[1] അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ട് പത്താം മാസം പത്താം തിയ്യതി, ബാബിലോൺ രാജാവായ നെബൂഖദ്നേസർ തന്റെ സർവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്ന് പാളയം ഇറങ്ങി; അതിനെ ഉപരോധിക്കയും ചെയ്തു.
[2] സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം ഉപരോധിക്കപ്പെട്ടിരുന്നു.
[3] അതേ ആണ്ടില്‍ നാലാംമാസം ഒമ്പതാം തിയ്യതി ആയപ്പോൾ നഗരത്തിൽ ക്ഷാമം കഠിനമായി; ദേശത്തെ ജനത്തിന് ആഹാരം ഇല്ലാതെയായി.
[4] അപ്പോൾ നഗരമതിൽ ഒരിടം പൊളിച്ച് കൽദയർ നഗരം വളഞ്ഞിരിക്കെ പടയാളികൾ എല്ലാം രാത്രിയിൽ രാജാവിന്റെ തോട്ടത്തിനരികെ രണ്ട് മതിലുകൾക്കും മദ്ധ്യേയുള്ള പടിവാതിൽ വഴിയായി ഓടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയിലൂടെ ഓടിപ്പോയി.
[5] എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന് യെരിഹോ സമഭൂമിയിൽവെച്ച് അവനോടൊപ്പം എത്തി; അവന്റെ സൈന്യമെല്ലാം അവനെ വിട്ട് ചിതറിപ്പോയി.
[6] അവർ രാജാവിനെ പിടിച്ച് രിബ്ലയിൽ ബാബിലോൺരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവർ അവന് വിധി കല്പിച്ചു.
[7] അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; സിദെക്കീയാവിന്റെ കണ്ണ് പൊട്ടിച്ച് ചങ്ങലകൊണ്ട് അവനെ ബന്ധിച്ച് ബാബിലോണിലേക്ക് കൊണ്ടുപോയി.
[8] അഞ്ചാം മാസം ഏഴാം തിയ്യതി, ബാബിലോൺ രാജാവായ നെബൂഖദ്നേസറിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നേ, ബാബിലോൺരാജാവിന്റെ ഭൃത്യനായ അകമ്പടി നായകൻ നെബൂസർ-അദാൻ യെരൂശലേമിൽ വന്നു.
[9] അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ മഹത്തുക്കളുടെ ഭവനങ്ങളൊക്കെ അവൻ തീവെച്ച് ചുട്ടുകളഞ്ഞു.
[10] അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യം യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകൾ ഇടിച്ചുകളഞ്ഞു.
[11] നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബിലോൺ രാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസർ-അദാൻ കൊണ്ടുപോയി.
[12] എന്നാൽ അകമ്പടിനായകൻ ദേശത്തെ ദരിദ്രരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചു പോയി.
[13] യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും താമ്രംകൊണ്ടുള്ള കടലും കൽദയർ ഉടെച്ചുകളഞ്ഞ് അവയുടെ താമ്രം ബാബിലോണിലേക്ക് കൊണ്ടുപോയി.
[14] കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷെക്കുള്ള താമ്രോപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി.
[15] തീച്ചട്ടികളും, കലശങ്ങളും, പൊന്നും വെള്ളിയും കൊണ്ടുള്ള സകലതും അകമ്പടിനായകൻ കൊണ്ടുപോയി.
[16] ശലോമോൻ യഹോവയുടെ ആലയത്തിനുവേണ്ടി ഉണ്ടാക്കിയ രണ്ട് സ്തംഭങ്ങൾ, ഒരു കടൽ, പീഠങ്ങൾ എന്നിങ്ങനെ സകല ഉപകരണങ്ങളും ഉണ്ടാക്കുവാൻ ഉപയോഗിച്ച താമ്രം തൂക്കുവാൻ കഴിയാത്തവണ്ണം അധികമായിരുന്നു.
[17] ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ട് മുഴം; അതിന്മേലുള്ള മകുടം താമ്രംകൊണ്ടുള്ളതായിരുന്നു. ഒരോ മകുടത്തിന്റെയും ഉയരം മൂന്ന് മുഴം; മകുടത്തിന്റെചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രം കൊണ്ടായിരുന്നു; ഇതുപോലെ മറ്റെ സ്തംഭത്തിന്നും വലപ്പണിയും മറ്റും ഉണ്ടായിരുന്നു.
