Skip to content
Opens in a new window
Listen to this chapter • 7:51

[1] അതിന്‍റെശേഷം സംഭവിച്ചത്: ദാവീദിന്റെ മകനായ അബ്ശാലോമിന് സൗന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്ക് താമാർ എന്ന് പേർ; ദാവീദിന്റെ മകനായ അമ്നോന് അവളിൽ പ്രേമം ജനിച്ചു.

[2] തന്റെ സഹോദരിയായ താമാർ നിമിത്തം കാമംമുഴുത്തിട്ട് അമ്നോൻ രോഗിയായ്തീർന്നു. അവൾ കന്യകയാകയാൽ അവളോട് വല്ലതും ചെയ്യുവാൻ അമ്നോന് പ്രയാസം തോന്നി.

[3] എന്നാൽ അമ്നോന് ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.

[4] അവൻ അവനോട്: “നീ നാൾക്കുനാൾ ഇങ്ങനെ ക്ഷീണിച്ചുവരുന്നത് എന്ത്, രാജകുമാരാ? എന്നോട് പറയുകയില്ലയോ?” എന്നു ചോദിച്ചു. അമ്നോൻ അവനോട്: “എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങൾ താമാരിൽ എനിക്ക് പ്രേമം ജനിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

[5] യോനാദാബ് അവനോട്: “നീ രോഗംനടിച്ച് കിടക്കയിൽ കിടന്നുകൊള്ളുക; നിന്നെ കാണാൻ നിന്റെ അപ്പൻ വരുമ്പോൾ നീ അവനോട്: ‘എന്റെ സഹോദരിയായ താമാർ വന്ന് എന്നെ ഭക്ഷണം കഴിപ്പിക്കണം; അവളുടെ കയ്യിൽനിന്ന് വാങ്ങി ഭക്ഷിക്കേണ്ടതിന് ഞാൻ കാൺകെ അവൾ എന്റെ മുമ്പിൽവച്ചുതന്നെ ഭക്ഷണം ഒരുക്കണം എന്ന് അപേക്ഷിക്കുന്നു’ എന്നു പറഞ്ഞുകൊള്ളുക”.

[6] അങ്ങനെ അമ്നോൻ രോഗംനടിച്ച് കിടന്നു; രാജാവ് അവനെ കാണാൻ വന്നപ്പോൾ അമ്നോൻ രാജാവിനോട്: “എന്റെ സഹോദരിയായ താമാർ വന്ന് ഞാൻ അവളുടെ കയ്യിൽനിന്ന് വാങ്ങി ഭക്ഷിക്കേണ്ടതിന് എന്റെ മുമ്പിൽവച്ചുതന്നെ ഒന്ന് രണ്ട് വടകൾ ഉണ്ടാക്കട്ടെ” എന്നു പറഞ്ഞു.

[7] ഉടനെ ദാവീദ് അരമനയിൽ താമാരിന്റെ അടുക്കൽ ആളയച്ച്: “നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽചെന്ന് അവന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക” എന്നു പറയിപ്പിച്ചു.

[8] താമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവൻ കിടക്കുകയായിരുന്നു. അവൾ മാവ് എടുത്തു കുഴച്ച് അവന്റെ മുമ്പിൽവച്ചുതന്നെ വടകളായി ചുട്ടു.

[9] ഉരുളിയോടെ എടുത്ത് അത് അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ അവൻ ഭക്ഷിക്കുവാൻ കൂട്ടാക്കിയില്ല. “എല്ലാവരെയും എന്റെ അടുക്കൽനിന്ന് പുറത്താക്കുവിൻ” എന്ന് അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്ന് പുറത്തുപോയി.

[10] അപ്പോൾ അമ്നോൻ താമാരിനോട്: “ഞാൻ നിന്റെ കയ്യിൽനിന്ന് വാങ്ങി ഭക്ഷിക്കേണ്ടതിന് ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരുക” എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടകൾ എടുത്ത് ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽ കൊണ്ടുചെന്നു.

[11] അവൻ ഭക്ഷിക്കേണ്ടതിന് അവൾ അവ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ച് അവളോടു: “സഹോദരീ, വന്ന് എന്നോടുകൂടി ശയിക്കുക” എന്നു പറഞ്ഞു.

