[1] യിസ്രായേൽ മക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടതിന്റെ നാനൂറ്റി എൺപതാം ആണ്ടിൽ, ശലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ, രണ്ടാം മാസമായ സീവ് മാസത്തിൽ അവൻ യഹോവയുടെ ആലയം പണിയുവാൻ തുടങ്ങി.
[2] ശലോമോൻ രാജാവ് യഹോവയ്ക്ക് പണിത ആലയം അറുപത് മുഴം നീളവും ഇരുപത് മുഴം വീതിയും മുപ്പത് മുഴം ഉയരവും ഉള്ളതായിരുന്നു
[3] മന്ദിരത്തിന്റെ പൂമുഖം ആലയവീതിക്ക് തുല്യമായി ഇരുപത് മുഴം നീളവും ആലയത്തിന്റെ മുൻവശത്ത് നിന്ന് പത്ത് മുഴം വീതിയിൽ പുറത്തേക്ക് ഇറങ്ങിയും നിന്നിരുന്നു.
[4] അവൻ ആലയത്തിന് ചരിഞ്ഞ ചട്ടക്കൂടുള്ള കിളിവാതിലുകളും ഉണ്ടാക്കി.
[5] മന്ദിരവും അന്തർമ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോട് ചേർത്ത് ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിത് അവയിൽ ചുറ്റും അറകളും ഉണ്ടാക്കി.
[6] അറയുടെ താഴത്തെ നിലക്ക് അഞ്ച് മുഴവും നടുവിലത്തേതിന് ആറ് മുഴവും മൂന്നാമത്തേതിന് ഏഴ് മുഴവും വീതിയുണ്ടായിരുന്നു; തുലാങ്ങൾ ആലയഭിത്തികളിൽ അകത്ത് തുളച്ച് ചെല്ലാതിരിപ്പാൻ അവൻ ആലയത്തിന്റെ ചുറ്റും പുറമെ വീതി കുറഞ്ഞ തട്ടുകൾ പണിതു.
[7] വെട്ടുകുഴിയിൽവെച്ച് തന്നേ കുറവുതീർത്ത കല്ലുകൊണ്ട് ആലയം പണിതതിനാൽ അത് പണിയുന്ന സമയത്ത് ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധങ്ങളുടേയും ശബ്ദം ആലയത്തിൽ കേൾപ്പാനില്ലായിരുന്നു.
[8] താഴത്തെ നിലയിലെ പുറവാരത്തിന്റെ വാതിൽ ആലയത്തിന്റെ വലത്തുഭാഗത്ത് ആയിരുന്നു; ഗോവണിയിൽ കൂടെ നടുവിലത്തെ പുറവാരത്തിലേക്കും നടുവിലത്തേതിൽ നിന്ന് മൂന്നാമത്തെ പുറവാരത്തിലേക്കും പ്രവേശിക്കാമായിരുന്നു.
[9] അങ്ങനെ അവൻ ആലയം പണിതുതീർത്തു; ദേവദാരുകൊണ്ട് തുലാങ്ങളും പലകകളും തീർത്ത് ആലയത്തിന് മച്ചിട്ടു.
[10] ആലയത്തിന്റെ ചുറ്റും അയ്യഞ്ചു മുഴം ഉയരത്തിൽ അവൻ അറകൾ പണിത്, ദേവദാരുത്തുലാങ്ങൾകൊണ്ട് ആലയത്തോട് ബന്ധിച്ചു.
[11] ശലോമോന് യഹോവയുടെ അരുളപ്പാട് ഉണ്ടായത്:
[12] നീ പണിയുന്ന ഈ ആലയത്തെക്കുറിച്ച്: നീ എന്റെ ചട്ടങ്ങളെ ആചരിച്ച് എന്റെ വിധികളെ അനുസരിച്ച് എന്റെ കല്പനകളൊക്കെയും പ്രമാണിച്ച് നടന്നാൽ ഞാൻ നിന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്ത വചനം നിന്നിൽ നിവർത്തിക്കും.
