Skip to content
Opens in a new window
Listen to this chapter • 5:47

[1] യിസ്രായേൽ രാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ യെഹൂദാ രാജാവായ യോവാശിന്റെ മകൻ അമസ്യാവ് രാജാവായി.

[2] അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പത് സംവത്സരം വാണു. യെരൂശലേംകാരിയായ അവന്റെ അമ്മക്ക് യെഹോവദ്ദാൻ എന്ന് പേരായിരുന്നു.

[3] അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു. തന്റെ പിതാവായ ദാവീദിനെപ്പോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതുപോലെ അവൻ ചെയ്തു.

[4] എങ്കിലും പൂജാഗിരികൾക്ക് നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.

[5] രാജത്വം അവന് സ്ഥിരമായപ്പോൾ തന്റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവൻ കൊന്നുകളഞ്ഞു.

[6] എന്നാൽ ‘പുത്രന്മാർക്കു പകരം പിതാക്കന്മാരും പിതാക്കന്മാർക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുത്; താന്താന്റെ പാപത്തിന് താന്താൻ മരണശിക്ഷ അനുഭവിക്കേണം’ എന്നുള്ള യഹോവയുടെ കൽപ്പന മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നത് അനുസരിച്ച് അവൻ ആ കൊലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.

[7] അവൻ ഉപ്പുതാഴ്വരയിൽവച്ച് പതിനായിരം ഏദോമ്യരെ കൊന്നു; സേല പട്ടണം യുദ്ധം ചെയ്ത് പിടിച്ച് അതിന് യൊക്തെയേൽ എന്ന് പേർവിളിച്ചു; ആ പേര് ഇന്നുവരെയും നിലനിൽക്കുന്നു.

[8] ആ കാലത്ത് അമസ്യാവ് യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകൻ യെഹോവാശ് എന്ന യിസ്രായേൽ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച്: “വരിക, നാം തമ്മിൽ യുദ്ധത്തിൽ ഒന്ന് നോക്കാം” എന്ന് പറയിച്ചു.

[9] അതിന് യിസ്രായേൽ രാജാവായ യെഹോവാശ് യെഹൂദാ രാജാവായ അമസ്യാവിന് മറുപടി പറഞ്ഞയച്ചത്: “ലെബാനോനിലെ മുൾപ്പടർപ്പ് ദേവദാരുവിനോട്, ‘നിന്റെ മകളെ എന്റെ മകന് ഭാര്യയായി തരുക’ എന്ന് ആളയച്ച് പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകുന്ന വഴിയിൽ മുൾപ്പടർപ്പിനെ ചവിട്ടിക്കളഞ്ഞു.

[10] ഏദോമ്യരെ തോല്പിച്ചതുകൊണ്ട് നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ട് നിന്റെ വീട്ടിൽ ഇരുന്നുകൊള്ളുക; നീയും നിന്നോടുകൂടെ യെഹൂദയും വീഴുവാൻ തക്കവണ്ണം അനർത്ഥത്തിൽ ചെന്നു ചാടുന്നത് എന്തിന്?” എന്നാൽ അമസ്യാവ് അവന്റെ വാക്ക് കേട്ടില്ല.

[11] ആകയാൽ യിസ്രായേൽ രാജാവായ യെഹോവാശ് യുദ്ധത്തിന് പുറപ്പെട്ടു. യെഹൂദയിലുള്ള ബേത്ത്-ശേമെശിൽവെച്ച് അവനും യെഹൂദാ രാജാവായ അമസ്യാവും തമ്മിൽ നേരിട്ടു.

[12] യെഹൂദാ യിസ്രായേലിനോട് തോറ്റ് ഓരോരുത്തൻ അവനവന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി.

