[1] പ്രവാചകശിഷ്യന്മാർ എലീശയോട്: “ഞങ്ങൾ പാർക്കുന്ന ഈ സ്ഥലം ഞങ്ങൾക്ക് തീരെ ഇടുക്കമായിരിക്കുന്നു എന്ന് അങ്ങ് കാണുന്നുവല്ലോ.
[2] ഞങ്ങൾ യോർദ്ദാൻ നദിയുടെ തീരത്ത് ചെന്ന് അവിടെനിന്ന് ഓരോരുത്തനും ഓരോ മരം മുറിച്ച് കൊണ്ടുവന്ന് ഞങ്ങൾക്ക് വസിക്കുവാൻ ഒരു സ്ഥലം ഉണ്ടാക്കട്ടെ” എന്ന് ചോദിച്ചു. “പോകുവിൻ” എന്ന് അവൻ പറഞ്ഞു.
[3] അവരിൽ ഒരുത്തൻ: “ദയവായി അടിയങ്ങളോടുകൂടെ പോരേണമേ” എന്ന് അപേക്ഷിച്ചതിന് “പോരാം” എന്ന് അവൻ പറഞ്ഞു.
[4] അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാന്റെ കരയിൽ എത്തി മരം മുറിച്ചു.
[5] എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; “അയ്യോ കഷ്ടം; യജമാനനേ, അത് വായ്പ വാങ്ങിയതായിരുന്നു” എന്ന് അവൻ നിലവിളിച്ചു.
[6] “അത് എവിടെ വീണു?” എന്ന് ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പ് കോടാലി പൊങ്ങിവന്നു.
[7] “അത് എടുത്തുകൊള്ളുക” എന്ന് അവൻ പറഞ്ഞു. അവൻ കൈ നീട്ടി അത് എടുത്തു.
[8] അനന്തരം അരാംരാജാവിന് യിസ്രായേലിനോട് യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്ത് പാളയം ഇറങ്ങണം എന്ന് അവൻ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു.
[9] എന്നാൽ ദൈവപുരുഷൻ യിസ്രായേൽ രാജാവിനോട്: “ഇന്ന സ്ഥലത്തുകൂടി കടക്കാതിരിക്കുവാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്ക് വരുന്നുണ്ട്” എന്ന് പറയിച്ചു.
[10] ദൈവപുരുഷൻ പറഞ്ഞ സ്ഥലത്തേക്ക് യിസ്രായേൽ രാജാവ് ആളയച്ച്; അങ്ങനെ അവൻ ഒരു പ്രാവശ്യമോ, രണ്ടു പ്രാവശ്യമോ അല്ല തന്നെത്താൻ രക്ഷിച്ചത്.
[11] ഇത് മൂലം അരാം രാജാവിന്റെ മനസ്സ് ഏറ്റവും അധികം കലങ്ങി; അവൻ ഭൃത്യന്മാരെ വിളിച്ച് അവരോട്: “നമ്മുടെ കൂട്ടത്തിൽ യിസ്രായേൽ രാജാവിന്റെ പക്ഷക്കാരൻ ആരെന്ന് നിങ്ങൾ പറഞ്ഞു തരികയില്ലയോ?” എന്ന് ചോദിച്ചു.
[12] അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: “യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ കിടപ്പുമുറിയിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു” എന്ന് പറഞ്ഞു.
[13] “നിങ്ങൾ ചെന്ന് അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ച് അവനെ പിടിപ്പിക്കും” എന്ന് അവൻ കല്പിച്ചു. എലീശാ ദോഥാനിൽ ഉണ്ടെന്ന് അവന് അറിവുകിട്ടി.
[14] അവൻ അവിടേക്ക് ശക്തിയുള്ള തന്റെ സൈന്യത്തെ, കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്ന് പട്ടണം വളഞ്ഞു.
[15] ദൈവപുരുഷന്റെ ഭൃത്യൻ രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം, കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നത് കണ്ടു; ബാല്യക്കാരൻ അവനോട്: “അയ്യോ യജമാനനേ, നാം എന്ത് ചെയ്യും?” എന്ന് ചോദിച്ചു.
[16] അതിന് അവൻ: “പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം” എന്ന് പറഞ്ഞു.
[17] പിന്നെ എലീശാ പ്രാർത്ഥിച്ചു: “യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണ് തുറക്കണമേ” എന്ന് പറഞ്ഞു. യഹോവ ഭൃത്യന്റെ കണ്ണ് തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ട് മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു.
[18] അരാമ്യർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോട് പ്രാർത്ഥിച്ചു: “ഈ ജനത്തെ അന്ധത പിടിപ്പിക്കേണമേ” എന്ന് പറഞ്ഞു. എലീശയുടെ അപേക്ഷ പ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു.