[13] ഞാൻ യിസ്രായേൽ മക്കളുടെ മദ്ധ്യേ വസിക്കും; എന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല.
[14] അങ്ങനെ ശലോമോൻ ആലയം പണിതുതീർത്തു.
[15] അവൻ ആലയത്തിന്റെ ചുവരിന്റെ അകവശം ദേവദാരുപ്പലകകൊണ്ട് പണിതു; ഇങ്ങനെ അവർ ആലയത്തിന്റെ നിലംമുതൽ മുകൾത്തട്ട് വരെ അകത്തെ വശം മരംകൊണ്ട് പൊതിഞ്ഞു; ആലയത്തിന്റെ നിലം സരളപ്പലകകൊണ്ട് പാകിയുറപ്പിച്ചു.
[16] ആലയത്തിന്റെ പിൻവശം ഇരുപത് മുഴം നീളത്തിൽ തറ മുതൽ മേൽത്തട്ട് വരെ ദേവദാരുപ്പലകകൊണ്ട് പണിതു: ഇങ്ങനെ അന്തർമ്മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്റെ ഉൾവശം പണിതു.
[17] അന്തർമ്മന്ദിരത്തിന്റെ മുൻഭാഗത്തെ മന്ദിരമായ ആലയത്തിന് നാല്പത് മുഴം നീളമുണ്ടായിരുന്നു.
[18] ആലയത്തിന്റെ അകത്തെ ചുവരിന്മേൽ ദേവദാരുകൊണ്ട് മൊട്ടുകളും വിടർന്ന പുഷ്പങ്ങളും കൊത്തിവച്ചിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ല് ഒട്ടും തന്നെ ദൃശ്യമായിരുന്നില്ല.
[19] ആലയത്തിന്റെ അകത്ത് യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിന് അവൻ ഒരു അന്തർമ്മന്ദിരം ഒരുക്കി.
[20] അന്തർമ്മന്ദിരത്തിന്റെ അകത്തെ നീളവും വീതിയും ഉയരവും ഇരുപത് മുഴം വീതം ആയിരുന്നു; അവൻ അന്തർമ്മന്ദിരത്തിന്റെ അകവും ദേവദാാരുനിർമ്മിതമായ ധൂപപീഠവും തങ്കംകൊണ്ട് പൊതിഞ്ഞു.
[21] ആലയത്തിന്റെ അകം ശലോമോൻ തങ്കംകൊണ്ട് പൊതിഞ്ഞു; അന്തർമ്മന്ദിരത്തിന്റെ മുൻവശത്ത് വിലങ്ങനെ പൊൻചങ്ങല കൊളുത്തി, അന്തർമ്മന്ദിരം പൊന്നുകൊണ്ട് പൊതിഞ്ഞു.
[22] അങ്ങനെ അവൻ ആലയം മുഴുവനും അന്തർമ്മന്ദിരത്തിനുള്ള യാഗപീഠവും പൊന്നുകൊണ്ട് പൊതിഞ്ഞു.
[23] അന്തർമ്മന്ദിരത്തിൽ അവൻ ഒലിവുമരംകൊണ്ട് പത്ത് മുഴം വീതം ഉയരമുള്ള രണ്ട് കെരൂബുകളെയും ഉണ്ടാക്കി.
[24] ഒരു കെരൂബിന്റെ ഒരു ചിറക് അഞ്ച് മുഴം, മറ്റെ ചിറക് അഞ്ച് മുഴം; ഇങ്ങനെ ഒരു ചിറകിന്റെ അറ്റം മുതൽ മറ്റെ ചിറകിന്റെ അറ്റംവരെ പത്തുമുഴം.
[25] മറ്റെ കെരൂബിനും പത്ത് മുഴം; ആകൃതിയിലും വലിപ്പത്തിലും രണ്ട് കെരൂബുകളും ഒരുപോലെ തന്നേ ആയിരുന്നു.