[12] അവൾ അവനോട്: “എന്റെ സഹോദരാ, അരുതേ; എന്നെ നിർബന്ധിക്കരുതേ; യിസ്രായേലിൽ ഇത് കൊള്ളരുതാത്തതല്ലോ; ഈ വഷളത്തം ചെയ്യരുതേ.

[13] എന്റെ അപമാനം ഞാൻ എവിടെ കൊണ്ടുപോയി വയ്ക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോട് പറയുക അവൻ എന്നെ നിനക്ക് തരാതിരിക്കയില്ല” എന്നു പറഞ്ഞു.

[14] എന്നാൽ അവൻ, അവളുടെ വാക്ക് കേൾക്കാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവൻ ആയതുകൊണ്ട് ബലാല്ക്കാരം ചെയ്ത് അവളോടുകൂടി ശയിച്ചു.

[15] പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പ് വലുതായിരുന്നു. “എഴുന്നേറ്റു പോകുക” എന്ന് അമ്നോൻ അവളോടു പറഞ്ഞു;

[16] അവൾ അവനോട്: “അങ്ങനെയരുത്; നീ എന്നോട് ചെയ്ത മറ്റെ ദോഷത്തെക്കാൾ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ അവന് അവളുടെ വാക്കു കേൾക്കാൻ മനസ്സുണ്ടായില്ല.

[17] അവൻ തനിക്ക് ശുശ്രൂഷചെയ്യുന്ന വാല്യക്കാരനെ വിളിച്ച് അവനോട്: “ഇവളെ ഇവിടെനിന്ന് പുറത്താക്കി വാതിൽ അടച്ചുകളയുക” എന്നു പറഞ്ഞു.

[18] അവൾ നിലയങ്കി ധരിച്ചിരിന്നു; രാജകുമാരികളായ കന്യകമാർ ഇങ്ങനെയുള്ള വസ്ത്രം ധരിക്കുക പതിവായിരുന്നു. അവന്റെ വാല്യക്കാരൻ അവളെ പുറത്തിറക്കി വാതിൽ അടച്ചുകളഞ്ഞു.

[19] അപ്പോൾ താമാർ തലയിൽ ചാരം വാരിയിട്ട് താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കയ്യുംവച്ച് നിലവിളിച്ചുകൊണ്ട് പോയി.

[20] അവളുടെ സഹോദരനായ അബ്ശാലോം അവളോട്: “നിന്റെ സഹോദരനായ അമ്നോൻ നിന്റെ അടുക്കൽ ആയിരുന്നുവോ? എന്നാൽ എന്റെ സഹോദരീ, ഇപ്പോൾ സമാധാനമായിരിക്കുക; അവൻ നിന്റെ സഹോദരനല്ലയോ?; ഈ കാര്യം മനസ്സിൽ വെക്കരുത്” എന്നു പറഞ്ഞു. അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി താമസിച്ചു.

[21] ദാവീദ്‌ രാജാവ് ഈ കാര്യം കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു.

[22] എന്നാൽ അബ്ശാലോം അമ്നോനോട് ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോൻ ബലാൽക്കാരം ചെയ്തതുകൊണ്ട് അബ്ശാലോം അവനെ വെറുത്തു.

[23] രണ്ട് വർഷം കഴിഞ്ഞ് അബ്ശാലോമിന് എഫ്രയീമിന് സമീപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാർ എല്ലാവരെയും ക്ഷണിച്ചു.

[24] അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നു: “അടിയന് ആടുകളെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ട്; രാജാവും ഭൃത്യന്മാരും അടിയനോടുകൂടി വരണമേ” എന്നപേക്ഷിച്ചു.

[25] രാജാവ് അബ്ശാലോമിനോട്: “വേണ്ട മകനേ, ഞങ്ങൾ എല്ലാവരും വന്നാൽ നിനക്ക് ഭാരമാകും” എന്നു പറഞ്ഞു. അവൻ രാജാവിനെ നിർബ്ബന്ധിച്ചിട്ടും പോകാതെ രാജാവ് അവനെ അനുഗ്രഹിച്ചു.