[19] എലീശാ അവരോട്: “ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം” എന്ന് പറഞ്ഞു. അവൻ അവരെ ശമര്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
[20] ശമര്യയിൽ എത്തിയപ്പോൾ എലീശാ: “യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണ് തുറക്കേണമേ” എന്ന് പ്രാർത്ഥിച്ചു. യഹോവ അവരുടെ കണ്ണ് തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമര്യയുടെ നടുവിൽ നില്ക്കുന്നത് കണ്ടു.
[21] യിസ്രായേൽ രാജാവ് അവരെ കണ്ടിട്ട് എലീശയോട്: “എന്റെ പിതാവേ, ഞാൻ ഇവരെ കൊന്നുകളയട്ടെ; ഞാൻ ഇവരെ കൊന്നുകളയട്ടെ?” എന്ന് ചോദിച്ചു.
[22] അതിന് അവൻ: “കൊന്നുകളയരുത്; നിന്റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ കൊന്നുകളയുമോ? ഇവർ തിന്നുകുടിച്ച് തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന് അപ്പവും വെള്ളവും അവർക്ക് കൊടുക്കുക” എന്നു പറഞ്ഞു.
[23] അങ്ങനെ അവൻ അവർക്ക് വലിയ ഒരു വിരുന്ന് ഒരുക്കി; അവർ ഭക്ഷിച്ചു പാനം ചെയ്തശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ പോയി. അരാമ്യസൈന്യം യിസ്രായേൽദേശത്തേക്ക് പിന്നെ വന്നില്ല.
[24] അതിന്‍റെശേഷം അരാം രാജാവായ ബെൻ-ഹദദ് തന്റെ സൈന്യവുമായി പുറപ്പെട്ടു ചെന്ന് ശമര്യയെ വളഞ്ഞു.
[25] അവർ ശമര്യയെ വളഞ്ഞിരിക്കുമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്ക് എൺപത് വെള്ളിക്കാശും കാൽകബ് പ്രാക്കാഷ്ഠത്തിന് അഞ്ച് വെള്ളിക്കാശും വരെ വിലകയറി.
[26] ഒരിക്കൽ യിസ്രായേൽ രാജാവ് മതിലിന്മേൽ നടക്കുമ്പോൾ ഒരു സ്ത്രീ അവനോട്: “യജമാനനായ രാജാവേ, രക്ഷിക്കണമേ” എന്ന് നിലവിളിച്ചു.
[27] അതിന് അവൻ: “യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എവിടെനിന്ന് നിനക്ക് രക്ഷ കണ്ടെത്തും? മെതിക്കളത്തിൽ നിന്നോ, മുന്തിരിച്ചക്കിൽനിന്നോ?” എന്ന് ചോദിച്ചു.
[28] രാജാവ് പിന്നെയും അവളോട്: “നിന്റെ സങ്കടം എന്ത്” എന്ന് ചോദിച്ചതിന് അവൾ: “ഈ സ്ത്രീ എന്നോട്: ‘നിന്റെ മകനെ കൊണ്ടുവാ; ഇന്ന് നമുക്ക് അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം’ എന്ന് പറഞ്ഞു.
[29] അങ്ങനെ ഞങ്ങൾ എന്റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റെന്നാൾ ഞാൻ അവളോട്: ‘നിന്റെ മകനെ കൊണ്ടുവാ; നമുക്ക് അവനെയും തിന്നാം’ എന്ന് പറഞ്ഞപ്പോൾ അവൾ തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു” എന്ന് പറഞ്ഞു.
[30] സ്ത്രീയുടെ വാക്ക് കേട്ടപ്പോൾ രാജാവ് വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നു പോവുകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമെ ദേഹം മുഴുവൻ രട്ട് ഉടുത്തിരിക്കുന്നത് കണ്ടു.
[31] “ശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്ന് അവന്റെ ഉടലിന്മേൽ ഇരുന്നാൽ ദൈവം എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്ന് അവൻ പറഞ്ഞു.
[32] എലീശാ തന്റെ വീട്ടിൽ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ രാജാവ് ഒരാളെ തനിക്കുമുമ്പായി അയച്ചു; ദൂതൻ എലീശയുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവൻ മൂപ്പന്മാരോട്: “എന്റെ തല എടുത്തുകളയുവാൻ ആകൊലപാതകപുത്രൻ ആളയച്ചിരിക്കുന്നത് നിങ്ങൾ കണ്ടുവോ? നോക്കുവിൻ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടച്ച് വാതില്ക്കൽ അവനെ തടയുക; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പിൽ കേൾക്കുന്നുണ്ടല്ലോ?” എന്ന് പറഞ്ഞു.
[33] അവൻ അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ദൂതൻ അവന്റെ അടുക്കൽ എത്തി; “ഇതാ, ഈ അനർത്ഥം യഹോവയാൽ വരുന്നു; ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നത് എന്തിന്?” എന്ന് രാജാവ് പറഞ്ഞു.