[26] 1 ഓരോ കെരൂബിന്റെയും ഉയരം പത്തുമുഴം തന്നെ ആയിരുന്നു.
[27] അവൻ കെരൂബുകളെ അന്തർമ്മന്ദിരത്തിന്റെ നടുവിൽ നിർത്തി; കെരൂബുകളുടെ ചിറക് വിടർന്നിരുന്നു; ഒന്നിന്റെ ചിറക് ഒരു ഭിത്തിയോടും മറ്റേതിന്റെ ചിറക് മറ്റേ ഭിത്തിയോടും തൊട്ടിരുന്നു. ആലയത്തിന്റെ മദ്ധ്യത്തിൽ ഇരു കെരൂബുകളുടെയും ചിറകുകൾ തമ്മിൽ തൊട്ടിരുന്നു.
[28] കെരൂബുകളെയും അവൻ പൊന്നുകൊണ്ട് പൊതിഞ്ഞു.
[29] ആലയത്തിന്റെ അകത്ത് പുറത്തുമുള്ള മന്ദിരങ്ങളുടെ ഭിത്തികൾക്കു ചുറ്റും കെരൂബ്, ഈന്തപ്പന, വിടർന്നപുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി.
[30] അന്തർമ്മന്ദിരത്തിന്റെയും ബഹിർമ്മന്ദിരത്തിന്റെയും തറ അവൻ പൊന്നുകൊണ്ട് പൊതിഞ്ഞു.
[31] അവൻ അന്തർമ്മന്ദിരത്തിന്റെ വാതിലിന് ഒലിവുമരംകൊണ്ട് കതക് ഉണ്ടാക്കി; മേൽവാതിൽപ്പടിയും കട്ടളക്കാലും ഭിത്തിയുടെ അഞ്ചിൽ ഒരു അംശമായിരുന്നു.
[32] ഒലിവ് മരംകൊണ്ടുള്ള ഇരു കതകുകളിലും കെരൂബ്, ഈന്തപ്പന, വിടർന്നപുഷ്പം എന്നിവയുടെ രൂപങ്ങൾ കൊത്തി പൊന്ന് പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്ന് വിരിച്ചു
[33] അങ്ങനെ തന്നേ അവൻ മന്ദിരത്തിന്റെ വാതിലിനും ഒലിവുമരംകൊണ്ട് കട്ടള ഉണ്ടാക്കി; അത് ഭിത്തിയുടെ നാലിൽ ഒരംശമായിരുന്നു.
[34] അതിന്റെ രണ്ട് കതകുകളും സരളമരംകൊണ്ട് ഉണ്ടാക്കി. ഓരോ കതകിനും ഈ രണ്ട് മടക്കുപാളികൾ ഉണ്ടായിരുന്നു.
[35] അവൻ അവയിൽ കെരൂബ്, ഈന്തപ്പന, വിടർന്നപുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി, രൂപങ്ങളുടെമേൽ പൊന്ന് സമമായി പൊതിഞ്ഞു.
[36] ചെത്തി ഒരുക്കിയ മൂന്ന് വരി കല്ലും ഒരു വരി ദേവദാരുപ്പലകയും കൊണ്ട് അവൻ അകത്തെ പ്രാകാരം പണിതു.
[37] നാലാം ആണ്ട് സീവ് മാസത്തിൽ യഹോവയുടെ ആലയത്തിന് അടിസ്ഥാനം ഇടുകയും
[38] പതിനൊന്നാം ആണ്ട് എട്ടാം മാസമായ ബൂൽമാസത്തിൽ ആലയം സകലഭാഗങ്ങളുമായി അതിന്റെ മാതൃക അനുസരിച്ച് തന്നെ പണിതുതീർക്കുകയും ചെയ്തു. അങ്ങനെ ആലയം പണിക്ക് ഏഴ് വർഷം വേണ്ടി വന്നു.