[26] അപ്പോൾ അബ്ശാലോം: “അങ്ങനെയെങ്കിൽ എന്റെ സഹോദരൻ അമ്നോൻ ഞങ്ങളോടുകൂടി പോരട്ടെ” എന്നു പറഞ്ഞു. രാജാവ് അവനോട്: “അവൻ നിന്നോടുകൂടെ വരുന്നത് എന്തിന്?” എന്നു പറഞ്ഞു.

[27] എങ്കിലും അബ്ശാലോം നിർബന്ധിച്ചപ്പോൾ അവൻ അമ്നോനെയും രാജകുമാരന്മാർ എല്ലാവരെയും അവനോടുകൂടെ അയച്ചു.

[28] എന്നാൽ അബ്ശാലോം തന്റെ വാല്യക്കാരോട്: “നോക്കിക്കൊൾവിൻ; അമ്നോൻ വീഞ്ഞു കുടിച്ച് ആനന്ദിച്ചിരിക്കുന്നേരം ‘അമ്നോനെ അടിക്കുവീൻ’ എന്ന് ഞാൻ നിങ്ങളോട് പറയുമ്പോൾ അവനെ കൊല്ലണം; ഭയപ്പെടരുത്; ഞാനല്ലയോ നിങ്ങളോട് കല്പിച്ചത്? നിങ്ങൾ ധൈര്യപ്പെട്ടു വീരന്മാരായിരിക്കുവിൻ” എന്നു കല്പിച്ചു.

[29] അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ വാല്യക്കാർ അമ്നോനോട് ചെയ്തു. അപ്പോൾ രാജകുമാരന്മാർ എല്ലാവരും എഴുന്നേറ്റ് അവനവന്റെ കോവർകഴുതപ്പുറത്ത് കയറി ഓടിപ്പോയി.

[30] അവർ വഴിയിൽ ആയിരിക്കുമ്പോൾ, “അബ്ശാലോം രാജകുമാരന്മാരെയെല്ലാം കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല” എന്ന് ദാവീദിന് വാർത്ത എത്തി.

[31] അപ്പോൾ രാജാവ് എഴുന്നേറ്റ് വസ്ത്രം കീറി നിലത്തു കിടന്നു; അവന്റെ സകലഭൃത്യന്മാരും വസ്ത്രം കീറി അരികിൽ നിന്നു.

[32] എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞത്: “അവർ രാജകുമാരന്മാരായ യുവാക്കളെ എല്ലാവരെയും കൊന്നുകളഞ്ഞു എന്ന് യജമാനൻ വിചാരിക്കരുത്; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവൻ ബലാല്ക്കാരം ചെയ്ത ദിവസംമുതൽ അബ്ശാലോമിന്റെ മുഖത്ത് ഈ തീരുമാനം കാണുവാൻ ഉണ്ടായിരുന്നു.

[33] ആകയാൽ രാജകുമാരന്മാർ എല്ലാവരും മരിച്ചുപോയി എന്നുള്ള വാർത്ത യജമാനനായ രാജാവ് വിശ്വസിക്കരുതേ; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ”.

[34] എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽനിന്നിരുന്ന യൗവനക്കാരൻ തല ഉയർത്തിനോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നത് കണ്ടു.

[35] അപ്പോൾ യോനാദാബ് രാജാവിനോട്: “ഇതാ, രാജകുമാരന്മാർ വരുന്നു; അടിയൻ പറഞ്ഞതുപോലെ തന്നെ” എന്നു പറഞ്ഞു.

[36] അവൻ സംസാരിച്ചു തീർന്നപ്പോഴെക്കും രാജകുമാരന്മാർ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും അതിദുഖത്തോടെ കരഞ്ഞു.

[37] എന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂർരാജാവായ തൽമയിയുടെ അടുക്കൽ ചെന്നു. ദാവീദ് വളരെനാൾ തന്റെ മകനെക്കുറിച്ച് ദുഃഖിച്ചുകൊണ്ടിരുന്നു.

[38] ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്ക് ഓടിപ്പോയി മൂന്നു വർഷം അവിടെ താമസിച്ചു.

[39] എന്നാൽ ദാവീദ്‌ രാജാവ് അബ്ശാലോമിനെ കാണാൻ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന് ആശ്വാസം വന്നിരുന്നു.

2 ശമൂവേൽ — Chapters