[1] ശൌലിന്റെ മരണശേഷം, ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗ് പട്ടണത്തില്‍ രണ്ടു ദിവസം പാർക്കുകയും ചെയ്തശേഷം
[2] മൂന്നാംദിവസം ഒരു പുരുഷൻ തന്റെ വസ്ത്രങ്ങൾ കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് ശൌലിന്റെ പാളയത്തിൽനിന്ന് വന്നു, അവൻ ദാവീദിന്റെ അടുക്കൽ എത്തിയപ്പോൾ സാഷ്ടാംഗം വീണു നമസ്കരിച്ചു.
[3] ദാവീദ് അവനോട്: “നീ എവിടെ നിന്നു വരുന്നു” എന്ന് ചോദിച്ചതിന്: “ഞാൻ യിസ്രായേൽ സൈന്യത്തില്‍ നിന്ന് രക്ഷപ്പെട്ടുപോരുകയാകുന്നു” എന്ന് അവൻ പറഞ്ഞു.
[4] ദാവീദ് അവനോട് ചോദിച്ചത്: “കാര്യം എന്തായി? ദയവായി എന്നോട് പറയുക”. അതിന് അവൻ: “ജനം യുദ്ധത്തിൽ തോറ്റോടി; ജനത്തിൽ അനേകം പേർ മുറിവേറ്റു മരിച്ചുവീണു; ശൌലും അവന്റെ മകനായ യോനാഥാനും കൊല്ലപ്പെട്ടു” എന്ന് ഉത്തരം പറഞ്ഞു.
[5] വാർത്ത കൊണ്ടുവന്ന യൗവനക്കാരനോട് ദാവീദ്: “ശൌലും അവന്റെ മകനായ യോനാഥാനും കൊല്ലപ്പെട്ടത് നീ എങ്ങനെ അറിഞ്ഞ്” എന്നു ചോദിച്ചതിന്
[6] വാർത്ത കൊണ്ടുവന്ന യൗവനക്കാരൻ പറഞ്ഞത്: “ഞാൻ യദൃശ്ചയാ ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൌല്‍ തന്റെ കുന്തത്തിന്മേൽ ചാരി നില്ക്കുന്നതും രഥങ്ങളും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു;
[7] അവൻ പുറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: ‘അടിയൻ ഇതാ’ എന്ന് ഞാൻ ഉത്തരം പറഞ്ഞു.
[8] ‘നീ ആര്?’ എന്ന് അവൻ എന്നോട് ചോദിച്ചതിന്: ‘ഞാൻ ഒരു അമാലേക്യൻ’ എന്ന് ഉത്തരം പറഞ്ഞു.
[9] അവൻ പിന്നെയും എന്നോട്: ‘ദയവായി എന്റെ അടുത്തുവന്ന് എന്നെ കൊല്ലണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കുകകൊണ്ട് എനിക്ക് പരിഭ്രമം പിടിച്ചിരിക്കുന്നു’ എന്ന് പറഞ്ഞു.
[10] അതുകൊണ്ട് ഞാൻ അടുത്തുചെന്ന് അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കുകയില്ല എന്ന് ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കാപ്പും ഞാൻ എടുത്ത് ഇവിടെ എന്റെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു”.
[11] ഉടനെ ദാവീദ് തന്റെ വസ്ത്രം വലിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു.
[12] അവർ ശൌലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ച് അവർ വാളാൽ തോറ്റുകൊല്ലപ്പെട്ടതുകൊണ്ട് വിലപിച്ചും കരഞ്ഞും സന്ധ്യവരെ ഉപവസിച്ചു.
[13] ദാവീദ് വാർത്ത കൊണ്ടുവന്ന യൗവനക്കാരനോട്: “നീ എവിടുത്തുകാരൻ” എന്ന് ചോദിച്ചതിന്: “ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ” എന്ന് ഉത്തരം പറഞ്ഞു.
[14] ദാവീദ് അവനോട്: “യഹോവയുടെ അഭിഷിക്തനെ കൊല്ലേണ്ടതിന് നിന്റെ കയ്യോങ്ങുവാൻ നിനക്ക് ഭയം തോന്നാഞ്ഞത് എങ്ങനെ” എന്ന് പറഞ്ഞു.
[15] പിന്നെ ദാവീദ് യൗവനക്കാരിൽ ഒരുവനെ വിളിച്ചു: “ചെന്ന് അവനെ വെട്ടിക്കളയുക” എന്നു പറഞ്ഞു.
[16] അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോട്: “നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്ന് നിന്റെ വായ്കൊണ്ടുതന്നെ നിനക്ക് എതിരായി സാക്ഷ്യം പറഞ്ഞുവല്ലോ” എന്നു പറഞ്ഞു.
[17] അതിനുശേഷം ദാവീദ് ശൌലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ച് ഈ വിലാപഗീതം പാടി.
[18] അവൻ യെഹൂദാമക്കളെ ഈ ധനുർഗ്ഗീതം പഠിപ്പിക്കുവാൻ കല്പിച്ചു; അത് ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:
[19] “യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാർ പട്ടുപോയത് എങ്ങനെ!
[20] ഗത്തിൽ അത് പ്രസിദ്ധമാക്കരുതേ; അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; അഗ്രചർമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ.
[21] ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്; ശൌലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ.
[22] കൊല്ലപ്പെട്ടവരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ട് യോനാഥാന്റെ വില്ല് പിന്തിരിഞ്ഞില്ല; ശൌലിന്റെ വാൾ വെറുതെ മടങ്ങിവന്നതുമില്ല.
[23] ശൌലും യോനാഥാനും അവരുടെ ജീവകാലത്ത് പ്രീതിയും പ്രിയവും ഉള്ളവരായിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല. അവർ കഴുകന്മാരിലും വേഗതയുള്ളവർ, സിംഹങ്ങളിലും ശക്തിശാലികൾ.
[24] യിസ്രായേൽപുത്രിമാരേ, ശൌലിനെച്ചൊല്ലി കരയുവിൻ അവൻ നിങ്ങളെ ആഡംബരപൂർണ്ണമായ കടുംചുവപ്പ് വസ്ത്രം ധരിപ്പിച്ചു നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു.
[25] യുദ്ധമദ്ധ്യേ വീരന്മാർ വീണുപോയതെങ്ങനെ! നിന്റെ ഗിരികളിൽ യോനാഥാൻ കൊല്ലപ്പെട്ടുവല്ലോ.
[26] എന്റെ സഹോദരാ, യോനാഥാനേ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്ക് അതിവത്സലൻ ആയിരുന്നു; എന്നോടുള്ള നിൻസ്നേഹം വിസ്മയനീയം, നാരിയുടെ പ്രേമത്തിലും വിസ്മയനീയം.
[27] യുദ്ധവീരന്മാർ കൊല്ലപ്പെട്ടത് എങ്ങനെ; യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!”.