരുവനെ നീ കൊല്ലുകയും വേണ്ട” എന്നു പറഞ്ഞു. “നിങ്ങൾ പറയുന്നത് എന്തുതന്നെയായാലും ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തുതരാം” എന്ന് അവൻ പറഞ്ഞു.

[5] അവർ രാജാവിനോട്: “ഞങ്ങളെ നശിപ്പിക്കുകയും യിസ്രായേൽദേശത്തെങ്ങും ഞങ്ങൾ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കുകയും ചെയ്തവന്റെ മക്കളിൽ ഏഴുപേരെ ഞങ്ങൾക്ക് വിട്ടുതരണം.

[6] ഞങ്ങൾ അവരെ യഹോവ തിരഞ്ഞെടുത്ത ശൌലിന്റെ, ഗിബെയയിൽ യഹോവയുടെ മുമ്പിൽ തൂക്കിക്കളയും” എന്ന് ഉത്തരം പറഞ്ഞു. “ഞാൻ അവരെ തരാം” എന്ന് രാജാവ് പറഞ്ഞു.

[7] എന്നാൽ ദാവീദും ശൌലിന്റെ മകനായ യോനാഥാനും തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്ത സത്യംനിമിത്തം ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ രാജാവ് ഒഴിവാക്കി.

[8] അയ്യാവിന്റെ മകൾ രിസ്പാ ശൌലിനു പ്രസവിച്ച രണ്ട് പുത്രന്മാരായ അർമ്മോനിയെയും മെഫീബോശെത്തിനെയും ശൌലിന്റെ മകളായ മേരബ് മെഹോലാത്യൻ ബർസില്ലായിയുടെ മകനായ അദ്രിയേലിനു പ്രസവിച്ച അഞ്ച് പുത്രന്മാരെയും രാജാവ് പിടിച്ച് ഗിബെയോന്യരുടെ കയ്യിൽ ഏല്പിച്ചു.

[9] അവർ അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നത്.

[10] അയ്യാവിന്റെ മകളായ രിസ്പ ചാക്കുശീല എടുത്ത് പാറമേൽ വിരിച്ച് കൊയ്ത്തുകാലത്തിന്റെ ആരംഭംമുതൽ ആകാശത്തുനിന്ന് അവരുടെ മേൽ മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാൻ സമ്മതിക്കാതിരുന്നു.

[11] ശൌലിന്റെ വെപ്പാട്ടിയായി അയ്യാവിന്റെ മകളായ രിസ്പ ചെയ്തത് ദാവീദ് കേട്ടിട്ട്

[12] ദാവീദ് ചെന്ന് ഫെലിസ്ത്യർ ഗിൽബോവയിൽവച്ച് ശൌലിനെ കൊന്നനാളിൽ ബേത്ത്-ശാൻനഗരവീഥിയിൽ ഫെലിസ്ത്യർ തൂക്കിക്കളയുകയും ഗിലെയാദിലെ യാബേശ് പൗരന്മാർ അവിടെനിന്ന് മോഷ്ടിച്ചു കൊണ്ടുവരുകയും ചെയ്തിരുന്ന ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികൾ അവരുടെ അടുക്കൽനിന്ന് എടുത്തു.

[13] അങ്ങനെ അവൻ ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികൾ അവിടെനിന്നു വരുത്തി; തൂക്കിക്കൊന്നവരുടെ അസ്ഥികളും അവർ പെറുക്കിയെടുത്തു.

[14] ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികൾ അവർ ബെന്യാമീൻദേശത്ത് സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയിൽ അടക്കം ചെയ്തു; രാജാവ് കല്പിച്ചതെല്ലാം അവർ ചെയ്തു. അതിന്‍റെശേഷം ദൈവം ദേശത്തിനുവേണ്ടിയുള്ള പ്രാർത്ഥനയെ ആദരിച്ചു.

[15] ഫെലിസ്ത്യർക്ക് യിസ്രായേലിനോട് വീണ്ടും യുദ്ധം ഉണ്ടായപ്പോൾ ദാവീദ് തന്റെ ഭൃത്യന്മാരുമായി ചെന്ന് ഫെലിസ്ത്യരോടു പോരാടി; ദാവീദ് തളർന്നുപോയി.

[16] അപ്പോൾ മുന്നൂറു ശേക്കെൽ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാൾ അരക്കു കെട്ടിയവനുമായി രാഫാമക്കളിൽ യിശ്ബി-ബെനോബ് എന്നൊരുവൻ ദാവീദിനെ കൊല്ലുവാൻ ഭാവിച്ചു.

[17] എന്നാൽ സെരൂയയുടെ മകനായ അബീശായി അവന്റെ സഹായത്തിനായി വന്ന് ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോൾ ദാവീദിന്റെ ഭൃത്യന്മാർ അവനോട്: “നീ യിസ്രായേലിന്റെ ദീപം കെടുത്താതിരിക്കേണ്ടതിന് ഇനി ഞങ്ങളോടുകൂടി യുദ്ധത്തിന് പുറപ്പെടരുത്” എന്ന് സത്യംചെയ്തു പറഞ്ഞു.

[18] അതിന്‍റെശേഷം ഗോബിൽവച്ച് വീണ്ടും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അപ്പോൾ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുവനായ സഫിനെ വെട്ടിക്കൊന്നു.

[19] ഗോബിൽവച്ച് പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവച്ച് ബേത്ത്ലേഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിന്റെ സഹോദരനെ വെട്ടിക്കൊന്നു; ഗോലിയാത്തിന്‍റെ സഹോദരന്റെ കുന്തത്തണ്ട് നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.

[20] പിന്നെയും ഗത്തിൽവച്ച് യുദ്ധം ഉണ്ടായി; അവിടെ ഒരു അതികായൻ ഉണ്ടായിരുന്നു; അവന്റെ ഓരോ കൈയ്ക്ക് ആറാറുവിരലും ഓരോ കാലിന് ആറാറുവിരലും ആകെ ഇരുപത്തിനാല് വിരൽ ഉണ്ടായിരുന്നു; ഇവനും രാഫയ്ക്കു ജനിച്ചവനായിരുന്നു.

[21] അവൻ യിസ്രായേലിനെ അധിക്ഷേപിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അവനെ കൊന്നുകളഞ്ഞു.

[22] ഈ നാല് പേരും ഗത്തിൽ രാഫയ്ക്കു ജനിച്ചവരായിരുന്നു. അവർ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാൽ കൊല്ലപ്പെട്ടു.

2 ശമൂവേൽ — Chapters