[18] അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവിനെയും രണ്ടാം പുരോഹിതനായ സെഫന്യാവിനെയും മൂന്ന് വാതിൽക്കാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി.
[19] നഗരത്തിൽനിന്ന് അവൻ പടയാളികളുടെ മേൽവിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവെച്ച് കണ്ടെത്തിയ രാജപരിചാരകന്മാരിൽ അഞ്ചുപേരെയും ദേശത്തെ ജനത്തിൽനിന്ന് പടയാളികളെ തെരഞ്ഞെടുക്കുന്ന സേനാപതിയുടെ കൊട്ടാരം കാര്യസ്ഥനെയും നഗരത്തിൽ കണ്ട മറ്റ് അറുപതുപേരെയും പിടിച്ചു കൊണ്ടുപോയി.
[20] ഇവരെ അകമ്പടിനായകനായ നെബൂസർ-അദാൻ പിടിച്ച് രിബ്ലയിൽ ബാബിലോൺരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു.
[21] ബാബിലോൺരാജാവ് ഹമാത്ത് ദേശത്തിലെ രിബ്ലയിൽവെച്ച് അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ട് പോകേണ്ടിവന്നു.
[22] ബാബിലോൺ രാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്ത് ശേഷിപ്പിച്ച ജനത്തിന് ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവിനെ അധിപതിയാക്കി.
[23] ബാബിലോൺരാജാവ് ഗെദല്യാവിനെ അധിപതിയാക്കി എന്ന് നെഥന്യാവിന്റെ മകൻ യിശ്മായേൽ, കാരേഹിന്റെ മകൻ യോഹാനാൻ, നെതോഫാത്യനായ തൻഹൂമെത്തിന്റെ മകൻ സെരായ്യാവ്, മയഖാത്യന്റെ മകൻ യാസന്യാവ് എന്നീ സേനാപതികളും അവരുടെ ആളുകളും കേട്ടപ്പോൾ അവർ മിസ്പെയിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു.
[24] ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യംചെയ്തു; അവരോട് പറഞ്ഞത്: “നിങ്ങൾ കൽദയരുടെ ദാസന്മാർനിമിത്തം ഭയപ്പെടരുത്; ദേശത്ത് പാർത്ത് ബാബിലോൺ രാജാവിനെ സേവിക്കുവിൻ; അത് നിങ്ങൾക്ക് നന്മയായിരിക്കും”.
[25] എന്നാൽ ഏഴാം മാസത്തിൽ രാജവംശക്കാരനായ എലീശയുടെ മകനായ നെഥന്യാവിന്റെ മകൻ യിശ്മായേൽ പത്ത് ആളുകളുമായി വന്ന് ഗെദല്യാവിനെയും അവനോടുകൂടെ മിസ്പെയിൽ ഉണ്ടായിരുന്ന യെഹൂദ്യരെയും കൽദയരെയും വെട്ടിക്കൊന്നു.
[26] അപ്പോൾ ആബാലവൃദ്ധം ജനങ്ങളും സേനാപതിമാരും കൽദയരെ ഭയപ്പെടുകയാൽ എഴുന്നേറ്റ് പുറപ്പെട്ട് ഈജിപ്റ്റിലേക്ക് പോയി.
[27] യെഹൂദാ രാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ട് പന്ത്രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ബാബിലോൺ രാജാവായ എവീൽ-മെരോദക്ക്, താൻ രാജാവായ ആണ്ടിൽ, യെഹൂദാ രാജാവായ യെഹോയാഖീനെ കടാക്ഷിച്ച് കാരാഗൃഹത്തിൽനിന്ന് വിടുവിച്ചു
[28] അവനോട് കരുണയോട് സംസാരിച്ചു; തന്നോടുകൂടെ ബാബിലോണിൽ പ്രവാസികളായി ഉണ്ടായിരുന്ന രാജാക്കന്മാരെക്കാൾ ഉന്നതമായ സ്ഥാനം അവന് നൽകി.
[29] അവന്റെ കാരാഗൃഹവസ്ത്രം മാറ്റി; അവൻ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു.
[30] രാജാവ് അവന് അവന്റെ മരണദിവസം വരെ ജീവകാലം മുഴുവൻ നിത്യവൃത്തിക്കുള്ള ഓഹരി കൊടുത്തുപോന്നു.