[13] അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകൻ അമസ്യാവ് എന്ന യെഹൂദാരാജാവിനെ യിസ്രായേൽ രാജാവായ യെഹോവാശ് ബേത്ത്-ശേമെശിൽവച്ച് തടവുകാരനായി പിടിച്ച് യെരൂശലേമിലേക്ക് കൊണ്ടുവന്നു. യെരൂശലേമിന്റെ മതിൽ എഫ്രയീംപടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറ് മുഴം അവൻ ഇടിച്ചുകളഞ്ഞു.

[14] അവൻ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയും സകല ഉപകരണങ്ങളും എടുത്ത് തടവുകാരെയും പിടിച്ചുകൊണ്ട് ശമര്യയിലേക്ക് മടങ്ങിപ്പോയി.

[15] യെഹോവാശ് ചെയ്ത മറ്റ് വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ യെഹൂദാ രാജാവായ അമസ്യാവിനോട് യുദ്ധം ചെയ്തതും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

[16] യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരോടൊപ്പം അടക്കം ചെയ്തു; അവന്റെ മകനായ യൊരോബെയാം അവന് പകരം രാജാവായി.

[17] യിസ്രായേൽ രാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാ രാജാവായ യോവാശിന്റെ മകൻ അമസ്യാവ് പതിനഞ്ച് സംവത്സരം ജീവിച്ചിരുന്നു.

[18] അമസ്യാവിന്റെ മറ്റ് വൃത്താന്തങ്ങൾ യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

[19] യെരൂശലേമിൽ അവന് വിരോധമായി ഒരു ഗൂഢാലോചന ഉണ്ടായതിനാൽ അവൻ ലാഖീശിലേക്ക് ഓടിപ്പോയി; എന്നാൽ അവർ അവന്റെ പിന്നാലെ ലാഖീശിലേക്ക് ആളയച്ച് അവിടെവെച്ച് അവനെ കൊന്നുകളഞ്ഞു.

[20] അവന്റെ ജഡം കുതിരപ്പുറത്ത് കൊണ്ടുവന്ന് യെരൂശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.

[21] യെഹൂദാജനം പതിനാറു വയസ്സ് പ്രായമുള്ള അസര്യാവിനെ കൊണ്ടുവന്ന് അവന്റെ അപ്പനായ അമസ്യാവിന് പകരം രാജാവാക്കി.

[22] അമസ്യാരാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പട്ടണം പണിതതും അതിനെ യെഹൂദക്കായി വീണ്ടെടുത്തതും ഇവൻ തന്നേ.

[23] യെഹൂദാ രാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽ രാജാവായ യോവാശിന്റെ മകൻ യൊരോബെയാം രാജാവായി. അവൻ ശമര്യയിൽ നാല്പത്തൊന്ന് സംവത്സരം വാണു.

[24] അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.

[25] ഗത്ത്-ഹേഫർകാരനായ അമിത്ഥായിയുടെ മകൻ യോനാപ്രവാചകൻ എന്ന തന്റെ ദാസൻമുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ ഹമാത്തിന്റെ അതിർമുതൽ അരാബയിലെ കടൽവരെ യിസ്രായേൽദേശം വീണ്ടും സ്വാധീനമാക്കി.

[26] യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനമെന്നും, യിസ്രായേലിന് സഹായം ചെയ്യുവാൻ സ്വതന്ത്രനോ ദാസനോ ആയ ആരും ഇല്ല എന്നും യഹോവ കണ്ടിട്ട്,

[27] യിസ്രായേലിന്റെ പേർ ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയും എന്ന് അരുളിച്ചെയ്യാതെ, യോവാശിന്റെ മകനായ യൊരോബെയാം മുഖാന്തരം അവരെ രക്ഷിച്ചു.

[28] യൊരോബെയാമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്ത സകലതും അവൻ യുദ്ധം ചെയ്തതും യെഹൂദയുടെ ഭാഗമായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന് വീണ്ടെടുത്തതിൽ അവൻ കാണിച്ച പരാക്രമവും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

[29] യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്യാവ് അവന് പകരം രാജാവായി.

2 രാജാക്കന്മാർ — Chapters